ഹിരോഷിമ കണ്ടതും കേട്ടതും
text_fieldsയുദ്ധങ്ങൾക്കും അത് സൃഷ്ടിക്കുന്ന മാരക വേദനകൾക്കും മാനവ ചരിത്രത്തോളം പഴമയുണ്ട്. പണ്ടിത് പടപ്പറമ്പുകളിലെ സൈനിക ദളങ്ങളുടെ മുഖാമുഖങ്ങളിൽ പരിമിതപ്പെട്ടുവെങ്കിൽ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പടർച്ചയോടെ നിഷ്‌കളങ്ക ശൈശവങ്ങളും ബാല്യകൗമാരങ്ങളും അവശ വാർധക്യങ്ങളും നേരിട്ടു തന്നെ യുദ്ധദുരിതങ്ങളിൽ പങ്കാളികളായിത്തുടങ്ങി. കാലംകൊണ്ട് വമ്പൻ മൂലധന ശക്തികളുടെ ദുഷ്ട ലാഭമോഹങ്ങളും ആർത്തിയും കെണിയൊരുക്കിയതോടെ ഭരണകൂടങ്ങളുടെ പരാക്രമങ്ങൾക്ക് നിയമവും നിയന്ത്രണവും ഇല്ലാതെയായി. ഇതോടെ സാധാരണ മനുഷ്യർ അകപ്പെടുന്ന യുദ്ധ വ്യാധികളും അറുതിയില്ലാതെ വർധിച്ചു. അതിന്നും തുടരുന്നു.
മനുഷ്യ നിഗ്രഹങ്ങൾക്ക് ഏറ്റവും കുപ്രസിദ്ധമാണ് വർഷങ്ങളോളം നീണ്ട രണ്ടാം ലോക യുദ്ധവും ഒടുവിൽ സംഭവിച്ച ആറ്റം ബോംബ് വർഷവും. അത് 1945 ആഗസ്റ്റ് 6 തിങ്കളാഴ്ച രാവിലെ 8.16ന്. പാഠപുസ്തക കെട്ടുകളും ചോറ്റുപൊതികളുമായി കുസൃതിയോലുന്ന മുഖഭാവങ്ങളോടെ ഹിരോഷിമ നഗര ചത്വരങ്ങളെ ചന്തമാക്കിയ സ്‌കൂൾ കുട്ടികൾ, ഫാക്ടറികളിലേക്കും പണി കേന്ദ്രങ്ങളിലേക്കും ധിറുതിവെച്ചുപോയ സാധാരണ മനുഷ്യർ, ഉണർന്നുവരുന്ന കച്ചവടക്കമ്പോളങ്ങൾ, ഇവരുടെയൊക്കെ സങ്കലനങ്ങൾ കൊണ്ട് വീർപ്പുമുട്ടുന്ന ട്രാമുകളും ഗതാഗത സംവിധാനങ്ങളും. പ്രസാദ ദീപ്‌തമായിരുന്നു അന്ന് ഹിരോഷിമയിലെ നനുത്ത പ്രഭാതം.
