Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഅഫ്ഗാൻ കവിതകൾ

അഫ്ഗാൻ കവിതകൾ

text_fields
bookmark_border
afghan poetry
cancel

1. രണ്ട് കവിതകൾ

(മുഹമ്മദ് ബേഗർ കോലാഹി അഹേരി)

1. വീണ്ടും ഞാനൊരു യാത്രികനാകും

വീണ്ടുമൊരു യാത്രികനാകും ഞാൻ

ബൂട്ടുകെട്ടും

മുറിക്കാത്ത നഖങ്ങളുമായ്

മുൾപ്പടർപ്പുപോലായ താടിരോമങ്ങളുമായ്

ഞാനും മനോഹരമായ മരണത്തിനുമിടക്കുള്ള

ഇൗ പ്രഭാതങ്ങളുടെ അപാരതപോലെ

മരണാനന്ദത്തിന് മുന്നിലെന്നപോലെ

മുഖങ്ങൾക്കിടയിലൂടെ അലയും ഞാൻ

ഗൃഹാതുരമായൊരു തീർഥാടനംപോൽ

പ്രപഞ്ച വൃക്ഷത്തിൽനിന്നടരുന്നൊരു

പക്ഷിയെപ്പോൽ

അസ്തമിക്കുന്ന അവസാന നക്ഷത്രംപോൽ

ആപ്പിളുകൾ നിറച്ച ഒരു കുട്ടയിൽ

അവിടെ, ഒരു പ്രഭാതത്തിൽ


2. കഞ്ചാവ് തോട്ടത്തിൽനിന്ന് മടങ്ങുമ്പോൾ

കഞ്ചാവ് തോട്ടത്തിൽനിന്ന് മടങ്ങുേമ്പാൾ

ഒരു വശത്ത് ജലം

മറുവശത്ത് തീ

ഞാനെെൻറ വിഹിതം കമ്പനിക്ക് വിൽക്കുകയാണ്

ഒാരോ രാത്രികളിലും എന്നെ തേടിയെത്താറുള്ള

വാതരോഗത്തിൽനിന്ന് രക്ഷപ്പെടാൻ

മരിച്ചുപോയ എെൻറ ഭാര്യ തിരിച്ചുവന്നേക്കും

അവളെ വിശ്വസിപ്പിക്കാൻ എനിക്കാകില്ല

പക്ഷേ, അവൾപോലും ചോദിച്ചേക്കില്ല,

വിലകുറഞ്ഞ ഇൗ സാധനങ്ങൾ വിൽക്കാൻ

കറാച്ചി തെരുവിൽ പോയത് എന്തിനെന്ന്.

....................................................................

മുഹമ്മദ് ബേഗർ കോലാഹി അഹേരി

1950ൽ ഖുറാസാനിൽ ജനനം. ആറോളം കവിതാ സമാഹാരങ്ങൾ. ജിപ്സികൾ, ചെറിയ കുറ്റവാളികൾ, തൊഴിലാളികൾ തുടങ്ങിയവരുടെ ജീവിതങ്ങളാണ് കവിതയിലെ പ്രധാന പ്രമേയങ്ങൾ. പൗരാണികവും ആധുനികവുമായ ഭാവുകത്വങ്ങൾ സമന്വയിപ്പിച്ച, കവിതയും കഥയും ചേർന്ന രചനാ രീതി. അഫ്ഗാനിലെ തിയറ്റർ ഗ്രൂപ്പിൽ അംഗമായിരുന്നു. അധ്യാപകൻ. ഇറാനിലെ മശ്അദിൽ ജീവിതം.

2. കാബൂൾ, ശിലാഫലകം

ഷാകില അസിസ്സാദ

1. കാബൂൾ

കാബൂളിന് വേണ്ടി എന്‍റെ ഹൃദയം മിടിക്കുന്നുവെങ്കിൽ

അത് ബാലാഹിസാർ (1) കൊട്ടാര ചെരിവുകളെ ഓർത്താണ്

അവിടത്തെ മലയിടുക്കുകളിലാണ് എന്‍റെ പ്രിയപ്പെട്ടവരുടെ

മൃതദേഹം അടക്കിയിരിക്കുന്നത്

ആ പീഡിതരിലാരുടെ ഹൃദയവും

മിടിക്കുന്നില്ല, എനിക്ക് വേണ്ടിയെങ്കിലും

കാബൂളിന് വേണ്ടി എന്‍റെ ഹൃദയം തപിക്കുന്നുവെങ്കിൽ

ലൈലായുടെ 'എന്‍റെ ദൈവമേ' എന്ന നെടുവീർപ്പുകൾ ഓർത്താണ്

പിന്നെ എന്‍റെ മുത്തശ്ശിയുടെ ഹൃദയ ഞെരുക്കങ്ങളും.

