മറവികൾക്കെതിരെ മുഷ്ടിചുരുട്ടുന്ന ഓർമ്മകൾ
text_fieldsമറവികൾക്കെതിരെ ഓർമ്മകൾ ഉയർത്തിപ്പിടിക്കുന്നതിന്റെ സാമൂഹികവും രാഷ്ട്രീയവും ആയ പ്രാധാന്യം ചർച്ചചെയ്യപ്പെടുന്ന നോവലാണ് പി. സുരേഷിന്റെ ‘‘മറതി’’. അപനിർമ്മിക്കപ്പെടുന്ന ചരിത്രകാലത്ത് യഥാർത്ഥ ചരിത്രത്തിൻ്റെ നേരവകാശികളാണെങ്കിലും പാർശ്വവൽക്കരിക്കപ്പെട്ട് എവിടെയും അടയാളപ്പെടുത്തപ്പെടാതെ മണ്ണടിഞ്ഞു പോയ എണ്ണിയാൽ ഒടുങ്ങാത്ത സ്വാതന്ത്ര്യ സമരഭടന്മാർ നമ്മുടെ നാടിൻ്റെ പല ഭാഗങ്ങളിലായി അനവരതം പ്രയത്നിച്ചതിന്റെ സാക്ഷ്യപത്രം കൂടിയാണ് മറതി. താമ്ര പത്രത്തിനോ പെൻഷനോ മറ്റ് ആനുകൂല്യങ്ങൾക്കോ വേണ്ടിയല്ലാതെ അന്തസ്സുള്ള മനുഷ്യജീവിതം അവകാശമായി കണ്ട നിസ്വാർത്ഥരും ശുദ്ധഗതിക്കാരുമായ തനി നാട്ടിൻപുറത്തുകാരുടെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ കൊടിയടയാളം കൂടി ആവുകയാണ് മറതി എന്ന നോവൽ. ചരിത്രവും ഭാവനയും ഓർമ്മകളും ഇഴ പിരിച്ചെടുക്കാനാവാത്ത ഗ്രാമ ജീവിത നൈരന്തര്യത്തിന് ഒട്ടും തടസ്സമാകാത്ത തനി നാട്ടു ഭാഷയിൽ എഴുതപ്പെട്ട ഈ നോവലിന് ജിജ്ഞാസഭരിതമായ നല്ല വായനാക്ഷമതയും വൈകാരികമായ പിരിമുറുക്കവും നൽകാൻ കഥാകാരന് കഴിഞ്ഞിട്ടുണ്ട്. മറതി ഒരു ഗ്രാമത്തിൻ്റെ പ്രാദേശിക ചരിത്രമാണോ അതോ നോവലാണോ എന്ന ചോദ്യത്തിന് ഇത് ഉള്ളിച്ചേരിയിലെ ജനങ്ങൾ നാല്പതുകളിൽ മുട്ടുമടക്കാതെ മുഷ്ടിചുരുട്ടി മുന്നേറി ജീവിച്ചു തീർത്ത ജീവിതമാണെന്നതാവും ഉത്തരം.
