നീയോ ഈ നാടിന്റെ ഉടയോൻ
text_fieldsകെ.എൻ. പണിക്കർ, യു.ആർ. അനന്തമൂർത്തി, കെ.ജി.എസ്
ഒരിക്കൽകൂടി ഇതാ ആ പാകിസ്താൻ മുക്ക്, സാമാന്യബോധത്തിന്റെ ശക്തി തെളിയിക്കും വിധം ശിരസ്സ് ഉയർത്തി വീണ്ടും കടന്നുവന്നിരിക്കുന്നു, വകതിരിവിന്റെ കണ്ണ് മൂടുംവിധം പൊടിപടലങ്ങൾ പടർത്തിക്കൊണ്ട്! ഒട്ടും ഒളിച്ചല്ല, പകൽ വെളിച്ചത്തിൽ നല്ലവണ്ണം തെളിഞ്ഞ് ഇനിയൊന്നും വെളിപ്പെടുത്താനില്ലാത്തവിധം!. കുടപിടിക്കാതെ, ചെരിപ്പിടാതെ, മുഖംമൂടി അണിയാതെ കട്ടക്ക് കട്ട തിളക്കത്തോടെ!.
ഒരു പാവം പേരിന്റെ പേരിൽ അസംബന്ധങ്ങളുടെ ഘോഷയാത്രയാണ് അരങ്ങേറുന്നത്! പാകിസ്താൻമുക്ക് ഇപ്പോൾ എത്രയോ സ്ഥലപ്പേരുകൾക്കിടയിൽ ഒരു പേരല്ല, ഡൈനാമിറ്റാണ്! അപ്പോൾ പിന്നെ പാകിസ്താൻമുക്ക് എന്നതിനു പകരം വല്ല പാവ്േലാവ്മുക്കെന്നോ കോയമുക്കെന്നോ മറ്റോ പേരു മാറ്റിയാൽ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് നിഷ്കളങ്ക പ്രതിഭകൾ കരുതുന്നുണ്ടാവും. പക്ഷേ, അവിടംകൊണ്ടൊന്നും തീരില്ല.
എന്തായാലും കൊല്ലം ജില്ലയിലെ കുന്നത്തൂർ പഞ്ചായത്തിലെ ആ പ്രദേശത്തിന് ആവിധം പാകിസ്താൻമുക്ക് എന്ന ഒരു പേരിട്ടത് പഞ്ചായത്താവില്ല, കേരള സർക്കാറുമാവില്ല, കോൺഗ്രസോ കമ്യൂണിസ്റ്റോ ലീഗോ എന്തിന് ബി.ജെ.പിപോലും ആവില്ല! പിന്നെ ആര്, എന്തിന്, എപ്പോൾ പിൽക്കാലത്തൊരു പൊല്ലാപ്പുണ്ടാക്കാൻ ആ പേരിട്ടു? പാക് ചേർന്ന ആ പാവം മൈസൂർപാക്ക്പോലും ഇന്ന് ഇന്ത്യയിലൊരു പ്രതിയാണ്. പിന്നല്ലേ ആ പാകിസ്താൻമുക്ക്?
ഒരു പ്രദേശത്തിന് മറ്റൊരു രാജ്യത്തിന്റെ പേരുതന്നെ കൊടുക്കണമെന്ന് നിർബന്ധമുണ്ടായിരുന്നെങ്കിൽ, വല്ല ബർമാമുക്ക് സിലോൺമുക്ക് എന്നൊക്കെ കൊടുത്താൽ പോരായിരുന്നില്ലേ? സാർവദേശീയതക്ക് സാർവദേശീയത ആവേം ചെയ്തു, കൊസറകൾ കൂടാതെ കഴിയേം ചെയ്യാം! അങ്ങനെയായിരുന്നെങ്കിൽ ആരും അതിനെതിരെ കൊടിപിടിക്കാനും വടി എടുക്കാനും മിനക്കെടുമായിരുന്നില്ല. കത്തി പുക പടർത്താനില്ലാത്ത ഒന്നിന് ചുമ്മാ ഇക്കാലത്ത് ആരെങ്കിലും തീ കൊടുക്കുമോ?
മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങൾ കേരളത്തിൽ ഒരു കുന്നത്തൂരും തിരുവനന്തപുരത്തെ അരുവിപ്പുറവും മാത്രമല്ല, ആവിധം ഒരുപാട് പ്രദേശങ്ങളുണ്ട്. അവക്കൊന്നിനുമില്ലാത്തൊരു സ്പെഷൽ പേര് ഈ പ്രദേശത്തിനുമാത്രം എങ്ങനെ ഉണ്ടായി? ഔദ്യോഗികമായി പാകിസ്താൻമുക്ക് എന്ന് പേരില്ലെങ്കിലും മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങൾ ‘പച്ച പാകിസ്താൻ’ എന്നീ പ്രകാരംതന്നെയാണ് സാമാന്യബോധത്തിൽ നിലനിന്ന് പോരുന്നത്. മറ്റൊരുതരത്തിൽ പറഞ്ഞാൽ കേരളത്തിൽ മറഞ്ഞ പാകിസ്താൻമുക്കുകളും തെളിഞ്ഞ പാകിസ്താൻ മുക്കുകളുമുണ്ട്.
രണ്ടും രൂപംകൊണ്ടത് ഒരേ ജാതിമേൽക്കോയ്മാ പ്രത്യയശാസ്ത്രത്തിൽനിന്നാണെന്ന സത്യമാണ് പാക് പേരു വിവാദത്തിൽ പൂഴ്ത്തിവെക്കപ്പെടുന്നത്. ബോധപൂർവമാവണമെന്നില്ല. പേരിടലിൽ അടക്കം ജനായത്തം എവിടെ തോൽക്കുമ്പോഴും ഇന്ത്യയിൽ എല്ലായിടത്തും ജയിക്കുന്നത് ജാതിമേൽക്കോയ്മയാണ്. കാലങ്ങൾ മാറി, കാണുന്നു പുരാണ അസ്ഥികൂടങ്ങൾ വിദ്യുച്ഛക്തി തൂണിനൊപ്പം എന്നതൊക്കെ മുമ്പ്! ഇന്ന് അതായത്, ആ പുരാണങ്ങൾക്ക്, ജാതിപ്രത്യയശാസ്ത്രത്തിന്റെ പ്രാണന് കൊഴുത്ത ഒരു ശരീരവുംകൂടി തിരിച്ചുകിട്ടിയതോടെ സർവപ്രതാപവും കൈവന്നിരിക്കുന്നു!
പാകിസ്താനിലേക്ക് സ്വയം ആവശ്യപ്പെടാതെ ആദ്യ സൗജന്യ ടിക്കറ്റ് കിട്ടിയത് ഡോ. അനന്തമൂർത്തിക്കാണ്! നരേന്ദ്ര മോദി അധികാരത്തിൽ വന്നാൽ ഞാൻ ഇന്ത്യ വിടും എന്നദ്ദേഹം പറഞ്ഞതിന്റെ പേരിലാണ്, നമോ ബ്രിഗേഡ് അന്ന് അദ്ദേഹത്തോട് പോ പോ പാകിസ്താനിൽ എന്നാേക്രാശിച്ചത്. രോഗബാധിതനായിരുന്നപ്പോൾ അദ്ദേഹത്തിന്റെ വീടിനു ചുറ്റുമവർ ആഭാസമുദ്രാവാക്യങ്ങൾ വിളിച്ച് പ്രകടനം നടത്തി.
മരിച്ചപ്പോൾ ഗാന്ധിവധാനന്തര പശ്ചാത്തലത്തെ ഓർമിപ്പിക്കുംവിധം മധുരപലഹാര വിതരണവും നടത്തി! ശരിക്കും അനന്തമൂർത്തി പറഞ്ഞതിന്റെ പൊരുൾ, ഇതാ മതനിരപേക്ഷതക്ക് തീ പിടിക്കാൻ പോകുന്നു എന്നായിരുന്നു. ആ താക്കീത് അർഹിക്കുംവിധം മറ്റ് പ്രതിഭകളും ഏറ്റുപിടിച്ചിരുന്നുവെങ്കിൽ, അതായത് അനന്തമൂർത്തി നിങ്ങളൊറ്റക്കല്ല, ഞങ്ങളും കൂടെയുണ്ടെന്നവർ ഇടിവെട്ടുംവിധം ഉറക്കെ പറഞ്ഞിരുന്നെങ്കിൽ, അത് ഇന്ത്യയിലുടനീളം അന്ന് ഒരു ഇളക്കമുണ്ടാക്കുമായിരുന്നു.
