ജനഹൃദയങ്ങൾക്കുമേൽ ഹൃദയാധികാരം സ്ഥാപിച്ച എം.ടി
text_fieldsഎം.ടി മരിച്ചപ്പോൾ പെട്ടെന്ന് ഈ ലോകമാകെ ഇരുട്ടുപരന്നതുപോലൊരു തോന്നലായിരുന്നു. ഞാൻ കരുതിയത് അത് എന്റെമാത്രം തോന്നലാണ് എന്നതായിരുന്നു. എന്നാൽ, കോടാനുകോടി പേർക്ക് അങ്ങനെ തോന്നിയെന്ന് പിന്നീട് പലരോടും സംസാരിച്ചപ്പോൾ എനിക്കു മനസ്സിലായി.
‘എനിക്ക് കോഴിക്കോട്ടേക്ക് പോകാൻ പറ്റുന്നില്ല, എം.ടിയില്ലാത്ത കോഴിക്കോട്ടേക്ക് എങ്ങനെ പോകും!’ എന്നുപറഞ്ഞ് ഒരാൾ കരയുകയാണ്. അയാൾ പറഞ്ഞു, ‘ഞാൻ ജീവിക്കുന്നത് എം.ടി ഉള്ളതുകൊണ്ടായിരുന്നു. എനിക്ക് എം.ടി കത്തയച്ചിട്ടുണ്ട്. ഞാൻ എഴുത്തുകാരനല്ല, ആരുമറിയില്ല. പക്ഷേ, ജോലികിട്ടാതെ ആത്മഹത്യക്കൊരുങ്ങിയിരുന്ന കാലത്ത് തന്റെ സങ്കടങ്ങളൊെക്ക കാണിച്ച് വെറുതേ തന്റെ പ്രിയപ്പെട്ട എഴുത്തുകാരന് ഒരു കത്തയച്ചു. അതിന് എം.ടിയുടെ മറുപടി വന്നു. ‘അവസരങ്ങൾ എപ്പോൾ വരുമെന്നറിയില്ല. വരാതിരിക്കില്ല. അപ്പോഴും കാലം നമുക്കു ചിലപ്പോൾ ദുരന്തങ്ങൾ കാത്തുവെച്ചിട്ടുണ്ടാവും. അത് മനസ്സിലുണ്ടാവണം’ ഇതാണ് കത്തിൽ എഴുതിയിരുന്നത് അയാൾ പറഞ്ഞു.
അത്ര പ്രത്യാശ നിറഞ്ഞ കത്തൊന്നുമല്ല. അയാൾ ആ കത്ത് പതിനായിരം തവണ വായിച്ചിട്ടുണ്ട്. എം.ടി മരിച്ച ശേഷവും ഇപ്പോഴും ആ കത്ത് വായിച്ചുകൊണ്ടേയിരിക്കുകയാണ്. അയാൾ ചോദിച്ചു ‘സാറേ, ഞാനിനി എന്താണ് ചെയ്യേണ്ടത്?’ എന്ന്. ഇങ്ങനെ ലക്ഷക്കണക്കിനാളുകൾ അനാഥരായിപ്പോവുന്ന ഒരവസ്ഥ ഒരെഴുത്തുകാരൻ മരിച്ചപ്പോൾ ലോകത്തുതന്നെ അപൂർവമായിട്ടാണ് ഉണ്ടായിട്ടുള്ളത്.
എം.ടിയോളം വലിയ എഴുത്തുകാർ മലയാളത്തിലുണ്ടായിട്ടില്ല എന്ന് പറയുന്നതിലൊന്നും അർഥമില്ല. എന്നാൽ, എം.ടിയോളം ‘ജനഹൃദയങ്ങൾക്കുമേൽ ഹൃദയാധികാരം സ്ഥാപിച്ച ഒരെഴുത്തുകാരൻ’ മലയാളത്തിൽ, അതിന് മുമ്പും പിമ്പും ഉണ്ടായിട്ടില്ല.
എം.ടിയെ വായിച്ച ഈ കോടിക്കണക്കിന് മനുഷ്യർ എം.ടിയുടെ കഥാപാത്രങ്ങൾ ‘ഞങ്ങളാണ്’ എന്ന് വിചാരിച്ചു. സ്വാനുഭവത്തിലേക്ക് വായനക്കാരെ ഉയർത്തുക എന്ന അത്ഭുതകരമായ ആ ഒരു ജോലി മറ്റാര് ചെയ്തതിനേക്കാളും എം.ടി ചെയ്തിട്ടുണ്ട്. എന്ത് ഫോർമുല വെച്ചിട്ടാണ് എം.ടി ഇങ്ങനെ തലമുറകൾക്കുമേൽ ആധിപത്യം സ്ഥാപിച്ചത്! നാല് തലമുറകളെങ്കിലും ചുരുങ്ങിയത് എം.ടിയെ വായിച്ചിട്ടുണ്ടാവും. ജീവിതത്തിൽ ഒരിടവും കിട്ടാതെ പല കാരണങ്ങളാൽ പീഡിപ്പിക്കപ്പെട്ട മനുഷ്യന്റെ സത്തയോടാണ് എം.ടി നിരന്തരം സംസാരിച്ചത്.