വീട്ടു ചുമരിലെ ആണിയിൽ തൂക്കിയ ഗാന്ധി തൊപ്പി ധരിച്ച് കൂറ മുട്ടായി മണക്കുന്ന ദേശീയ പതാക പഴയ പെട്ടിയിൽ നിന്നെടുത്ത് ശീമക്കൊന്ന കമ്പിൽ കെട്ടി തോളിൽ ചേർത്തുപിടിച്ച് തെയ്യൊൻ കന്നൂര് സ്കൂളിലെ സ്വാതന്ത്ര്യദിന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്ന കാഴ്ചയിൽ ആരംഭിക്കുന്ന മറതിക്ക് 24 അധ്യായങ്ങളാണുള്ളത്. ജാതി മതഭേദ ചിന്തകളില്ലാതെ പരസ്പരം സ്നേഹിച്ചും എന്നാൽ ജന്മി നാട് വാഴികളായ സവർണ്ണ വിഭാഗത്തിന്റെ അടിച്ചമർത്തലുകൾക്കും പീഡനങ്ങൾക്കും വിധേയരായും കഴിഞ്ഞുകൂടിയവരാണ് ഉള്ളിച്ചേരി നിവാസികൾ. വിദ്യാസമ്പന്നരായ അപൂർവ്വം നായർ വിഭാഗത്തിൽ പെട്ട ആളുകൾ ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളിൽ ആകൃഷ്ടരായി കോൺഗ്രസ് പ്രവർത്തകരായി ഉണ്ടായിരുന്നു. അവരാണ് പാടത്തും പറമ്പിലും പണിയെടുക്കുന്ന നിസ്വരെ തല ഉയർത്തി നിൽക്കാൻ പഠിപ്പിച്ചത്. കരീറ്റിക്കൽ ശങ്കരൻ നായരും അയ്യാലിൽ രാമൻ നായരും ഏറെ പണിപ്പെട്ടെങ്കിലും ചാടുവയൽ നമ്പീശന്റെ ആലയിലെ പശുക്കളെ മേക്കാൻ അച്ഛനോടൊപ്പം നിയുക്തനായ ഒരു കറുത്ത കുട്ടിക്ക് സ്വന്തം പേരും മൂന്നാംതരത്തിൽ വെച്ച് വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ട ഒരു കാലത്തിൻ്റെ നേർചിത്രം നോവലിൽ അനാവരണം ചെയ്യപ്പെടുന്നു.
കൊല്ലൻ ചാത്തുക്കുട്ടി തീയത്തിയായ കല്യാണിയെ പ്രേമിച്ച് കല്യാണം കഴിച്ചതിലുള്ള പ്രതിഷേധം ഉലയിൽ നിന്നെടുത്ത കൊടുവാൾ കണ്ടപ്പോൾ അസ്തമിച്ചതും, തോളൂര എന്ന നാട്ടുമധ്യസ്ഥന്റെ അവസാനവാക്കും, ക്വിറ്റിന്ത്യ സമരകാലവും നോവലിൽ മനോഹരമായി ആവിഷ്കരിക്കപ്പെടുന്നു." ചേമഞ്ചേരി രജിസ്ത്രാപ്പീസ് കത്തി .വേളൂര് അംശകച്ചേരീം കുന്നത്തറ സർക്കാർ ആലയും കത്തി. ഉള്ളിച്ചേരി പാലം പൊളിച്ചിറ്റ് വര്വാണ്... അധികം വർത്താനോന്നും വേണ്ട." മാസ്റ്റർ പറഞ്ഞതോടെ അവർക്ക് ഗൗരവം മനസ്സിലായി. "രാജ്യം മുഴ് വോൻ കത്ത്വാണ്.പിന്യാണോ നെൻ്റെ അംശ കച്ചേരി ?" അച്യുതൻ്റെ ചോദ്യത്തോടെ അവർക്ക് കാര്യങ്ങൾ മനസ്സിലായി. "ഗാന്ധിജി ജയിലിലാണ്. കേളപ്പജിം സി കെ ജീം ജെയിലിലാണ്.