'ലോകത്തിലെ മുഴുവന്‍ കന്നഡിഗരുടെയും അഭിമാനം'; ബാനു മുഷ്താഖിനും ദീപാ ഭസ്തിക്കും കര്‍ണാടക സര്‍ക്കാരിന്റെ ആദരം
text_fieldsബംഗളുരു: കന്നട ഭാഷയെയും സംസ്കാരത്തെയും ബുക്കർ പുരസ്കാര നെറുകയിലെത്തിച്ച ബാനു മുഷ്താഖിനും അവരുടെ കഥകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ദീപാ ഭസ്തിക്കും അഭിനന്ദന പ്രവാഹവും കര്‍ണാടക സര്‍ക്കാരിന്റെ ആദരം. ബാനു മുഷ്താഖിനും ദീപാ ഭസ്തിക്കും പത്തുലക്ഷം രൂപ വീതം സമ്മാനം നല്‍കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ചടങ്ങില്‍ പ്രഖ്യാപിച്ചു. ബാനുവിന്റെ കഥകള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ സഹായം ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിയമസഭയുടെ ബാങ്ക്വറ്റ് ഹാളിലായിരുന്നു പ്രൗഢഗംഭീരമായ സ്വീകരണം.
ബാനു മുഷ്താഖിന്റെ കഥാസമാഹാരമായ 'ഹാര്‍ട്ട് ലാംപ്' നേടിയ ബുക്കര്‍ സമ്മാനത്തിലൂടെ കന്നഡഭാഷയുടെ കീര്‍ത്തി വര്‍ധിച്ചതായി സിദ്ധരാമയ്യ പറഞ്ഞു. ലോകത്തിലെ മുഴുവന്‍ കന്നഡിഗരുടെയും അഭിമാനമാണ് ഈ പുരസ്കാരം. മാധ്യമപ്രവര്‍ത്തകയായും എഴുത്തുകാരിയായും അഭിഭാഷകയായും ആക്ടിവിസ്റ്റായും പ്രവര്‍ത്തിച്ചതാണ് ബാനു മുഷ്താഖിന്റെ രചനകളുടെ ശക്തി. സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിനെതിരേ എഴുതാന്‍ ധൈര്യം കാണിച്ച് അവരുടെ ശബ്ദമായി മാറാന്‍ ബാനു മുഷ്താഖിന് കഴിഞ്ഞു -സിദ്ധരാമയ്യ പറഞ്ഞു.
കന്നടയിൽനിന്ന് ബുക്കർ പുരസ്കാര വേദിയിലെത്തുന്ന ആദ്യ സാഹിത്യകാരിയാണ് ഹാസൻ സ്വദേശിനിയായ ബാനു മുഷ്താഖ്. 1990 മുതൽ 2023 വരെ 33 വർഷക്കാലം എഴുതിയ ചെറുകഥകളിൽനിന്ന് തെരഞ്ഞെടുത്ത 12 കഥകളാണ് ഹാര്‍ട്ട് ലാംപിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആറ് പുസ്തകങ്ങളടങ്ങിയ ചുരുക്കപ്പട്ടികയിലെ ഒരേയൊരു ചെറുകഥാ സമാഹാരവും ഹാർട്ട് ഓഫ് ലാംപ് ആയിരുന്നു. ദക്ഷിണേന്ത്യയിലെ മുസ്ലിം സ്ത്രീകളുടെ ദൈനംദിന ജീവിതമാണ് കഥകളിൽ പ്രതിഫലിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