യുദ്ധഭീതി അന്തരീക്ഷത്തിലുണ്ടെങ്കിലും നഗരവും അവിടത്തെ സാധാരണ മനുഷ്യരും ഉന്മേഷഭരിതമായിരുന്നു. അപ്പോഴാണ് സർവനാശത്തിന്റെ ചക്രവാതമായി ആയിരം മധ്യാഹ്ന സൂര്യന്മാർ ഹിരോഷിമയുടെ മണ്ണിലേക്ക് ഞെട്ടറ്റുവീണത്. നിമിഷം കൊണ്ട് മഹാനഗരവും അതിലെ മനുഷ്യരും അവരുടെ സ്വപ്നങ്ങളോടെ നിർദയം ചാമ്പലായി. കരിഞ്ഞ് മരിച്ചവർ, ധൂളികളായി ചിതറിത്തെറിച്ചവർ, മരിക്കാതെ ജീവിതത്തിൽ ഇഴഞ്ഞുനീങ്ങിയവർ, ആയുസ്സിനോട് പൊരുതി വീണവർ, നിസ്സഹായർ, അനാഥർ, ശ്ലഥ മാനസർ, വിഭ്രമം വന്നവർ. സർവനാശം വിതച്ച തീക്കാറ്റ് ഒരു വിശ്രുത നഗരത്തെ കശക്കിക്കുടഞ്ഞപ്പോൾ ശിഷ്ടമായത് കണ്ണീരും കദനവും മാത്രം. കൽക്കൂനയായ ആ പട്ടണത്തിൽ മരിച്ചുവീണത് ഒന്നര ലക്ഷം മനുഷ്യർ. മരണം മാത്രം ബാക്കിയാക്കിയ വിവശർ മറ്റൊരുപാട് ലക്ഷം. കരിഞ്ഞുപോയ ആ നഗര ചത്വരത്തിലേക്ക് എൺപത് ആണ്ടറുതികൾക്കുശേഷം യുദ്ധഭീതിയൊരു പാഠപുസ്തക ജ്ഞാനം മാത്രമായ ഒരു മലയാളി പത്രപ്രവർത്തകൻ വന്നിറങ്ങുന്നു. അയാൾ ആ നഗരത്തിന്റെ ഊടുവഴിപ്പെരുക്കങ്ങളിലൂടെയും നാൽക്കവലകളിലൂടെയും ചരിത്ര ഖനനവുമായി അലഞ്ഞുനടക്കുന്നു. താൻ കേട്ടതും ചരിത്രത്തിൽ പഠിച്ചറിഞ്ഞതും നേർകാഴ്ചകളുമായി ഉരച്ചുമിനുക്കി വിശ്ലേഷണം ചെയ്ത് മലയാള ഭാഷയിൽ അത് രേഖപ്പെടുത്തുന്നു. അതാണ് ‘മാധ്യമം ബുക്സ്’ പ്രസിദ്ധീകരിച്ച ‘ഹിരോഷിമ ഒരു മാധ്യമ പ്രവർത്തകന്റെ അന്വേഷണയാത്ര’ എന്ന പി.കെ. നിയാസിന്റെ പുസ്തകം.
ചുരമാന്തുന്ന ചരിത്ര കൗതുകവുമായാണ് പി.കെ. നിയാസ് ഹിരോഷിമയിലെത്തുന്നത്. സാമ്രാജ്യത്വത്തിന്റെയും ആയുധ മുതലാളിത്വത്തിന്റെയും ഭ്രാന്തമായ ധനദുരയിൽ കശക്കിയെറിയപ്പെട്ട മനുഷ്യരാണ് ഹിരോഷിമയിലുണ്ടായിരുന്നത്. യുദ്ധപൂർവം ആ നഗരം എന്തു മാത്രം ചടുലമായിരുന്നെന്നും യുദ്ധാനന്തരം അതിന് വന്നുപെട്ട ഘോര വിനാശം എത്രമാത്രം ഭീതിദമായിരുന്നെന്നും പുതിയ ജപ്പാൻ തങ്ങളുടെ നഗരത്തെ എങ്ങനെ പുനർ സൃഷ്ടിച്ചുവെന്നും പി.കെ. നിയാസ് തന്റെ യാത്രയിൽ കണ്ടറിയുന്നു. ഹിരോഷിമയിൽ കണ്ട ഒരു പ്രദർശനം വിശദമായി പറയുന്നുണ്ടദ്ദേഹം. ആ പ്രദർശനത്തിൽ ഹബാകുഷുമാരുടെ നേർവാക്കുകൾ കേട്ടും ദൃശ്യങ്ങൾ കണ്ടും എഴുത്തുകാരൻ തന്നെ ഞെട്ടുന്നുണ്ട്. ബോംബ് വർഷത്തെ അർധ ജീവനും കൊണ്ട് മറികടന്നവരെയാണ് ജപ്പാൻകാർ ഹിബാകുഷു എന്ന് വിളിക്കുന്നത്. അതിലൊരാളാണ് മോറിയാമ എന്ന സ്ത്രീ. ബോംബാക്രമണത്തിന്റെ സൈറൺ കേട്ട് ബങ്കറിലേക്ക് നൂണ്ടുകയറിയ മോറിയാമ പിന്നീട് കണ്ടത് വലിയ ഇഴജന്തുക്കൾ മാളത്തിലേക്ക് ഇഴഞ്ഞുവരുന്നതാണ്. മോറിയാമ ഭയന്നുവിറച്ചു. അതു പക്ഷേ, ഇഴജന്തുക്കളല്ലായെന്നും പൊള്ളലേറ്റ് തൊലിപൊളിഞ്ഞ പരശ്ശതം മനുഷ്യർ ഞരങ്ങിയും മൂളിയും പ്രാണൻ കൈയിൽപിടിച്ച് ഇഴഞ്ഞുവരുന്നതാണെന്നും തിരിച്ചറിഞ്ഞതോടെ ഇവർ മോഹാലസ്യപ്പെട്ടു വീണുപോവുന്നു.