ഞാക്ക് ജെയിൽ ല് കെടക്കാൻ ഒരു മട്യൂല്ല. ങ്ങക്കും കൂടി വേണ്ടീട്ടാ സർവ്വേയറെ ഞാളീപ്പണി എട്ക്ക്ന്നത്. സ്വതന്ത്ര ഭാരതാണ് ഞാള ലക്ഷ്യം." ബ്രിട്ടീഷുകാർക്ക് വേണ്ടി ഭരണനിർവഹണം നടത്തുന്ന കറുത്ത സായിപ്പൻ മാരോടായി സമരഭടന്മാർ പറഞ്ഞു. ഇന്ത്യയിലെങ്ങും ആളിപ്പടരുന്ന സ്വാതന്ത്ര്യസമരത്തിന്റെ തീചൂട് ഉള്ളിച്ചേരിയെ എരിപൊരി കൊള്ളിക്കുന്നത് മറതിയിൽ കാണാം. പാക്കനാർപുരത്ത് വന്ന ഗാന്ധിജിയെ കാണാൻ മൂരി വണ്ടിയിലെത്തി, സ്നേഹംകൊണ്ട് നിർമ്മിച്ച ഗാന്ധിജിയുടെ ഉടലിലെ കാൽതൊട്ട് വന്ദിച്ചതും, ഇന്ത്യയുടെ സമ്മതമില്ലാതെ ബ്രിട്ടൺ ലോകയുദ്ധത്തിൽ ഇന്ത്യയെ പങ്കാളിയാക്കിയതിൽ പ്രതിഷേധിക്കാൻ ഗാന്ധിജി ആഹ്വാനം ചെയ്ത വ്യക്തി സത്യാഗ്രഹത്തിൽ വിവാഹിതനായി ആഴ്ച തികയും മുമ്പ് പങ്കെടുത്ത് അറസ്റ്റ് വരിച്ച ദാമോദരനെ കള്ളനും കൊലപാതകിക്കും ഒപ്പം ജയിലിലാക്കി പീഡിപ്പിക്കുന്നതിന്റെ നേർക്കാഴ്ചയും വികാര തീവ്രതയോടെ നോവലിൽ ആവിഷ്കരിക്കപ്പെടുന്നു. സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളുടെ ആവേശജ്ജ്വലമായ അവതരണങ്ങൾ കൊണ്ട് വിപ്ലവോന്മുഖമായ ചരിത്രത്തിൻ്റെ അടിയടരുകളെ പുതുതലമുറക്ക് കാട്ടിത്തരുന്നുണ്ട് കഥാകാരൻ.
സർവ്വകലാശാലകളിലല്ല, മറിച്ച് മരണത്തെ കൺമുന്നിൽ കണ്ടു ജീവിതം തൃണവൽഗണിച്ച് സ്വാതന്ത്ര്യമല്ലാതെ വിട്ടുവീഴ്ചയില്ല എന്ന് പിൻ മടക്കമില്ലാത്ത പോരാളികൾ കൽത്തുറുങ്കുകളിലും സമരഭൂമികളിലും വാർത്ത ചോരയിലാണ് ചരിത്രം രചിക്കപ്പെടുന്നത് എന്ന യാഥാർത്ഥ്യത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ട് മറതി. ജന്മി നാടുവാഴിത്തവും ബ്രിട്ടീഷ് സാമ്രാജ്യത്വവും യോജിച്ചുനിന്ന് ഈ നാടിനെ കൊള്ളയടിച്ചതെ ങ്ങനെയെന്നും ജാതി വിവേചനത്തിലൂടെ ജനതയെ ഭിന്നിപ്പിച്ചു നിർത്തിയതെ ങ്ങനെയെന്നും ഉള്ളിച്ചേരി എന്ന നാട്ടിലെ അനുഭവങ്ങളിലൂടെ നോവലിസ്റ്റ് കാട്ടിത്തരുന്നു.
"നമ്പീശനാണ് ഉള്ളിച്ചേരി മുക്കിലെ രാജാവ്. ഏക്കർ കണക്കിന് സ്ഥലമുണ്ട് അയാൾക്ക്. എപ്പോഴും കാണും വയലിലും പറമ്പിലും പണിക്കാർ. കൊയ്ത്തും മെതിയും കാളപൂട്ടുമായി എന്നും തിരക്ക് തന്നെ. അവൻ്റെ അച്ഛനും അമ്മയും ഒക്കെ അവിടുത്തെ പണിക്കാരാണ്. ഒരിക്കൽ അമ്മയുടെ കൂടെ അവനും പോയിട്ടുണ്ട്. അന്ന് ഉച്ചക്ക് പറമ്പിൽ കുഴികുത്തി അതിൽ വാഴയില വച്ചാണ് കാര്യസ്ഥൻ കുട്ടികൃഷ്ണൻ കഞ്ഞി വിളമ്പിയത് . അവൻ കഴിച്ചില്ല. വടക്കേപ്പുറത്തെ ചീഞ്ഞ മണത്തിനിടയിൽ നിന്ന് കഞ്ഞികുടിക്കാൻ അവന് തോന്നിയില്ല. അവൻ്റെ കഞ്ഞിയും കൂടി പിറുങ്ങോനാണ് കുടിച്ചത് .
