Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഭൂമിയെ പഠിച്ച് ...

ഭൂമിയെ പഠിച്ച് ആകാശത്തിൽ പറന്ന പെൺപട്ടം

text_fields
bookmark_border
ഭൂമിയെ പഠിച്ച്  ആകാശത്തിൽ പറന്ന  പെൺപട്ടം
cancel

ഭൂമി പലർക്കും പലതാണ്. കൃഷിക്കാരന് വയലും വരമ്പുമാണ്. സഞ്ചാരിക്ക് ഭൂമിയെന്നാൽ പർവതങ്ങളും പാറയിടുക്കുകളും മരുഭൂമിയും നദികളുമാണ്. ഭൗമശാസ്ത്രജ്ഞർക്കാകട്ടെ ഭൂമിയെന്നാൽ കോടിക്കണക്കിന് വർഷമെടുത്ത് രൂപാന്തരംപ്രാപിച്ച് ഇപ്പോഴും മാറിക്കൊണ്ടിരിക്കുന്ന പലതരം ശിലാപാളികളുടെ അടരുകളാണ്. കുശല രാജേന്ദ്രൻ എന്ന ഭൗമശാസ്ത്രജ്ഞയുടെ സ്വജീവിതത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് ‘പട്ടംപോലെ’ എന്ന കൃതി. അമ്പതുകളിൽ ഐക്യകേരളം രൂപപ്പെടുന്നതിനുമുമ്പ് ജനിച്ച് എഴുപതുകളിൽ കോളജ് വിദ്യാഭ്യാസം ചെയ്ത്, പിന്നീട് തന്റെ പഠനമേഖലയിൽ ഉയർന്നുയർന്നുപോയി, വിദേശത്തും സ്വദേശത്തും പഠനവും പ്രവർത്തനവും നടത്തിയ കുശലയുടെ ജീവിതത്തിൽ ഗൃഹാതുരത്വവും ആകാംക്ഷയും അഭിമാനവും ആശങ്കകളും എല്ലാറ്റിനുമടിയൊഴുക്കായി വർത്തിക്കുന്ന നർമബോധമോർത്തുള്ള ചിരിയും മാറി മാറി വരും. ആ ഓർമപ്പുഴയിൽ ഒഴുകിയൊഴുകി വായിച്ചവസാനിക്കുന്നതറിയില്ല.

ആറേഴു പതിറ്റാണ്ടുകൾക്കു മുമ്പുണ്ടായിരുന്ന കേരളത്തിന്റെ പ്രകൃതിയും സാമൂഹിക-രാഷ്ട്രീയാന്തരീക്ഷവും വിദ്യാഭ്യാസരംഗവും ഈ കൃതിയിൽ രേഖപ്പെടുത്തപ്പെടുന്നുണ്ട്. അമ്പതുകളുടെ മധ്യത്തിൽ കേരളത്തിലെ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച പെൺകുട്ടി സ്വന്തം നാടിനെയും നാട്ടുകാരെയും നോക്കിക്കാണുന്ന കാഴ്ചകളാണ് പുസ്തകത്തിന്റെ ആദ്യ അധ്യായങ്ങളിൽ. അതിൽ തെങ്ങിൻതടിയും കവുങ്ങിൻതടിയും പാലങ്ങളിട്ട ചെറുതോടുകളും ഉറങ്ങിക്കിടക്കുന്ന കുളങ്ങളും മീനുകളോടിക്കളിക്കുന്ന പുഴയുമുള്ള ജലരാശിയുണ്ട്. അന്നത്തെ തെരഞ്ഞെടുപ്പും പ്രചാരണവുമുണ്ട്. നാട്ടിൻപുറത്തെ പച്ചമനുഷ്യരുണ്ട്. ആകാശവാണിയും റേഡിയോ സിലോണും സരോജിനി ശിവലിംഗവുമുണ്ട്. എല്ലാറ്റിനുമകമ്പടിയായി അന്നത്തെ ചലച്ചിത്രഗാനങ്ങളും ചേർക്കുന്നുണ്ട് എഴുത്തുകാരി. കാലക്രമേണ ഭൂവിനിയോഗത്തിൽ വന്ന മാറ്റങ്ങളും നികത്തപ്പെട്ട തോടുകളും മലിനമാക്കപ്പെട്ട പുഴയും ഒക്കെക്കൊണ്ട് തന്റെ ദേശത്തിനു വന്ന മാറ്റങ്ങളും കുശല കാണാതെ പോകുന്നില്ല. റൂർക്കി യൂനിവേഴ്സിറ്റിയിൽ ജിയോഫിസിക്സ് പഠിക്കാൻ ചേർന്നതാണ് കുശലയുടെ ജീവിതത്തിൽ വഴിത്തിരിവായിത്തീരുന്നത്. അനേകം ആൺകുട്ടികൾക്കിടയിൽ ഏകയായി ആരംഭിച്ച ആ പഠനം ഹിമാലയത്തിന്റെ നെറുകയോളം എത്തിനിൽക്കുന്നു.

