Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightആൾ ആർ ഹാപ്പി

ആൾ ആർ ഹാപ്പി

text_fields
bookmark_border
ആൾ ആർ ഹാപ്പി
cancel

അവർ ഒരുപാടുണ്ട്, പല പ്രായത്തിലുള്ളവർ.

രാവിലെ തലസ്ഥാനത്തുനിന്നും ജാൻസനോടൊപ്പം തുടങ്ങിയ നീണ്ട യാത്രയാണ്. മിക്കവരും നല്ല വൃത്തിയും മെനയുമുള്ളവർ. എന്നാലവർ പരസ്പരം ഒന്നും പറയുകയുണ്ടായില്ല. പലായനക്കാർക്കെല്ലാം ഒരേതരം വ്യഥയാവുമല്ലോ?!

എങ്കിലും, അടുത്തിരുന്നവർ മുഖാമുഖം നോക്കി. എന്തോ അവരുടെ മിഴികൾക്ക് മൊഴിയാൻ പലതുമുണ്ടായി. പക്ഷേ, പറയാൻ മടി. പറഞ്ഞാൽ, താങ്ങു തൂണുകൾ ദ്രവിച്ച, അടിത്തറയിടിഞ്ഞ് മൂലകുത്തി വീഴാവുന്ന തരം ആളൊഴിഞ്ഞ പടിപ്പുര കണക്കെ, പ്രതാപകാലമാസ്വദിച്ചവർ തീർത്തും അനുഭവിക്കേണ്ട ഒരു കൂട്ടം വലിയ ആഘാതങ്ങളുടെ ഏതോ നിലതെറ്റിയ നേരമായി മാത്രം മറ്റുള്ളവർക്കതു തോന്നിയാലോ എന്ന ഒറ്റക്കാരണത്താൽ, മൗനവേദനയുടെ ഖനീഭവിച്ച ആ വദനങ്ങൾ വാടി കൂമ്പിതന്നെയിരുന്നു പിന്നെയും. അല്ലെങ്കിലും നമ്മൾ നമ്മളോടുതന്നെ സംസാരിക്കുകയും തർക്കിക്കുകയും ചെയ്യുമ്പോഴാണല്ലോ, മൗനത്തെ ഇഷ്ടപ്പെട്ടു തുടങ്ങുന്നത്; കൂട്ടുചേർക്കുന്നത്..!

പിന്നീട് അവരെന്തോ മിണ്ടി. അങ്ങനെ സാഹിദും അനിലയും ചേർന്നിരുന്നു, കുറച്ചുകൂടെ. അല്ല, അവരെ ചേർത്തിരുത്തി ട്രെയിൻ കയറിയ പാടെ ജാൻസൻ. മിണ്ടാത്തവർ മിണ്ടുമ്പോൾ പറയാനായിരം കാര്യങ്ങളുണ്ടാവും; ഉള്ളിന്റെയുള്ളിൽ താഴിട്ടു പൂട്ടിയവ. മനോഐക്യമുള്ളവരോടത് ഓരോന്നായി പതുക്കെപ്പതുക്കെ മൊഴിഞ്ഞുതുടങ്ങും. കേൾക്കാനൊരു കാതുണ്ടെങ്കിലല്ലേ, കഥ പറച്ചിലിന് സുഖമുള്ളൂ. അവഗണനയുടെ കട്ടക്കയ്പിന്റെ കറുത്ത ദിനരാത്രങ്ങളുടെ സങ്കടങ്ങൾ പറയാനായി തുനിഞ്ഞുവെങ്കിലും വേണ്ടെന്നു െവച്ചു സാഹിദ്. എന്തിനീ ബ്ലാക്ക് ആൻഡ് വൈറ്റ് ഇൻസിഡെന്റ്സ് പറഞ്ഞ് മറ്റുള്ളവരെക്കൂടി ഇഷ്ടക്കേടിലാക്കുന്നു. ഒത്തിരി നാളുകൾക്ക് ശേഷമാ തന്നോടൊരാൾ ഒരു വാക്ക് സംസാരിച്ചതുതന്നെ. അതില്ലാതാക്കണോ..?

വേണ്ടാ...