ഇളയ നമ്പീശന്റെ മകൻ വാസുദേവൻ നമ്പീശൻ അവൻ്റെ ക്ലാസിലാണ്. കാര്യസ്ഥൻ കുഞ്ഞപ്പ നായരോടൊപ്പ മാണ് അവൻ വരിക. കുഞ്ഞപ്പ നായരുടെ തലയിൽ വാസുദേവന് ഇരിക്കാനുള്ള മരക്കസേരയു മുണ്ടാകും. ക്ലാസ്സിൽ ഏറ്റവും മുമ്പിൽ വാസുദേവനാണ്. അവനും പിറുങ്ങനും ഒരു മൂലയിൽ പതുങ്ങിയിരിക്കും. വാസുദേവന് അവരെ കാണുന്നതേ ഇഷ്ടമല്ല. എന്തെങ്കിലും കാരണമുണ്ടാക്കി അവരെ തല്ലു കൊള്ളിക്കുക എന്നതാണ് അവൻ്റെ പരിപാടി. അയ്യപ്പൻ മാഷിൻ്റെ ചൂരൽ വീഴാത്ത ഒരിടവും അവന്റെയും പിറുങ്ങൻ്റെയും ഉടലിലില്ല." ഇതായിരുന്നു തെയ്യോൻ്റെ വിദ്യാലയ അനുഭവം.
" മാഷെന്താ തൻ്റെ പേര് വിളിക്കാത്തത് ? അവന് സംശയമായി. അയ്യപ്പൻ മാഷ് അവനെ സൂക്ഷിച്ചു നോക്കുന്നു . ഞ്ഞി ആട നിക്ക്... എടോ നെൻ്റ പേര് ഞാനൊന്ന് മാറ്റി. മാഷ് പറഞ്ഞു. അവന് ഒന്നും മനസ്സിലായില്ല. അച്ഛനും അമ്മയും ഇട്ട പേരല്ലേ തന്റേത് ? മാഷതെങ്ങനെയാ മാറ്റുക? തന്റെ മലയിൽ ഏറ്റവും നല്ല പേര്കാരൻ താനാണെന്നതിൽ ഇത്തിരി മൂച്ചൊക്കെ ഉണ്ടായിരുന്നു. ഇന്ന് തൊട്ട് നീയ്യ് തെയ്യനാണ് കേട്ടോടാ... പകുതി ബോധത്തിലാണ് അവൻ അത് കേട്ടത്. പരിഷ്കാര പേരൊന്നും എണക്ക് ചെരൂല്ല. ങ്ങളെ കൂട്ടര്ക്ക് ചേരുന്ന പേര് മതി . അയ്യപ്പൻ മാഷ് പറഞ്ഞു . അവന് ഒന്നും മനസ്സിലായില്ല . ചേടിമണ്ണിൻ്റെ നിറമുള്ള പിഞ്ഞിയ തോർത്ത് അരയിൽ ഉറപ്പിച്ച് ഗോപാലൻ എന്ന അവൻ അവസാനമായി തലയാട്ടി. കസേരയിലിരുന്ന് വാസുദേവൻ നമ്പീശൻ വാ പൊത്തിചിരിക്കുന്നുവോ? ഗോപാലൻ എന്ന അവൻ നിലത്തിരുന്നു. ഇരുന്ന ഇരിപ്പിൽ നിന്ന് ഇനി ഗോപാലൻ എണീക്കില്ല. പകരം തെയ്യോൻ എണീറ്റ് നിൽക്കും. തെയ്യോൻ കുമ്മായപ്പുറത്ത് താഴെ തോട് കടന്ന് പാലോറ മലയിലേക്കുള്ള കുണ്ടനിടവഴി കയറും. ഇന്ന് മോന്തിക്ക് അച്ഛനും അമ്മയും ഗോപാലാ എന്ന് നീട്ടി വിളിക്കുമ്പോൾ താൻ വിളി കേൾക്കണോ?
