എഴുത്തുകാർ ഇൻസ്റ്റഗ്രാം വിട്ട് സമൂഹത്തിനിടയിലേക്ക് തിരികെ വരണം -എം. മുകുന്ദൻ
text_fieldsഅഷിത സ്മാരക പുരസ്കാരം കോഴിക്കോട് അളകാപുരിയിൽ നടന്ന ചടങ്ങിൽ എം. മുകുന്ദന് മേയർ ബീന ഫിലി പ്പ് സമ്മാനിക്കുന്നു. അക്ബർ ആലിക്കര, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, ബന്ന ചേന്ദമംഗല്ലൂർ, എം. കുഞ്ഞാപ്പ തുടങ്ങിയവർ സമീപം
കോഴിക്കോട്: എഴുത്തുകാർ സോഷ്യൽ മീഡിയ വിട്ട് സമൂഹത്തിനിടയിലേക്ക് തിരികെ വരണമെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ അഭിപ്രായപ്പെട്ടു ആവശ്യപ്പെട്ടു. വായനക്കാരുമായി എഴുത്തുകാർക്ക് ബന്ധം ആവശ്യമില്ലാത്ത കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഇൻസ്റ്റഗ്രാമിലും സോഷ്യൽ മീഡിയയിലുമാണ് അവർ ജീവിക്കുന്നത്. ഡിവൈസുകൾ വിട്ട് യാഥാർഥ്യങ്ങളുടെ നടുവിലേക്ക് കണ്ണു തുറന്നുവെക്കുന്നവരാണ് അതിജീവിക്കുന്ന എഴുത്തുകാരാവുക. അദ്ദേഹം പറഞ്ഞു. എഴുത്തുകാരി അഷിതയുടെ പേരിലുള്ള സാഹിത്യ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുയായിരുന്നു അദ്ദേഹം. സമഗ്ര സംഭാവനക്കുള്ള പുരസ്കാരമാണ് മുകുന്ദനു സമ്മാനിച്ചത്.
ഇനിയും വായിച്ചു തീരാത്ത എഴുത്തുകാരിയാണ് അഷിതയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എഴുതിയ കാലത്ത് തിരിച്ചറിയപ്പെടാതെ പോയ കഥാകാരിയാണവർ. ശരീരം കൊണ്ടല്ല, ആത്മാവു കൊണ്ടാണവർ സാഹിത്യമെഴുതിയത്. ഏതു കാലത്തും, ഇക്കാലത്ത് വിശേഷിച്ചും ഓർക്കപ്പെടേണ്ടവയാണ് അഷിതയുടെ രചനകളെന്ന് മുകുന്ദൻ ഓർമിപ്പിച്ചു.
മേയർ ബീന ഫിലിപ്പ് സമർപ്പിച്ചു. 25,000 രൂപയും പ്രശംസാപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. അളകാപുരി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്മാരക സമിതി കോഡിനേറ്റർ ഉണ്ണി അമ്മയമ്പലം അധ്യക്ഷത വഹിച്ചു. സ്മാരക സമിതി എക്‌സി. അംഗം എം. കുഞ്ഞാപ്പ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. ട്രഷറർ ഷീന വി.കെ. കുളക്കാട് പ്രശംസാപത്രം വായിച്ചു. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് അഷിത സ്മാരക പ്രഭാഷണം നടത്തി. പി. ശ്രീഷ്മ മേയർ ബീന ഫിലിപ്പിനെ പൊന്നാടയണിയിച്ചു.
മറ്റു പുരസ്കാരങ്ങൾ: കഥ: അക്ബർ ആലിക്കര (ഗോസായിച്ചോറ്), കവിത: പ്രതീഷ് (ഒരാൾ), നോവൽ: ഡോ. ആനന്ദൻ രാഘവൻ (ചെമന്ന ചെറകറ്റ പക്ഷി), യാത്രാവിവരണം: കെ.ആർ. അജയൻ (സൂക്കോ കടന്ന് വടക്ക് കിഴക്ക്), ബാലസാഹിത്യം: റെജി മലയാലപ്പുഴ (കുഞ്ഞിക്കഥകളുടെ പാൽക്കിണ്ണം), ആത്മകഥ: സുജ പാറുകണ്ണിൽ (മിഴി നനയാതെ), ഓർമക്കുറിപ്പ്: അഭിഷേക് പള്ളത്തേരി (കയ്യാലയും കടത്തിണ്ണകളും), യുവ സാഹിത്യ പ്രതിഭാ പുരസ്കാരം: റീത്ത രാജി (ചിരി നോവുകൾ)
ജേതാക്കൾക്ക് എം. മുകുന്ദൻ ഉപഹാരങ്ങൾ വിതരണം ചെയ്തു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം നേടിയ കെ.എം. ഹാജറയെ ആദരിച്ചു. ബന്ന ചേന്ദമംഗലൂർ, പാലക്കാട് രാധാകൃഷ്ണൻ, പി.കെ. സുഭാഷ് പയ്യാവൂർ എന്നിവർ പ്രസംഗിച്ചു. ദേവി ശങ്കർ, ടി.സി. തങ്ക ടീച്ചർ എന്നിവർ ഗാനമാലപിച്ചു. അഷിത സ്മാരക സമിതി പ്രസിഡണ്ട് പി.കെ. റാണി സ്വാഗതവും രാജലക്ഷ്മി മഠത്തിൽ നന്ദിയും പറഞ്ഞു. റോസ്മേരി, സന്തോഷ് ഏച്ചിക്കാനം, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരജേതാക്കളെ നിർണയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

