ചായംചേർക്കാത്ത ഓർമക്കുറിപ്പുകൾ
text_fieldsഅരുന്ധതി റോയിയുടെ ‘മദർ മേരി കംസ് ടു മി’ (Mother Mary Comes To Me) എന്ന ഓർമപ്പുസ്തകം പുറത്തിറങ്ങിയിരിക്കുന്നു. അമ്മ മേരി റോയിയുടെ ജീവിതത്തിലൂടെ നടന്നു പോവുകയാണ് മകൾ അരുന്ധതി റോയി. അമ്മ എഴുത്തുകാരിയുടെ ‘അഭയവും അവരുടെ കൊടുങ്കാറ്റുമായിരുന്നു’ എന്നവർ പറഞ്ഞുവെക്കുന്നു. ഈ പുസ്തകം ഒരമ്മയുടെയും മകളുടെയും കഥ മാത്രമല്ലെന്നും ഒരു ഗ്രാമത്തിന്റെയും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അതിലുള്ള കുറെയധികം മനുഷ്യരുടെയും കഥകൂടിയാണെന്നും വായനക്കാരന് എളുപ്പം ബോധ്യമാകും.
ട്രാവൻകൂർ ക്രിസ്ത്യൻ പിന്തുടർച്ചാവകാശ പ്രകാരം അച്ഛന്റെ സ്വത്തിന് പെൺകുട്ടികൾക്ക് മൂന്നിൽ ഒന്ന് അവകാശം മാത്രമുണ്ടായിരുന്ന കാലത്ത്, അതിനെതിരെ നിയമയുദ്ധം നടത്തി സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിച്ചയാളാണ് മേരി റോയ്. എന്നാൽ, രണ്ടു മക്കളുടെ അമ്മ എന്ന നിലക്കുള്ള സ്നേഹവും കാരുണ്യവും പ്രകടമാക്കുന്നതിൽ അവർ എല്ലായ്പോഴും പരാജയപ്പെട്ടുകൊണ്ടിരുന്നു. അമ്മ-മകൾ ബന്ധത്തിന്റെ സങ്കീർണവും വൈകാരികവുമായ അനുഭവങ്ങളുടെ സർഗാത്മക വിവരണമാണ് പുസ്തകത്തിന്റെ ഓരോ പേജിലും നിറഞ്ഞുനിൽക്കുന്നത്. ‘മദർ മേരി കംസ് ടു മി’ മൂന്ന് വയസ്സു മുതൽ എഴുത്തുകാരി ഓർമയിൽ കൊണ്ടുനടക്കുന്ന അവരുടെ ജീവിതമാണ്, അവരുടെ കാഴ്ചപ്പാടുകളും ബോധ്യങ്ങളുമാണ്, വേദനിപ്പിക്കുന്ന തിരസ്കാരങ്ങളുടെയും ചേർത്തു പിടിക്കലുകളുടെയും പകർത്തെഴുത്താണ്.
അരുന്ധതിക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ് അച്ഛൻ അവരെ ഉപേക്ഷിച്ചുപോകുന്നത്. അവരപ്പോൾ അസമിൽ ജീവിക്കുകയായിരുന്നു. അച്ഛന്റെ തിരോധാനത്തോടെ തീർത്തും നിരാശ്രയരായിത്തീർന്ന കുടുംബം, ഊട്ടിയിൽ അമ്മയുടെ അച്ഛന്റെ പേരിലുള്ള ചെറിയൊരു വീട്ടിലേക്ക് താമസം മാറ്റുകയാണ്. ജീവിതത്തിലെ ഏറ്റവും കഷ്ടപ്പെട്ട നാളുകളായിരുന്നു അത്. ആസ്തമ രോഗിയായ മേരിയുടെ ആരോഗ്യത്തിന് ഒട്ടും യോജിച്ചതായിരുന്നില്ല ഊട്ടിയിലെ തണുത്ത കാലാവസ്ഥ. അവിടെയാണ് പിതൃസ്വത്തിൽ അവകാശമില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് മേരിയുടെ അമ്മയും സഹോദരനും കടന്നുവരുന്നത്. വീട് ഒഴിഞ്ഞുകൊടുക്കാൻ നിർബന്ധിക്കുന്നത്. ആരോടും തോറ്റു കൊടുത്ത് ശീലമില്ലാത്ത അമ്മ, ട്രാവൻകൂർ ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിനെതിരെ വ്യവഹാരം നടത്തിയത് പിന്നീടുള്ള ചരിത്രം.
