Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഫോബിയക്കും   ഫീലിയക്കുമപ്പുറം
cancel

ഒന്ന്

അറിയാത്ത കാര്യങ്ങളെ അറിയാൻ ശ്രമിക്കുന്നതിൽനിന്നും, മനുഷ്യരെ തടയുന്നതിൽ മറ്റുപലതിനൊപ്പം പ്രത്യയശാസ്​ത്രങ്ങൾ വഹിക്കുന്ന പങ്കും പ്രധാനമാണ്. പ്രപഞ്ചത്തിന്റെ അപാരതകൾക്കും സ്വന്തം ജന്മത്തിന്റെ അനിവാര്യ-യാദൃച്ഛികതകൾക്കുമിടയിലും നീയൊരു കർത്താവാണ് എന്ന ബോധ്യം മനുഷ്യർക്ക് നൽകുന്നത് പ്രത്യയശാസ്​ത്രങ്ങളാണ്. ആവിധം പ്രപഞ്ചങ്ങളുടെ അപാരതകൾക്കു മുന്നിൽ വെറും കർമമായി (object) നിൽക്കേണ്ടിവരുന്ന ഒരവസ്​ഥയിൽനിന്നും മനുഷ്യരെ അന്വേഷകരാക്കുക എന്ന ദൗത്യം നിർവഹിക്കുകവഴി സത്യ-മിഥ്യകളുടെ ഒരു സമാന്തരലോകം പ്രപഞ്ചങ്ങൾക്ക് കുറുകെ സൃഷ്​ടിക്കുകയാണ് പ്രത്യയശാസ്​ത്രങ്ങൾ ചെയ്യുന്നത്. ആ കഴിവ് തിരിച്ചറിയുമ്പോഴാണ്, മനുഷ്യരിൽ തങ്ങൾ മറ്റുപലതിനുമൊപ്പം പ്രത്യയശാസ്​ത്ര ജന്തുക്കൾകൂടിയാണ് എന്ന കാഴ്ചപ്പാട് ദൃഢപ്പെടുന്നത്. സാധാരണ കണ്ണടകൾ കാഴ്ചയേയാണ് സൂക്ഷ്മമാക്കുന്നതെങ്കിൽ, പ്രത്യയശാസ്​ത്ര കണ്ണടകൾ കാഴ്ചപ്പാടുകളെയാണ് ക്രമീകരിക്കുന്നത്. ധരിച്ചിട്ടുണ്ടെന്നറിയാത്ത കണ്ണടയെന്ന് പ്രത്യയശാസ്​ത്രത്തെ സിസെക് വിളിക്കുന്നത് അതിനാലാണ്. ചുവപ്പ്, മഞ്ഞ, പച്ച, കാവി തുടങ്ങിയ കണ്ണടവെച്ചുള്ള കാഴ്ചകൾ ആ അർഥത്തിൽ പ്രസക്തവുമാണ്. എന്നാൽ, എന്താണ് ജീവിതത്തോട് ഏറെ അടുത്തുനിൽക്കുന്നതെന്ന് മനസ്സിലാക്കാനുള്ള ശ്രമങ്ങളാണ് മനുഷ്യരെ അശാന്തമായ അന്വേഷണങ്ങളിലേക്കും ഉത്തരം തേടിയുള്ള സംവാദങ്ങളിലേക്കും നയിക്കുന്നത്. ശരി-തെറ്റുകൾക്കപ്പുറം പ്രത്യയശാസ്​ത്ര അന്വേഷണങ്ങളിൽ സംഭവിക്കുന്നത്, പ്രധാനമായും കർത്തൃ പദവികളുടെ പിറവിയാണ്.