പറഞ്ഞറിയിക്കാൻപോലും പറ്റാത്ത വ്യക്തിബന്ധം എം.ടിയുമായി ഉള്ളയാളാണ് ഞാൻ. ഈ കാലത്തിനിടക്ക് എത്രയോ പേർ നമ്മെ വിട്ടുപോയി. എന്നാൽ, എം.ടിയുടെ വിയോഗമുണ്ടാക്കിയ വിടവ്, അത് നികത്താനാവാത്തതാണ്. എം.ടി എഴുതിയത് അങ്ങേയറ്റം ആത്മാർഥമായിട്ടാണ്. വികാരങ്ങളോട് സത്യസന്ധത പുലർത്തിയിട്ടാണ്. അത്യന്തം പാരായണക്ഷമമല്ലാത്ത ഒരു വാക്യവും എം.ടി സാഹിത്യത്തിലില്ല. ഏതൊരാൾക്കും പാരായണക്ഷമമായ ഭാഷയിലായിരുന്നു എം.ടിയുടെ എഴുത്ത്. എം.ടിയെ വായിക്കുന്നതിൽ സൂക്ഷ്മത വേണം. ഒരിക്കൽ വായിക്കുമ്പോൾ കിട്ടുന്ന അർഥമല്ല പിന്നീട് കിട്ടുക. ‘വരും, വരാതിരിക്കില്ല’ എന്ന എം.ടി നൽകുന്ന പ്രത്യാശ ഒരു വെറും പ്രത്യാശയല്ല.
ഞാൻ നാലാം ക്ലാസിൽ പഠിക്കുന്ന കാലത്ത്, അന്ന് ഹെഡ്മാസ്റ്ററായിരുന്ന എം.ടി. കുട്ടികൃഷ്ണൻ മേനോൻ മാഷ്, അദ്ദേഹം എം.ടിയുടെ വലിയൊരു ആരാധകനാണ്. കുട്ടികൃഷ്ണൻ മേനോൻ മാഷ് ക്ലാസിൽ എം.ടി ആരാധനയോടെ പറയുന്ന സന്ദർഭങ്ങളുണ്ട് ‘അട്ടേക്കുന്നിന്റെ മുകളിൽനിന്നു നോക്കിയാൽ നരിമാളൻകുന്ന് കാണാം, നരിമാളൻകുന്നിന്റെ അപ്പുറത്താണ് എം.ടിയുടെ കൂടല്ലൂർ’ എന്നൊക്കെ. ഒരിക്കൽ ‘രക്തംപുരണ്ട മൺതരികൾ’ എന്ന കഥാപുസ്തകം അദ്ദേഹമെനിക്ക് തന്നു. ‘ലീലാകൃഷ്ണൻ ഇത് വായിച്ചോ. ഇത് എം.ടിയുടെ കഥയാണ്’ എന്നുപറഞ്ഞു. ആദ്യമായി ഞാൻ വായിച്ച കഥാപുസ്തകം അതായിരുന്നു.
എം.ടിയെ എന്നും ആരാധനാപൂർവം കണ്ട് കൂടെ നടക്കാൻ ഇഷ്ടപ്പെട്ടിരുന്ന ആളാണ് ഞാൻ. എനിക്ക് പൂർണമായും എം.ടിയെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നൊന്നും കരുതുന്നില്ല, അതിന് കഴിയുമെന്ന് കരുതുന്നുമില്ല. എനിക്കെന്നല്ല, ആർക്കുമതിന് കഴിഞ്ഞുകാണില്ല. എം.ടി അടച്ച വാതിലിലൊന്നും തുറക്കാൻ ദൈവം വിചാരിച്ചാലും സാധിക്കില്ല. എം.ടി തുറന്ന വാതിലിലൂടെ ഒരായുസ്സുകൊണ്ട് പൂർണമായും ഒരു അനുവാചകനും യാത്രചെയ്ത് എത്താനും സാധിക്കില്ല. ഇങ്ങനെ അപൂർവം എഴുത്തുകാരേ ലോകത്തുണ്ടായിട്ടുള്ളൂ.
സത്യം പറഞ്ഞാൽ മലയാളത്തിലെ നിരൂപകന്മാർ എം.ടിയെക്കുറിച്ച് കൃത്യമായി പഠിച്ചിട്ടില്ല. എം.ടിയെ നിരൂപകന്മാരാരും കൃത്യമായി വായിച്ചില്ല എന്നതിൽ എനിക്കും ദുഃഖമുണ്ട്. ഞാൻ അത്ര വലിയ നിരൂപകനൊന്നുമല്ല. പക്ഷേ, ഞാൻ സൂക്ഷ്മമായി വായിക്കുമ്പോഴൊക്കെ എം.ടിയുടെ ഓരോ കഥയും അസാധാരണങ്ങളായ ലോകങ്ങളെ കാണിച്ചുതരുന്നുണ്ട്. ‘അസുരവിത്ത്’ ആണ് എം.ടിയുടെ ഏറ്റവും മികച്ച നോവൽ എന്നാണ് എന്റെ വിചാരം, രണ്ടാമൂഴമല്ല. ‘അസുരവിത്തി’ൽ ഈ കാലം അമ്പതുകൊല്ലം മുമ്പ് അദ്ദേഹം ദീർഘവീക്ഷണം ചെയ്തിട്ടുണ്ട്.