മേരി റോയി ഒരിക്കലും മക്കളുടെ സ്നേഹം പിടിച്ചുവാങ്ങിയിരുന്നില്ല. ജീവിതത്തിൽ മുഴുവൻ, തന്നെ തോൽപിക്കണമെന്ന് വാശിപിടിക്കുന്ന അമ്മയെ ഉപേക്ഷിച്ച്, ഒരുനാൾ 16ാം വയസ്സിൽ ഒറ്റക്കവൾ വീടുവിട്ട് ഡൽഹിയിലേക്ക് യാത്രയാവുകയാണ്. നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങിയപ്പോൾ അരുന്ധതിയുടെ കൈയിൽ സ്വയരക്ഷക്കുള്ള കത്തിയല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ലെന്നവർ പറയുന്നുണ്ട്. ഡൽഹി അരുന്ധതിയുടെ ജീവിതത്തെ മാറ്റിമറിച്ചതിന്റെ ദീർഘമായ സംഭവഗതികൾ പുസ്തകത്തിന്റെ തുടർന്നുള്ള താളുകളിൽ വിവരിക്കുന്നു.
അമ്മ മേരി റോയി അത്യധികം ദുരൂഹവും അതിലേറെ സങ്കീർണവുമായ കഥാപാത്രമാണ്. മകളെ അവർ സ്നേഹിക്കുന്നു എന്നുപറയുമ്പോഴും മകൾക്ക് തന്നെക്കാൾ പ്രശസ്തി ലഭിക്കുന്നതിനെ അവർ ഭയപ്പെടുന്നു. മകൾക്ക് കൂടുതൽ ശ്രദ്ധകിട്ടുന്ന എല്ലാ സാഹചര്യങ്ങളെയും അമ്മ സംശയത്തോടെ നോക്കിക്കണ്ടു. ‘നിങ്ങൾ അരുന്ധതിയുടെ അമ്മയല്ലേ’ എന്ന സ്വാഭാവിക നിഷ്കളങ്ക അന്വേഷണത്തോടു മേരിയെപ്പോഴും ക്ഷോഭിച്ചു കൊണ്ടിരുന്നു. ‘നീ കാരണം എനിക്ക് പച്ചക്കറി മാർക്കറ്റിൽപോലും പോകാൻ പറ്റാതായി’ എന്നവർ ഒരുവേള അരുന്ധതിയോട് ക്ഷോഭിക്കുന്നുണ്ട്.
മേരി റോയിക്ക് അവരുടെ അച്ഛനിൽ നിന്നും അനുഭവിക്കേണ്ടിവന്ന ഉള്ളു പൊള്ളിച്ച അനുഭവങ്ങളും അൽപം അനുകമ്പയോടെ എഴുത്തുകാരി ഓർത്തെടുക്കുന്നുണ്ട്. ഇത്തരത്തിലുള്ള കടുത്ത അനുഭവങ്ങളുടെ വേലിയേറ്റം കൊണ്ടായിരിക്കണം, വിവാഹത്തിന്റെ ആദ്യ പ്രൊപ്പോസലിനുതന്നെ അധികം ആലോചിക്കാതെ അമ്മ സമ്മതം മൂളിയിരുന്നത് എന്ന് റോയി അനുമാനിക്കുന്നുണ്ട്. എന്നാൽ, താൻ കണ്ട സ്വപനങ്ങളത്രയും വിവാഹത്തിന്റെ ആദ്യനാളുകളിൽ തന്നെ തകർന്നു പോകുന്നത് കടുത്ത നിരാശയോടെ മേരിക്ക് ബോധ്യപ്പെടുകയുണ്ടായി. രണ്ടാമത്തെ ഗർഭംധരിച്ചപ്പോൾ അത് അലസിപ്പിക്കാൻ പച്ചമരുന്നുകൾ കഴിച്ചതും അമ്മയുടെ ഗർഭപാത്രത്തിൽ ഒട്ടും വേണ്ടാത്ത ഒരു കുഞ്ഞായി അരുന്ധതി വളർന്നതും ഏറെ ഹൃദയ വേദനയോടെ ഓർത്തെടുക്കുകയാണ് എഴുത്തുകാരി.