ഗോപാലാ ഇവിടെ വന്ന് കുത്തിരിക്ക്, പേന് ണ്ടോന്ന് നോക്കട്ടെ എന്ന് ഏച്ചി വിളിക്കുമ്പോൾ വിളി കേൾക്കണോ? ചാടു വയലിലെ പയ്യിൻ്റെ ചൂരുമായി അച്ഛൻ വരുമ്പോൾ പറയണം. അച്ഛാ അച്ഛൻ്റെ മോൻ ഗോപാലൻ ഇന്ന് രാവിലെ ചത്തുപോയച്ഛാ... ഞാൻ തെയ്യോനാണ്, തെയ്യോൻ.... ഈ മണ്ണിൽ അഭിമാനമുള്ള ഒരു പേര് പോലും സ്വന്തമായില്ലാത്ത മനുഷ്യ ജന്മങ്ങളുടെ കഥയായി മറതി മാറുന്നു.
ഒരോണത്തിന് പൂത്തറയൊരുക്കി പൂ പറിക്കാൻ മലകയറിയ വെള്ളപ്പാറായി എന്ന സുന്ദരിക്കുട്ടിയെ ജന്മിയായ കേളുക്കുറുപ്പ് കശക്കിക്കൊന്ന് കെട്ടിത്തൂക്കിയതും എന്നിട്ടും ജന്മി കൂസലെന്യേ മലകയറി നടക്കുന്നതും പിന്നീട് പറായിയുടെ അച്ഛൻ കരിയാത്തൻ ജീവിതത്തിൽ ഒരിക്കലും മിണ്ടിയിട്ടില്ല എന്നതും, കുഞ്ഞിക്കണ്ണൻ നമ്പ്യാർ എന്ന ജന്മിയുടെ മൂരിക്കാരനായ അര്ത്തനടി നമ്പ്യാരുടെ അടിയേറ്റ് ഉടൽ പുഴുത്ത് മരിക്കുന്നതും വായിക്കുമ്പോൾ അംശാധികാരികളും ജന്മിമാരും തമ്മിലുള്ള ബന്ധമോർത്ത് രോഷവും വേദനയും സഹൃദയ മനസ്സിൽ നുരഞ്ഞു പൊങ്ങും.
സാമ്രാജ്യത്വം എന്ന വാക്കുപോലും അറിയാത്ത പാവങ്ങൾ സ്വാനുഭവങ്ങളുടെ ബലത്തിൽ സ്വയമറിയാതെ സ്വാതന്ത്ര്യസമരഭടന്മാരായി മാറുന്ന മാസ്മരികാനുഭവം ഹൃദ്യമായി ആവിഷ്കരിക്കപ്പെടുന്നുണ്ട് മറതിയിൽ. 1948 ൽ മണ്ടോടി കണ്ണൻ എന്ന അമരരക്ത സാക്ഷി ലോക്കപ്പിൽ അനുഭവിച്ച കിരാത വേട്ടയെ അനുസ്മരിപ്പിക്കുന്നുണ്ട് കീഴരിയൂർ ബോംബ് കേസ് പ്രതിയായ മുള്ളങ്കണ്ടി മീത്തൽ കുഞ്ഞിരാമൻ്റെ ജയിൽപീഡനങ്ങളും തുടരനുഭവങ്ങളും രക്തസാക്ഷിത്വവും. സ്വയമുപേക്ഷിച്ച് സഹനത്തിന്റെ നെരിപ്പോടിലെരിയാൻ തയ്യാറായി വരുന്ന ഒരു ജനതയുടെ മുമ്പിൽ പിടിച്ചു നിൽക്കാൻ കഴിയാതെ ഭരണാധികാരം വിട്ടൊഴിയാൻ തയ്യാറാവാത്ത സമകാലീന അധീശതയുടെ നേർക്ക് ഓർമ്മകളുടെ കത്തുന്ന ഒരോലച്ചൂട്ട് വലിച്ചെറിയുകയാണ് മറതി. സ്വന്തം പേര് നിലനിർത്താൻ പോലും അധീശത്വം അനുവദിക്കാതിരുന്ന ഒരു കാലത്തെ മുറിച്ചു കടക്കാൻ നോവലിലെ കേന്ദ്ര കഥാപാത്രമായ തെയ്യോന് കഴിഞ്ഞുവെങ്കിലും താൻ സ്വപ്നം കണ്ട സ്വാതന്ത്ര്യം കിട്ടി എന്ന കാര്യം