പ്രഭാതം തൊട്ട് പ്രദോഷം വരെ

വസന്തം മുതൽ ശരത്കാലം വരെ

പാതകളെ പകർത്തുന്നു ഗോൽനാറിന്‍റെ (2)

കണ്ണുകളെ ഓർത്താണ്

ആ വിദൂരതയിൽ എല്ലാ പാതകളും തകർന്നു വീഴുന്നു.

എന്‍റെ കൗമാര പേടിസ്വപ്നങ്ങളിൽ

അരിക്പാതകൾ പൊടുന്നനെ

അവയുടെ തൊലിയുരിയുന്നു.

കാബൂളിന് വേണ്ടി എന്‍റെ ഹൃദയം വിറകൊള്ളുന്നുവെങ്കിൽ

വേനൽക്കാലത്തെ മന്ദഗതിയിലുള്ള മധ്യാഹ്നങ്ങളെയും

എന്‍റെ പിതാവിന്‍റെ വീട്ടിലെ മയക്കങ്ങളെയും

അഗാധമായ പകലുറക്കങ്ങളെയും

കുറിച്ചോർത്താണ്

അവ ഇപ്പോഴും എന്‍റെ വാരിയെല്ലുകളിൽ കനം തൂങ്ങുന്നു

വഴിതെറ്റിയ വെടിയുണ്ടകളെ അകറ്റാൻ

തമാശക്കാരനായ വലതുതോളിലെ മാലാഖ (3)

മറന്നുപോകുന്നു

നഗരം ചുറ്റുന്ന പച്ചക്കറി കച്ചവടക്കാരെൻറ കരച്ചിൽ

എന്‍റെ അയൽവാസിയുടെ കലങ്ങിയ സ്വപ്നങ്ങളെ നഷ്ടമാക്കുന്നു

അത് എന്‍റെ ഹൃദയത്തെ വിറകൊള്ളിക്കുന്നു

.............................................

1. കാബൂളിലെ ഒരു പുരാതന കൊട്ടാരം

2. ഒരു െപൺകുട്ടിയുടെ പേര്

3. ഇസ്ലാമിക വിശ്വാസപ്രകാരം നന്മകൾ രേഖപ്പെടുത്തുന്ന മാലാഖ


2. ശിലാഫലകം

ആരുടെ മൃത നിശ്വാസങ്ങളാണ്

നിങ്ങളുടെ ഇരുണ്ട കൺകളിൽ മയങ്ങുന്നത്?

ഏത് കൊച്ചു കുട്ടിയുടെ നോട്ടമാണ്

നിങ്ങളുടെ കാഞ്ചി വലിക്കലിൽ ശൂന്യമാകുന്നത്?

ഏത് പെൺകുട്ടിക്ക് വേണ്ടിയാണ് നിങ്ങളുടെ ഹൃദയം മിടിക്കുന്നത്?

അവളുടെ ഹൃദയം നിങ്ങളുടെ കൈകളിൽ

കാലുകൾ രക്തപങ്കിലം.

പർവത മനുഷ്യാ,

ഏത് വിധി പാറകളെ കീറി മുറിക്കും

നിങ്ങളുടെ കാലിനടിയിൽനിന്ന്?

ഏത് സ്ത്രീക്ക് മുലക്കണ്ണുകൾ പൊള്ളും

നിങ്ങളുടെ പിൻഭാഗത്തെ മുടിച്ചുരുളുകളിൽ പൊടിപുരളുേമ്പാൾ?

ഏത് അമ്മക്ക് മകനെയോർത്ത്?

പറയൂ,

ആരുടെ കൺകളുടെ ആഴ്കളിൽ

നിങ്ങളുടെ മരണ നിശ്വാസം സമാധാനം കണ്ടെത്തും?

.......................................................

ഷാകില അസിസ്സാദ

1964ൽ അഫ്ഗാനിസ്താനിലെ കാബൂളിൽ ജനനം. അഫ്ഗാൻ സ്ത്രീ കവികളിൽ പ്രധാനി. കാബൂൾ സർവകലാശാലയിൽ നിയമ പഠനത്തിന് ശേഷം നെതർലാൻഡ്സിലെ യുത്രച്ത് സർവകലാശാലയിൽ പൗരസ്ത്യ ഭാഷയിലും സംസ്കാരത്തിലും പഠനം. കഥകൾ, നാടകങ്ങൾ എന്നിവയും രചിച്ചിട്ടുണ്ട്.

