കരയുന്ന അക്ഷരങ്ങളും വിശപ്പിന്‍റെ വിളിയും
text_fieldsപിറന്നുവീണ വീടും നാടും നാട്ടുകാരും പിന്നീട് താൻ കണ്ട ലോകവും തനിക്ക് തന്ന തിക്താനുഭവങ്ങളെ ഓർമകളുടെ കറുത്ത കണ്ണീരിലൂടെ അവതരിപ്പിക്കുന്ന പുസ്തകമാണ് ഹംസ ആലുങ്ങലിന്‍റെ ‘ഉമ്മ പറഞ്ഞ നുണകൾ’. പട്ടിണിയും മറ്റുള്ളവരിൽ നിന്നേൽക്കേണ്ടി വന്ന കുറ്റപ്പെടുത്തലുകളും, പിറന്നതൊരു ദരിദ്ര കുടുബത്തിലായതിനാലും കുടുംബ പാരമ്പര്യം വിളിച്ചു പറയാനില്ലാത്തതിനാലും പലപ്പോഴും എഴുത്തുകാരൻ അനുഭവിക്കേണ്ടിവന്ന അവഹേളനങ്ങളും ഇതിൽ തുറന്നെഴുതിയിട്ടുണ്ട്.
സമൂഹം കറുത്തവനെന്നും വിദ്യാഭ്യാസമില്ലാത്തവനെന്നും വിളിച്ച് ആട്ടിയകറ്റുമ്പോൾ ആ കുരുന്നു ഹൃദയത്തിനത് താങ്ങാവുന്നതിനുമപ്പുറമായിരുന്നു. മറ്റൊരാളിൽനിന്ന് ഏൽക്കേണ്ടിവരുന്ന പുച്ഛവും കളിയാക്കലുകളും ശരീരത്തിനേൽക്കുന്ന ഏതൊരു മുറിവിനേക്കാളും ഭയാനകമാണെന്ന് തന്‍റെ ബാല്യ-കൗമാര അനുഭവങ്ങളിലൂടെ കടന്നുചെന്ന് എഴുത്തുകാരൻ വരച്ചിടുന്നു.
അനാഥത്വത്തിന്റെ നീറുന്ന നോവുകളും ഒരു കുടുംബത്തിന്‍റെ കണ്ണീരണിഞ്ഞ ഇന്നലെകളും ഈ ഓർമപുസ്തകത്തിൽ കൃത്യമായി അടയാളമിട്ടിട്ടുണ്ട്. ബാല്യത്തിലെയും കൗമാരത്തിലെയും നോവുള്ള ചെറു അനുഭവംപോലും അതിന്‍റെ വലിയ തീക്ഷ്ണതയോടെയാണ് ഇതിൽ കുറിച്ചിട്ടുള്ളത്. സുഖങ്ങൾ പിന്നീടെത്ര തന്നെ വന്നുമൂടിയാലും ചിലപ്പോഴൊക്കെ ബാല്യകാലത്തെ തിക്താനുഭവങ്ങൾ കൊളുത്തിവലിച്ച് തന്‍റെ നിദ്രകളെ കെടുത്തിക്കളയാറുണ്ടെന്ന് എഴുത്തുകാരൻ ഓർക്കുന്നു.
വർഷങ്ങൾക്കുമുമ്പ് 2017ലാണ് താൻ ഈ പുസ്തകത്തിലെ വരികൾ എഴുതിവെച്ചതെന്ന് ആമുഖക്കുറിപ്പിൽ പറയുന്നുണ്ട്. അതിന് അന്നുതന്നെ മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരൻ യു.എ. ഖാദർ അവതാരികയും എഴുതിനൽകിയിരുന്നു. ഈ കൃതിയുമായി ഏറെ ബന്ധമുള്ള മൂന്നാളുകളുടെ മരണശേഷമാണ് ഇത് വായനക്കാരിലേക്ക് എത്തുന്നതെന്ന സങ്കടവും എടുത്തുപറയേണ്ടതുണ്ട്.
