ലോറൻ ബൂത്തിന്റെ ജീവിത വിസ്മയങ്ങൾ
text_fieldsഉദ്വേഗഭരിതവും വിസ്മയജനകവുമായ കഥപറയുന്ന പുസ്തകമാണ് ലോറൻ ബൂത്തിന്റെ ‘സമാധാനം തേടി വിശുദ്ധഭൂമിയിൽ’ എന്ന ആത്മകഥ. ഇംഗ്ലണ്ടിലെ ഒരു മഹാനഗരത്തിൽ ഉയർന്ന കലാകുടുംബത്തിൽ ജനിക്കുകയും യൂറോ സമൂഹത്തിന്റെ സർവസഹജ സ്വാതന്ത്ര്യമത്രയും അനുഭവിച്ചുവളരുകയും ചെയ്ത ഒരു കൊക്കേഷ്യൻ യുവതി ഏഴാംനൂറ്റാണ്ടിൽ അറേബ്യയിൽ ജനിച്ചുജീവിച്ച പ്രവാചകനിലേക്കും അദ്ദേഹം വഴി മനുഷ്യരാശിയിലേക്കെത്തിയ സ്രഷ്ടാവിന്റെ കാരുണ്യത്തിലേക്കും നടന്നെത്തുന്നു. സിനിമാ-സീരിയൽ നടനായ ആന്റണി ബൂത്തിന്റെ മകളായി ലോറൻ ബൂത്ത് ജനിക്കുന്നത് 1967ൽ. ലോറൻ ബൂത്തിന്റെ ശൈശവ ബാല്യകൗമാരങ്ങൾ കഴിഞ്ഞുകടക്കുന്നത് നാനാതരം കുടുംബസംഘർഷ സമ്മിശ്രങ്ങളിലൂടെയാണെങ്കിലും ദാരിദ്ര്യവും സഞ്ചാരതടസ്സങ്ങളും എന്തെന്നറിയാതെയാണ് കുഞ്ഞു ബൂത്ത് പഠിച്ചതും വളർന്നതും. യൗവനത്തിലേക്കെത്തിയതോടെ അവർ ഒരു പത്രപ്രവർത്തകയും അവതാരകയും അഭിനേത്രിയുമൊക്കെയായി ജീവിതം വിടർത്തി. പതിയെ അവരൊരു സെലിബ്രിറ്റിയായി.
ഇതിനിടയിലാണ് ഫലസ്തീൻ ബാലൻ ഫാരിസ് ഔദയെ അധിനിവേശ ഇസ്രായേൽ സൈനികർ വെടിവെച്ചു കൊല്ലുന്ന രംഗം ലോറൻ അവിചാരിതമായി ടി.വിയിൽ കാണുന്നത്. ഇതവരെ സ്വാധീനിച്ചു. ഈ കൊടുംക്രൂരത നിരന്തരം തുടരുന്ന ഇസ്രായേൽ ഭീകരത ഇവരിൽ ഒരു മനംപിരട്ടൽ ഉണ്ടാക്കി. തന്റെ പത്രപ്രവർത്തന ദൗത്യത്തിന്റെ ഭാഗമായി ഫലസ്തീനിലേക്കവർ ഒരു യാത്ര തരപ്പെടുത്തി. അതവരുടെ അന്ധബോധ്യങ്ങളെ അടപടലം അട്ടിമറിച്ചു. ഫലസ്തീനിലെത്തിയ ബൂത്ത് സ്വാത്വികരും സ്നേഹനിധികളുമായ സാധാരണ ഫലസ്തീനികളെയും അവരുടെ ജീവിതത്തെയും കണ്ട് സ്തംഭിച്ചുനിന്നു. ഇടിഞ്ഞുപൊളിഞ്ഞതും പിഞ്ഞിയ പടുത കൊണ്ട് കെട്ടിമറച്ചതുമായ കുഞ്ഞുകൂരകളിൽ പട്ടിണിയെ പ്രാകാതെയും പ്രാരബ്ധങ്ങളെ ധ്യാനിച്ചും ഇരുട്ടിന്റെ മാത്രം വെട്ടത്തിൽ വിമ്മിഷ്ടങ്ങളേതുമില്ലാതെ ഹൃദ്യപാരസ്പര്യങ്ങൾ വിനിമയമാക്കി ജീവിതം ആഘോഷിക്കുന്ന മനുഷ്യരെക്കണ്ട് അവർ അമ്പരന്നുനിന്നു.
