കവിത: ശലഭായനം
text_fieldsപുഴയരികിലെ
കാട്ടുപൂവിലതാ
പേരറിയാത്തൊരു
പെൺശലഭം.
പട്ടുമേനിയിൽ
പലയിടത്തായ്
നഖക്ഷതങ്ങളുടെ
പാടുകൾ.
ചളി പുരണ്ട
പൊൻ ചിറകുകളിൽ
മുറിഞ്ഞടർന്ന
നോവുകൾ.
വഴിയറിയാതുഴറി വീണ
വിധിയടഞ്ഞ സഖിയുടെ
വിവശതകളേറ്റു വാങ്ങി
വിമുഖതയില്ലാതാ കാട്ടുപൂവ്.
കീറിമുറിച്ചവർ
ചളിനിറച്ചവർ
ചിരിച്ചുല്ലസിക്കും
നാൾവഴികളിൽ,
മൗനത്തിന്റെ
പ്യൂപ്പയുടച്ചവൾ
സമരത്തിനിറങ്ങി
സഖിയുമായ്.
ഘോരഘോര ഗർജനത്താൽ
കാർമേഘ വാദം തുടരവേ,
സാക്ഷിയായംബരമോ
മൂകയായങ്ങ് നിന്നുപോയ്.
മുറിഞ്ഞചിറകുകൾ
വീശി വീശി
പറന്നുയരാനൊരുങ്ങവെ
വെട്ടിമാറ്റാനൊരുങ്ങിയെന്നോ
വെറി പിടിച്ചൊരാ
കാട്ടുനായ്ക്കൾ.
പരിഹാസ ശരങ്ങൾ
പൂക്കളായ് മാറവേ ,
നിശ്ശബ്ദമായ്
പ്രകൃതിയും തലകുനിക്കെ,
മാഞ്ഞുപോകാത്തൊരാ
പാടുകളെല്ലാം
മായാത്ത വീര്യത്തിൻ
മുദ്രകളായി.
തകർന്നു പോയൊരാ
ചിറകുകളെല്ലാം
അഗ്നിയായ് തുന്നിച്ചേർക്കവേ,
വാനവില്ലിൻ തേരിലേറി
നക്ഷത്രമായവൾ
പെയ്തിറങ്ങി.
അതിരുകളില്ലാത്ത
അലയാഴികളിൽ
അലയുന്നുണ്ടൊരാത്മാവിൻ
ചിറകടികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