3. ഭാഗ്യവാന്മാർ, രക്തഫലകം

(പർത്വ നാദിരി)

1. എനിക്കിപ്പോഴും സമയമുണ്ട്

പാതിരാ കഴിഞ്ഞു

നമസ്കാരത്തിനായ് എനിക്കെഴുന്നേൽക്കണം

എെൻറ വിശ്വസ്തതയുടെ കണ്ണാടി

വളരെക്കാലം ഉപയോഗിച്ച് പൊടിപുരണ്ടുപോയി

എഴുന്നേൽക്കണം

സമയമുണ്ടിനിയും

ഒരു പാത്രം വെള്ളമോ

ഒരു പാത്രം വീഞ്ഞോ

ഏത് വേണമെങ്കിലും എെൻറ കൈകൾക്ക് തെരഞ്ഞെടുക്കാം

കാലത്തിെൻറ ചക്രരഥം

എന്‍റെ ജീവിത ഗതിയെ മറിച്ചിട്ടപോലെ

ഒരു പക്ഷേ, നാളെ

വിഷം പുരണ്ട അസ്ത്രം എനിക്ക് നേരെ വന്നേക്കും

അതെന്‍റെ കണ്ണുകളെ വേട്ടയാടും

പുള്ളികളുള്ള രണ്ട് പക്ഷികൾ പറന്നുയരുന്നപോലെ

ഒരു പക്ഷേ,

എന്‍റെ കുട്ടികൾ വളർന്നു വലുതാകും

ഞാൻ വരുന്നതും കാത്ത്.


2. ഭാഗ്യവാന്മാർ

നക്ഷത്രങ്ങളൊഴിഞ്ഞ ശൂന്യമായ ആകാശത്ത്

നിരാശതന്നെ ഒരു നക്ഷത്രം

സ്ഥിരചിത്തനായ സൂര്യനും

എനിക്കുമറിയാമതിൻ ഗഹനാർഥം

ഠഠഠ

വെള്ളം, ചിതറിയ പാറകൾക്കുള്ളിൽ അടയ്ക്കപ്പെട്ട

മുഴു ഫലങ്ങളെക്കുറിച്ച് മരങ്ങൾ ലജ്ജിക്കുന്ന

സമ്പന്നമായ തോട്ടങ്ങൾ പാഴായിപ്പോയ

ഒരു നാട്ടിൽ

രക്തം നനഞ്ഞ കമ്പളംപോൽ

ഭാവി അനിശ്ചിതം.

ഠഠഠ

ഇന്നലെ ചൂരൽവടിയിൽ താങ്ങി

ഞാൻ മരങ്ങളുടെ ശവദാഹത്തിൽനിന്ന് മടങ്ങി

ഇന്ന് ചാരം തിരയുന്നു

എന്‍റെ നഷ്ടപ്പെട്ട, വീടില്ലാത്ത ഫീനിക്സ് പക്ഷിക്ക് വേണ്ടി

ഒരു പക്ഷേ നിങ്ങളായിരിക്കാം എന്നെ നിഴലിച്ചത്

അല്ലെങ്കിൽ എെൻറ തന്നെ നിഴലുമാവാം

എന്‍റെ നാട്ടിലെ ഭാഗ്യവാന്മാരെങ്കിലും

അവർക്ക് ആകാശത്ത് നക്ഷത്രങ്ങളില്ല

ഭൂമിയിൽ നിഴലുകളും

തകർന്ന സ്വന്തം ആകാശത്തെ ആശീർവദിക്കുന്ന അവർക്ക്

ഒരു നക്ഷത്രംപോലും സ്വാഗതാർഹമാണ്.

സുഹൃത്തേ, എന്‍റെ ഏക സുഹൃത്തേ

നിങ്ങളുടെ വ്യഥകളെ നക്ഷത്രങ്ങളാക്കി മാറ്റൂ.


3. രക്ത ഫലകം

വസന്തം പ്രതീക്ഷിക്കുന്നില്ല, ഇൗ ഇൗന്തപ്പന

അത് പൂക്കുന്നത് ആയിരം മുറിവുകൾകൊണ്ട്

ഒാരോ ദിനവും ആയിരം ദുരന്തങ്ങളുടെ മുറിവുകൾ

ആയിരം വിപത്തുകളുടെ രാത്രിമുറിവുകൾ

നൂറ്റാണ്ടുകളുടെ വഴിത്തിരിവിലെ

ഒരു രക്തഫലകം ഇൗ ഇൗന്തപ്പന

*

രക്തവും കണ്ണീരും നിറഞ്ഞ ഇൗ നദിക്കരയിൽ

ഇൗന്തപ്പന മരത്തിെൻറ വേരുകൾ

ദുരന്തങ്ങളുമായി കെട്ടുപിണഞ്ഞിരിക്കുന്നു

അവ അന്ധമായ കാലത്തിെൻറ വേരുകളിൽ

കുടുങ്ങിനിൽക്കുന്നു

*

ഇവിടെ

ചുവന്ന വന്ധ്യമേഘങ്ങളിൽനിന്ന്

കാറ്റ് അതിെൻറ രക്ത വസ്ത്രം അഴിച്ചുവിടുന്നു;

തകർന്ന ഒരു ശവപ്പെട്ടിയുടെ അടപ്പ് മൂടിവെക്കാൻ.

