ബൗഹിനിയ
text_fieldsവേനൽ മഴയായത് കൊണ്ടാവാം മഴത്തുള്ളികളേറ്റ് ചിതറി തെറിക്കുന്ന മണ്ണിന് വല്ലാത്തൊരു ഗന്ധമാണ്. മനസ്സിന്റെ താളം തെറ്റിക്കുന്ന, ആത്മാവിന്റെ ആഴങ്ങളിലെവിടെയൊക്കെയോ അനിർവചനീയമായ അനുഭവങ്ങളിലേക്ക് എത്തിപ്പെടാനാവാത്ത മനസ്സന്റെ തത്രപ്പാട്! ഇപ്പൊഴും ബോധമനസ്സിന് അറിയാത്തൊരു കാര്യമാണത് "മണ്ണിന്റെ മണം മനസ്സിനെ കൊണ്ടെത്തിക്കുന്ന ആ അനുഭവതലം ഏതാണെന്ന്?
പരിസരബോധമുള്ളത് കൊണ്ട് ബസ്സിൽ നിന്നിറങ്ങി കലാലയ മുറ്റം എത്തുന്നത് വരെ എപ്പൊഴും ചെയ്യാറുള്ള ആ സാഹസത്തിന് ഞാൻ മുതിർന്നില്ല. " മുഖം ചാറ്റൽ മഴയ്ക്ക് നേരെ ഉയർത്തി, മഴയുടെ താളം മാത്രം ശ്രദ്ധിച്ച് മനസ്സിൽ പുതുമണ്ണിന്റെ മണം നിറച്ച് അങ്ങനെ....." ഒരു നിമിഷനേരം .
അല്ലെങ്കിലും ഈ കാലാലയത്തിന്, ഇവിടത്തെ പ്രകൃതിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ഭംഗിയാണ്. ചുവന്ന മന്ദാരവും വാകയും മറ്റ് പേരറിയാത്ത പൂമരങ്ങളും തണൽ മരങ്ങളും തീർക്കുന്ന രാജകീയമായ നടപ്പാത. പലപ്പോഴും നിലത്ത് വീണു കിടക്കുന്ന പുഷ്പ്പങ്ങളൊക്കെയും തൂത്തുവാരി കളയുന്നത് കാണുമ്പോൾ ഞാൻ ചിന്തിക്കാറുണ്ട്. എന്തിനീ പൂക്കളെ അഴുക്കിലെറിയുന്നത്, അവയും ഭംഗിനശിക്കുവോളം നിറവും മണവും ഇല്ലാതായി മണ്ണിലലിയുവോളം അവയാ പൂമരച്ചോട്ടിൽ പൂമെത്തയായിരിക്കട്ടെ എന്ന്"
എന്താ ടീച്ചറേ ഇന്ന് നേരത്തെയാണോ ?
ചിന്തയിൽ നിന്ന് പെട്ടെന്നുണർന്നതുകൊണ്ടാവാം ഞാൻ ഗീതേച്ചിയെ നോക്കി ചിരിച്ചതേയുള്ളൂ.
ടീച്ചറേ ഞാനും അങ്ങോട്ടാ..
കൈയ്യിൽ മോപ്പും ചൂലും കോരിയുമൊക്കെയായി ഗീതേച്ചി എന്റെ ഒപ്പം വന്നു
ഇന്നെന്താ ഗീതേച്ചിയുടെ ക്ലീനിംഗ് കഴിഞ്ഞില്ലേ ? വൈകിയല്ലോ ?
അതേ ഇന്ന് കുറച്ച് വൈകി, ഇനി കംപ്യൂട്ടർ ലാബും കൂടെ വൃത്തിയാക്കണം,
നടക്കുന്നതിനിടയിൽ വച്ചിലെ സമയം നോക്കികൊണ്ട് ഗീതേച്ചി ചോദിച്ചു.
കംപ്യൂട്ടർ ലാബിന്ന് ടീച്ചർ വൃത്തിയാക്കുമോ? എനിക്കൊന്ന് ടൗണ് വരെ പോകണം. അത്യാവശ്യമാണ്, ഒൻപത് മണിക്കവിടെ എത്തണം,;
എന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ ഗീതേച്ചി ചൂലും മറ്റും ലാമ്പിന് മുന്നിൽ വച്ച് പോയി.