പാകിസ്താൻ എന്നുള്ളത് ഫാഷിസ്റ്റ് നിഘണ്ടുവിൽ ഒരു രാഷ്ട്രമല്ല, ശത്രുരാജ്യം പോലുമല്ല, ഇന്ത്യക്കാരായ മതനിരപേക്ഷവാദികളെ പൊതുവിലും മുസ്ലിം സമുദായത്തെ പ്രത്യേകിച്ചും ഭീഷണിപ്പെടുത്താനുള്ള ഒരു വില്ലൻ കച്ചറ വാക്കാണ്! അവികസിതമായ ആ ഫാഷിസ്റ്റ് മാനസികാവസ്ഥയെ ആഴത്തിൽ അപനിർമിച്ചുകൊണ്ട് കെ.ജി.എസ് എഴുതിയ കവിതയുടെ പേരുതന്നെ ‘പാകിസ്താനിലേക്ക് പോകൂ’ എന്നാണ്. സർവ വാർപ്പുമാതൃകകളെയും പൊളിച്ച് കൈയിൽ കൊടുക്കുന്ന ആ കവിതമാത്രം മതിയാവും ഫാഷിസ്റ്റ് പാക് വിളിയുടെയും രാഷ്ട്രീയപൈങ്കിളിത്തരത്തിന്റെയും കാറ്റൊഴിക്കാൻ.
‘ഇന്ന് കേട്ട തെറി/ പാക്കിസ്ഥാനിലേക്ക് പോ/ ഭ്രഷ്ട്/ ദ്വാരകയിലേക്കല്ല/ യെരൂശലേമിലേക്കല്ല/ മെക്കയിലേക്കുമല്ല/ ദൈവസ്ഥാനിലേക്കൊന്നുമല്ലാ/ എന്തിനു വെറുക്കുന്നു എന്ന് നിനക്കുപോലും/ നിശ്ചയമില്ലാത്തൊരു മതസ്ഥാനിലേക്ക്/ എന്തിന് പൂജിക്കുന്നു എന്ന് നിനക്കുപോലും/ നിശ്ചയമില്ലാത്തൊരു മതസ്ഥാനിൽനിന്ന്/ നിനക്കെന്നെ തുരത്തണം/ നീയോ ഈ നാടിന്റെ ഉടയോൻ/ എംഡി ചെയർമാൻ മാർഷൽ സ്വേച്ഛാധിപതി, ഒരേയൊരവകാശി/ ജന്മാവകാശമെങ്കിൽ/ അത് നമുക്ക് തുല്യം/ അല്ലെങ്കിൽ പോയാലെന്താ പാക്കിസ്ഥാനിലേക്ക്. ഗൾഫിലേക്കാണെങ്കിൽ മതം പ്രശ്നമല്ല/ മക്കളെ വിടാമെന്നെന്നോട് സ്വകാര്യമായി പറഞ്ഞതും/ ഗുരുജി തന്നെയല്ലേ.’
കേരളത്തിലും ബാബരിപള്ളി പൊളിച്ചതിനുശേഷം ഡോ. കെ.എൻ. പണിക്കർ വെളിപ്പെടുത്തിയതുപോലെ അയോധ്യാ നഗറും അതേപേരിലുള്ള ഹോട്ടലുകളും ഉണ്ടാവുന്നു. ഒരു പുതിയ പേര് പഠിക്കുമ്പോൾ എപ്പോൾ ഉണ്ടായി എന്നും ആരാണത് ഉണ്ടാക്കുന്നതിൽ പങ്കെടുത്തതെന്നും പഠിക്കപ്പെടേണ്ടതുണ്ട്. എന്നാൽ, അയോധ്യനഗർ പോലെയല്ല പാകിസ്താൻമുക്ക്! ആദ്യത്തേത് ഇന്ത്യക്കകത്തുള്ള പുണ്യഭൂമിയാവുമ്പോൾ, മറ്റേത് ശരിക്കുംമറ്റേത്തന്നെ! പാകിസ്താൻപോലുള്ള ശത്രുരാജ്യത്തിന് പ്രബുദ്ധ കേരളത്തിൽ ഒരു വമ്പൻ സ്ഥലപ്പേരായി വന്ന് സ്വയം സിന്ദാബാദ് വിളിക്കാൻ എങ്ങനെ കഴിഞ്ഞു? ഒറ്റവാക്കിൽ അതെ/അല്ല, ശരി/തെറ്റ് എന്നിപ്രകാരം ഉത്തരം എഴുതാനാവാത്തവിധം, സത്യംപറഞ്ഞാൽ, പ്രശ്നം സങ്കീർണമാണ്.