മേരി റോയി നല്ല കാഴ്ചപ്പാടുള്ള സ്ത്രീയാണ്. പക്ഷേ അവർക്കു ചുറ്റുമുള്ള മുഴുവൻ മനുഷ്യരെയും അവർ അകാരണമായി എപ്പോഴും അകറ്റിക്കൊണ്ടിരുന്നു. എഴുത്തുകാരിയുടെ ഓർമകളാണ് പുസ്തകത്തിലുടനീളം. ഈ ഓർമകളത്രയും വായനക്കാരെ ആഴത്തിൽ സ്പർശിക്കുന്നവയാണ്. അമ്മ ജീവിച്ചിരുന്നപ്പോൾ എഴുതാൻ കഴിയുന്ന പുസ്തകമായിരുന്നില്ല ഇതെന്ന് അരുന്ധതി റോയി ആമുഖത്തിൽതന്നെ പറയുന്നുണ്ട്. റോയിയുടെ എല്ലാ എഴുത്തുകളും അമ്മ കുടുതൽ കൂടുതൽ സംശയദൃഷ്ടിയോടു കൂടി മാത്രമേ വായിച്ചിരുന്നുള്ളൂ. തന്റെ മകൾ തന്നെക്കുറിച്ച് നല്ലതല്ലാത്തത് എന്തെങ്കിലുമെഴുതുമെന്ന് മേരി റോയി എപ്പോഴും ഭയപ്പെട്ടിരുന്നു.
ഒരു സ്ത്രീയെക്കുറിച്ചുള്ള ഓർമക്കുറിപ്പാണ് പുസ്തകമെങ്കിലും ഏതാണ്ട് നാലു പതിറ്റാണ്ടുകാലത്തെ രാജ്യത്തിന്റെ, ചിലപ്പോഴൊക്കെ ലോകത്തിന്റെയും ചരിത്രം പുസ്തകത്തിൽ വിശദമായി കടന്നുവരുന്നുണ്ട്. സ്വേച്ഛാധികാരികൾക്ക് അപ്രിയമാകുന്ന സത്യങ്ങൾ നിരന്തരം വിളിച്ചുപറഞ്ഞു കൊണ്ടിരിക്കുന്ന അരുന്ധതിയുടെ രചനാ രീതി ഈ ഓർമക്കുറിപ്പിലും നിറഞ്ഞു നിൽക്കുന്നു. പെരുംനുണകൾകൊണ്ട് കെട്ടിപ്പടുത്ത പല ബിംബങ്ങളും പലയിടത്തായി തകർന്നടിയുന്നു. അനീതിയോടുള്ള പതിവ് രോഷങ്ങൾ ഇടിമുഴക്കങ്ങൾ സൃഷ്ടിക്കുന്നു.
പുറത്തുകാണിക്കാൻ കഴിയാതിരുന്ന അമ്മയുടെ സ്നേഹത്തെക്കുറിച്ചാണ് അരുന്ധതി അവസാന അധ്യായത്തിൽ വൈകാരികമായി ഉപന്യസിക്കുന്നത്. ഈ ലോകത്ത് നിന്നെക്കാൾ ഞാൻ സ്നേഹിച്ച മറ്റൊരാളുമില്ലെന്ന് അമ്മ അവർക്ക് സന്ദേശമയക്കുന്നുണ്ട്. അതിവൈകാരികവും സങ്കീർണവുമായ, അമ്മ-മകൾ ബന്ധത്തിന്റെ ഒട്ടും ചായം ചേർക്കാത്ത അരുന്ധതിയുടെ ഓർമക്കുറിപ്പുകൾ അവസാനിക്കുന്നതിങ്ങനെയാണ്: I still see her clearly. All the time. She is walking on the high seas. Through storm and stillness, through sunshine and rain. She is walking when the tide is high, she is walking when it is low... She is always alone.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