ലാബിന്റെ വാതിൽ തുറന്ന് ബാഗ് മേശപ്പുറത്ത് വച്ച ശേഷം ജനലുകൾ തുറന്ന് കർട്ടൻമാറ്റി ഞാൻ ലാബ് വൃത്തിയാക്കാൻ തുടങ്ങി. ഞാനിവിടെ പഠിപ്പിക്കാൻ തുടങ്ങിയിട്ട് മൂന്നുമാസം ആകുന്നതേയുള്ളൂ. അതിനിടയിൽ ഗീതേച്ചിയുമായി കാര്യമായൊന്നും സംസാരിച്ചിട്ടും കൂടിയില്ല. എന്നിട്ടും ഒരുപാട് അടുപ്പം നമ്മുക്കിടയിൽ തോനിയിരുന്നു. അതു കൊണ്ടാവാം ലാബ് വൃത്തിയാക്കാൻ എന്നെ ഏൽപ്പിച്ചതും. അല്ലെങ്കിലും ചിലർക്ക് അടുപ്പം തോന്നാൻ ഒരുപാട്സമയം വേണമെന്നില്ലല്ലോ...വൃത്തിയാക്കലൊക്കെ കഴിഞ്ഞ് ചൂലും മറ്റും വാതിലിന്റെ പുറകിൽ വെക്കുമ്പോഴേക്കും ഗിതേച്ചി തിരിച്ച് വന്നിരുന്നു.
ഇത്ര പെട്ടെന്നെത്തിയോ?
മറുപടി ഇല്ലാതായപ്പോൾ ഞാൻ വീണ്ടും ചോദിച്ചു.
എന്തേ?
കൈയ്യിലൂരിപ്പിടിച്ച കണ്ണട മുഖത്ത് വച്ച് ചാറ്റൽ മഴ തീർത്ത കാഴ്ച്ചകളിലേക്ക്കണ്ണും നട്ട് ഗീതേച്ചി പറയാൻതുടങ്ങി, മുപ്പത് വർഷം മുമ്പുള്ള തന്റെ ഏറ്റവും പ്രിയപ്പെട്ട ദിനങ്ങളെപ്പറ്റി, അച്ചനും അമ്മയും അനിയനും താനും ഒന്നിച്ചുള്ള നല്ല നിമിഷങ്ങളെപ്പറ്റി. ആ നാളുകളിലെപ്പോഴോ അച്ചന്റെ മരമില്ലിൽ സഹായത്തിന് വന്ന് നിന്ന് നമ്മളിലൊരാളായിമാറിയ, അച്ചന്റെ മരണശേഷവും അനിയൻ വലുതാവുന്നത് വരെയും മരമില്ലും വീട്ടുകാര്യങ്ങളും നോക്കിയിരുന്ന വല്ല്യേട്ടനെപ്പറ്റി.
അതിനിടയിലെപ്പോഴോ ഞാൻ പോലും അറിയാതെ എന്നെ പ്രണയിച്ച ആ വ്യക്തിയെക്കുറിച്ച്.....
നിറഞ്ഞ് വന്ന കണ്ണുകൾ മറയ്ക്കാനെന്നോണം വാതിലിന്റെ പുറകിൽവച്ച മോപ്പും ചൂലുമെടുത്ത് ക്കൊണ്ട് ഗീതേച്ചിതുടർന്നു..
എന്നോട് പറഞ്ഞില്ല കുട്ട്യേ ആ ഇഷ്‌ടം.
എന്റെ കല്യാണാലോചനയുടെ സമയത്താണ് മാമൻമാരോട് വീട്ടിൽ പോയി കാര്യങ്ങൾ സംസാരിച്ചത്. അവര് അയക്കില്ലാന്നും പറഞ്ഞുത്രേ.
ഗീതേച്ചിയെ കേൾക്കേണ്ടത് അത്യാവശ്യമാണെന്ന് തോനിയപ്പോൾ ഞാൻ കസേര നീക്കിയിട്ട് ഇരിക്കാൻപറഞ്ഞു.
വേണ്ട ഞാനിവിടെനിന്നോളാം.
ഗീതേച്ചിതുടർന്നു..
കല്യാണം കഴിഞ്ഞ് അഞ്ച് വർഷങ്ങൾക്കിപ്പുറം വൈധവ്യംതീർത്ത മാനസികാഘാതം മാറ്റാൻ മകളേയും കൊണ്ട് വീട്ടിൽ വന്ന് നിന്നപ്പോഴാണ് ഞാനാക്കാര്യം അറിയുന്നത്.