ജീവിച്ചിരിപ്പുണ്ടെങ്കിൽ അവർക്കായിരിക്കും ഈ പുസ്തകത്തിലെ ഓരോ വരികളെ കുറിച്ചും കൂടുതൽ പറയാനുണ്ടാവുക. അതിലൊരാൾ അവതാരിക എഴുതിയ യു.എ. ഖാദറും, മറ്റൊരാൾ എഴുത്തുകാരന്‍റെ പ്രിയ മാതാവും, പിന്നീടുള്ളൊരാൾ വല്യാത്ത എന്ന് വിളിക്കുന്ന എഴുത്തുകാരന്‍റെ മൂത്ത സഹോദരിയുമാണ്. മൂന്നുപേരും വ്യത്യസ്ത കാലങ്ങളിലാണ് മരണപ്പെട്ടതെങ്കിലും, അവതാരികയിലൂടെ യു.എ. ഖാദർ ഈ പുസ്തകത്തിന് തന്ന ഊർജം ഇതിന്‍റെ പിറവിക്കുള്ള വലിയ മുതൽക്കൂട്ടാണ്.
‘‘ഈ അക്ഷരങ്ങള്‍ കരയുന്നുണ്ട്. അവ എന്റെ ഹൃദയത്തെ ആഴത്തില്‍ വേദനിപ്പിച്ചു. പലയിടത്തും ഞാനെന്നെ കണ്ടു. നേരിട്ട അപമാനങ്ങളെ തൊട്ടു. ഒരുകാര്യം ഉറപ്പാണ്. ഞാന്‍ പട്ടിണിയെ ഇത്രയറിഞ്ഞിട്ടില്ല. ഇത്രയും ദാരിദ്ര്യമോ അവഗണനയോ എനിക്ക് അനുഭവിക്കേണ്ടിയും വന്നിട്ടില്ല’’ എന്ന് അവതാരികയിലെ യു.എ. ഖാദറിന്റെ വാക്കുകള്‍ വായനക്കാരന്‍റെ ഉള്ളിൽ കൊള്ളുകതന്നെ ചെയ്യും.
മണ്ണുതിന്ന് ജീവിക്കേണ്ടിവന്ന സാഹചര്യത്തിലും, ദാരിദ്ര കുടുംബങ്ങളുടെ മേൽക്കുള്ള അതിസമ്പന്നരുടെ കടന്നുകയറ്റത്തിനിടയിലും തളരാതെ പിടിച്ചുനിൽക്കേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തിത്തന്ന പ്രിയ മാതാവും മൂത്ത സഹോദരിയും ആദ്യാവസാനം വരെ ഈ പുസ്തകത്തിൽ നിറഞ്ഞുനിൽക്കുന്നു.
ബാല്യകാല അനുഭവങ്ങളിലെ ദുരന്തങ്ങളും യാതനകളും ദാരിദ്ര്യവും കണ്ണീർ നനവുള്ള ലിപിയോടെ എഴുതിവെച്ച വെറുമൊരു കൃതിയായി ഇതിനെ പരിമിതപ്പെടുത്താനാവില്ല. കുട്ടിക്കാല അനുഭവങ്ങൾക്കൊപ്പംതന്നെ തന്‍റെ നാടും പരിസര പ്രദേശങ്ങളുമായ അഞ്ചച്ചവിടി, പരിയങ്ങാട്, വാണിയമ്പലം, വണ്ടൂർ, നിലമ്പൂർ എന്നിവയുടെ ചരിത്രവും ഇതിൽ വിവരിക്കുന്നുണ്ട്. അതിൽതന്നെ അഞ്ചച്ചവിടി സ്കൂളിനെ കുറിച്ചും പരിയങ്ങാട് പള്ളിയെക്കുറിച്ചും നാട്ടിലെ ക്ലബിനെയും വായനശാലയെയും അന്നത്തെ പൗരപ്രമുഖരെയും കൂടുതലായി പറയുന്നുണ്ട്. സത്യത്തിൽ ഒരു നാടിന്‍റെ ചരിത്രത്തെയും പാരമ്പര്യത്തെയും കൂടി ഈ പുസ്തകം അടയാളപ്പെടുത്തുന്നുണ്ട്. ഒരുപക്ഷേ, ഭാവിതലമുറക്ക് എടുത്തുപയോഗിക്കാൻ തക്കവിധം ചില ചരിത്രസംഭവങ്ങളും ഇതിൽനിന്ന് വായിച്ചെടുക്കാം.