ഹിരോഷിമയുടെ ഓമനയായ സഡാക്കോ എന്ന ബാലികയുടെ കഥ പുസ്തകത്തിൽ ഒരധ്യായം തന്നെയാണ്. ബോംബ് വീഴുമ്പോൾ സഡാക്കോ രണ്ടു വയസ്സ് മാത്രം പ്രായമുള്ളൊരു ബാലികയാണ്. അവൾ വീട്ടിനകത്ത് കുറുമ്പുകാട്ടി നടക്കുന്ന ദിവസം. കടുത്ത അണുപ്രസരണം ബാധിച്ച് അവശയായ ആ കുഞ്ഞ് നീണ്ടകാലം ആശുപത്രിക്കിടക്കയിൽ ആയുസ്സിനായി പൊരുതി. ജീവിതത്തിലേക്ക് തിരിച്ചുവരാൻ കടുത്ത കൊതികാട്ടിയ അവളെ കൂട്ടുകാരികൾ പറഞ്ഞാശ്വസിപ്പിച്ചതാണ് ആയിരം കടലാസുകൊറ്റികളെ ഉണ്ടാക്കി പറത്തിയാൽ സാധാരണ ജീവിതത്തിലേക്ക് പ്രവേശപ്പെടുമെന്നത്. ആ കുഞ്ഞത് വിശ്വസിച്ചു. അവൾ ധിറുതിയിൽ കടലാസ് കൊറ്റികളെ ഉണ്ടാക്കിത്തുടങ്ങി. ആ സമയത്തും ശാന്തസമുദ്രത്തിന്റെ അക്കരെ നിന്ന് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നടത്തിപ്പുകാർ ട്രൂമാന്റെ നേതൃത്വത്തിൽ വിജയാഹ്ലാദ തിമിർപ്പിലായിരുന്നു. എന്തു ചെയ്യാൻ? അസഹനീയമായ ശരീര വേദനയുമായി ആശുപത്രി കിടക്കയിൽ പുളയുമ്പോഴും ആ കുഞ്ഞ് ധിറുതിയിൽ കടലാസ് കൊറ്റികളെ ഉണ്ടാക്കുകയായിരുന്നു. എല്ലാ ആഗ്രഹങ്ങളെയും നിഷ് ഫലമാക്കി തന്റെ പന്ത്രണ്ടാം വയസ്സിൽ സഡാക്കോ സസാക്കി വേദനയില്ലാത്ത ലോകത്തേക്ക് പറന്നുപോയി. സഡാക്കോയുടെ ജീവിതം ഈ പുസ്തകത്തിലെ കണ്ണുനനക്കുന്ന അധ്യായമാണ്.
