എഴുത്തുകാർ സാംസ്കാരിക നായകന്മാരല്ലെന്ന് സാഹിത്യകാരൻ ആനന്ദ്; ‘ഇപ്പോൾ മനുസ്മൃതി വേണമെന്ന് ആരും പറയില്ല, എപ്പോഴും മനുഷ്യനാണ് പ്രധാനം’
text_fieldsതൃശൂർ: എഴുത്തുകാരെ സാംസ്കാരിക നായകന്മാരെന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്ന് സാഹിത്യകാരൻ ആനന്ദ്. സത്യത്തിൽ എഴുത്തുകാർ സാംസ്കാരിക നായകന്മാരൊന്നുമല്ല. നീതിക്കുവേണ്ടി ദാഹിക്കുന്നവരാണ് സംസ്കാരത്തെ ചലിപ്പിക്കുന്നത്. എഴുത്തുകാർ അവിടവിടെ ഒരു നട്ടും ബോൾട്ടും തിരിക്കുന്നുണ്ടാകും. അത്രയേ ഉള്ളൂ. ചരിത്രത്തിൽ നീതിക്കുവേണ്ടിയുള്ള ദാഹം വലുതായിരുന്നു. സ്വാതന്ത്ര്യം നിഷേധിക്കുന്ന സമ്പ്രദായമെല്ലാം മാറി. ഇപ്പോൾ മനുസ്മൃതി വേണമെന്ന് ആരും പറയില്ല. സതി വേണമെന്നും പറയില്ല. സംസ്കാരം എന്ന യാത്രയിൽ വന്ന മാറ്റമാണിത്. മനുഷ്യനാണ് പ്രധാനം.
ഗുരുത്വാകർഷണത്തോടുള്ള സമരമാണ് ജീവിതം. ജനിച്ച് കഴിഞ്ഞ് ഇരിക്കുകയും നടക്കുകയും ഓടുകയുമെല്ലാം ചെയ്ത് ഗുരുത്വാകർഷണത്തെ തോൽപിക്കുകയാണ്. ഒടുവിൽ, വീണ്ടും ഭൂമിക്കൊപ്പം കിടക്കുന്നു, ഗുരുത്വാകർഷണത്തോടൊപ്പം. ഒന്നാലോചിച്ചാൽ എല്ലാം നിരർത്ഥകമാണെന്ന് തോന്നും. ഒരാവശ്യവുമില്ലാത്ത യുദ്ധങ്ങൾ നടക്കുന്നു. ഫലസ്തീനിൽ ദിനംപ്രതി കുട്ടികളുൾപ്പെടെ കൊല്ലപ്പെടുന്നു. മനുഷ്യനെ മറന്ന് മതത്തിന്റെ പേരിൽ അക്രമങ്ങൾ നടക്കുന്നു. ആഗോളതാപനം ഭയന്ന് നമ്മൾ ചെറു ബൾബ് പോലും ഓഫ് ചെയ്യുന്നു. എന്നാൽ, ബഹുകോടി താപനം സൃഷ്ടിച്ചുകൊണ്ട് ബോംബുകൾ വർഷിക്കുകയാണെന്നും ആനന്ദ് പറയുന്നു.
രാഷ്ട്രീയത്തിൽ ധാർമ്മികത കൊണ്ടുവന്നയാളാണ് ഗാന്ധിജി. ഇപ്പോഴത്തെ രാഷ്ട്രീയത്തിൽ നിന്നും ധാർമ്മികത ചോർന്ന് പോയി. നമ്മൾ ചതിക്കുന്നു. ചതിക്കാൻ കൂട്ട് നിൽക്കുന്നു. പാർലമെന്റിൽ കുറെ ബഹളം കൂട്ടുന്നുവെന്നല്ലാതെ ഒന്നും നടക്കുന്നില്ല. മോദി രാമന് ക്ഷേത്രം പണിയുന്നു. കെജ്രിവാൾ ഹനുമാന് ക്ഷേത്രം പണിയുന്നു. എല്ലാം നമ്മുടെ പണം ഉപയോഗിച്ച്. ആർജവമെന്ന കാര്യം ഭരണ കർത്താക്കൾക്ക് മാത്രമല്ല, ജനത്തിനും നഷ്ടമായി. പറയുന്നതിൽ സത്യം വേണമെന്നില്ലാതെയായെന്നും ആനന്ദ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

