ആഫ്രിക്കൻ എഴുത്തിലെ അതികായൻ ഗുഗി വാ തിയോംഗോ ഇനി ഓർമ
text_fieldsന്യൂയോർക്: ആധുനിക ലോകം കണ്ട ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ എഴുത്തുകാരിലൊരാളായ ഗുഗി വാ തിയോംഗോ (87) അന്തരിച്ചു. കെനിയയുടെ ബ്രിട്ടിഷ് ഇംപീരിയൽ കാലവും അതിനുശേഷമുള്ള ഏകാധിപത്യ ഭരണസംവിധാനങ്ങളും തൂലികയിൽ ആവാഹിച്ച എഴുത്തുകാരനാണ്.
അത്ലാന്റയിലായിരുന്നു അന്ത്യം. ജന്മദേശത്തെ ഭരണകൂടം നിരന്തരം വേട്ടയാടിയ എഴുത്തുകാരനായ അദ്ദേഹം പലതവണ നൊബേലിന് പരിഗണിക്കപ്പെട്ടു. ആഫ്രിക്കൻ സാഹിത്യത്തെ മാറ്റിമറിക്കുകയും പുനർനിർവചിക്കുകയും ചെയ്ത പോരാളിയായ എഴുത്തുകാരനായാണ് ഗുഗിയെ ലോകം വിലയിരുത്തുന്നത്.
2010ൽ ഇദ്ദേഹത്തെ മറികടന്നാണ് പെറൂവിയൻ എഴുത്തുകാരനായ യോസക്ക് നൊബേൽ ലഭിച്ചത്. അദ്ദേഹത്തിന്റെ കൊളോണിയൽ വിരുദ്ധ ലേഖനങ്ങൾ ഈ രംഗത്തെ പാഠപുസ്തകമായാണ് അറിയപ്പെടുന്നത്. ‘വീപ് നോട്ട് ചൈൽഡ്’, ‘ഡെവിൾ ഓൺ ദ ക്രോസ്’, ‘വിസാഡ് ഓഫ് ദ ക്രോ’ തുടങ്ങിയവയാണ് പ്രശസ്ത നോവലുകൾ.
1938ൽ കെനിയയിലായിരുന്നു ജനനം. അന്ന് ബ്രിട്ടീഷ് കോളനിയാണ് കെനിയ. പിതാവിന് നാലുഭാര്യമാരിലായി 28 മക്കളുണ്ടായിരുന്നു. തന്റെ കൗമാര കാലത്തുതന്നെ നാടിനെ ഇളക്കി മറിച്ച പ്രതിഷേധങ്ങളും പോരാട്ടങ്ങളും നേരിൽ കാണുകയും അതു സ്വാധീനിക്കപ്പെടുകയും ചെയ്തു. ഇതെല്ലാം എഴുത്തിലേക്ക് ആവാഹിക്കാനും ഇദ്ദേഹത്തിനായി. നിരവധി ചെറുകഥകളും നാടകങ്ങളും എഴുതിയിട്ടുണ്ട്.
നൈറോബി സർവകലാശാലയിൽ ഇംഗ്ലീഷ് ലെക്ചറർ ആയിരുന്നു. ഈ കാലത്താണ് ഇംഗ്ലീഷ് ഡിപ്പാർട്മെന്റിന്റെ പേര് മാറ്റണമെന്നും ഇവിടെ ലോകമെമ്പാടുമുള്ള സാഹിത്യം പഠിപ്പിക്കണമെന്നുമുള്ള ആവശ്യം അദ്ദേഹം ഉന്നയിക്കുന്നത്. എഴുപതുകളിൽ കെനിയയിലെ നിയോ കൊളോണിയൽ സമ്പന്നരെ വിമർശനത്തിന്റെ ചൂളയിൽ നിർത്തിയ എഴുത്തിന്റെ പേരിൽ (ഐ വിൽ മാരി വെൻ ഐ വാണ്ട്) അറസ്റ്റിലായി.
