ഹൃദയമാണ്, അറിയാതെ പോകരുത്
text_fieldsആധുനിക സമൂഹം ഏറ്റവും കൂടുതൽ ഭയക്കുന്ന ഒരു രോഗം. ആധുനിക ലോകവും വൈദ്യശാസ്ത്രവും ഒരുപോലെ അനുഭവിക്കുന്ന ഗുരുതരപ്രശ്നം, ഹൃദ്രോഗം. ലോകത്തിൽ ഏറ്റവും കൂടുതൽ ഹൃദ്രോഗികളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ലോകാരോഗ്യ സംഘടനതന്നെ സാക്ഷ്യപ്പെടുത്തുന്നു. മറ്റു രാജ്യങ്ങളിൽ ഹൃദ്രോഗംമൂലമുള്ള മരണങ്ങൾ കുറഞ്ഞുവരുമ്പോൾ കൃത്യമായ അവബോധമില്ലാത്തതിന്റെ പേരിൽ നമ്മുടെ നാട്ടിൽ ഇത്തരത്തിലുള്ള മരണങ്ങൾ കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്.
ഹൃദ്രോഗങ്ങളെക്കുറിച്ചുള്ള കൃത്യമായ ധാരണയും പ്രതിരോധ പ്രവർത്തനങ്ങളും തന്നെയാണ് ഇതുമൂലമുള്ള മരണങ്ങൾ തടയാനുള്ള മാർഗങ്ങളിൽ പ്രധാനം. ഹൃദ്രോഗങ്ങളിൽ ഏറ്റവും അപകടകാരിയായത് ഹാർട്ട് അറ്റാക്ക് അഥവാ ഹൃദയസ്തംഭനംതന്നെയാണ്. ഹാർട്ട് അറ്റാക്കിനെക്കുറിച്ചും അതിന്റെ എല്ലാ വശങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുകയാണ് ‘ഹാർട്ട് അറ്റാക്ക് ഭയപ്പെടാതെ ജീവിക്കാം’ എന്ന പുസ്തകത്തിലൂടെ ഡോ. ജോർജ് തയ്യിൽ. ആരോഗ്യരംഗത്തും എഴുത്തിലും ഏറെ സജീവമായ ജോർജ് തയ്യിൽ രോഗപ്രതിരോധരംഗത്തേക്ക് ഏറ്റവും വലിയ സംഭാവന നൽകുകയാണ് ഈ പുസ്തകത്തിലൂടെ.
ഹാർട്ട് അറ്റാക്കിനെക്കുറിച്ചുള്ള ഭയം ആളുകളിൽനിന്ന് അകറ്റുക എന്നതാണ് ഡോ. ജോർജ് തയ്യിൽ ഈ പുസ്തകത്തിലൂടെ ലക്ഷ്യംവെക്കുന്നത്. ഹാർട്ട് അറ്റാക്കിനെ ഭയപ്പെടാതെ എങ്ങനെ ജീവിക്കാം എന്ന പുസ്തകത്തിന്റെ തലക്കെട്ടുതന്നെ അദ്ദേഹത്തിന്റെ ഉദ്ദേശ്യലക്ഷ്യം ബോധ്യപ്പെടുത്തുന്നുണ്ട്.
64 ചോദ്യങ്ങളും അവക്കുള്ള ഉത്തരങ്ങളുമായി ഹൃദ്രോഗങ്ങളെ സംബന്ധിച്ചുള്ള എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരങ്ങൾ ഈ പുസ്തകത്തിൽ ക്രമീകരിച്ചിരിക്കുന്നു. ചോദ്യോത്തര രൂപത്തിലാണ് ഓരോ വിഷയവും അവതരിപ്പിച്ചിരിക്കുന്നത്. 2025 വരെയുള്ള, അന്താരാഷ്ട്രനിലവാരത്തിലുള്ള ആധികാരിക പഠനങ്ങളും ഗവേഷണഫലങ്ങളുമെല്ലാം ഡോക്ടർ തന്റെ പുസ്തകത്തിനായി ക്രോഡീകരിച്ച് വിശദമായിത്തന്നെ വിശകലനം ചെയ്തിട്ടുണ്ട്.
