കൗമാരക്കാരെല്ലാം 70 പിന്നിട്ടു; പരപ്പിൽ സംഘത്തിന് ഇപ്പോഴും ചെറുപ്പം
text_fields1960ൽ ഇറക്കിയ ‘സായാഹ്നം’ കൈയെഴുത്ത് മാസികയുമായി പരപ്പിൽ
സംഘം ഭാരവാഹികൾ എം.ടി. വാസുദേവൻ നായരെ സന്ദർശിച്ചപ്പോൾ
(ഫയൽ)
കോഴിക്കോട്: നഗരത്തിൽ എതാനും സ്കൂൾ കുട്ടികൾ തുടങ്ങിയ കൂട്ടായ്മ നാട്ടിലുടനീളം സഹായപ്രവർത്തനങ്ങൾ നടത്തി 60 കൊല്ലവും പിന്നിട്ട് പ്രയാണം തുടരുന്നു. അന്ന് എട്ടാം ക്ലാസിൽ പഠിച്ചിരുന്ന 13ഉം 14ഉം വയസ്സായ കൗമാരക്കാരിൽ ജീവിച്ചിരിപ്പുള്ളവർക്ക് ഇന്ന് 70 കഴിഞ്ഞെങ്കിലും പഴയതിനേക്കാൾ ഉഷാറാണ് കാര്യങ്ങൾ. പരപ്പിൽ എം.എം ഹൈസ്കൂളിൽ 1960ൽ എട്ടാം ക്ലാസിൽ പഠിച്ചവരുടെ കൂട്ടായ്മയായ 'പരപ്പിൽ സംഘ' മാണ് വലിയ പ്രസ്ഥാനമായി മാറിയത്. ഇന്നും സ്ഥാപക അംഗങ്ങൾതന്നെയാണ് നയിക്കുന്നത് എന്നതാണ് വലിയ പ്രത്യേകത.
'ബി യങ് ബി ഹാപ്പി' എന്ന മുദ്രാവാക്യവുമായി വജ്രജൂബിലി ആഘോഷം ഞായറാഴ്ച രാവിലെ 9.30ന് ഒജിന്റകം ഷീ ഷോർ ഹാളിൽ നടക്കും. ചരിത്രസ്മരണിക പ്രകാശനവും വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കലും നടക്കും. 1960ലെ മഴക്കാലത്ത് കല്ലായിപ്പുഴയിൽ മുങ്ങിമരിച്ച പുതിയ മാളിയേക്കൽ അസൻ കോയ, ഇടിയാണം വീട്ടിൽ ആലിക്കോയ എന്നിവർക്ക് ആദരാഞ്ജലിയുമായി സംഘം ഇറക്കിയ 'സായാഹ്നം' കൈയെഴുത്ത് മാസിക ഇവർ ഇന്നും സൂക്ഷിക്കുന്നു.
1962ൽ മാതൃഭൂമി നടത്തിയ കൈയെഴുത്ത് മാസിക മത്സരത്തിൽ സായാഹ്നം രണ്ടാം സ്ഥാനം നേടി. അന്നത്തെ സമ്മാനത്തുകയായ 50 രൂപക്ക് പകരം പുസ്തകങ്ങൾ മതിയെന്നുപറഞ്ഞ് എം.ടി. വാസുദേവൻ നായരിൽനിന്ന് സംഘം 150 രൂപയുടെ ഗ്രന്ഥങ്ങൾ കൈപ്പറ്റി. 1962ൽ നടുവിലകം തറവാട്ടിൽ തുടങ്ങിയ ലൈബ്രറിയിലേക്ക് സമ്മാനം കിട്ടിയ പുസ്തകങ്ങളും മുതൽക്കൂട്ടായി. പഴയ കൈയെഴുത്ത് മാസികയുമായി പഴയ 'കുട്ടികൾ' കഴിഞ്ഞദിവസം വജ്രജൂബിലിയെപ്പറ്റി പറയാൻ എം.ടിയെ വീട്ടിൽ പോയി കണ്ടു. 'പരപ്പിൽ ബാലസംഘം' എന്നായിരുന്നു ആദ്യപേര്.
1962ൽ ഇന്ത്യ-ചൈന യുദ്ധകാലത്ത് നടത്തിയ രാജ്യരക്ഷാബോധവത്കരണം, 1969ൽ അഴിമതിയാരോപണ വിധേയനായ അന്നത്തെ മന്ത്രി വെലിങ്ടന്റെ നടപടിക്കെതിരെ സംഘത്തിലെ എട്ടുപേർ നഗരത്തിൽ മൊട്ടയടിച്ച് പ്രതിഷേധിച്ചത് തുടങ്ങിയവയെല്ലാം സംഘാംഗങ്ങൾ ഓർക്കുന്നു. അവയുടെയെല്ലാം വാർത്തവന്ന പത്ര കട്ടിങ്ങുകൾ ഇന്നും സൂക്ഷിക്കുന്നുണ്ട്. പ്രദേശത്തെ തിരഞ്ഞെടുത്ത കുടുംബങ്ങൾക്ക് മാസവും നിശ്ചിത തുക നൽകുന്ന യതീം ഫണ്ട് സംഘത്തിന്റേതായുണ്ട്. പ്രവാസികളുടെ സഹായത്തോടെ 90ലേറെ കുടുംബങ്ങൾക്ക് സ്നേഹവീട്, സ്ത്രീകൾക്ക് സ്വയംതൊഴിൽ കേന്ദ്രം എന്നിവയെല്ലാം യതീം ഫണ്ട് മുഖേന നടപ്പാക്കിയിട്ടുണ്ട്.
അശരണർക്കുള്ള ബ്രിട്ടനിലെ 'ഓഫർ' എന്ന സന്നദ്ധ സംഘടനയുടെ കേരളത്തിലെ ശാഖ നടത്തിപ്പും പരപ്പിൽ സംഘത്തിനാണ്. കല്ലായിയിൽ സ്വന്തം ഇരുനിലക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫർ പ്രകൃതി ദുരന്തങ്ങളിൽ സഹായമെത്തിക്കാറുണ്ട്. പ്രളയകാലത്ത് ജില്ലയിലും മലപ്പുറം, വയനാട് ജില്ലകളിലും ഭക്ഷ്യക്കിറ്റുകളെത്തിച്ചിരുന്നു. പരേതനായ പി.കെ. മുഹമ്മദ് അബ്ദുറഹ്മാൻ പ്രസിഡന്റും പി.പി. മമ്മദ് കോയ സെക്രട്ടറിയും ഒ. ബഷീർ ട്രഷററുമായായിരുന്നു പരപ്പിൽ സംഘത്തിന്റെ ആദ്യ കമ്മിറ്റി. പി.പി. മമ്മദ് കോയ ചെയർമാനും പി.കെ. അബ്ദുല്ലക്കോയ പ്രസിഡന്റും ഒ. ബഷീർ സെക്രട്ടറിയും പി.കെ. മൂസക്കോയ കൺവീനറുമായ കമ്മിറ്റിയാണ് വജ്രജൂബിലി ആഘോഷങ്ങൾക്ക് ചുക്കാനിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