കൊടും പട്ടിണി മേയാനിറങ്ങിയ ആ ഗല്ലികളിലെ മനുഷ്യർ എന്നിട്ടും സ്നേഹവാത്സല്യങ്ങൾ കൊണ്ടും ആതിഥ്യമര്യാദകൾ കൊണ്ടും ബൂത്തിനെ വീർപ്പുമുട്ടിച്ചുകളഞ്ഞു. അതേ നേരം ഓരോ കവലകളിലും ഊടുവഴികളിലും അധിനിവേശ ജൂതന്മാർ വെടിയുണ്ടകൾ തുപ്പുന്ന തുപ്പാക്കികൊണ്ട്, ഒട്ടും കരുണയില്ലാതെ കണ്ടവരെയൊക്കെയും വെടിവെച്ചു കളിക്കുന്നു. കേട്ടതിൽനിന്നും വ്യത്യസ്തമായ മറ്റൊരു ഫലസ്തീൻ അനുഭവ വിമലമണ്ഡലം അവരിലേക്ക് തുറവിയാകുകയായിരുന്നു. ആരാണ് യഥാർഥ തീവ്രവാദികൾ, ആരാണ് മാനവികതയുടെ പട്ടുതുകിലുകൾ ചുറ്റിയ യഥാർഥ മനുഷ്യർ? ആരാണ് പീഡിതർ, ആരാണ് അതിക്രമകാരികൾ?
പിന്നീട് നിരവധി തവണ ഇവർ ഫലസ്തീനിൽ വന്നുപോകുന്നുണ്ട്. അപ്പോഴൊക്കെയും ആ നിസ്വ ജനത പ്രകടിപ്പിക്കുന്ന സ്നേഹാദരവുകളും ബഹുമാന പരിഗണനയും ആതിഥ്യമര്യാദകളും തങ്ങളിൽ പുലർത്തുന്ന കനിവിന്റെ പരാഗങ്ങളും പാരവശ്യങ്ങളും, തീരാദുരിതത്തിലും ഒപ്പം കൊണ്ടുനടക്കുന്ന ആഴത്തിലുള്ള മതവിശ്വാസവും പങ്കുവെക്കുന്ന സുപ്രതീക്ഷയും ബൂത്തിൽ സൃഷ്ടിച്ചത് കടുത്ത അതിശയം തന്നെയായി. മറ്റൊരു ഫലസ്‌തീൻ യാത്രയിൽ ബൂത്തിനെ ഒരു ഫലസ്തീൻ തൊഴിലാളി അതിഥിയായി വീട്ടിലേക്ക് കൊണ്ടുപോകുന്നു. വലിയൊരു കുടുംബം; ഒരു കുഞ്ഞു കൂരയും. ഒരതിഥിയെ ക്ഷണിക്കാനുള്ള യാതൊരു പാങ്ങും പ്രാപ്തിയും ആ വീട്ടിലെവിടെയുമില്ല. ദയനീയമായി ജീവിച്ചുതീർക്കുന്ന ദീനതയാർന്ന ആ ദൃശ്യം കണ്ട് അവരുടെ നീല ക്കണ്ണുകൾ സജലമാവുന്നു. ആ വീട്ടിലെ ഒരു കുട്ടി ഒട്ടും ഭംഗിചോരാത്ത ഒരു കടലാസ് പൂവ് ബൂത്തിന് സമ്മാനമായി നൽകുന്നു. അതവന്റെ പിതാവ് ഇസ്രായേൽ തടവറയിൽ നിന്നും തന്റെ മകന് കൊടുത്തയച്ച സ്നേഹ സമ്മാനമാണ്. ആ കുഞ്ഞിനെ പിതാവ് കണ്ടിട്ടില്ല. ബൂത്ത് സ്നേഹത്തോടെ അതവനുതന്നെ തിരിച്ചുനൽകാൻ ശ്രമിക്കുന്നു. പക്ഷേ, ആ ബാലനത് വാങ്ങാൻ കൂട്ടാക്കുന്നില്ല. തന്റെ വീട്ടിലെത്തിയ വിരുന്നുകാരിക്ക് സ്നേഹ സമ്മാനമായി നൽകാൻ ഇതിനേക്കാൾ പ്രിയപ്പെട്ടതൊന്നും അവന്റെ കൈവശമില്ല. ഇസ്‌മയേൽ ഹനിയ്യയുടെ വീട്ടിലും ബൂത്ത് സന്ദർശിക്കുന്നുണ്ട്.