എം.ടിയൊരിക്കൽ പ്രസംഗിച്ചു, ‘തളരുമ്പോൾ സ്വന്തം മണ്ണിനെ കെട്ടിപ്പുണർന്നു കിടക്കുന്ന ട്രോജൻ പടയാളിയെപ്പോലെ ഞാൻ കൂടല്ലൂരിലേക്ക് വീണ്ടും വീണ്ടും വരും. കൂടല്ലൂർ ഒരു ഒഴിയാബാധയാണോ എന്ന് പലരും ചോദിക്കാറുണ്ട്. ആവാം. ഞാൻ പലയിടത്തും പോയിട്ടുണ്ട്, സഞ്ചരിച്ചിട്ടുണ്ട്, പലതും എഴുതാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, ഞാൻ ഇവിടേക്കുതന്നെ തിരിച്ചുവരുന്നു. അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളെക്കാൾ, അറിയുന്ന എന്റെ നിളാ നദിയാണെനിക്കിഷ്ടം.’ അത്ര പരിമിതമായി നിൽക്കുമ്പോൾ ഈ കൂടല്ലൂരിനെ ലോകസാഹിത്യത്തിൽ അടയാളപ്പെടുത്തിയയാളാണ് എം.ടി.
കേരളത്തിലെ ഏറ്റവും മികച്ച വായനക്കാരനായിരുന്നു എം.ടി. അദ്ദേഹത്തിന്റെയത്ര വിദേശ കൃതികൾ വായിച്ച മറ്റൊരാൾ മലയാളത്തിലുണ്ടാവില്ല. ഒരുദിവസം എം.ടി എന്നോടു പറഞ്ഞ ഒരു സങ്കടം, ‘ഒരു ദിവസം 20 പേജിൽ കൂടുതൽ വായിക്കാൻ പറ്റുന്നില്ല’ എന്നായിരുന്നു. 91ാം വയസ്സിലാണത്. അത്രമേൽ വായിച്ചയാളാണ്. ഏറ്റവും പുതിയൊരു കൃതിയിറങ്ങിയാൽ അതെത്തിച്ച് വായിക്കുന്നയാളായിരുന്നു എം.ടി.
ദുഃഖിതന്റെ, അനാഥന്റെ, വേദന നിറഞ്ഞ ലോകത്തിൽനിന്ന് അമ്മ പോയപ്പോൾ ഉണ്ടായ ശൂന്യതയിൽ എം.ടി അമ്മയായി തന്റെ ഗ്രാമത്തെ കണ്ടു. അമ്മ മദിരാശിയിലേക്ക് ചികിത്സക്കു പോകുമ്പോൾ വിക്ടോറിയ കോളജിൽ പഠിക്കുകയാണ് എം.ടി. ജ്യേഷ്ഠനാണ് കൊണ്ടുപോകുന്നത്. പാലക്കാട് ജങ്ഷനിൽ അമ്മയെക്കാണാൻ നിന്നു. ‘അകത്തേക്ക് കയറിയിരിക്കണ്ട വണ്ടി പോകും’ എന്ന് അമ്മ പറഞ്ഞു. കുറച്ചുകഴിഞ്ഞ് ‘വാസു പൊയ്ക്കൊ, വണ്ടിയിപ്പോൾ പോകും’ എന്ന് അമ്മ പറഞ്ഞു. പോകാൻ തുടങ്ങുമ്പോൾ അമ്മ കോന്തലക്കൽ തിരുകിവെച്ചിരുന്ന രണ്ട് ഒറ്റരൂപാ നാണയങ്ങൾ കൈയിൽ വെച്ചുകൊടുത്തു. ‘എന്തിനാ അമ്മേ ഇത്’ എം.ടി ചോദിച്ചു. ‘ആവശ്യം വരും, കൈയിൽ ഇരുന്നോട്ടേ’, അമ്മ പറഞ്ഞു.
അങ്ങനെ തെക്കോട്ട് പോയ വണ്ടിയിൽനിന്ന് എന്നന്നേക്കുമായി കൈവീശി യാത്രപറഞ്ഞ അമ്മയെ തന്റെ ഗ്രാമമായും മനുഷ്യരുടെ മനസ്സായും സങ്കൽപിച്ചാണ് എം.ടി എഴുതിയത്. അങ്ങനെ ഒരനാഥനായ കുട്ടി എം.ടിയിലുണ്ടായിരുന്നു എന്ന് എം.ടിയുമായി പങ്കിട്ട കുറെ ഏകാന്ത നിമിഷങ്ങളിൽ എനിക്ക് നേരിട്ടറിയാൻ സാധിച്ചിട്ടുണ്ട്. ആ മനുഷ്യൻ പോയപ്പോൾ ഞാൻ അനാഥനായി എന്നെനിക്ക് തോന്നുന്നു.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

