Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഅജോയ് കഥ വരക്കുമ്പോൾ

അജോയ് കഥ വരക്കുമ്പോൾ

text_fields
bookmark_border
അജോയ് കഥ വരക്കുമ്പോൾ
cancel

നടിയും അവതാരകയുമായ പേർളി മാണിയുടെ ഒരു വൈറൽ വിഡിയോയിൽ സ്വിറ്റ്സർലൻഡ് യാത്രയിലുടനീളം കുട്ടികളെ അടക്കിയിരുത്തിയ ഒരു ‘പൊടിക്കൈ പ്രയോഗം’ കാണിക്കുന്നുണ്ട്. എയർപോർട്ടിലും വിമാനത്തിലും യാത്രയിലുടനീളവും കുട്ടികൾ ബഹളം വെക്കുമ്പോൾ എം.എസ്. അജോയ് കുമാർ എഴുതിയ ‘സംശയാലുവായ പൂച്ചക്കുഞ്ഞ്’ എന്ന പുസ്തകത്തിലെ കഥകൾ വായിച്ചുകൊടുക്കുന്നതാണ് ആ ‘പൊടിക്കൈ’. എത്ര തവണ കേട്ടാലും മടുക്കാതെ അതിലെ കഥകൾ കുട്ടികൾ ആസ്വദിക്കുന്നതും പൂച്ചക്കുട്ടിയുടെ ശബ്ദം അനുകരിക്കുന്നതുമെല്ലാം വിഡിയോയിലുണ്ട്. ‘‘ഇത്തരം അനുഭവങ്ങൾ നിരവധി മാതാപിതാക്കൾ പങ്കുവെക്കാറുണ്ട്. കുട്ടികൾക്കൊപ്പം അവരും സ്വന്തം ബാല്യത്തിലേക്ക് തിരികെപ്പോകുന്നു എന്ന് പറഞ്ഞുകേൾക്കുന്നതാണ് വീണ്ടും വീണ്ടും എഴുതാനുള്ള പ്രചോദനം. എന്റെ എഴുത്ത് വായിച്ച് ടെൻഷൻ മറന്ന് ഒരാളെങ്കിലും ചിരിച്ചാൽ ഞാൻ ധന്യനായി’’- സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡും ഇന്ത്യൻ റൂമനേഷൻസ് അവാർഡും നേടിയ ‘അങ്ങനെ ഒരു മാമ്പഴക്കാലം (എ.ഒ.എം)’ അടക്കം എട്ട് പുസ്തകങ്ങൾ കുട്ടികൾക്കും മുതിർന്നവരിലെ ‘കുട്ടികൾക്കും’ വേണ്ടി എഴുതിയ അജോയ് കുമാർ പറയുന്നു. ‘‘കാൻസർ ബാധിച്ച് സംസാരശേഷി നഷ്ടപ്പെട്ട എന്റെ അമ്മ വർഷങ്ങൾക്കുശേഷം മനസ്സുതുറന്ന് ചിരിച്ചു, താങ്കളുടെ ‘അങ്ങനെ ഒരു മാമ്പഴക്കാലം’ വായിച്ച്...’’-യു.കെയിൽ ഡോക്ടറായ സജയ് അച്യുതന്റെ കത്തിലെ ഈ വരികളിലുണ്ട് അജോയ് എഴുത്തിന്റെ മാജിക്.

വഴികാട്ടിയായ ബഷീർ

റെയിൽവേയിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന അജോയ് എഴുത്തിന്റെ ട്രാക്കിലേക്ക് മെല്ലെ മാറുകയായിരുന്നു. അജോയ് എഴുതിയ നർമകഥ ഒരു ബന്ധു കുടുംബ വാട്സ് ആപ് ഗ്രൂപ്പിൽ ഷെയർ ചെയ്തത് ഏറെ അഭിനന്ദനങ്ങൾ നേടിയതാണ് ആത്മവിശ്വാസമേകിയത്. എഴുത്തിൽ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത അജോയ്ക്ക് ചെറുപ്പം മുതൽ വായിച്ച ബഷീറിയൻ-വി.കെ.എൻ കൃതികളാണ് വഴികാട്ടിയായത്. ബാല്യകാലത്തെയും ഔദ്യോഗിക ജീവിതത്തിലെയുമെല്ലാം അനുഭവങ്ങൾ അൽപം ഭാവന കൂടിച്ചേർത്താണ് എഴുതിത്തുടങ്ങിയത്. അങ്ങനെ എ.ഒ.എം, സംശയാലുവായ പൂച്ചക്കുഞ്ഞ് എന്നിവക്കുപുറമെ രവിക്കുട്ടചരിതം ഓട്ടക്കഥ, ഗുരുശിഷ്യ കഥകൾ, നാരങ്ങാമുട്ടായി, ജന്തുപുരാണം, കൽക്കണ്ടക്കനവുകൾ എന്നിവ കൂടി പിറന്നു. സ്വയം വരച്ച കാർട്ടൂണുകൾ ഉൾപ്പെടുത്തി ഫേസ്ബുക്കിലും കുറിപ്പുകൾ എഴുതി. അരലക്ഷത്തോളം വരുന്ന ഫോളോവേഴ്സ് അവ ഏറ്റെടുത്തപ്പോൾ അതും പുസ്തകമായി-‘എന്റെ ഫേസ്ബുക്കന്വേഷണ പരീക്ഷണങ്ങൾ’. അജോയ് കഥകൾ എഴുതുകയല്ല, വായനക്കാന്റെ മനസ്സിൽ അവ വരക്കുകയാണെന്ന് നിസ്സംശയം പറയാം.