അന്ന് അനിയൻ അപ്പുറത്തെ മൂറിയിൽ നിന്ന് ദ്യേഷ്യത്തോടെ അമ്മയോട് സംസാരിക്കുന്നത് ഞാൻ കേട്ടതാണ്.
"വല്ല്യേട്ടന് കല്യാണം കഴിച്ച് കൊടുത്താൽ പോരായിരുന്നോ?
ജാതിയും ജോലിയും നോക്കി അയച്ചതല്ലേ?
ഇപ്പോ ചേച്ചി ഒറ്റയ്ക്കായില്ലേ?
മോനേ,അവരെ എതിർത്ത് കൊണ്ട് നമ്മുക്കന്ന് ജീവിക്കാൻ പറ്റില്ലായിരുന്നു. എല്ലാവരേയും അനുസരിച്ച് മാത്രം ശീലിച്ച അമ്മയുടെ നിസ്സഹായത അമ്മ പറഞ്ഞു.
ആരെ? മാമൻമാരേയോ?
അച്ചൻ മരിച്ച് മൂന്നാംനാൾ ഇവിടുന്ന് പോയതല്ലേ അവർ,നമ്മൾ എങ്ങനെ ജീവിക്കുന്നു എന്ന്പോലും ഇന്നേവരെ അന്വേഷിച്ചിട്ടുണ്ടോ?
ആ...അച്ചന്റെ അടിയന്തിരത്തിനും ചേച്ചിടെ കല്യാണത്തിനും വന്നിട്ടുണ്ട്. തലകാണിക്കാൻ മാത്രം.
ഞാൻ ചെറുതായി പോയി അല്ലെങ്കിൽ ഞാനെതിർത്തേനെ എന്നിട്ടും ഞാൻ ശ്രമിച്ചതാണ് ചേച്ചിയോട് പറയാനും കല്യാണം മുടക്കാനും വല്യേട്ടൻ പറഞ്ഞിട്ടാ..വേണ്ടാന്ന്.
ശരിയായിരുന്നു അനിയനന്ന് പതിമൂന്നോ പതിനാലോ വയസുമാത്രമേ ഉണ്ടായിരുന്നുള്ളൂ, എനിക്ക് പതിനെട്ടും
പക്ഷേ, അന്നും ഇന്നും എന്റെ മനസ്സിൽ വല്ല്യേട്ടനോ ആ ഇഷ്‌ടമോ ഉണ്ടായിരുന്നില്ല. ആ ഇഷ്ടത്തിന് പ്രണയമെന്ന ഭാവം ഉണ്ടായിരുന്നില്ല. അതിനെല്ലാമുപരി ഞാൻ അഞ്ച് വർഷം മാത്രം അനുഭവിച്ച ആസ്‌നേഹത്തിനേക്കാൾ വലുതായി എനിക്കൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും ഇന്ന് ഐ.സി.യുവിൽ പോയി വല്ല്യേട്ടനെ കണ്ടപ്പോൾ, എന്നെയാണ് കാണേണ്ടതെന്ന് പെങ്ങളോട് പറഞ്ഞപ്പോൾ, അറിയാതെയാണെങ്കിലും ഞാൻ തെറ്റ് ചെയ്‌തോ എന്നൊരു തോന്നൽ. ഞാനെപ്പോഴോ നഷ്ടപെടുത്തിയ ആ സ്‌നേഹം....
പറഞ്ഞ് പൂർത്തിയാകാതെ, എനിക്ക് മുഖം തരാതെ ഗീതേച്ചി തിരിഞ്ഞ് നടന്നു.
“അല്ലെങ്കിലും ജാതിയും മതവും പണവുമൊക്കെയല്ലെ ചില പ്രണയങ്ങളുടെ അളവ് കോൽ". ഞാൻ ചിന്തിച്ചു.
പുറത്ത് മഴയപ്പോഴും പെയ്യുന്നുണ്ടായിരുന്നു. മഴയത്ത് ഉതിർന്ന് വീഴുന്ന ചുവന്ന മന്ദാര പുക്കൾക്കിടയിലൂടെ ഗീതേച്ചി നടന്ന് പോകുന്നതും നോക്കി ഞാൻ നിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