‘തന്നെ തഴഞ്ഞതാ... ആവശ്യം കഴിഞ്ഞപ്പോൾ തന്നെ തഴഞ്ഞതാ...’ ഉപേക്ഷിച്ച കഥകൾക്കും കേൾവിക്കാരുണ്ടാവില്ല. പറയേണ്ടതില്ല. അതും ആർക്കും താൽപര്യമില്ലാ വിഷയമല്ലേ? അനിലയും അൽപം അടുപ്പം കാണിച്ചവരെ കൂടി വെറുപ്പിക്കേണ്ടതില്ല എന്ന തരത്തിൽ തല കുനിച്ച് കൂടുതൽ മിണ്ടാതിരുന്നു. അതെ, മൗനം മറ്റൊരു മൗനത്തോടൊപ്പം സഞ്ചരിച്ചു.

പക്ഷേ, ചില ചോദ്യങ്ങൾക്ക് ജീവിതത്തിൽ നമ്മൾ ഉത്തരം പറഞ്ഞേ മതിയാവൂ. അങ്ങനെയാണ് ആ ചോദ്യം സാഹിദിന് മുന്നിലേക്ക് ഏറുപടക്കം പോലെ വന്നുവീണു പൊട്ടിച്ചിതറിയത്.

‘സാഹിദേ, ആരായിരുന്നു അവർ..?’

അനിലക്കത് അറിയാതിരിക്കാനാവില്ലായിരുന്നു.

‘ആര്..?’

‘നിന്നോടിത്രയും അവജ്ഞയോടെ പെരുമാറിയത്..?’

സാഹിദിന്റെ തലയിൽ കൊള്ളിയാൻ കിടുങ്ങി. ഹൃദയത്തിൽ രക്തപ്രളയമുണ്ടായി, കണ്ണിൽ പേമാരിയുണ്ടായി. അതുണ്ടാവും, കാരണം അപ്രതീക്ഷിത ചോദ്യത്തിനു മുന്നിൽ അഭിനയിക്കാനാരും പഠിച്ചിട്ടില്ലിതുവരെ..! പലരും പിടിവിട്ടുപോകുന്നതും ഇവിടങ്ങളിലാണ്. ഒരാളെങ്കിലും തന്നോടിത് ചോദിച്ചല്ലോ എന്ന ആശ്വാസത്തിൽ, വിതുമ്പി വിറച്ച അധരങ്ങളാലവനാ ആളെ പറഞ്ഞു.

‘ഉമ്മ...’

ഒരു മാതാവിന് മകനോടിത്രയും മനഃസാക്ഷിയില്ലാതെ പെരുമാറാനാകുമോ..? പറ്റുമെന്നല്ലേ സാഹിദ് പറയുന്നത്. ഇതെന്തൊരു ലോകമാണ്..!

‘ലോകം ഇങ്ങനെയാണ് അനില. കരുണ കാണാനില്ല; കേൾക്കാനും. ഉണ്ടോ..?’

‘ഭീകരമാണവസ്ഥയല്ലേ?!’

അവൾ അത്ഭുതത്തോടെ ചോദിച്ചു.

‘അതെ, അതിഭീകരമെന്നതിനേക്കാൾ വലിയ വാക്കുണ്ടെങ്കിൽ അത്... നിനക്കറിയോ, ഒരാളുടെ കഥ അയാൾക്കേ വികാരമുള്ളതാവുന്നുള്ളൂ. മറ്റുള്ളവർക്കത് വെറും നേരംപോക്കാണ്..!’

ചിലമ്പിച്ചിതറിയ വാക്കുകൾ കേട്ടപ്പോൾ കരച്ചിൽ വന്നു അനിലക്ക്. ഹൃദയമുള്ളവർക്ക് മാത്രം വരുന്ന വികാരം. ഒന്നു തിരിഞ്ഞുനോക്കുക പോലും ചെയ്യാതെയുള്ള ചവിട്ടി പുറത്താക്കൽ, അതിന്റെ നോവ്, ചിന്തിച്ചാലറ്റം കാണാത്ത മരുഭൂമിയാണത്.

അവൾ ഒന്നും മിണ്ടിയില്ല, സാഹിദിന്റെ നൊമ്പരക്കഥ കേട്ടപ്പോൾ, താൻ അവനേക്കാൾ നല്ലവളായോ, ഭാഗ്യവതിയായോ എന്നും തോന്നുകയുണ്ടായി അവൾക്ക്. ശരിയാണ്, മറ്റുള്ളവരുടെ ജീവിതത്തിലെ വളവുതിരിവുകളും കയറ്റിറക്കങ്ങളും അറിയുമ്പോൾ, നമ്മുടേതൊന്നും ഒന്നുമല്ല; ഒന്നും.