അത് ഒരു മഴയുടെ ചിതറിയ കണ്ണാടിച്ചിത്രംപോലെ.

ഇൗ ഇൗന്തപ്പന വസന്തം പ്രതീക്ഷിക്കുന്നില്ല

*

ഇൗ ഇൗന്തപ്പന വസന്തം കാത്തിരിക്കുന്നേയില്ല

വടക്കൻ കാറ്റിെൻറ വീശലിൽ നൂറുകണക്കിന് പ്രഹരങ്ങളേറ്റ്

ഇൗ മരം ചതഞ്ഞിരിക്കുന്നു.

എന്‍റെ ഇൗന്തപ്പന മരമേ

എന്‍റെ പ്രിയപ്പെട്ട മരമേ

എന്‍റെ വസന്തമേ

നിന്‍റെ വരണ്ട ശിഖരങ്ങളിൽനിന്ന്

പുഷ്പിക്കലിൻ കിളികൾ പറന്നുപോയി

കാലമേറെ കടന്നുപോയ്

ശലഭങ്ങൾ നിന്നെ വിട്ടുപോയിരിക്കുന്നു

എന്‍റെ ഹൃദയം തകർന്നുപോവുന്നു.

പർത്വ നാദിരി

1953ൽ അഫ്ഗാനിലെ വടക്കൻ പ്രവിശ്യയിലെ ബദക്ശാനിൽ ജനനം. കാബൂൾ സർവകലാശാലയിൽനിന്ന് ശാസ്ത്രത്തിൽ ബിരുദം. 1970കളിൽ റഷ്യൻ സൈന്യം അദ്ദേഹത്തെ ജയിലിലടച്ചു. മൂന്നുവർഷത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയാണ് കവിതകൾ എഴുതാൻ തുടങ്ങിയത്. വർഷങ്ങളുടെ പ്രവാസജീവിതത്തിന് ശേഷം കാബൂളിലേക്ക് തിരികെ വന്നു.


4. എന്‍റെ വിശുദ്ധ നാടിന്‍റെ പടയാളീ

(ദർവേശ് ദുറാനി)

എന്‍റെ വിശുദ്ധ നാടിെൻറ പടയാളീ

നീ തോളിൽ തൂക്കിയ തോക്കിന്

കണ്ണില്ല, കാലില്ല

എന്‍റെ കാൽപാടുകൾ കണ്ടെത്താൻ

നിെൻറ കണ്ണുകൾ അത് കവർന്നെടുക്കുന്നു

എന്നെ പിന്തുടരാൻ നിെൻറ കാലുകൾ അപഹരിക്കുന്നു

എന്‍റെ നെഞ്ചിനെ തകർത്ത് തുളക്കാൻ

നിെൻറ കാതുകൾകൊണ്ട് എെൻറ മരണക്കരച്ചിൽ കേൾക്കാൻ

എന്‍റെ വിശുദ്ധ നാടിെൻറ പടയാളീ

നിെൻറ തോളിലെ തോക്ക്

മുടന്തനും ബധിരനും അന്ധനുമാണോ?

അത് കണ്ണും കാൽപാദവും ഉപേക്ഷിച്ചോ

അവയുടെ സ്ഥാനത്ത് നിങ്ങളുടേതിനെ സ്ഥാപിക്കാൻ?

ഈ തോക്കിനെക്കുറിച്ച് നിങ്ങൾക്കൊന്നുമറിഞ്ഞേക്കില്ല

പക്ഷേ, എനിക്കറിയാം

നമ്മുടെ പൊതുശത്രു

പദ്ധതിയൊരുക്കുന്നത് വിദൂര ദേശത്തുനിന്ന്

നമ്മുടെ സഹോദരങ്ങളെ നശിപ്പിക്കാൻ

പരസ്പരം അടിച്ച് താടിയെല്ലുകൾ തകർക്കാൻ

അവർ ആസൂത്രണമൊരുക്കുന്നു

അവരോ സുരക്ഷിത അകലത്തിൽ.