ഇന്ത്യയിൽ ജനിച്ചവർ മുതൽ വിഭജനകാലത്ത് പാകിസ്താനിൽ പെടുകയും പിന്നീട് ഇന്ത്യയിൽ തലമുറകളായി സ്ഥിരതാമസമാക്കുകയും ചെയ്ത മുസ്ലിംകൾവരെ പൗരത്വപ്രതിസന്ധി അനുഭവിക്കുന്ന പശ്ചാത്തലത്തിലാണ്, പാകിസ്താൻമുക്ക് പോലുള്ള വെറും സ്ഥലപ്പേരുകൾ തീയില്ലാതെയും കത്തുന്നത്.
വിഭജനകാലത്ത് പാകിസ്താനിൽനിന്ന് ഇന്ത്യയിലേക്ക് വന്നവരെ പിന്തുടരുന്ന ഭീതിയുടെ ആഴമാണ് പി.ടി. കുഞ്ഞുമുഹമ്മദിന്റെ ‘പരദേശി’യും (2007), ടി.കെ. രാജീവ്കുമാറിന്റെ ‘കോളാമ്പി’യും (2019) പോലുള്ള ശ്രദ്ധേയമായ സിനിമകൾ ആവിഷ്കരിക്കുന്നത്. ഭൂതകാലത്തിന്റെ േപ്രതവാഴ്ചയിൽ പൊടിയുന്നത് എത്രയോ ജീവിതങ്ങളാണ്, സംശയാത്മകമാവുന്ന, ആവിധം ആക്കിയ പൗരത്വത്തിന്റെ അടുപ്പിൽ വേവുന്നത് മതനിരപേക്ഷതയുടെ പ്രകാശംപരത്തുന്ന മൂല്യങ്ങളാണ്. അതോടെയാണ് ഒരിക്കൽ ഒരു പരിഹാസപ്പേരായി മാത്രം പ്രവർത്തിച്ച സ്ഥലനാമങ്ങൾപോലും പൊട്ടിത്തെറിക്കാൻ തുടങ്ങുന്നത്!
ഇന്ത്യൻ നവഫാഷിസത്തിന്റെ സൈദ്ധാന്തിക ഗ്രന്ഥമായ ഗുരുജി ഗോൾവാൾക്കറുടെ ‘വിചാരധാര’ പൊതുവിൽ മറ്റിന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി, ഒരു പ്രശ്നസംസ്ഥാനമായാണ് കേരളത്തെ പരിഗണിക്കുന്നത്. പച്ചക്കുപറഞ്ഞാൽ ഫാഷിസ്റ്റ് ഇച്ഛക്ക് വഴങ്ങാത്ത ഒരു സംസ്ഥാനം! അദ്ദേഹം പറയുന്നു: ഇന്നു കേരളം പ്രശ്നസംസ്ഥാനമാണ്. ഭാരതീയ ദേശീയജീവിതത്തിന്റെ മുഖ്യധാരയിൽ ലയിച്ചൊഴുകാൻ കൂട്ടാക്കാത്ത വിവിധ ശക്തികളിൽ ഏതെങ്കിലുമൊന്നുമാത്രം മറ്റിടങ്ങളിൽ തലപൊക്കുമ്പോൾ ഇവിടെ ഈ ഭാർഗവഭൂമിയിൽ എല്ലാവരുമൊരുമിച്ച് നിരന്നിരിക്കുകയാണ്.