ഇംഗ്ലീഷിൽ എഴുതിയാൽ അറസ്റ്റുണ്ടാകില്ലെന്നും സ്വന്തം ഭാഷയായ ‘ഗികുയു’വിൽ എഴുതിയതാണ് ഭരണകൂടത്തെ ചൊടിപ്പിച്ചതെന്നും തിരിച്ചറിഞ്ഞ അദ്ദേഹം തുടർന്നുള്ള എഴുത്ത് ‘ഗികുയു’വിൽ ആകുമെന്ന് പ്രഖ്യാപിച്ചു. തടവിലുള്ളപ്പോൾ ജയിലിലെ ടോയ് ലറ്റ് പേപ്പറിലാണ് ‘ഡെവിൾ ഓൺ ദ ക്രോസ്’ എഴുതിയത്. ഇതു ലോകമെമ്പാടും പിന്നീട് എഴുത്തിന്റെ പ്രതിരോധമായി വാഴ്ത്തപ്പെട്ടു.
1986ൽ പുറത്തിറങ്ങിയ ‘ഡീ കോളനൈസിങ് മൈൻഡ്’ ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ കൊളോണിയൽ വിരുദ്ധ സാംസ്കാരിക മുന്നേറ്റത്തിനായി നിലകൊണ്ടവരെ ഏറെ സ്വാധീനിച്ച പുസ്തകമാണ്. ഇതിൽ അദ്ദേഹം ഭാഷയുടെ പരാശ്രിതത്വമില്ലാത്ത സ്വത്വത്തിന്റെ പ്രസക്തി ഊന്നിപ്പറയുന്നുണ്ട്. തന്നെ വധിക്കാനുള്ള പദ്ധതി തിരിച്ചറിഞ്ഞതിനുപിന്നാലെയാണ് 80കളുടെ തുടക്കത്തിൽ നാടുവിടുന്നത്. യു.കെയിൽനിന്ന് പിന്നീട് യു.എസിലേക്ക് പോയി.
കാലിഫോർണിയ യൂനിവേഴ്സിറ്റിയിൽ ഇംഗ്ലീഷ്-കംപാരിറ്റിവ് ലിറ്ററേച്ചർ പ്രഫസറായി ജോലി ചെയ്തു. 1986ൽ തന്റെ ‘മറ്റിഗരി’ എന്ന നോവലിലെ പ്രധാന കഥാപാത്രത്തിന്റെ പേരിൽ കെനിയ അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചു. ഈ നോവൽ കെനിയയിൽ നിരോധിക്കുകയും ചെയ്തു.
ഏകാധിപതിയായിരുന്ന ഡാനിയേൽ അരപ് മോയി അധികാരമൊഴിഞ്ഞ് രണ്ടുവർഷത്തിനുശേഷം 2004ൽ ആണ് പിന്നീട് അദ്ദേഹം ഭാര്യ എൻജീരിയുമൊത്ത് കെനിയയിൽ എത്തുന്നത്. വിമാനത്താവളത്തിൽ വൻസ്വീകരണം കിട്ടിയെങ്കിലും അപ്പാർട്മെന്റിൽ തോക്കുമായെത്തിയ ആക്രമി സംഘം ഭാര്യയെ ബലാത്സംഗത്തിനിരയാക്കുകയും ഗുഗിയെ മർദിക്കുകയും ചെയ്തു.
തന്റെ നിരവധി രചനകൾ അദ്ദേഹം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി. കവിതയായി എഴുതിയ നോവൽ ‘ദ പെർഫെക്ട് നൈൻ’ 2021ലെ ഇന്റർനാഷനൽ ബുക്കറിന് നോമിനേറ്റ് ചെയ്യപ്പെട്ടു.
1995ൽ പ്രോസ്ട്രേറ്റ് കാൻസർ ബാധിതനായി. 2019ൽ മൂന്നുതവണയായി ബൈപാസ് ശസ്ത്രക്രിയയും നടത്തേണ്ടി വന്നു. ഗുഗിക്ക് ഒമ്പതുമക്കളുണ്ട്. ഇതിൽ നാലുപേർ എഴുത്തുകാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