‘ഹൃദയം കാരുണ്യത്തിന്റെ കനിവാണ്. പ്രാണനെ താങ്ങിനിർത്തുന്ന ഒരു മഹാത്ഭുതം. ദൈവസൃഷ്ടിയുടെ ഏറ്റവും സങ്കീർണമായ ആവിഷ്കാരം. ഉറവുപൊട്ടി നിലക്കാതെ ഒഴുകുന്ന ജീവജലമാണ് അതിന്റെ ശക്തിസ്രോതസ്സ്. അതിന്റെ അറകളിലൂടെ അനുസ്യൂതം പ്രവഹിക്കുന്ന ജീവജലം മനുഷ്യശരീരം ചത്തൊടുങ്ങാതെ കാത്തുപരിപാലിക്കുന്നു. ഇടവേളകളില്ലാതെ, ദിവസം ഒരുലക്ഷം പ്രാവശ്യം മിടിച്ചുകൊണ്ട്, ചിരിക്കാനും ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള ശക്തി നമ്മൾക്ക് പകർന്നുതരുന്നു.
ആ സ്പപന്ദനമൊന്നു നിലച്ചാൽ മതി, മരണം ശീതകാലത്തെ കൊടുംതണുപ്പുപോലെ ശരീരമാസകലം കിനിഞ്ഞിറങ്ങും’ ഒരു ഡോക്ടർ എഴുത്തുകാരന്റെ കുപ്പായത്തിലേക്ക് എങ്ങനെ ചേക്കേറുന്നു എന്ന് വായനക്കാർക്ക് മനസ്സിലാക്കിത്തരുന്ന പുസ്തകത്തിന്റെ ആദ്യഭാഗമാണിത്. പിന്നീടങ്ങോട്ട് വൈദ്യശാസ്ത്രത്തിന്റെ മേഖലയിലേക്ക് കടക്കുന്ന എഴുത്തുകാരൻ തനിക്ക് ആരോഗ്യരംഗത്ത് പ്രവർത്തിക്കാൻ മാത്രമല്ല, നല്ലൊരു എഴുത്തുകാരൻ എന്ന പേരിന് ഉടമകൂടിയാവാൻ കഴിയുമെന്ന ബോധം പുസ്തകത്തിലുടനീളം വായനക്കാരിൽ ഊട്ടിയുറപ്പിക്കുന്നു.
ഓരോ രോഗിയിലും ഹാർട്ട് അറ്റാക്കിന്റെ കാഠിന്യം പലതരത്തിലാവും ഉണ്ടാവുകയെന്ന് ഡോക്ടർ പറയുന്നു. അതുകൊണ്ടുതന്നെ ഓരോരുത്തരും പാലിക്കേണ്ട മുൻകരുതലുകളും പ്രതിരോധ നടപടികളും വ്യത്യസ്തമാണ്. ഒരാൾക്ക് നല്ലതായിരിക്കുന്നത് മറ്റൊരാൾക്ക് നന്നായിക്കൊള്ളണമെന്നില്ലെന്നും അദ്ദേഹം പറയുന്നു. 40 വർഷമായി ഹൃദയസംബന്ധമായ പഠനങ്ങളുമായി ലോകത്തിന്റെ വിവിധയിടങ്ങളിൽ യാത്രചെയ്തിട്ടുണ്ട് ഗ്രന്ഥകർത്താവ്.
ഇങ്ങനെ ആർജിച്ചെടുത്ത വിവരങ്ങളെല്ലാം ഈ പുസ്തകത്തിലൂടെ വായനക്കാർക്കു മുന്നിലെത്തുന്നു. ഈ പുസ്തകം വിറ്റുകിട്ടുന്ന ലാഭം മുഴുവൻ നിർധന ഹൃദ്രോഗികളുടെ ചികിത്സക്കായി വിനിയോഗിക്കാനാണ് ഡോ. ജോർജ് തയ്യിലിന്റെ തീരുമാനം. ഹാർട്ട് അറ്റാക്കിന്റെ പരിശോധനകളെയും ഏറ്റവും പുതിയ ചികിത്സാരീതികളെയുമടക്കം വിശദമായി പ്രതിപാദിക്കുന്ന, ഒരു ഹൃദ്രോഗവിദഗ്ധൻ മലയാളത്തിൽ എഴുതുന്ന ഏറ്റവും വലിയ ഗ്രന്ഥമെന്ന സവിശേഷതകൂടിയുണ്ട് ഈ പുസ്തകത്തിന്. മൂന്ന് അവാർഡുകളും ഇതിനോടകം ഈ പുസ്തകത്തെത്തേടി എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