അവർ കൊതിക്കുന്നു, നമ്മുടെ രക്തം മണ്ണിൽ പുളയാൻ

അവെൻറ ചോരയോ അകളങ്കിതം

അവൻ കരുതുന്നു, ഓരോ രാത്രിയും വീടിന് പുറത്ത് തണുപ്പേറ്റ് ഞങ്ങൾ മരവിക്കണമെന്ന്

അവരോ തീകാഞ്ഞ് ചൂട് പിടിക്കുന്നു

നമ്മുടെ ശത്രുവിെൻറ പദ്ധതിയിതാണ്:

സ്വന്തം ശരീരം ഒരു കുപ്പായമെന്നപോൽ വീട്ടിൽ തൂക്കിയിടും

തോക്കിന്‍റെ രൂപത്തിൽ വരും നമ്മുടെ നാട്ടിലേക്ക്

ൈകകാലുകളില്ലാത്ത, ഈ ദുഷ്ടൻ ശത്രു

തോക്കിന്‍റെ രൂപത്തിൽ നമ്മുടെ നാട്ടിൽ വരുന്നു

ഒറ്റക്കല്ല; കൂട്ടമായ്

ഈനാടിെൻറ തലയെണ്ണം വർധിപ്പിച്ച്

ഓരോ തോക്കും റോന്തുചുറ്റുന്നു

വെടിയുതിർക്കുന്നു നിർത്താതെ

ഒടിയാൻ അസ്ഥിയുള്ള ഒരാളുമില്ല

കത്താൻ തൊലിയുള്ള ഒരാളുമില്ല

ചിതറാൻ ഞരമ്പുള്ള ഒരാളുമില്ല

ചിന്താൻ രക്തമുള്ള ഒരാളുമില്ല

എല്ലാ അവയവങ്ങളും സുരക്ഷിതം

എന്നിട്ടവർ ഉപയോഗിക്കുന്നു, നമ്മുടെ അവയവങ്ങളെ.

ഒരു തോക്ക് എന്നെ പിന്തുടരുന്നു, നിങ്ങളുടെ കാലുകൾകൊണ്ട്

മറ്റൊന്ന് നിങ്ങളെ അടയാളപ്പെടുത്തുന്നു, എെൻറ കണ്ണുകൾകൊണ്ട്

മൂന്നാമത്തേത് മറ്റൊരാളുടെ തോളിൽ

ഈ തോക്ക് നിങ്ങളുടെ തോളിൽ കിടക്കുേമ്പാലെ

എല്ലാ അവയവങ്ങളും വീട്ടിലാണ്

വായ മാത്രം ഇവിടെ

ഈ തോൾ നിങ്ങളുടേതാണ്

വായ അവേൻറതും

പല്ലില്ല, ബുള്ളറ്റുകൾകൊണ്ട് സംസാരിക്കുന്ന വായ

പക്ഷേ, വെടിയുണ്ട മനുഷ്യനെ തുളച്ചു കയറുേമ്പാൾ

അവർ കാണുന്നത് തോക്കിെൻറ പല്ലില്ലാത്ത വായയല്ല

പകരം നിങ്ങളുടെ തോൾ, കൈ

അവൻ ശത്രുവായെടുക്കുന്നു, നിങ്ങളെ

തോക്കിനെയല്ല

അവൻ പ്രതികാരം ചെയ്യുന്നു, നിങ്ങളോട്.

എന്‍റെ വിശുദ്ധ നാടിെൻറ പടയാളീ

നിങ്ങളുടെ തോളിലെ തോക്ക്

ഇൗ മണ്ണിൽ ചിന്തിയതെത്ര ചോര?

എന്നിട്ടുമവർക്കില്ല, അതിെൻറ ഒരു ഉത്തരവാദിത്തവും

ഇൗ ചോരയുടെ ഉത്തരവാദിത്തം നിങ്ങൾക്ക് മാത്രം

അവർ പ്രതികാരം തേടുന്നു, നിങ്ങളോട്

അവരുടെ തോളിൽ മറ്റൊരു തോക്ക് ഏറ്റി വെക്കുേമ്പാൾ

ഉന്നം വെക്കുന്നു, അതിെൻറ വായിൽനിന്ന് നിങ്ങളുടെ നെഞ്ചിലേക്ക്

ഒാ കിരീടം കൊതിക്കുന്നവരേ

ഒരു ദിവസം നിങ്ങളുടെ ഹൃദയത്തെ ഛിന്നഭിന്നമാക്കും, ഇൗ ബുള്ളറ്റ്

സിംഹാസനത്തേക്കാൾ നിങ്ങൾ അടുത്തിരിക്കുന്നത്

ശവപ്പെട്ടിയോട്.

