കറുകല അപ്പം...
text_fieldsഇന്ന് ഡോക്ടറെ കാത്തിരുന്ന് മുഷിയുന്നതിനിടയിലാണ് ആ അമ്മയേയും മകനേയും ഞാൻ ശ്രദ്ധിച്ചത്
സെറ്റ് മുണ്ടിൽ സുന്ദരിമായ ഒരു അമ്മ. വീൽചെയറിൽ അതിന് തൊട്ടടുത്തായി നിൽക്കുന്ന മകന് എന്തോ ഒരു ഈർഷ പോലെ.
വഴിയിൽ നിന്നും മാറി നിൽക്കാൻ നേഴ്സ് പറഞ്ഞപ്പോ അമ്മയുടെ വീൽചെയർ അയാൾ എൻ്റെ അടുത്തേക്ക് നീക്കിവെച്ചു.
" അവളെ കാണാനില്ലല്ലോ ..."
അയാൾ ആകുലപ്പെട്ടു.
"ഇപ്പോ വരും , മക്കളെ വിട്ടിട്ട് വേണ്ടേ എത്താൻ നീ വേണോങ്കി പൊയ്ക്കോ, നേരം കളയണ്ട "
ഒരു കൗതുകത്തിന് അവരെ നോക്കി ഇരിക്കുമ്പോ അമ്മ എന്നെ നോക്കി ചിരിച്ചു.
തിരിച്ചു ചിരിച്ചപ്പോ അമ്മ ഇങ്ങോട്ട് വിശേഷങ്ങൾ പറയാൻ തുടങ്ങി.
മകൻ്റെ കൂടെ ഡോക്ടറെ കാണാൻ വന്നതാ…,
മോൾ ഇങ്ങോട്ട് എത്താം എന്ന് പറഞ്ഞിട്ടുണ്ട്, മോളെ ഏൽപ്പിച്ചിട്ട് വേണം അവന് ജോലിക്ക് പോകാൻ …
എന്നോട് വിശേഷം പറയുന്ന അവരുടെ മുഖം പെട്ടെന്ന് തെളിയുന്ന കണ്ടപ്പോ ഞാനങ്ങോട്ട് നോക്കി.
ഒരു ചുരിദാർകാരി ധൃതിയിൽ ഓടി വരുന്നു....
അടുത്തെത്തിയതും രണ്ടു പേരും കെട്ടിപ്പിടിച്ചു.
അതിനിടയിൽ മകൻ കഴിഞ്ഞിട്ട് വിളിക്ക് എന്നും പറഞ്ഞ് പോകുന്നത് കണ്ടു.
" എന്തേ നീ വൈകിയേ അവന് പോകേണ്ടതല്ലേ..."
അമ്മയുടെ ചോദ്യത്തിന് കുസൃതിയോടെ മകൾ:
" അതിന് അമ്മേടെ
'അട '
ഒന്ന് വെന്തു കിട്ടണ്ടേ ?"
" കൊണ്ടന്നാ..... "
കൊതിയോടെ അമ്മ ചോദിച്ചപ്പോ അവൾ ബാഗ് തുറന്ന് ഒരു സ്റ്റീൽ പാത്രം പുറത്തെടുത്തു
അതിൽ നിന്നും ഒരു കഷണം
' അട ' അമ്മയുടെ വായിൽ വെച്ചു കൊടുത്തു.
"ന്ത് രസാ....
എത്ര നാളായീനോ .... തിന്നിട്ട്.
അവിടെ ആർക്കും ഇഷ്ടമല്ലാന്ന് തോന്നണ് അതോണ്ട് ഉണ്ടാക്കാറും ഇല്ല...."
ഒ.പിയിൽ ഇരിക്കുന്ന ആളുകളെ ശ്രദ്ധിക്കാതെ ആ അമ്മയും മകളും കഥ പറയുകയാണ്....
"കറുകല അപ്പം കണ്ടിട്ട് തന്നെ എത്ര നാളായിന്നറിയോ നിനക്ക് "
സാരുല്ലാട്ടാ അടുത്ത മാസം ഡോക്ടറെ കാണാൻ വരുമ്പോ ഞാൻ ഉണ്ടാക്കി കൊണ്ട് വരാട്ടാ.."
ഇതിനിടയിലാണ് അമ്മ എന്നെ ശ്രദ്ധിച്ചത്
"ദേ മോളേ, ഒരു കഷണം തിന്ന് നോക്ക് എൻ്റെ മോള് കൊണ്ട് വന്നതാ.. "
അമ്മ നീട്ടിയ അട വാങ്ങുമ്പോ എന്നിലെ മകളോട് എനിക്ക് പൂഛം തോന്നി.
എന്തുകൊണ്ടോ പിന്നെ അവിടെ ഇരിക്കാൻ തോന്നിയില്ല...
പെട്ടെന്ന് എഴുന്നേറ്റ് നടക്കുമ്പോൾ എൻ്റെ കണ്ണുകളിൽ ഒരു
നനവ് പടർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

