കഥകളുടെ ആസ്വാദനവുമായി വേറിട്ടൊരു പുസ്തകപ്രകാശനം
text_fieldsചാവറ കൾചറൽ സെന്ററിൽ നടന്ന തെരഞ്ഞെടുത്ത കഥകളുടെ പ്രകാശനച്ചടങ്ങിൽ ജോർജ് ജോസഫ് കെ.
കൊച്ചി: കൊച്ചി നഗരത്തിന്റെ വികാസഗതികളുടെ നേർചിത്രമെന്ന് വിശേഷിക്കപ്പെടുന്ന 46 കഥകളടങ്ങുന്ന പുസ്തകം. ജോർജ് ജോസഫ് കെ. യുടെ അരനൂറ്റാണ്ടു നീണ്ട എഴുത്ത് ജീവിതത്തിൽ രചിക്കപ്പെട്ട കഥകളിൽനിന്ന് തിരഞ്ഞെടുത്തവയടങ്ങുന്ന പുസ്തകത്തിന്റെ പ്രകാശനം ചാവറ കൾച്ചറൽ സെന്ററിലാണ് നടന്നത്. കൊച്ചിയുടെ സർഗാത്മകപരിഛേദത്തെ സാക്ഷിയാക്കി നടത്തിയ പുസ്തകപ്രകാശനവും ജോർജ് ജോസഫ് കെ. യുടെ കഥകൾ പോലെ വേറിട്ടതായിരുന്നു. കഥകളുടെ ആസ്വാദനം ഓരോ എഴുത്തുകാരും നടത്തിയാണ് ചടങ്ങിനെ വ്യത്യസ്ഥമാക്കിയത്.
ചാവറയിൽ നടന്നിട്ടുള്ള പുസ്തകപ്രകാശന ചടങ്ങുകളിൽ ഇത്രയേറെ ആളുകൾ പങ്കെടുത്തത് ആദ്യമാണെന്ന് അധ്യക്ഷത വഹിച്ച ചാവറ ഡയറക്ടർ ഫാദർ അനിൽ ഫിലിപ്പ് സാക്ഷ്യപ്പെടുത്തി. എഴുത്തുകാരൻ പി. എഫ്. മാത്യൂസും നിരൂപകൻ എൻ. ഇ. സുധീറും ചേർന്നാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. പുസ്തകത്തിലെ കഥകളെക്കുറിച്ച് എഴുത്തുകാരായ സോക്രട്ടീസ് കെ വാലത്ത്, പ്രഫ.ചന്ദ്രദാസൻ, ഡോ. ദീപ സി.കെ. , ഉണ്ണികൃഷ്ണൻ കിടങ്ങൂർ, മനോജ് വെങ്ങോല, തനൂജ ഭട്ടതിരി, മജീദ് സെയ്ദ് എന്നിവർ സംസാരിച്ചു.
എഴുത്തുകാരായ ജോജോ ആന്റണിയും, ജോയ് വള്ളുവനാടനും ആശംസയർപ്പിച്ചു. എഴുപതു വയസ്സിനുള്ളിൽ, പരിചയപ്പെട്ട ഒട്ടുമിക്ക എഴുത്തുകാരും വായനക്കാരുമായി വലുപ്പചെറുപ്പമില്ലാതെ സംവദിക്കുന്ന ഒരാളെന്ന നിലയിൽ കാലത്തിനൊപ്പം നീങ്ങുന്നയാളാണ് ജോർജ് ജോസഫ് കെ.എന്ന് സോക്രട്ടീസ് കെ വാലത്ത് അഭിപ്രായപ്പെട്ടു. രാജേഷ് ജയരാമൻ കവിത ആലപിച്ചു. ഡി.സി. ബുക്സാണ് പുസ്തകം പുറത്തിറക്കിയത്. പ്രസിദ്ധമായ അവൻ മരണയോഗ്യൻ, വിമലവനത്തിന് തീപിടിച്ചു, കടൽക്കാക്കകൾ തുടങ്ങിയ കഥകൾ സമാഹാരത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

