Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നവോത്ഥാന കേരളം ഇരുട്ടിലേക്ക് നടക്കുമ്പോൾ

text_fields
bookmark_border
നവോത്ഥാന കേരളം ഇരുട്ടിലേക്ക് നടക്കുമ്പോൾ
cancel

ഇസ്‍ലാം എന്ന പരികൽപനയിലൂടെ മുസ്‍ലിം സ്വത്വപ്രകാശനം നടത്തുന്ന മനുഷ്യരെ പുറന്തള്ളുകയും അവർക്ക് സാമൂഹിക രാഷ്ട്രീയ പദവികളും കർതൃത്വങ്ങളും നിഷേധിക്കുകയും അങ്ങനെ അവരെ അപരമാക്കുകയും ചെയ്യുന്ന ആധുനികകാല വംശീയ പ്രയോഗമാണ് സത്യത്തിൽ ഇസ്‍ലാമോഫോബിയ. മുസ്‍ലിം ജനതയുടെ സ്വയം നിർണയാവകാശത്തെയും ഒരു ജനത എന്ന നിലയിലുള്ള അവരുടെ തിരഞ്ഞെടുപ്പുകളെയും ഏകപക്ഷീയമായി റദ്ദാക്കുന്ന വംശീയ രാഷ്ട്രീയത്തിൽ നിന്നാണ് ഇസ്‍ലാമോഫോബിയ സാന്നിധ്യമറിയിക്കുക. അങ്ങനെ വരുമ്പോൾ മുസ്‍ലിം എന്ന് വ്യവഹരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ അടയാളങ്ങളെയും സാംസ്കാരിക തനതുകളെയും ചിഹ്നങ്ങളെയും രാഷ്ട്രീയ നിലപാടുകളെയും അധികാര ശക്തികൾ നിരന്തരം ലക്ഷ്യംവെക്കും. ഈയൊരു അപരമാക്കൽ പക്ഷേ, ഇന്ത്യയിൽ ഭരണകൂടം തന്നെ ഏറ്റെടുത്ത് നടത്തുന്ന ഒരു അശ്ലീലമാണ്.

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സംഘപരിവാരങ്ങൾക്ക് പരമാവധി വെറും 40 ശതമാനം സ്വാധീനമേയുള്ളൂ. എന്നിട്ടും അവർക്ക് അധികാര മേധാവിത്വം പുലർത്താൻ കഴിയുന്നത് അവർ സൃഷ്ടിക്കുന്ന ഇസ്‌ലാമോഫോബിയയുടെ മാത്രം ബലത്തിലാണ്. ‘ഇതാ നിങ്ങളുടെ ശത്രുക്കൾ, ഇവരെയാണ് ‘മിത്രങ്ങളേ’ നിങ്ങൾ നിഗ്രഹിക്കേണ്ടത്. അവർ കടന്നുവന്നവർ, പെറ്റുപെരുകുന്നവർ, ഭീകരർ. ഇവരാണ് നിങ്ങളുടെ ദാരിദ്ര്യത്തിന് കാരണക്കാർ, അല്ലാതെ നമ്മുടെ ഭരണമല്ല. നമ്മുടെ ഉന്നമനം തടയുന്നവർ, നിങ്ങൾ ഇവരെ തുരത്തുക. ഞങ്ങൾ ഒപ്പമുണ്ട്. കണ്ടില്ലേ നാം ഇവരുടെ അടയാളങ്ങൾ പോലും ചരിത്രത്തിൽനിന്ന് മായ്ച്ചുകളയുന്നത്.’ ഈ മുസ്‍ലിം വെറുപ്പിന്റെ തരംഗമാലിക സൃഷ്ടിച്ചാണ് സംഘപരിവാരം ഇന്നും നിലനിൽക്കുന്നത്. ഭരണകൂടം നേരിട്ട് ഏറ്റെടുത്ത് നടത്തുന്ന ഈ വംശീയ ഉന്മൂലനത്തിൽ വാർത്താവിനിമയ സംവിധാനങ്ങളും നിയമാലയങ്ങളും കൂടി പങ്കാളികളാവുന്നതോടെ ഇസ്‌ലാമോഫോബിയ പൊതുബോധമായി ഇന്ത്യൻ സാമൂഹികതയിൽ യാഥാർഥ്യമായി.