ശിക്ഷകൊണ്ട് മാത്രമേ പഠനത്തിൽ മുമ്പനാകൂ എന്ന പണ്ടത്തെ വിദ്യാഭ്യാസ രീതിയെ സ്വന്തം അനുഭവത്തിൽനിന്ന് എഴുത്തുകാരൻ ഇതിൽ കണിശമായി വിമർശിക്കുന്നുണ്ട്. ചൂരൽ വടികൊണ്ട് വിദ്യ അഭ്യസിക്കുന്ന ആദ്യകാല പള്ളിക്കൂടങ്ങളെയും മദ്റസ-ദർസ് സംവിധാനങ്ങളെയും വിമർശിക്കുന്നതോടൊപ്പം അത്തരം കേന്ദ്രങ്ങളിൽനിന്ന് തനിക്ക് അറിവ് മാത്രം ലഭിച്ചില്ലെന്നും ലഭിച്ചത് കുസൃതിത്തരങ്ങളും ഉഴപ്പത്തരങ്ങളുമാണെന്നും പറയുന്നു. മനസ്സുകൊണ്ട് പഠിക്കണമെന്ന ചിന്തയുണ്ടെങ്കിലും ദരിദ്ര ബാലനായി എന്നത് കൊണ്ടുമാത്രം തനിക്ക് അറിവ് നിഷേധിച്ച കൂട്ടരായിരുന്നു അന്നത്തെ അധ്യാപകരെന്നും ഗ്രന്ഥകർത്താവ് വ്യക്തമാക്കുന്നു.
അതിലെ ചിലരെ മാറ്റിനിർത്താമെങ്കിലും അന്നത്തെ ഭൂരിപക്ഷം അധ്യാപകരും പണക്കൊഴുപ്പിനും തറവാടിത്തത്തിനും മുന്നിൽ മുട്ടുമടക്കി നിന്നവരായിരുന്നു. അതുകൊണ്ടാണ്, വായനയിലൂടെ ഓർമയിലേക്ക് വരുന്ന ആ ഓത്തുപള്ളിയിലെ ചൂരല്‍ വീശിനില്‍ക്കുന്ന കുട്ടിമുസ്‌ലിയാരെയും ഉമ്മര്‍ മുസ്‌ലിയാരെയും കണ്ട് വായനക്കാരനും ഭയന്നുവിറക്കുന്നതും അക്ഷരമുറ്റത്തെ സോമന്‍മാഷിന്റെ അട്ടഹാസം കാതിൽ ദേഷ്യത്തിന്‍റെ ഇടിമുഴക്കമുണ്ടാക്കുന്നതും.
വിറയാർന്ന കൈകൾ കൊണ്ടാകണം എഴുത്തുകാരൻ തന്‍റെ ആത്മസംഘർഷങ്ങൾ ഒരുപക്ഷേ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ടാവുക. കാരണം ഉമ്മ അനുഭവിച്ച മാനസികവും ശാരീരികവുമായ വേദനകൾ വായനക്കാരെ വൈകാരികമായിത്തന്നെ തളച്ചിടുന്നുണ്ട്. ദാരിദ്ര്യത്തെ സ്നേഹം കൊണ്ടും എളിമകൊണ്ടും മറികടക്കാനുള്ള വിദ്യകളാണ് അന്ന് ആ മാതാവ് തന്‍റെ മകനെ ഉപദേശിച്ചത്. 160 പേജ് വരുന്ന പുസ്തകത്തിൽ 27 അധ്യായങ്ങളാണുള്ളത്. അനുഭവങ്ങളെ തൊട്ടറിഞ്ഞുള്ള ഇലസ്ട്രേഷൻ നൽകിയിട്ടുണ്ട് ഷാജി എം.എസ്. സ്വന്തം വിശപ്പും വേദനയും മറച്ച് മക്കള്‍ക്കു വേണ്ടി ഉരുകിത്തീരുന്ന ഉമ്മമാര്‍ പറയുന്ന ഓരോ നുണക്കും സത്യത്തേക്കാള്‍ തിളക്കമുണ്ടെന്ന് ഈ പുസ്തകം വായനക്കാരനെ ഓർമപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