ശ്രദ്ധിക്കൂ; ചിന്തിക്കൂ

ശത്രു നിങ്ങളെ ശവക്കുഴിയിൽ എറിയും മുമ്പ്

ഇൗ ഇരുണ്ട വിധിയിൽനിന്ന് രക്ഷപ്പെടണമെങ്കിൽ

അറിയൂ നിങ്ങളുടെ അന്ത്യം ആസൂത്രണം ചെയ്ത ശത്രുവിനെ.

ഞാൻ നിങ്ങളുടെ സഹോദരൻ;

നമ്മുടെ പൊതുശത്രു ഇതാ തോളത്ത്

അത് മുടന്തൻ, ബധിരൻ, അന്ധൻ

എന്നെ അത് പിന്തുടരുന്നു, നിങ്ങളുടെ കാലുകൊണ്ട്

എന്‍റെ നെഞ്ച് തുളച്ചൊരു പൊട്ടിത്തെറിക്കലിന്

എന്‍റെ മരണ അലർച്ച കേൾക്കാൻ നിങ്ങളുടെ കാതിൽ

............................................................

ദർവേശ് ദുറാനി

പ്രഫസർ ഉബൈദുല്ല ദർവേശ് ദുറാനി എന്ന് മുഴുവൻ നാമം. പഷ്തു കവികളിൽ പ്രധാനി. അഫ്ഗാനിലെ കാന്തഹാറിലാണ് ജനനം. പിന്നീട് പാകിസ്താനിലെ ക്വറ്റയിൽ താമസമാക്കി. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. അധ്യാപകൻ. എട്ട് കവിതാ സമാഹാരങ്ങൾ.

5. ഗർവ്

(അബ്ദുൽ ബാരി ജഹാനി)

പടക്കളങ്ങളെക്കുറിച്ചുള്ള കഥകൾ എത്ര മനോഹരം

പ്രശംസയുടെയും പ്രോത്സാഹനങ്ങളുടെയും ആർപ്പുവിളികൾ എത്ര എളുപ്പം

നിർഭയരായ മനുഷ്യരെക്കുറിച്ചുള്ള വാഗ്ധോരണികൾ

അവരുടെ വീര ജീവിതകഥകൾ എത്ര ആനന്ദകരം

അവരെക്കുറിച്ചുള്ള പുരാതന ഗീതങ്ങൾ എത്ര കാതിനിമ്പം

കന്യകമാർ പാടിപ്പുകഴ്ത്തുന്ന സിംഹ ഹൃദയങ്ങളുടെ നാമങ്ങൾ

പൂക്കുലകൾപോലെയാം സുന്ദരി പെൺകുട്ടികൾ, എത്ര അഭിമാനമായ്

ആവേശമൊഴുകുന്നു രക്തസാക്ഷികൾ തൻ ആരാധനാലയങ്ങളിലേക്ക്

ചോദിച്ചുവോ ആരെങ്കിലും രക്തസാക്ഷിയോട് അവെൻറ മുറിവുകളെപ്പറ്റി?

വീരനായകനോട് ആരാഞ്ഞുവോ വേദനകളെപ്പറ്റി?

മരണത്തിന്‍റെ പടിവാതിൽക്കൽ നിൽക്കെ, ആരെങ്കിലും നോക്കിയോ അവെൻറ കൺകളിൽ?

വായിച്ചുവോ അവയിൽ നഷ്ടമോഹങ്ങളുടെ കഥകൾ?

കണ്ടുവോ രക്തസാക്ഷി തൻ തകർന്ന മാതൃഹൃദയം?

അറിഞ്ഞുവോ ഒരു യുവ വിധവയുടെ പാഴായ ജീവിതം?

ഇടറിവീണിട്ടുണ്ടോ നിങ്ങൾ ആയിരം സ്വപ്നങ്ങളുടെ അവശിഷ്ടങ്ങളിൽ?

ചങ്ങലകളെയും കൈയാമങ്ങളെയും കുറിച്ചെഴുതുന്ന കവി അനുഭവിച്ചിട്ടുണ്ടോ

തടവറയിലെ രാത്രിത്തണുപ്പ്?

തള്ളിയിട്ടിട്ടുണ്ടോ അയാളെ വീണ്ടും വീണ്ടും കുത്തുന്ന തേളുകൾ നിറഞ്ഞ കുഴിയിൽ?

ജ്ഞാനിയുടെ വാക്കുകൾ എനിക്ക് മറക്കാനാവുന്നില്ല

''തീ കത്തിക്കുന്ന നാടിനെ അത് കരിച്ചുകളയുന്നു''

..............................................