പ്രത്യയശാസ്ത്രങ്ങൾ നിർമിച്ചെടുക്കുന്ന പ്രതിജനഭിന്നം കൂടിയാവുന്ന ആത്മീയതകളിൽനിന്ന് പൂർണമായി വിച്ഛേദിക്കപ്പെടുമ്പോഴാണ്, പശ്ചാത്തപിക്കാൻ പോലും കഴിവില്ലാത്ത, ആനന്ദാസക്തർ മാത്രമായി മനുഷ്യർ മാറുന്നത്. അപ്പോൾ ചിന്തിക്കുന്നതും പറയുന്നതും ചെയ്യുന്നതും നിനക്കുന്നതും പരസ്​പരപൂരകവും പോഷകവുമാവുന്നതിനുപകരം, പരസ്​പരവിരുദ്ധമാവും. കൊള്ളരുതായ്മകൾ ചെയ്തുകൂട്ടുന്നതിൽ, അപരവിദ്വേഷം പടർത്തുന്നതിൽ, ഒരാത്മനിന്ദപോലും ഇല്ലാതാവുമ്പോഴാണ്, ജൈവജീവിതത്തിന് അകത്ത് ഒരുപാട് സാംസ്​കാരിക മരണങ്ങൾ സംഭവിക്കുന്നത്. ലോകമാണ് എെന്റ രാജ്യം. ഉപകാരം ചെയ്യുക എന്നതാണ് എെന്റ മതം എന്ന് തോമസ്​ പെയ്ൻ. ആത്മാവിന് അത്യാവശ്യമായ യാതൊന്നും, കാരുണ്യത്തിലില്ല, മോക്ഷപ്രാപ്തിക്ക് വിശ്വാസം മാത്രം മതിയാകും എന്ന് കരുതിയ മെലൻതോൺ എന്ന ദൈവശാസ്​ത്ര മാലാഖമാർ കൈവിടുകയും, രാക്ഷസർ കൈയേൽക്കുകയും ചെയ്തത്, എറ്റ്സെറ്റേര (Etcetera) എന്ന ദാർശനിക പരിഹാസകഥയിൽ ബോർഹസ്​ അവതരിപ്പിക്കുന്നുണ്ട്. വിനയത്തിൽ അങ്ങേയറ്റം താഴേക്കിറങ്ങണം, ആത്മാഭിമാനത്തിൽ ആവുന്നത്ര മുകളിലേക്ക് കയറണം, അതാണ്, അതാവണം ജീവിതത്തിന്റെ കയറ്റിറക്കം!

എന്നാൽ ഇപ്പോഴുള്ള കയറ്റിറക്കം പ്രശസ്​ത കവി കമറുദ്ദീൻ ആമയം, കവിതയിൽ ആവിഷ്കരിച്ചിട്ടുള്ള, കപട കയറ്റിറക്കമാണ്. പഠിക്കുന്ന കാലത്ത്/ സ്​ത്രീധനവിരുദ്ധനായിരുന്നു/ പെണ്ണുകെട്ടാൻനേരം/ സ്​ത്രീധനവിരുതനായി/ മകളുടെ കല്യാണനേരം/ വീണ്ടും വിരുദ്ധനാകണം/ മകന്റെ കല്യാണനേരം/ വീണ്ടും വിരുതനാകാമല്ലോ/ ഇതിനെയൊക്കെയാണ്/ ജീവിതത്തിലെ കയറ്റിറക്കമെന്ന് വിളിക്കുന്നത് (കയറ്റിറക്കം: കമറുദ്ദീൻ ആമയം).

മതമുള്ളവരും ഇല്ലാത്തവരും താന്താങ്ങളുടെ കാഴ്ചപ്പാടനുസരിച്ച് അഗാധവിശ്വാസികളായാൽ, സ്വന്തം മൂല്യബോധത്തിൽ സ്വയം സത്യസന്ധമായാൽ, സാമൂഹികജീവിതം ഇരുട്ടുകൾക്കിടയിലും തിളങ്ങും. സഹായം ആവശ്യപ്പെടാതെ ലഭിക്കുന്ന സഹായങ്ങൾകൊണ്ട് അപ്പോൾ ജീവിതം സുഗന്ധം പരത്തും.

