ആൻ കാഴ്സൻ: വാക്കുകളിലെ മിതത്വം; ദർശനത്തിന്റെ ആഴം
text_fieldsടോറന്റോ: പുരാതന ഗ്രീക്ക് പുരാവൃത്തങ്ങളെയും ചരിത്രങ്ങളെയും ആധുനിക പശ്ചാത്തലത്തിലേക്ക് മികവോടെ പുനരാവിഷ്കരിച്ച ആൻ കാഴ്സന് അർഹിക്കുന്ന അംഗീകാരമായി നൊബേൽ പുരസ്കാരത്തിളക്കം. വാക്കുകളുടെ മിതത്വവും ആഴമേറിയ ദാർശനിക ചിന്തകളും പുരാതന ചരിത്രത്തിന്റെ പശ്ചാത്തലവുമാണ് ആൻ കാഴ്സൺ കവിതകളുടെ ആത്മാവ്. സാഹിത്യത്തിന്റെ പൊതുവായ നിയമങ്ങളെയും അതിർവരമ്പുകളെയും ലംഘിക്കുന്ന ഗദ്യവും പദ്യവും കലർന്ന സങ്കര സാഹിത്യ ശൈലിക്ക് തനതു ഭാവുകത്വമുണ്ട്. ലളിതവും സാധാരണവുമായ കാര്യങ്ങളിൽ ദാർശനിക അർഥതലങ്ങൾ കണ്ടെത്താനുള്ള ആൻ കാഴ്സന്റെ മികവ് ഗംഭീരമാണ്.
ഇറോസ് ദി ബിറ്റർസ്വീറ്റ് (1986) എന്ന കൃതി പ്രതിപാദിക്കുന്നത് മനുഷ്യന്റെ ആഗ്രഹങ്ങളുടെ സങ്കീർണതയാണ്. ഒരു സാധാരണ മനുഷ്യന്റെ ആഗ്രഹത്തെ സോക്രട്ടീസിന്റെ ജ്ഞാനലോകവുമായി സമന്വയിപ്പിക്കുന്ന ചിന്തക്ക് പുതുമയുണ്ട്. പ്രണയം ഒരേസമയം മധുരവും എന്നാൽ, വേദനാജനകവുമാകുന്നതെങ്ങനെയെന്ന് പുരാതന ഗ്രീക്ക് കവയിത്രി സാപ്പോയുടെ വരികളെ മുൻനിർത്തി ബിറ്റർസ്വീറ്റിൽ അവർ വിശകലനം ചെയ്യുന്നു.
മനുഷ്യന്റെ ആന്തരിക സംഘർഷങ്ങൾക്കും വികാരങ്ങൾക്കും പുരാണങ്ങളിലും വർത്തമാനകാല ജീവിതത്തിലും സമാനതകളുണ്ടെന്നാണ് കാഴ്സൻ കൃതികൾ വരച്ചുകാട്ടുന്നത്. ഗ്രീക്ക് പുരാണ കഥകളെ ആധുനിക കാലത്തിലേക്ക് പറിച്ചുനടുകയാണ് അവർ. ഓട്ടോബയോഗ്രഫി ഓഫ് റെഡ് (1998) എന്ന കൃതിയുടെ ആധാരം ഹെർക്കുലീസിന്റെ സാഹസിക കഥകളാണ്. പുരാണത്തിൽ പരസ്പരം പോരടിക്കുന്ന രണ്ടു യോദ്ധാക്കളെ ഇവിടെ കമിതാക്കളായി അവതരിപ്പിക്കുന്നു, എന്നാൽ സംഘർഷത്തിന് കുറവൊന്നുമില്ല.
നോര്‍മ ജീന്‍ ബേക്കര്‍ ഓഫ് ട്രോയ് (2019) യൂറിപ്പിഡീസിന്റെ ‘ഹെലന്’ എന്ന നാടകത്തിലെ ട്രോയിലെ ഹെലന്റെ കഥയും മെര്ലിന് മണ്‍റോയുടെ ജീവിതവും സമന്വയിപ്പിച്ചാണ് എഴുതിയിട്ടുള്ളത്. ‘ഷോർട്ട് ടോക്സ് (1992) നാം പൊതുവേ കണ്ടുശീലിച്ച രീതിയിലുള്ള കവിതകളല്ല, മറിച്ച് പദ്യവും മിനിമലിസ്റ്റിക് ഗദ്യവും ചേർന്ന കൊച്ചു ചിന്തകളാണ്. അവരുടെ ‘ഓട്ടോബയോഗ്രഫി ഓഫ് റെഡ്’, ‘ഷോർട്ട് ടോക്ക്സ്’ തുടങ്ങിയ കൃതികളിലെ ചില ഭാഗങ്ങൾ മലയാളത്തിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