അബ്ദുൽ ബാരി ജഹാനി

1948ൽ തെക്കൻ അഫ്ഗാനിലെ കാന്തഹാറിൽ ജനനം. കാബൂൾ സർവകലാശാല സാഹിത്യവിഭാഗത്തിൽനിന്ന് ബിരുദം. കാബൂൾ മാഗസിെൻറ എഡിറ്ററായിരുന്നു. സോവിയറ്റ് അധിനിവേശത്തിന് രണ്ട് വർഷം മുമ്പ് അഫ്ഗാനിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. 1981ൽ പാകിസ്താനിലേക്ക് പോയി. 1983ൽ അമേരിക്കയിൽ എത്തി. 2010ൽ വിരമിക്കും വരെ അവിടെ വോയ്സ് ഒാഫ് പഷ്തു സർവിസിൽ പ്രൊഡ്യൂസറായിരുന്നു. ഇരുപതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. പഷ്തു ചരിത്രം, നാടോടി സാഹിത്യം എന്നിവയിലും രചനകൾ. 2006ൽ അംഗീകരിക്കപ്പെട്ട അഫ്ഗാെൻറ ദേശീയ ഗാനത്തിെൻറ രചയിതാവ് ജഹാനിയാണ്. 2015ൽ അദ്ദേഹം വിവര^ സാംസ്കാരിക മന്ത്രിയായി. 2016ൽ രാജിവെച്ചു.

6. മഴ, ഫുട്ബാൾ

(റസ മുഹമ്മദി)

1. മഴ

മഴ പെയ്താൽ വീട്ടിൽതന്നെ നിന്ന് പോകും എെൻറ കൂട്ടുകാരൻ

മരിച്ചവരുടെ ഷൂ അണിഞ്ഞുകൊണ്ട്.

നഗരത്തിലേക്കുള്ള കവാടങ്ങളെല്ലാം അടയ്ക്കപ്പെട്ടിരിക്കുന്നു

അവയുടെ വായയിൽ

തൂണു തൂണായി അവശിഷ്ടങ്ങൾ.

മരിച്ചവരെ ഞങ്ങൾ ഭൂഗർഭങ്ങളിൽ സൂക്ഷിച്ചിരിക്കുകയാണ്

പ്രതികാരത്തിെൻറ ദിനം വരുംവരെ.

അവരെ മറമാടിയത്

വെടിമരുന്നിെൻറയും പൂർവികരുടെ രോഷത്തിന്‍റെയും

പെട്ടികൾക്ക് കീഴിൽ.

മഴ പെയ്താൽ

പ്രതികാരത്തിന്‍റെ ദിനം

ഒരിക്കൽകൂടി

മാറ്റിവെച്ചേക്കും.

മഴ ഒരു കുറ്റകൃത്യമാണ്

അത് സ്വപ്നങ്ങളെ നാമാവശേഷമാക്കുന്നു.

മഴ ശുദ്ധീകരിക്കും

തെരുവിലെ എെൻറ ചോര.

2. ഫുട്ബാൾ

രാഷ്ട്രീയം ഗ്രാമങ്ങളെ വിഭജിക്കുന്ന പുഴയാണ്

പട്ടാളക്കാരേ,

നിങ്ങളുടെ തോക്കുകൾ താഴെയിടൂ

കൈയിലെ റേഡിയോകൾ നിശ്ശബ്ദമാക്കൂ

കൈയാമങ്ങൾ വേണ്ട

പതിയിരിക്കാനും ഉപദേശിക്കാനും

ഞങ്ങൾ നിങ്ങളിൽപെട്ടവരല്ല

അവരിൽപെട്ടവരുമല്ല

ഞങ്ങൾക്ക് ഒന്നു കടന്നുപോകണം

പന്ത് തിരികെ എടുക്കണം

അത്രയേയുള്ളൂ.

.......................................

റസാ മുഹമ്മദി

അഫ്ഗാനിലെ യുവ കവികളിൽ പ്രധാനി. 1979ൽ കാന്തഹാറിൽ ജനനം. ഇറാനിൽനിന്ന് ഇസ്ലാമിക സാഹിത്യം, നിയമം, തത്ത്വശാസ്ത്രം എന്നിവയിൽ ബിരുദം. ലണ്ടൻ മെട്രോ പൊളിറ്റൻ സർവകലാശാലയിൽനിന്ന് ഗ്ലോബലൈസേഷനിൽ ബിരുദാനന്തര ബിരുദം. മൂന്ന് കവിതാ സമാഹാരങ്ങൾക്ക് 2004ൽ അഫ്ഗാൻ സാംസ്കാരിക വകുപ്പിെൻറ പുരസ്കാരം ലഭിച്ചു. 1996, 1997 വർഷങ്ങളിൽ ഇറാനിലെ മികച്ച യുവ കവിയായി തിരഞ്ഞെടുക്കപ്പെട്ടു. മാധ്യമപ്രവർത്തകനും അവതാരകനും.