സങ്കൽപങ്ങളെപ്പോലും നിസ്സഹായമാക്കുന്ന, ജീവിക്കുന്ന നന്മകൾ ആവർത്തിച്ച് വാഴ്ത്തപ്പെടണം. അതിലൊന്നിനാണ് ബാബറിധ്വംസനത്തിനും ദാദ്രിമോഡൽ കൊലക്കുമപ്പുറം നന്മയിൽ കുളിച്ച് ശിരസ്സുയർത്തി നിന്ന മുംബൈയിലെ വഡാല ഗണേശക്ഷേത്രം മുമ്പ് സാക്ഷ്യംവഹിച്ചത്. വഴിയിൽ ഉപേക്ഷിക്കപ്പെട്ട നൂർജഹാൻ എന്ന ഗർഭിണിക്ക് മുന്നിൽ, ഗണേശഭക്തരായ സ്​ത്രീകൾ എത്തുകയും ആ ക്ഷേത്രത്തിനകത്ത് അവർക്ക് പ്രസവസൗകര്യം ഒരുക്കുകയും ചെയ്തത്, ആരുടെയും ആഹ്വാനമനുസരിച്ചോ, സോഷ്യൽമീഡിയയിൽ റീലിട്ട് റീച്ച് വർധിപ്പിക്കാനോ ആയിരുന്നില്ല. ‘സ്റ്റീഫൻ ബാച്​ലർ, ഒരു ബുദ്ധനാസ്​തികന്റെ കുറ്റസമ്മതം’ എന്ന പുസ്​തകത്തിൽ, പെരുംമഴയത്ത് ഒരാത്മീയ സമ്മേളനം പൂർത്തിയാക്കാൻ, ആ പ്രദേശത്തുമാത്രം മഴയെ ഒരു ബുദ്ധസന്യാസി തടഞ്ഞുനിർത്തിയതായി പറയപ്പെട്ട ഒരത്ഭുതം, അതേ ബുദ്ധമതത്തിലെ മറ്റൊരു സന്യാസിേശ്രഷ്ഠനോട് പറഞ്ഞപ്പോൾ അയാൾ പറഞ്ഞുവ​െത്ര: അതത്ര നന്നായില്ല. അത് മഴപെയ്യിപ്പിക്കുന്ന ദേവന്മാരെ വേദനിപ്പിക്കും. ആ പ്രവൃത്തിയിൽ കരുണയില്ല. (That was not good. No Compassion. It hurt Devas: Confession of Budhist Atheist). ഒരു സന്യാസി ചെയ്തതായിപ്പറയുന്ന അത്ഭുതപ്രവൃത്തിയും, രണ്ടാമത്തെ സന്യാസി അതിനോട് നടത്തിയ പ്രതികരണവും, ഒരു മതരഹിത കാഴ്ചപ്പാടിൽ അസംബന്ധങ്ങളാണ്. എന്നാൽ, രണ്ടാമത്തെ അസംബന്ധം ഒന്നാമത്തേതിനേക്കാൾ മാത്രമല്ല, സർവ ബ്രാൻഡിലുംപെട്ട മറ്റനേകം അസംബന്ധങ്ങളേക്കാളൊക്കെ എത്രയോ മുകളിലാണ്.

കളവും ദുഷിച്ചപ്രവൃത്തിയും വിവരക്കേടും ഉപേക്ഷിക്കാത്തവർ ഭക്ഷണപാനീയങ്ങൾ ഉപേക്ഷിക്കുന്നതിൽ അല്ലാഹുവിന് ഒരു താൽപര്യവുമില്ല എന്ന പ്രവാചകവചനം ഉദ്ധരിച്ചതിനുശേഷം ഇസ്‍ലാം മതപണ്ഡിതനായ അബ്ദുറഹിമാൻ ഹസ്റത്ത് പത്തനാപുരം തഖ്വയുള്ളവരുടെ, അതായത് സൂക്ഷ്മത പുലർത്തുന്നവരുടെ ഗുണങ്ങൾ എടുത്തുപറയുന്നു. അവർ ക്ഷേമത്തിലും ക്ഷാമത്തിലും ചെലവഴിക്കുകയും കോപത്തെ വിഴുങ്ങുകയും ജനങ്ങളുടെ പോരായ്മകൾ വിട്ടുവീഴ്ചചെയ്തു കൊടുക്കുകയും ചെയ്യുന്നവരാകുന്നു(മനോരമ, 19/02/2026).