ലോറൻ ബൂത്ത് മക്കളോടൊപ്പം ഒരവധി ആഘോഷിക്കാൻ ഈജിപ്തിലേക്ക് പോകുന്നുണ്ട്. അവിടെ വിസ്താരമാർന്ന മരുഭൂമിയിൽ ഗ്രാമീണരായ ബദുക്കൾ ജീവിതത്തിൽ ആഘോഷമാക്കുന്ന അപരസ്നേഹം കണ്ട് അവർ തരിച്ചിരിക്കുന്നു. ബൂത്ത് ആലോചിച്ചു. എന്താണ് ഈ മനുഷ്യരൊക്കെയും ഇങ്ങനെ ദുരിതത്തിന്റെ ചക്രവാതച്ചുഴിയിലും പീഡാകരത്തിന്റെ മുൾമുന ശിഖരത്തിലും പ്രസാദവാന്മാരായി മാത്രം കഴിയുന്നത്. അതിന്റെ കാരണം കണ്ടെത്താൻ ലോറൻ ബൂത്തിന് പ്രയാസമുണ്ടായില്ല. തീർച്ചയായുമത് ഈ മനുഷ്യർ ആത്മത്തിൽ ആശ്ലേഷിച്ച സത്യമതത്തിന്റെയും അവരുടെ സ്രഷ്ടാവിലുള്ള ഇളകാത്ത വിശ്വാസത്തിന്റെയും ശക്തിശേഷികൾ തന്നെയാണ്. താൻ അറിയാതെ ഈ വിമലവിശ്വാസത്തിലേക്കവർ സമീകരിക്കപ്പെടുകയായിരുന്നു. വളരെ പിന്നെയല്ലാതെ ഇവർ ഇറാനിലേക്കൊരു യാത്ര പോകുന്നുണ്ട്. അവിടെ വിശുദ്ധനഗരമായ ഖുമ്മിലവർ എത്തിച്ചേരുന്നു. അവിടത്തെ ശാന്തതയും ആ മനുഷ്യർ അനുഭവിക്കുന്ന മനോവിശ്രാന്തിയും ബൂത്തിനെ അലൗകികതയുടെ മറ്റൊരു വിമലസാനുവിലെത്തിക്കുന്നു. ഇതിലൊക്കെയും പ്രചോദിപ്പിക്കപ്പെട്ട ലോറൻ ബൂത്ത് അവിടെ വെച്ചുതന്നെ വിശ്വാസമാറ്റം സ്ഥിരീകരിക്കുകയാണ്. തുടർന്ന് വീട്ടിൽ തിരിച്ചെത്തിയ ബൂത്ത് തന്റെ മക്കളോട് താൻ മുസ്‍ലിമായത് വിശദീകരിക്കുന്നുണ്ട്.
താൻ വിശ്വാസിയായതോടെ നാട്ടിൽ അനുഭവിച്ച ഒറ്റപ്പെടലും അപഹാസ്യതയും തൊഴിൽനഷ്ടവും ലോറൻ ബൂത്ത് അവതരിപ്പിക്കുന്നത് വായിക്കുമ്പോൾ ഘോഷിക്കപ്പെടുന്ന യൂറോപ്യൻ മാനവികതക്കകത്തെ നിഗൂഢമായ ഇസ്‍ലാമോഫോബിയ നമ്മുടെ മുന്നിൽ അനാവൃതമാകും. ലോറൻ ബൂത്ത് 2011ൽ ഹജ്ജ് യാത്ര പോകുന്നുണ്ട്. അവരുടെ ഹജ്ജെഴുത്ത് ഹൃദ്യവും ഗംഭീരവുമാണ്. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ലേബർ പാർട്ടി നേതാവുമായ ടോണി ബ്ലെയറിന്റെ ഭാര്യാ സഹോദരിയാണ് ലോറൻ ബൂത്ത്. അറേബ്യൻ നാടുകളിലേക്കുള്ള പടിഞ്ഞാറൻ അധിനിവേശത്തിന് ഈ നൂറ്റാണ്ടിൽ പടനയിച്ച കുറ്റവാളിയാണ് ടോണി ബ്ലെയർ. അത്രയും കുപ്രസിദ്ധനായ ഒരു രാഷ്ട്രീയ നേതാവിന്റെ ബന്ധുവാണ് തന്റെ ഇസ്‍ലാമികവിശ്വാസം പ്രഖ്യാപിച്ച് ധീരതയോടെ പൊതുരംഗത്ത് വന്നത്. ഇംഗ്ലണ്ടിൽ ഇതും ഒരു വൻവാർത്തയായി. ഹൃദ്യമായ പാരായണസൗഖ്യമാണ് ഈ പുസ്തകം വായനക്കാർക്ക് നൽകുന്നത്. എഴുത്തുകാരനും പത്രപ്രവർത്തകനുമായ പി.കെ. നിയാസിന്റെ പരിഭാഷയും മനോഹരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

