പ്രതിരോധായുധമായി മാറുന്ന ചരിത്ര നോവൽ
text_fieldsഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ തേജോമയമായ അധ്യായങ്ങളെ തമസ്കരിക്കാനുള്ള വളരെ ബോധപൂർവവും ആസൂത്രിതവുമായ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. മുൻഗാമികൾ ഏറെ കഠിനാധ്വാനം ചെയ്തും ത്യാഗം സഹിച്ചും നേടിയെടുത്ത സ്വാതന്ത്ര്യത്തെയും അതിന്റെ അനിവാര്യതയായ മൗലികാവകാശങ്ങളെയും പൗരസ്വാതന്ത്ര്യത്തെയും ജനാധിപത്യ മൂല്യങ്ങളെയും അറുകൊല ചെയ്യുന്ന ആസുര കാലമാണിത്.
അതുകൊണ്ടുതന്നെ സ്വാതന്ത്ര്യ സമര രംഗത്ത് ജ്വലിച്ചുനിന്ന മഹദ് വ്യക്തികളെയും അവരുടെ തിളക്കമാർന്ന ത്യാഗോജ്ജ്വലമായ സമരാനുഭവങ്ങളെയും കാത്തുസൂക്ഷിക്കാനും സമൂഹത്തെ പഠിപ്പിക്കാനും നാടിന്റെ നന്മ കൊതിക്കുന്ന സുമനസ്സുകളെല്ലാം ബാധ്യസ്ഥമാണ്. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഏറെ ജ്വലിച്ചുനിന്ന ശഹീദ് വക്കം അബ്ദുൽ ഖാദറിന്റെ കണ്ണീരും ചോരയും പുരണ്ട അതീവ സാഹസികമായ ജീവിതം അതിന്റെ എല്ലാവിധ ചാരുതയും വൈകാരികതയും ഉൾക്കൊണ്ട് പി.എം.എ. ഖാദർ രചിച്ച ‘ബലി’എന്ന ചരിത്ര നോവൽ വലിയ രാജ്യസേവനവും രാഷ്ട്രീയ പ്രവർത്തനവുമാണ്.
വംശീയതയിലൂടെയും വർഗീയതയിലൂടെയും വെറുപ്പ് വളർത്തി സമുദായങ്ങൾക്കിടയിൽ ധ്രുവീകരണം സൃഷ്ടിക്കുന്ന ക്ഷുദ്ര ശക്തികളുടെ മസ്തകത്തിൽ ആഞ്ഞടിക്കുന്ന ഈ പുസ്തകത്തിന്റെ അവസാന അധ്യായത്തിൽ മനുഷ്യചരിത്രത്തിൽ സമാനതയില്ലാത്ത ഒരുജ്ജ്വല സംഭവത്തിന്റെ വിവരണമുണ്ട്.
മൂന്ന് ലോക മതങ്ങളിലെ നാലുപേർ ഒരേസമയം ഒരേ വരിയിൽനിന്ന് കൊലക്കയറിന് കഴുത്തുനീട്ടി ഒന്നിച്ച് രക്തസാക്ഷികളാവുക; അതാണ് 1943 സെപ്റ്റംബർ 10ന് മദ്രാസ് സെൻട്രൽ ജയിലിൽ സംഭവിച്ചത്. വക്കം അബ്ദുൽ ഖാദർ, അനന്തൻ നായർ, ഫജാ സിങ്, സത്യേന്ദ്ര ബർദാൻ എന്നീ നാല് സ്വാതന്ത്ര്യ സമര പോരാളികളെ ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റി. റമദാൻ ഏഴിന് വെള്ളിയാഴ്ച നോമ്പുകാരനായാണ് അബ്ദുൽ ഖാദർ രക്തസാക്ഷിയായത്.
തലേന്നാൾ രാത്രി പന്ത്രണ്ടു മണിയോടടുത്ത് അദ്ദേഹം പിതാവിനയച്ച കത്തിലെ ഓരോ അക്ഷരവും ഗ്രന്ഥകാരൻ പറഞ്ഞതുപോലെ ഓരോ ദീപസ്തംഭമായിരുന്നു. മുനിമാർക്കുശേഷം അധികമാരും രചിച്ചിട്ടില്ലാത്ത മൊഴിമുത്തുകൾ. വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവറയിൽ കഴിയുമ്പോൾ പ്രിയപ്പെട്ട ഉമ്മയെ സ്വപ്നം കണ്ട അബ്ദുൽ ഖാദർ അവരുമായി നടത്തുന്ന ആത്മഭാഷണം ഏറെ ഹൃദയാവർജകവും ആവേശദായവുമാണ്.