റമദാനിൽമാത്രം നന്മചെയ്യുന്ന റമദാനികളാകാതെ, ജീവിതകാലം മുഴുവൻ ആ നന്മകൾ നിലനിർത്തി പ്രപഞ്ചസ്രഷ്​ടാവായ റബ്ബിന്റെ ആളുകളാകുന്ന, റബ്ബാനികളാവാൻ നമുക്ക് സാധിക്കണം എന്ന് മതപണ്ഡിതനായ ടി.കെ. അഷ്റഫ്. (ആത്മനിയന്ത്രണത്തിന്റെ വെളിച്ചത്തിലേക്ക്: ടി.കെ. അഷ്റഫ്, മാധ്യമം)

രണ്ട്

മതാത്മക ആത്മീയതക്കും മതേതര ആത്മീയതക്കുമിടയിൽ വൻമതിലുകളില്ല. ഒരാൾ അഗാധ മതവിശ്വാസിയാവുമ്പോൾ അനിവാര്യമായും മതേതര ആത്മീയതയിൽ സ്വയമറിഞ്ഞും അറിയാതെയും എത്തിച്ചേരും. അതുപോലെ മതരഹിതരും അഗാധമായ സ്വയംബോധ്യത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ, സ്വയം ആത്മീയ നിർവൃതിയിൽ അനുഭൂതിപ്പെടും. മതേതര ആത്മീയത പ്രഖ്യാപിത മതരഹിതരുടെ മാത്രം അനുഭൂതിലോകമല്ല. നീതി ആരുടെ ജീവിതത്തെയാണോ നയിക്കുന്നത്, സൗന്ദര്യാത്മകപ്രയോഗം ഏതൊരു ജീവിതത്തെയാണോ സൂക്ഷ്മപ്പെടുത്തുന്നത്, അധികാരഭാരം ആരിൽനിന്നാണോ ഇറങ്ങിപ്പോവുന്നത്, അപരവിദ്വേഷ വിഷമുക്തമാവുന്ന വാക്കിലും ചെയ്തിയിലും നിനവിലും കിനാവിലും ആരാണോ ഉന്മത്തമാവുന്നത്, അവരൊക്കെയും ഭൗതികതയും ആത്മീയതയും ഒരേസമയം അനുഭവിക്കും. സ്​പഷ്​ടം മാനുഷഗർവമൊക്കെയിവിടെപ്പുക്കസ്​തമിക്കുന്നു എന്ന് ശ്മശാനത്തെ മാത്രം സാക്ഷിയാക്കിയല്ല, ജീവിതത്തിന്റെ സമസ്​തതലങ്ങളിൽവെച്ചും പറയാനാവുമ്പോൾ, പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളിൽ വ്യാപൃതരാവുന്നവരും, അതിന്റെ വിമർശകരും, ആത്മീയതയുടെ മധുനുകരും. മുത്താകും മുമ്പ് ഒരു മഞ്ഞുതുള്ളിക്ക് അനവധി കടമ്പകൾ കടക്കാനുണ്ടെന്ന് മിർസാ ഗാലിബ്. വാടകക്കെടുത്ത ചിറകുകളിൽ അധികദൂരം ആർക്കും പറക്കാനാവില്ലെന്ന് ജിബ്രാനും! ‘അപരന്നുവേണ്ടി അഹർനിശം പ്രയത്നം കൃപണത വിട്ടു കൃപാലു ചെയ്തിടുന്നു’ എന്ന് ശ്രീനാരായണഗുരുദേവൻ. മതമുള്ളവരും മതമില്ലാത്തവരുമടക്കമുള്ള സർവ മനുഷ്യരും കൃപാലുവായാൽ അതോടെ മത ആത്മീയത, മതേതര ആത്മീയത എന്ന വിഭജനം പ്രായോഗികതലത്തിൽ അപ്രസക്തമാവും. സൈദ്ധാന്തികതലത്തിൽ തുടരും. അനുഷ്ഠാനങ്ങളുടെ താഴ്വരകളിൽ തർക്കം തുടരുമ്പോൾ, ആത്മസാക്ഷാത്കാരത്തിന്റെ കൊടുമുടിയിൽ അനിവാര്യമായാൽ മാത്രം; അപരവിദ്വേഷ പോരില്ലാത്ത സ്​നേഹസംവാദങ്ങൾ ഉണ്ടാവും. അതാവട്ടെ ആത്മീയാന്വേഷണങ്ങളെ പോഷിപ്പിക്കും. പരിമിതമായ ജീവിതവും അപരിമിതമായ അനന്തതയും തമ്മിലുള്ള അഭിമുഖീകരണമാണ്, ശരീരവും അതേ ശരീരത്തിന്റെ പ്രവർത്തന സന്ദർഭത്തിൽ രൂപപ്പെടുന്ന മനസ്സുമാണ്, ഓരോ ചരിത്രഘട്ടവും ഉൽപാദിപ്പിക്കുന്ന ആശയലോകവുമായി പ്രവർത്തിച്ച്, ശരീരാതിവർത്തിയായ നിനവുകൾക്ക് രൂപംനൽകുന്നത്.