അവനറിഞ്ഞിരുന്നില്ല. സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പുമുള്ള വ്യത്യാസം ജീവിതാനുഭവങ്ങളിൽ തെയ്യോന് അപരിചിതമായിരുന്നു. അനേകരെ സ്വാതന്ത്ര്യ ചിന്തയിലേക്കെത്താൻ സഹായിച്ച മൂരി വണ്ടിക്കാരൻ ചെട്ട്യാർ കൊടി പറക്കുന്നത് കാട്ടിക്കൊടുത്ത് തെയ്യോ നെ സ്വാതന്ത്ര്യം ബോധ്യപ്പെടുത്തുകയാണ്. സ്വാതന്ത്ര്യം കൊടിയേറ്റം മാത്രമായി പരിമിതപ്പെട്ട ഏത് കാലത്തും തെയ്യോൻ നമ്മെ തൊട്ടു വിളിക്കുക തന്നെ ചെയ്യും. കെ കേളപ്പന്റെയും സി കെ ജിയുടെയും കർമ്മഭൂമിയായിരുന്ന ഉള്ളിച്ചേരി എന്ന ഗ്രാമത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടേയും മനുഷ്യസ്നേഹത്തിൻ്റെയും നാട്ടു നന്മകൾ നൽകുന്ന ഓർമ്മത്തണുപ്പാണ് മറതി നൽകുന്ന സുഖം. കേരളത്തിലെ ഏതൊരു ഗ്രാമത്തിനും ചെറുത്തുനിൽപ്പുകളുടെ ഇത്തരം കഥകൾ പറയാനുണ്ടാവും. ഉൾനാടുകളിൽ നിന്ന് പോലും ഉരുവം കൊണ്ട ബഹുസ്വരതയുടെ ചെറു ശബ്ദങ്ങളും ചലനങ്ങളും നമ്മുടെ ചരിത്ര നിർമ്മിതിയിൽ വഹിച്ച പങ്കെന്തെന്ന കാര്യം മറന്ന് കൂടാത്തതാണെന്ന ഓർമ്മപ്പെടുത്തുകയാണ് ഈ നോവൽ. ഒട്ടും വിരസത തോന്നാതെ ഒരു നാടിൻ്റെ സമഗ്ര ജീവിതചരിത്രം മനോഹരമായി ആവിഷ്കരിക്കുകയാണ് മറതി. പലപ്പോഴും യാന്ത്രികമായി പോകുന്ന നമ്മുടെ തിരക്കുപിടിച്ച ജീവിതപ്പാച്ചിലിൽ ഓർക്കേണ്ടവ പലതും വിസ്മൃതിയിൽ ആഴുന്നു. അവിടെയാണ് ഓർമ്മകൾ തിടം വെച്ച് വളർന്ന് നിവർന്നു നിൽക്കാൻ വർത്തമാനകാല ജീവിതത്തോട് ഈ നോവൽ ആവശ്യപ്പെടുന്നത്. നാമോരോരുത്തരും നിത്യേനയെന്നോണം ശപിക്കുന്ന പാടില്ലാത്ത മറവിയുടെ പേരാണ് മറതി . നോവലാരംഭിക്കുമ്പോൾ വർത്തമാനകാലത്ത് നിന്ന് ചരിത്രത്തിലേക്കാണ് തെയ്യോൻ നടക്കുന്നത്. കഥാവസാനത്തിൽ സ്വാതന്ത്ര്യത്തിന്റെ സന്തോഷാശ്രുക്കൾ വീണ നോട്ടീസുമായി ഉള്ളിച്ചേരിമുക്കിലൂടെ തെരുവത്ത് കടവിൽ നടക്കുന്ന സ്വാതന്ത്രദിനാഘോഷ പരിപാടിയിലേക്ക് ഒഴുകുന്ന ജനക്കൂട്ടത്തിലേക്ക് ലയിച്ചു ചേരുകയാണ് തെയ്യോൻ. പുതിയ ചരിത്രം സൃഷ്ടിക്കാനായി ഒരു വൃദ്ധൻ വടിയൂന്നി മൈതാനിയിലേക്ക് നടക്കുന്നത് ആരും അറിയുന്നേയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