കടലാസും പുസ്തകങ്ങളും

ചെറുപ്പം മുതൽ വീട്ടിൽ സാധനങ്ങൾ പൊതിഞ്ഞുകൊണ്ടുവരുന്ന കടലാസ് മുതൽ മുത്തശ്ശിയുടെ ശേഖരത്തിലെ പുസ്തകങ്ങൾ വരെ വായിച്ചു വളർന്നതാണ് തന്റെ കൈമുതലെന്ന് പറയുന്നു അജോയ്. ഡിറ്റക്ടീവ് നോവലുകളും കോമിക്കുകളുമായിരുന്നു ഒരു കാലത്ത് ഏറ്റവും പ്രിയം. അവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നോട്ട്ബുക്കിലെ മിച്ചം വരുന്ന പേജുകൾ കീറിയെടുത്ത് സ്വയം വരച്ച് ഇന്ദ്രജാൽ കോമിക്സിനെയൊക്കെ അനുകരിച്ച് കാർട്ടൂൺ സീരീസുകൾ ഉണ്ടാക്കിയിരുന്നു. ടോക്യോയിൽ വരെപോയി ‘കേസ് തെളിയിക്കുന്ന’ ഡിറ്റക്ടീവ് ചന്ദ്രബാബു ആയിരുന്നു എല്ലാത്തിലെയും നായകൻ. കുട്ടിക്കാല കൗതുകത്തിൽ തുടങ്ങിയ ആ എഴുത്ത് ഗൗരവമായെടുക്കാൻ പിന്നെയും കാലങ്ങളെടുത്തു എന്നുമാത്രം.

ചിത്രങ്ങൾ പറയുന്നു

‘‘ഏത് പ്രായത്തിലുള്ളവർക്കും എന്റെ എഴുത്ത് വായിച്ച് മനസ്സിലാക്കാൻ കഴിയണമെന്നേ എനിക്കുള്ളൂ. അതുകൊണ്ടുതന്നെ അമിത സാഹിത്യ പ്രയോഗങ്ങളൊന്നും നടത്താറില്ല. ഇക്കാര്യത്തിൽ റഷ്യൻ എഴുത്തുകാരനും ചിത്രകാരനുമായ വ്ലാദിമിർ സുത്യയെവിന്റെ ശൈലിയാണ് ഞാൻ മാതൃകയാക്കുന്നത്. എ.ഒ.എം പോലുള്ള പുസ്തകങ്ങൾ 90 വയസ്സുള്ളവർപോലും ഇഷ്ടപ്പെടുന്നെന്നും അവ വായിച്ചുകേട്ട് കുഞ്ഞുങ്ങൾ ഉറങ്ങുന്നുണ്ടെന്നുമൊക്കെ കേൾക്കുന്നത് അവാർഡുകൾ ലഭിക്കുന്നതിനേക്കാൾ സന്തോഷമാണ് നൽകുന്നത്’’- അജോയ് പറയുന്നു. പല ചരിത്ര സംഭവങ്ങളുടെയും ‘പിന്നാമ്പുറക്കഥകൾ’ സരസമായി അവതരിപ്പിക്കുന്ന ‘കേണൽ ഡയറീസ്’ എന്ന പുസ്തകത്തിന്റെ രചനയിലാണിപ്പോൾ അജോയ്. ചിരിയും ചിന്തയുമുണർത്തുന്ന കുറിപ്പുകൾക്കുപുറമേ, കുട്ടികൾക്കും മുതിർന്നവർക്കുമായി എ.ഐ കാർട്ടൂണുകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട്.

.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:booksstoriesliterature
News Summary - Ajoy's story When drawing
Next Story