7. പൂക്കളും മനുഷ്യനും

(പീർ മുഹമ്മദ് കർവാൻ)

മണ്ണും ചാരവുമാണ് പൂക്കളുടെ ഭക്ഷണം

ചിലപ്പോൾ ശുദ്ധം;

മിക്കപ്പോഴും അഴുകിയത്

എന്നിട്ടും പൂക്കൾ വിശുദ്ധം, മനോഹരം,സുഗന്ധപൂരിതം

അവയുടെ നിറമോ, കണ്ണും കരളും കുളിരണിയിക്കുന്നു

ഒരിക്കൽ മാലാഖമാർ കുമ്പിട്ട മനുഷ്യരോ

അവർ പൂക്കളെ നോക്കുന്നു

കണ്ണീരിനേക്കാൾ തെളിഞ്ഞ വെള്ളം കുടിക്കുന്നു

ചുവന്ന ആപ്പിളുകൾ ചവച്ചരക്കുന്നു

എന്നിട്ടും മനുഷ്യർ ഇത്ര വൃത്തികെട്ടവരായ് മാറുന്നതെങ്ങനെ?

.............................................

പീർ മുഹമ്മദ് കാർവാൻ

അഫ്ഗാനിലെ ഘോസ്തിൽ ജനനം. 1990ൽ പാകിസ്താനിലെ പെഷവാറിലേക്ക് പ്രവാസിയായിപ്പോയി. മൂന്ന് ദശാബ്ദത്തോളം അവിടെയായിരുന്നു. ഒന്നാം താലിബാൻ ഭരണത്തിെൻറ അന്ത്യത്തിന് ശേഷം കാബൂളിലേക്ക് തിരിച്ചുവന്നു. ബി.ബി.ബിയിൽ അഫ്ഗാൻ എജുക്കേഷൻ പ്രോജക്ടിൽ ജോലി. മൂന്ന് കവിതാ സമാഹാരങ്ങളും രണ്ട് കഥാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. നാടകങ്ങളും എഴുതിയിട്ടുണ്ട്. പുതു തലമുറയുടെ സാഹിത്യ വളർച്ചക്ക് വേണ്ടി രൂപവത്കരിക്കപ്പെട്ട അഫ്ഗാൻ സാഹിത്യ പ്രസ്ഥാനത്തിെൻറ സ്ഥാപകൻ.


8. മരൂഭൂ പുഷ്പങ്ങളെപോൽ

(പർവീൺ ഫൈസ് സാദ മലാൽ)

മഴ കാത്തിരിക്കുന്ന മരുഭൂ പുഷ്പംപോൽ

മൺകുടങ്ങളെ കാക്കും നദീതീരങ്ങൾപോൽ

പ്രകാശം കൊതിക്കും പ്രഭാതംപോൽ

ഒരു സ്ത്രീ തൻ അഭാവത്തിൽ തകർന്ന വീട് പോൽ

നമ്മുടെ കാലത്തെ തളർന്ന ഓരോരുത്തരും

ശ്വസിക്കാൻ ഒരു നിമിഷം തേടുന്നുണ്ട്

ഉറങ്ങാൻ ഒരു നിമിഷം തേടുന്നുണ്ട്

സമാധാനത്തിന്‍റെ കരങ്ങളിൽ

സമാധാനത്തിന്‍റെ കരങ്ങളിൽ.

...............................................

പർവീൺ ഫൈസ് സാദ മലാൽ

1957ൽ കാന്തഹാറിൽ ജനനം. അഫ്ഗാനിലെ സ്ത്രീ കവികളിൽ പ്രധാനി. തോലോ ഇ അഫ്ഗാൻ പത്രത്തിൽ പത്രപ്രവർത്തകയായിരുന്നു. റേഡിയോ അഫ്ഗാനിലും പ്രവർത്തിച്ചു. പിന്നീട് പാകിസ്താനിലേക്ക് പോയി. മൂന്ന് കവിതാ സമാഹാരങ്ങൾ. കഥാ സമാഹാരവും പ്രസിദ്ധീകരിച്ചു.

Show Full Article
TAGS:afghan poetry 
News Summary - afghan poetry translated by km rasheed
Next Story