അതുകൊണ്ടാണ് മുസ്‍ലിംകൾ ഇരകളായി വരുമ്പോഴും, ഇനി പ്രതികളായി വരുമ്പോഴും അവരിലെ മതസ്വത്വത്തിന്റെ പേരിൽ ഒരുപോലെ പഴിചാരപ്പെടുന്നതും വേട്ടയാടപ്പെടുന്നതും. ‘മുസ്‍ലിംകൾ എല്ലാം തീവ്രവാദികളാണ്, മുസ്‍ലിം സ്ത്രീകൾ അടിച്ചമർത്തപ്പെട്ടവരാണ്, മുസ്‍ലിം ജനത സ്നേഹമില്ലാത്തവർ, എല്ലാ മുസ്‍ലിംകളും തീവ്രവാദികൾ അല്ലാതിരിക്കാം പക്ഷേ, തീവ്രവാദികളൊക്കെയും മുസ്‍ലിംകൾ.’ ഇത്തരം ആഖ്യാനങ്ങളൊക്കെയും ഇന്ന് കേരളത്തിൽ പോലും സാമാന്യവത്കരിക്കപ്പെട്ടിരിക്കുന്നു. അതിന്റെ പ്രതിഫലനങ്ങൾ പൊതുമണ്ഡലത്തിൽ ഭീകരമാംവിധം നിലനിൽക്കുകയും ചെയ്യുന്നു. അങ്ങനെ പരിവാരങ്ങൾ സൃഷ്ടിച്ച മുസ്‍ലിം വെറുപ്പിന്റെ ഏറ്റവും വലിയ കൊയ്ത്തു പാടമായി പ്രബുദ്ധ കേരളവും ഏറക്കുറെ മാറിക്കഴിഞ്ഞു. മുസ്‍ലിം അപരത്വം നവോത്ഥാന കേരളത്തിലും യാഥാർഥ്യമായത് നാം കണ്ടുകൊണ്ടിരിക്കുകയാണ്.

ഈ ഒരു ഭീകര സത്യം തെളിവുകളും സാക്ഷ്യങ്ങളും മുൻനിർത്തി അവതരിപ്പിക്കുന്ന ബൃഹത്തായ പുസ്തകമാണ് പ്രതീക്ഷാ ബുക്സ് പ്രസിദ്ധീകരിച്ച് ഐ.പി.എച്ച് ബുക്സ് വിതരണത്തിനെത്തിച്ച ‘ഇസ്‍ലാമോഫോബിയ റിപ്പോർട്ട് 25’ എന്ന പുസ്തകം. എഴുത്തുകാരും സാമൂഹിക നിരീക്ഷകരുമായ ഡോ.കെ. അശ്റഫും ബാബുരാജ് ഭഗവതിയുമാണ് ഈ ബൃഹദ് റിപ്പോർട്ട് പുസ്തകമായി തയാറാക്കിയത്. 2025 വർഷത്തിൽ ഒരു ദിവസം പോലും വിടാതെ ഇവർ നടത്തിയ അതിസൂക്ഷ്മ സാമൂഹിക നിരീക്ഷണമാണ് ഈ പുസ്തകം സാധ്യമാക്കിയത്. ഓരോ സംഭവങ്ങളെയും അതിന്റെ ആധികാരിക സ്രോതസ്സുകളിൽനിന്നാണ് എഡിറ്റർമാർ കണ്ടെത്തുന്നതും വിശകലനം ചെയ്യുന്നതും. ഇതൊരു സവിശേഷ രചനാ രീതിയാണ്.

കഴിഞ്ഞ വർഷം ഇതിന്റെ ഒന്നാം ഭാഗം പ്രസാധിതമായതാണ്. 2024ൽ മുസ്‍ലിം ഭീതി പരത്തുന്ന 220 സംഭവങ്ങളും ആഖ്യാനങ്ങളുമാണ് കേരളത്തിൽ നടന്നത്.അഥവാ ഓരോ മുപ്പത്തി ആറ് മണിക്കൂറിലും ഒരു സംഭവം. എന്നാൽ, ’25ലേക്ക് വന്നപ്പോൾ ഭീകരമാംവിധം ഇതിന്റെ എണ്ണം കൂടി. 636ലേക്കത് പടർന്നുകയറി. അഥവാ ഇരുപത്തിനാല് മണിക്കൂറിൽ ശരാശരി രണ്ടു സംഭവം. രേഖപ്പെടുത്താതെ പോയത് ഇതിലുമെത്രയോ അധികമാണ്. എത്ര വേഗത്തിലും ഭീകരതയിലുമാണ് ഈ പ്രബുദ്ധ കേരളത്തിലും മുസ്‍ലിം വെറുപ്പ് സാമൂഹിക ജീവിതത്തിൽ പാഷാണ മായി പടരുന്നത്. ഇതിനെതിരെ സാമൂഹികമായ പ്രതിരോധവും സാംസ്കാരികമായ ഇടപെടലും തീർച്ചയായും അനിവാര്യമാണ്. ഇന്ന് എന്താണ് കേരളീയതയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് കൃത്യമായി പൊതുസമൂഹത്തിന് തിരിച്ചറിവുണ്ടാവണം.

ആ തിരിച്ചറിവാണ് ഈ പുസ്തകം. ഇതിലെ ഓരോ സംഭവങ്ങളിലൂടെയും സഞ്ചരിച്ചുപോകുമ്പോൾ സത്യമായും നാം സ്തംഭിച്ചുനിന്നുപോകും. എത്ര പെട്ടെന്നാണ് നവോത്ഥാന കേരളം ഇരുട്ടിലേക്ക് തിരിഞ്ഞുനടത്തമാരംഭിച്ചത്. ഇതുതന്നെയാണോ നമ്മുടെ പ്രിയപ്പെട്ട കേരളം. സാമൂഹിക സാംസ്കാരിക പ്രവർത്തകരും വിദ്യാർഥികളും അധ്യാപകരും നിർബന്ധമായും പഠിച്ചു വായിച്ച് സംവാദമാക്കേണ്ട പുസ്തകം തന്നെയാണിത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - book review
Next Story