മതരഹിതർക്ക് മഹത്വമാർന്ന മതമൂല്യങ്ങൾ മനസ്സിലാക്കാൻ മതവിശ്വാസികളാവേണ്ട ആവശ്യമില്ല. മതവിശ്വാസികൾക്ക് അതിനുവേണ്ടി മതരഹിതരാവേണ്ട ആവശ്യവുമില്ല. എറിക്േഫ്രാമിന്റെ കാഴ്ചപ്പാടിൽ മനുഷ്യൻ ദൈവമാവുന്നത് നൈതികതയുടെ ഔന്നത്യത്തിൽ വെച്ചാണ്. പഴയ നിയമത്തിന്റെ വിപ്ലവകരമായ വായനയാണ്, മതരഹിതനായ എറിക്േഫ്രാമിന്റെ ‘Man shall be as Gods’ എന്ന ഗ്രന്ഥം. ഹരാരി ഗൂഗിളോ അൽഗോരിതമോ ദൈവപദവി കരസ്​ഥമാക്കിയേക്കാവുന്നതിനെക്കുറിച്ചാണ് പറയുന്നത്. രണ്ടു പേരും, പക്ഷേ പറയുന്നത്, സ്വന്തം സ്വാതന്ത്ര്യം ആരുടെ മുന്നിലും കാണിക്കയായി സമർപ്പിക്കരുതെന്നാണ്. േഫ്രാം ആവശ്യപ്പെടുന്നത് നൈതികവും ആത്മീയവുമായ ഉണർവിന്റെ അനിവാര്യതയെക്കുറിച്ചാണ്. മനുഷ്യർ ചിന്തിക്കുന്നവർ എന്ന അർഥത്തിലുള്ള ഹോമോസാപ്പിയൻസിന്റെ -പ്രബുദ്ധ മനുഷ്യന്റെ- ആത്മീയ മുന്നേറ്റമാണ് േഫ്രാമിന്റെ ചിന്താലോകത്തിൽ ആവിഷ്കൃതമാവുന്നത്. എന്നാൽ, സാങ്കേതികവിദ്യയുടെ അഭൂതപൂർവമായ വളർച്ചയുടെ പുതിയ പശ്ചാത്തലത്തിൽ, മനുഷ്യർ ആത്മാവ് നഷ്​ടപ്പെട്ട ദൈവാവസ്​ഥയിലെത്തിപ്പെടുന്നതിനെക്കുറിച്ചാണ്, അതായത് കേവല ഭൗതികാർഥത്തിലുള്ള മുന്നേറ്റത്തെക്കുറിച്ചാണ് ഹരാരി മുന്നറിയിപ്പ് നൽകുന്നത്. ഹോമോസാപ്പിയൻസിൽനിന്നും ഹോമോദിയൂസിലേക്ക് മാറുന്ന പുതിയ മനുഷ്യരുടെ ആത്മീയനഷ്​ടത്തെക്കുറിച്ചാണ് അദ്ദേഹവും വ്യാകുലമാവുന്നത്. (Homosapiens may evolve into HomoDues but lose its soul).