പക്ഷേ, തന്റെ കഥക്ക് എന്താണിത്രമാത്രം മാറ്റം. അല്ലെങ്കിലും എല്ലാവരുടെയും കഥകൾ ഒന്നല്ലേ? പരിസരവും സമയവും മാറുന്നുവെന്നല്ലേയുള്ളൂ. മിക്കതിലും കഥാപാത്രങ്ങൾ ഒന്നുതന്നെ... ഉറ്റവർ.

ഇവിടെ താൻ കറിവേപ്പിലയായി. അതിൽ തെറ്റില്ല എന്നവൾ. കറിവേപ്പില ജന്മങ്ങൾകൊണ്ട് നിറഞ്ഞയീ ലോകത്ത് തന്റെ നാമവും ചേർക്കപ്പെട്ടിരിക്കുന്നുവെന്നു മാത്രം. നാളെ അതിലേക്കുള്ള പേരുകൾ കൈവഴിപ്പുഴകൾ കടലിലേക്കെന്നപോലെ ഒഴുകിയെത്തും. ചുരുക്കത്തിൽ ഒരിക്കലെങ്കിലും ഒരിടത്തെങ്കിലും കറിവേപ്പിലയാവാനുള്ളതാണ് നമ്മുടെയൊക്കെ ജന്മങ്ങൾ എന്നുറപ്പ്. അവർക്കിടയിൽ മൗനത്തിന്റെ മാറാലക്കെട്ടുണ്ടായി വീണ്ടും. വൻ ഇരുമ്പുവേലിയായി അത് രണ്ടാൾക്കുമിടയിൽ. വീണ്ടും അതിരുകൾ, അകലങ്ങൾ....

അതെ, അതിരില്ലാത്തൊരു ലോകം ഇനിയില്ല. രാജ്യങ്ങൾക്കും അയൽവാസിക്കും ആളുകൾക്കും, എന്തിന് വീട്ടുകാർക്കിടയിൽപോലും ഇനി കനത്ത അതിരുകൾ സൃഷ്ടിക്കപ്പെടും, കൂടുതലായി. അങ്ങനെ പരസ്പരം കാണാനാവാതെ, അറിയാനാവാതെ, ആ അതിർവരമ്പുകൾ കഥകൾ ബാക്കിവെച്ച്, നടുതകർന്ന തകരപ്പാലം പോലെ തൂങ്ങിയാടി നിൽക്കും. ഓർക്കണം, അപ്പോഴും താഴെ ബാക്കിയായ സ്നേഹനദി ഒലിച്ചുകൊണ്ടേയിരിക്കും.

അവരങ്ങനെ സാമൂതിരിയുടെ നാട്ടിൽനിന്നും രണ്ടായി പിരിഞ്ഞു. വിടപറയുമ്പോൾ ഗദ്ഗദമുണർന്നില്ല. കാരണം, പലായനക്കാരന് അതുണ്ടാവാനിടയില്ല. പാകപ്പെട്ട മനസ്സിന് പലതും പിടിച്ചു നിർത്താനാവും, പലതും.

ഒരാൾ കരിന്തണ്ടന്റെ വഴി ചുരം കയറി. മറ്റേയാൾ, ഒതേനന്റെ നാട്ടിലേക്കും. കെട്ടിപ്പിടിച്ച് കാണാം എന്ന വായ്മൊഴിയില്ലാതെ പിരിഞ്ഞ യാത്ര. സാഹിദ് കൽപറ്റയിലെ ചിൽഡ്രൻസ് ഹോമിലെ, മിഥുനിലേക്ക് പരകായപ്രവേശം നടത്തി. മിഥുനിന്റെ കണ്ണുകൾ മീനമാനത്തേക്കാൾ ലങ്കി വിളങ്ങി. അവൻ സാഹിദിനെ ചേർത്തണച്ചു.

അനില, തളിപ്പറമ്പിലെ അനാഥമന്ദിരത്തിലെ പവിത്രക്കരികിലേക്ക് ജാൻസനോടൊപ്പം യാത്ര ചെയ്തെത്തി. മിഥുനിന്റെ കണ്ണിൽ കണ്ട തിളക്കത്തിനൊപ്പം, സാഹിദിന്റെ അനാഥത്വം ഇല്ലാതായി. കാരണം, ആ ദിവസം അവനിലിപ്പോഴുമുണ്ട് മായാതെ. ജാൻസൻ വീട്ടിൽ വന്ന ദിവസം.