അതിൽ മാതാവ് ഇങ്ങനെ പറയുന്നു: ‘പടച്ചവന്റെ അടുത്തേക്കല്ലേ പോകുന്നത്. അവനല്ലേ എന്റെ പൊന്നുമോനെ എനിക്ക് തന്നത്. അവന്റെ അടുത്തേക്ക് തിരിച്ചു പൊയ്ക്കോളൂ. ഉമ്മയെക്കാളും വലിയ അമ്മയായ ജന്മഭൂമിക്കുവേണ്ടി ജീവിച്ചില്ലേ? അതുമതി. പോയിക്കോ. ഒരു വസിയത്ത് മാത്രമേ ഉമ്മാക്കുള്ളൂ. കയറ് കഴുത്തിലണിയുമ്പോൾ പുഞ്ചിരിക്കണം. സത്യസാക്ഷ്യ വചനം ഉച്ചരിക്കണം.’
അതേസമയം തന്നെ വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന മാതാവ് സൽമയും സ്വപ്നത്തിൽ മകനെ കാണുകയും ആത്മഭാഷണം നടത്തുകയും ചെയ്തു. ഈ അധ്യായം പുസ്തകം മുന്നോട്ടുവെക്കുന്ന സ്വാതന്ത്ര്യബോധത്തെയും ആത്മീയതയെയും പ്രതിനിധാനം ചെയ്യുന്നു. അപ്രകാരം തന്നെ പ്രമോഷനിലൂടെ സബ് ഇൻസ്പെക്ടറാകാനിരുന്ന രണ്ടാമത്തെ മകൻ അബ്ദുറഹീമിനോട് ‘ബ്രിട്ടീഷ് ഭരണകൂടത്തിന് അടിമപ്പണി ചെയ്യേണ്ട’ എന്ന് പിതാവ് കുഞ്ഞു സാഹിബ് കൽപിക്കുകയും മകൻ അതനുസരിച്ച് രാജിവെക്കുകയും ചെയ്യുന്ന സംഭവം സ്വാതന്ത്ര്യപ്രേമികളെ വികാരഭരിതരാക്കുന്നതാണ്. തൂക്കുമരം കാത്ത് മദ്രാസ് ജയിലിലായിരിക്കെ കാണാൻ വന്ന പിതാവുമായി നടത്തിയ ഹൃദയസ്പൃക്കായ സംഭാഷണം അവസാനിപ്പിക്കുമ്പോൾ പാഠശാലയിൽ ചേർത്തപ്പോൾ മാതാവ് തലയിൽ കെട്ടിക്കൊടുത്ത നീലയുറുമാൽ അബ്ദുൽ ഖാദർ മാതാവിന് തിരിച്ചുനൽകാൻ ഏൽപിക്കുന്ന സംഭവം ഈറനണിയിക്കുന്നതാണ്.
തോണി തുഴഞ്ഞ് ജീവിക്കുന്ന പരമ ദരിദ്രമായ കുടുംബത്തിൽ പിറന്ന അബ്ദുൽ ഖാദറിനെ സംബന്ധിച്ച് മാതാപിതാക്കൾക്ക് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു. പഠിപ്പിച്ച് ഉയർന്ന ഉദ്യോഗസ്ഥനാക്കണമെന്നായിരുന്നു അവരുടെ മോഹം. എന്നാൽ ചെറു പ്രായത്തിൽ തന്നെ അദ്ദേഹത്തിൽ സ്വാതന്ത്ര്യബോധം നാമ്പെടുത്തു. സമപ്രായക്കാരെ സംഘടിപ്പിച്ച് സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകി. പി. കൃഷ്ണപ്പിള്ളയും പട്ടം താണുപിള്ളയും ടി.എം. വർഗീസും സി. കേശവനുമുൾപ്പെടെയുള്ള സ്വാതന്ത്ര്യ സമര നായകന്മാരെ പങ്കെടുപ്പിച്ച് നടത്തിയ സമ്മേളനത്തിന്റെ മുഖ്യ സംഘാടകരിൽ ഒരാൾകൂടിയായിരുന്ന വക്കം അബ്ദുൽ ഖാദറിന് പൊലീസ് മർദനമേറ്റ് സാരമായ പരിക്കുപറ്റി. അദ്ദേഹത്തെ സ്വന്തം മകനെപ്പോലെ സ്നേഹപൂർവം പരിചരിച്ച കമലമ്മയും ഭർത്താവ് ശിവദാസമേനോനും സാമുദായിക സൗഹാർദത്തിന്റെ മികച്ച മാതൃകയാണ്.