മതവിശ്വാസി എത്ര കൈയേന്തിയാലും എത്തിപ്പിടിക്കാനാവാത്ത ദൈവത്തിലേക്കും മതരഹിതർ അതുപോലെ എത്ര കൈയേന്തിയാലും എത്തിപ്പിടിക്കാനാവാത്ത അനന്തതയിലേക്കും രണ്ടു വഴികളിലൂടെ സഞ്ചരിച്ച്, എത്തിപ്പെടാനാവാത്ത അസ്വസ്​ഥതകളോടെ, രണ്ടുതരത്തിലുള്ള ആത്മീയതയിൽ അനുഭൂതിപ്പെടും! അനുഭൂതിയും നിർവൃതിയും നിർമിക്കുംവിധം അനന്തത എന്നിലോ നിങ്ങളിലോ പ്രവർത്തിക്കുമ്പോൾ, അനുഭവവേദ്യമാവുന്ന അകംവിസ്​തൃതിയും വെളിച്ചവും ഭാരക്കുറവും ഔന്നത്യമെന്തെന്നറിയാത്ത ഒരൗന്നത്യവിനയവും, മതരഹിത ആത്മീയതയുടെ േസ്രാതസ്സായി തീരും. ഭൗതികവാദ പരിേപ്രക്ഷ്യത്തിൽ ചിന്തിച്ചാൽ, അനന്തതയും ദൈവവും തമ്മിലൊരു സന്ധി അസാധ്യമാവും. എന്നാൽ, സൗന്ദര്യശാസ്​ത്രത്തിന് ഇത്തരമൊരു പരിമിതിയില്ല. അവിടെയാണ്, കവിതാമതം എന്ന് മുമ്പേ ഞാൻ ആവിഷ്കരിക്കാൻ ശ്രമിച്ച ഒരാശയം പ്രസക്തമാവുന്നത്. മതവിശ്വാസികൾക്ക് വിശ്വാസതലത്തിൽനിന്നും, മതരഹിതർക്ക് വിശ്വാസേതരതലത്തിൽനിന്നും, മത-മതരഹിത മനോഹാരിതകൾ ഉൾക്കൊള്ളാനാവുംവിധം വായനയുടെയും കാഴ്ചയുടെയും വിസ്​തൃതി വർധിപ്പിക്കുന്ന വിമോചനാത്മകമായൊരു സർഗപ്രവർത്തനമാണത്. മത-മതരഹിത സംവാദങ്ങൾക്ക് അവധികൊടുത്തുകൊണ്ടല്ല, കവിതാമതകാര്യപരിപാടി ക്രമീകരിക്കേണ്ടത്. ഒരു നവഫാഷിസ്റ്റ് ജാതിമേൽക്കോയ്മാ കാലത്ത്, സമസ്​ത മത-മതരഹിത കാഴ്ചപ്പാടുകളുടെയും ഊർജം പരസ്​പരം ഏറ്റുമുട്ടി പാഴാവാതെ, പരസ്​പര സംവാദത്തെപ്പോലും ഫാഷിസ്റ്റ് വിരുദ്ധ പ്രക്ഷോഭമാക്കി വികസിപ്പിക്കുകയാണ്, വേണ്ടത്. മത-മതരഹിത കാഴ്ചപ്പാടുകളിൽ രചനാത്മകമായി ഇടപെടാൻ കഴിയുന്ന, സൗന്ദര്യാത്മക പ്രയോഗം അതിന് സഹായകമായിത്തീരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റിലീജിയസ്​ ഫോബിയയെയും റിലീജിയസ്​ ഫീലിയയെയും ഒരു പരിധിവരെ അതുവഴി അതിന് മറികടക്കാനായേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsarticleLiteratue
News Summary - Beyond Phobia and Philia
Next Story