ബോംബുവീണ ആഘാതത്തെ ഒരു വിധം അതിജീവിച്ച മറ്റൊരു ഹിബാകുഷയാണ് സുനാവോ സുബോയി. 2016ൽ തന്റെ 96ാം വയസ്സിൽ അന്തരിച്ച അയാൾ ബോംബ് വീഴുമ്പോൾ ഇരുപത് വയസ്സ് മാത്രമുള്ള എൻജിനീയറിങ് വിദ്യാർഥിയായിരുന്നു. ഭീമാകാരനായ ബി 29 ബോംബർ വിമാനം തന്റെ ഇഷ്‌ടനഗരത്തിൽ മാരക വിഷകൂടം തുറന്നപ്പോൾ അതിന് അതിജീവനം കൊണ്ട് സാക്ഷിയായ അപൂർവരിൽ ഒരാളാണ് സുനാവോ സുബോയ്. ചരിത്രത്തോട് സാക്ഷ്യംപറയാൻ കാലം കാത്തുവെച്ച സഞ്ചിത നിധിയാണയാൾ. നിന്നേടത്തുനിന്ന് ആ യുവാവ് തെറിച്ചുവീണു. ആയിരം മിന്നൽ കൊടിയെ വെല്ലുന്ന വെളിച്ചത്തിരമാലകൾ, മാപനികൾക്ക് താങ്ങാത്ത ഉഷ്ണജ്വരം, കാതുപൊട്ടുന്ന കഠോര ഭീകര ശബ്ദം. പിന്നീട് തന്റെ നഗരത്തിന് തീപിടിക്കുന്നതാണയാൾ കാണുന്നത്. ആളുകൾ ചിതറിയോടുന്നു. ഓട്ടത്തിൽ അഗ്‌നിഗോളമായവർ മണ്ണിലമരുന്നു. അഗ്നിയിൽ നിന്ന് അഗ്‌നിയിലേക്കായിരുന്നു അവരുടെ വിധി. ഇക്കാല ഭീതിയത്രയും നിയാസിന്റെ പുസ്തകത്തിലുണ്ട്. ഉദ്വേഗം മുറ്റിയ വായനാ സന്ദർഭമാണത്.
യുദ്ധം തീർന്ന ഉടൻ ജപ്പാൻ ചെയ്തത് ഹിരോഷിമയിൽനിന്നും നാഗസാക്കിയിൽനിന്നും അവശിഷ്ടങ്ങൾ ശേഖരിക്കുകയായിരുന്നു. അതത്രയും ഉചിതമായവിധം വരും തലമുറക്കായവർ സംരക്ഷിച്ചു നിർത്തുകയും ചെയ്തു. അതോടൊപ്പം ശീഘ്രവേഗത്തിൽ നഗരം പുതുക്കിപ്പണിയുകയും ചെയ്തു. അക്കഥയും പുസ്തകത്തിലുണ്ട്. ഈയൊരു പുനർനിർമാണത്തിൽ രാജ്യം കാണിച്ച ഇച്ഛാശേഷിയും സമർപ്പണവും ഏത് രാജ്യത്തിനും മാതൃകയാണ്. ഇക്കഥയും പുസ്തകം സംസാരിക്കുന്നു. കുന്നുകളും മലകളും മുറ്റിനിൽക്കുന്ന ഈ കുഞ്ഞു ദ്വീപ് രാജ്യവും അവിടത്തെ മനുഷ്യരും ലോകത്തിന് സത്യമായും മാതൃകയാണ്. യുദ്ധം തീർക്കുന്ന വിനാശങ്ങൾക്ക് ഒരേ ഗാഢവേദനയാണെല്ലായിടത്തും ഏതുകാലത്തും. മുതലാളിത്ത ദുരയും ആയുധക്കമ്പോളത്തിന്റെ അഹന്തയും ഭൂമിയിൽ ഒരുപോലെയാവും എപ്പോഴും പെരുമാറുക. അമേരിക്കൻ കൊളോണിയലിസം ജപ്പാനിലെ മനുഷ്യരോട് ചെയ്ത നെറികേടിന് ലോകം സാക്ഷിയാണ്. ഇവരൊക്കെയും സംസാരിക്കുന്ന ഭാഷയും പ്രവർത്തിക്കുന്ന ദുഷ്ടതയും മനുഷ്യവിരുദ്ധതയും സമാനതകളുള്ളത് തന്നെയാണ്. ചരിത്രത്തിലെ ഈ നൈരന്തര്യം തിരിച്ചറിയാൻ പുസ്തകം തികച്ചും യോഗ്യമാണ്. ആഗസ്റ്റ് ആറിന് ഹിരോഷിമ ദിനമാചരിക്കുന്ന സ്കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കും മറ്റു സാധാരണ വായനക്കാർക്കും ഈ പുസ്തക വായന അനിവാര്യമാണ്. ഈ പുസ്തകം വിഭ്രമിപ്പിക്കുന്ന ഒരു വായനാനുഭവം തന്നെയാവും. ഈ കൃതി ഭാഷകൊണ്ടും ആഖ്യാന ലാളിത്യം കൊണ്ടും ഉയർന്ന നിലവാരം പുലർത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