ജോലി തേടി മലായിയിലേക്ക് പോയ അബ്ദുൽ ഖാദർ നാലു വർഷത്തെ ഇടവേളക്കുശേഷം വീണ്ടും സ്വാതന്ത്ര്യസമര പോരാളിയായി മാറി. അവിടെനിന്ന് മനം നിറയെ വിപ്ലവാവേശവും പോരാട്ടവീര്യവുമായി നാട്ടിലേക്ക് തിരിച്ചുവന്നപ്പോഴാണ് ബ്രിട്ടീഷ് ഭരണകൂടം താനൂർ കടപ്പുറത്തുവെച്ച് പിടികൂടുന്നത്. അവിടെനിന്നാണ് പുസ്തകം ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ തൊട്ടടുത്തുള്ള തിരൂർ ഉണർത്തുന്ന വാഗൺ കൂട്ടക്കൊലയെക്കുറിച്ചുള്ള ഓർമകളും ഇതിലുണ്ട്.
സ്വാതന്ത്ര്യ സമരത്തിന്റെ മാധുര്യം, ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ക്രൂരത, തടവറകളുടെ ഭീകരത, കോടതികളിലെ നീതിരാഹിത്യം, ഒറ്റുകാരായി മാറുന്ന ഇന്ത്യക്കാരുടെ വഞ്ചന, ഏവർക്കും അനുകരണീയമായ ഉദാത്തമൂല്യങ്ങൾ, മഹിതമായ ആദർശങ്ങൾക്കുവേണ്ടിയുള്ള ആത്മബലിയുടെ ഔന്നത്യം; എല്ലാം അമ്പതിലേറെ അധ്യായങ്ങളും 200 പേജുമുള്ള ഈ പുസ്തകത്തിൽ ഇതൾ വിരിയുന്നു. ദുഃഖപുത്രിയായി മാറിയ സ്നേഹഭാജനം ആയിശയുടെയും നിഷ്കളങ്കതമാത്രം കൈമുതലായുള്ള സഹോദരി ഹഫ്സയുടെയും സാന്നിധ്യം പുസ്തകത്തെ കൂടുതൽ ആകർഷകമാക്കുന്നു.
അവതാരികയിൽ റഫീഖ് അഹമ്മദ് എഴുതിയപോലെ ‘യൗവനത്തിന്റെ അസുലഭ വസന്ത സൗഭാഗ്യങ്ങൾ ത്യജിച്ച് സമരത്തിന്റെ തീച്ചൂളയിലേക്ക് സ്വയം സമർപ്പിതനായ വക്കം ഖാദറിന്റെ കണ്ണീരും ചോരയും പുരണ്ട ജീവിതാക്ഷരങ്ങൾ അത്രയെളുപ്പം മായ്ക്കാൻ കഴിയാത്തവിധം നോവലിസ്റ്റ് സമൂഹ മനസ്സിൽ കൊത്തിയിടുന്നു. അവ്യാഖ്യായ ദുരിതാനുഭവങ്ങളിലൂടെ ധീര രക്തസാക്ഷികൾ നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ നെടുംതൂണുകൾ ഓരോന്നായി ഇരുട്ടിന്റെ ശക്തികൾ തുരന്നുകൊണ്ടിരിക്കുന്ന ദശാസന്ധിയിൽ ഈ പുസ്തകം നോവലോ ജീവചരിത്രമോ എന്നതിനപ്പുറം ഒരു രാഷ്ട്രീയ പ്രതിരോധായുധംകൂടിയായി മാറുന്നു.’
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