‘ചേച്ചീ പഴയത്, അതായത് വല്ലാതെ കേടുവരാത്തത്, മറ്റുള്ള കുട്ടികൾക്ക് ഉപയോഗിക്കാവുന്ന വല്ല ഉടുപ്പുകളും ഉണ്ടോ?’

ആ തടിച്ച സ്ത്രീ ഉരുണ്ടുരുണ്ടു, തലയിലെ തട്ടം ശരിയാക്കി അകത്തേക്ക് പോയി. ഒരു കവറുമായി തിരിച്ചും ഉരുണ്ടു വന്നുനിന്നു. കിതപ്പിനിടെ ചോദിച്ചു.

‘സാഹിദ് മോന് എടുത്തതാണ്, അവന്റെ ബർത്ത് ഡേക്ക്. കളറിഷ്ടായില്ലാന്നും പറഞ്ഞ് തൊട്ടു നോക്കീല... ഇതു പറ്റുമോ..?’

പൊട്ടിച്ചിട്ട് പോലുമില്ലാത്ത, ആ പാക്കറ്റ് വാങ്ങിച്ചു ജാൻസൻ.

‘പറ്റും. ധാരാളം ചേച്ചീ... താങ്ക് യൂ’

മറ്റൊരിടത്തുനിന്നാണ് അനിലയുടെ വരവ്.

‘രണ്ടിടലേ ഇട്ടിട്ടുള്ളൂ. ഒന്ന് ഓണത്തിന്റെയന്നും, പിന്നെയൊരു കല്യാണത്തിനും. പറ്റുമെങ്കിൽ എടുത്തോളൂ. ഒരു പെൺകുഞ്ഞിനെങ്കിലും ഗുണമാവട്ടെ...’

അവർ, ആ വിധവയായ സാധു സ്ത്രീ, രണ്ട് ജോടി വസ്ത്രമുള്ളതിൽനിന്നും നല്ലത് ഒരെണ്ണം നൽകിയത് കണ്ടപ്പോൾ, ജാൻസന് വാങ്ങിക്കാൻ മടി തോന്നി. എന്നിരുന്നാലും ഒരു പെൺകുഞ്ഞിന്റെ നാണം മറയ്ക്കാൻ അവർ കാണിച്ച മനസ്സിനു മുന്നിൽ അതുപേക്ഷിക്കാനും തോന്നിയില്ല. കവറുമായി തിരിച്ചിറങ്ങുമ്പോൾ വെറുമൊരു നരച്ചു പിന്നിയ കമ്മീസിനുള്ളിലെ രൂപം അമ്മയുടെ മാക്സി തലപ്പിൽ തൂങ്ങിപ്പിടിച്ച് ജാൻസനോട് നിഷ്കളങ്കമായി കൈ വീശുന്നുണ്ടായിരുന്നു. നന്മയുടെ വേരുകൾ അവളിലേക്കും വെള്ളത്തിൽ മുക്കിയ കളർ ബ്രഷ് പോലെ പടരുന്നതായി അവന് തോന്നി.

ഓട്ടവീണ നിക്കറുകൾക്കും, മങ്ങിക്കീറിയ കുപ്പായങ്ങൾക്കും, പറയാനുള്ള ആയിരമായിരം അതിതീവ്രകഥകൾ തന്റെ അനാഥബാല്യത്തിനുണ്ടെന്ന് അവഗണനയുടെയും അലച്ചിലിന്റെയും കുപ്പ താണ്ടിയ ജാൻസനും അറിയാം. അനാഥ മന്ദിരത്തിന്റെ പടികെട്ടുകളിറങ്ങുമ്പോൾ, ഒരാനന്ദം വന്ന് പൊതിഞ്ഞ് പിടിക്കുന്നതായി അയാൾക്ക് തോന്നി.

അന്നേരം പള്ളിയിലെ പ്രസംഗപീഠത്തിൽനിന്നുള്ള അച്ഛന്റെ വാക്കുകൾ കാറ്റലയായി അവിടം പരന്നുകൊണ്ടിരുന്നു.

‘മരിച്ചാൽ വേണ്ടെങ്കിലും, ജീവിച്ചിരിക്കുമ്പോൾ ഒരു വസ്ത്രമെന്നത് ഒരു വലിയ സ്വപ്നമായി കരുതുന്നവർക്കിടയിൽ നമ്മളെത്രെ ഭാഗ്യവാൻമാർ...’.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:storyliterature
News Summary - all are happy
Next Story