കേരളത്തെ ഐക്യകേരളമായല്ല, ഭാർഗവഭൂമിയായിട്ടാണ് കൊല്ലമേറെ കഴിഞ്ഞിട്ടും അദ്ദേഹം അടയാളപ്പെടുത്തുന്നതെന്നുള്ളത് ശ്രദ്ധേയമാണ്. പരശുരാമനും മഴുവും കടലുമൊന്നുമല്ല നമ്മുടെ സ്വന്തം കേരളം. പരശുരാമന്റെ മഴുവിൽനിന്നല്ല, പുന്നപ്രവയലാറിൽ ഒഴുകിയ സമരസഖാക്കളുടെ ചോരയുടെ ചുവപ്പിലും പ്രവാസികളുടെ വിയർപ്പിന്റെ ഉപ്പിലുമാണ് കേരളമുണ്ടായത്. കടൽകടന്നുപോയ മലയാളം പലതും കണ്ടും കേട്ടും സഹിച്ചും കൊടുത്തും സ്വപ്നംകണ്ടും തിരിച്ചുവന്നപ്പോഴാണ്, പുതിയ കെട്ടിടങ്ങളും വാഹനങ്ങളും വീടുകളും വിദ്യാലയങ്ങളും സ്നേഹവുമുണ്ടായത്. ആഢ്യത്വത്തിന്റെ ആ പഴയ കിരീടവും കസവുമല്ല, പ്രവാസികൾ കേറ്റിക്കുത്തിയ കള്ളിമുണ്ടിൽനിന്നും അറബികുബ്ബൂസിൽനിന്നും അസംഖ്യം സമരപരമ്പരകളിൽനിന്നുമാണ് അനേകരുടെ ചുണ്ടിൽ അത്തർച്ചിരി നിറഞ്ഞത്. അങ്ങനെയുള്ള കേരളത്തിൽ, ഒരുവിഭാഗം മനുഷ്യരെ പരിഹസിക്കുന്ന സ്ഥലപ്പേരുകൾ എങ്ങനെയാവും ഉണ്ടായിട്ടുണ്ടാവുക?
മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളെ ‘വിചാരധാര’ പൊതുവിൽ അടയാളപ്പെടുത്തുന്നത്, അസംഖ്യം കുട്ടിപാകിസ്താനുകൾ എന്നും പച്ചവിപത്ത് എന്നുമാണ്. ‘വിചാരധാര’യിലൊഴിച്ച് മറ്റെവിടെയും ഇപ്രകാരം വായിക്കാൻ കഴിഞ്ഞിട്ടില്ല. അപ്പോൾപിന്നെ, പാകിസ്താൻമുക്ക് എന്ന സ്ഥലനാമം അതിൽനിന്നും ഊറിവന്നതാവുമോ? എങ്കിൽപിന്നെ ഈ പേരും പൊക്കിപ്പിടിച്ച് സംഘ്പരിവാർ ശക്തികൾതന്നെ എന്തിന് ബഹളം വെക്കണം? അവരിട്ട പേരിനെതിരെ അവർതന്നെ പിന്നീട്സമരം ചെയ്യുമോ? ചോദ്യങ്ങൾ ഉപരിതലത്തിൽ എത്രയോ ന്യായമാണ്.
പക്ഷേ, അടിയൊഴുക്ക് അതിനെ അട്ടിമറിക്കുംവിധം അഗാധമാണ്. പരിഹാസപ്പേരിനെ ഒരു പ്രദേശത്തെ ജനത മുഴുവൻ ജാതി-മത-പാർട്ടി പരിഗണന കൂടാതെ സ്വീകരിക്കുന്നതോടെ ആ പേര് ഒരു പരിഹാസപ്പേരല്ലാതായി മാറാം. പേരിട്ടവർക്കെതിരെ പണിനോക്കി പോ ഫാഷിസ്റ്റേ എന്ന് പറയാനാവും വിധം, അത് മാറിയാൽ അതോടെ, പേരിട്ടവർ പ്രതിസന്ധിയിലാവും. അപ്പോളവർ പേരിട്ടതിന്റെ കുറ്റം മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