പഠനത്തിനും ഗവേഷണത്തിനും ജോലിക്കുമായി സഞ്ചരിച്ച സ്ഥലങ്ങളെക്കുറിച്ച് മനോഹരമായ ദൃശ്യങ്ങളും സാംസ്കാരിക സവിശേഷതകളും വർണിക്കുന്നുണ്ട് കൃതിയിൽ. ഈ യാത്രക്കിടയിൽ ഉണ്ടായ അനുഭവങ്ങൾ നർമം കലർത്തി അവതരിപ്പിക്കുന്നുണ്ട്. കച്ച് പ്രദേശത്ത് റംലു എന്ന ബീഡി വലിക്കുന്ന ഒട്ടകം, അതിർത്തി കടന്നെത്തുന്ന പ്രേതങ്ങൾ, മദ്യം വാങ്ങാനായി അപേക്ഷ പൂരിപ്പിക്കുന്ന മദ്യപാനി ഇവരെയൊക്കെ ഒരു ചിരിയോടെയല്ലാതെ നമുക്ക് പരിചയപ്പെടാനാവില്ല. കൊളംബിയ നദിയിൽ അണകെട്ടുന്ന ബീവർ, അന്തമാൻ ദ്വീപുകളിൽ കാട്ടിൽ വഴികാട്ടുന്ന നായ്ക്കൾ, അലാസ്കയിലെ ബിഗ് സ്കേറ്റ് എന്ന മത്സ്യം, ഗ്രിസ്ലി കരടി, മൂസ്സ്, ഊട്ടറുകൾ, അന്തമാനിലെ ഉപ്പുവെള്ളം കുടിച്ചു ജീവിക്കുന്ന ആടുകൾ എല്ലാം സവിശേഷമായ കാഴ്ചകളായി വായനക്കാരുടെ മനസ്സിൽ തങ്ങിനിൽക്കും. അലാസ്കയിലെ മഞ്ഞുമലകൾ, മണിപ്പൂരിലെ താമര പൂക്കുന്ന തടാകം, കച്ചിലെ ഉപ്പുപരൽപരപ്പുകൾ തുടങ്ങി ഗവേഷണാർഥം സന്ദർശിച്ച സ്ഥലങ്ങളുടെയെല്ലാം ഹൃദയാവർജകമായ നേരനുഭവവർണന ആ സ്ഥലങ്ങൾ സ്വന്തം കണ്ണുകൾകൊണ്ട് കാണുന്ന ഒരനുഭവമാണ് നമുക്കു തരുക. കുശലയുടെ അനുഭവങ്ങളെല്ലാം തീർച്ചയായും വ്യത്യസ്ത തൊഴിൽപാതകൾ തിരഞ്ഞെടുക്കുന്ന പെൺകുട്ടികൾക്ക് ഒരു പ്രചോദനമായിരിക്കും. തന്റെ വിജയങ്ങൾക്ക് കൂടെനിന്ന അതേ മേഖലയിൽ പ്രവർത്തിക്കുന്ന ജീവിതപങ്കാളി രാജേന്ദ്രന്റെ പങ്ക് അവർ എടുത്തുപറയുന്നുണ്ട്. ലളിതമധുരമായ ഭാഷ, അനുഭവവ്യാപ്തി, ചെറിയ കാര്യങ്ങൾപോലും വിശദാംശങ്ങളടക്കം ഓർത്തെടുത്തെഴുതാനുള്ള നിപുണത, സ്വന്തം ജീ‍വിതത്തിനൊപ്പം ചുറ്റുപാടുകളെയും നിരീക്ഷിക്കാനുള്ള സന്നദ്ധത എന്നിവയെല്ലാം ഈ കൃതിയെ വ്യത്യസ്തവും മികച്ചതുമാക്കുന്നു. 2023ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ ഓരോ അധ്യായത്തിന്റെയും അവസാനം ചേർത്തിരിക്കുന്ന ചിത്രീകരണങ്ങളുടെ ചാരുത എടുത്തു പറയേണ്ടതാണ്. എന്നാൽ, പല ചിത്രങ്ങളുടെയും ടോൺ മാറ്റി കുറച്ചുകൂടി വ്യക്തത വരുത്താമായിരുന്നു. കുറച്ച് അക്ഷരത്തെറ്റുകളും വന്നുകൂടിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:book review
News Summary - A female kite that studied the earth and flew in the sky
Next Story