വേവുന്ന ജീവിതങ്ങൾ പറയുന്ന കഥ
text_fieldsവേവും നോവും
നോവൽ
പുരുഷു കക്കോടി
പീപ്ൾസ് റിവ്യൂ
ഹോട്ടൽ തൊഴിലാളി ജീവിതത്തിന്റെ വേവും നോവും പകർത്തിവെക്കുന്ന രചനയാണ് പുരുഷു കക്കോടിയുടെ നോവൽ ‘വേവും നോവും’. 1980കളുടെ മദിരാശി പശ്ചാത്തലത്തിൽ രചിക്കപ്പെട്ട കൃതി. വിശപ്പിന്റെയും ദാഹത്തിന്റെയും വിയർപ്പിന്റെയും ജയ-പരാജയങ്ങളുടെയും ഗൂഢപ്രണയത്തിന്റെയും അടുപ്പിൽ ജീവിതം തിളച്ചുമറിയുമ്പോൾ സീമയില്ലാത്ത സൗഹൃദവും അഭിമാനബോധവും കരുത്താക്കി മുന്നേറിയവന്റെ കഥയാണ് നോവൽ പങ്കുവെക്കുന്നത്. ഒരു കാലത്ത് തൊഴിൽ തേടുന്നവരുടെ പറുദീസയായിരുന്നു ഇന്ന് ചെന്നൈ എന്ന് വിളിക്കുന്ന മദിരാശി. അവിടെ തൊഴിൽ തേടിയെത്തിയ മലയാളി യുവാവിന്റെ പൊള്ളുന്ന ജീവിതകഥകൂടിയാണിത്.
ഒരു തീവണ്ടി യാത്രയിലാണ് ‘വേവും നോവും’ തുടങ്ങുന്നത്. നാട്ടിൽ അല്ലറച്ചില്ലറ ജോലിയൊക്കെ ചെയ്ത് ജീവിക്കുകയാണ് കേന്ദ്രകഥാപാത്രമായ സുരേഷ്. തന്റെ ഉറ്റസുഹൃത്ത് ചെയ്ത തെറ്റിന് കുറ്റം തന്നിൽ ആരോപിക്കപ്പെടുന്നു. സുഹൃത്തിനെ ചൂണ്ടിക്കാണിച്ച് രക്ഷപ്പെടാമായിരുട്ടും അതു ചെയ്യാതെ കൈമുതലായുള്ള അഭിമാനബോധം മുറുകെപ്പിടിച്ചാണ് മദിരാശിയിലേക്കുള്ള പുറപ്പെട്ടുപോക്ക്. മദിരാശിയിൽ എത്തി സിനിമാക്കാരനാവുക എന്ന മോഹവും യാത്രക്ക് പിന്നിലുണ്ട്. സ്വതവേ സഹൃദയനും നിർദോഷിയുമാണ് സുരേഷ്. നാട്ടിലെ നഗരത്തിൽവെച്ച് പരിചയപ്പെട്ട അലി അക്ബറിന്റെ വാക്കുകൾ വിശ്വസിച്ചാണ് യാത്ര. മദിരാശിയിലേക്കുള്ള തീവണ്ടി യാത്രാക്കൂലിപോലും ഏൽപിച്ചത് അലിയെയാണ്. ഈ പണവും തട്ടിയെടുത്ത് കടന്നുകളഞ്ഞ അലി സുരേഷിനെ തള്ളിവിട്ടത് ആധിയും ഉദ്വേഗവും നിറഞ്ഞ യാത്രയിലേക്കാണ്. അവിടെ തുടങ്ങുന്നു അവന്റെ ദുരിതജീവിതം.
നിലാവത്ത് തുറന്നുവിട്ട കോഴിയെപ്പോലെയാണ് സുരേഷ് മദിരാശിയിൽ എത്തുന്നത്. എങ്ങോട്ടു പോകണമെന്നറിയില്ല. സഹായിക്കാൻ ആരുമില്ല. വിശപ്പും ദാഹവും വേറെയും. ജോലിതേടിയുള്ള നീണ്ട അലച്ചിൽ. ഒടുവിൽ ഹോട്ടൽ തൊഴിലാളിയാവുന്നതോടെ കണ്ണീരിലും ചങ്കിടിപ്പിലും പൊതിഞ്ഞ അതിജീവന കഥ ആരംഭിക്കുന്നു. മേശ തുടക്കുന്ന ജോലിക്കാരനായാണ് തുടക്കം. പിന്നീട്, സൂപ്പർവൈസർവരെയാവുന്നത് ആത്മസമർപ്പണവും നിശ്ചയദാർഢ്യവും ഉൾക്കരുത്തായാണ്.
സൗഹൃദമാണ് സുരേഷിന്റെ ദൗർബല്യം. അതുതന്നെയാണ് അദ്ദേഹത്തെ മദിരാശിയിൽ എത്തിച്ചതും. തൊഴിലിടത്തിലെ സുഹൃത്തുക്കളായ അഷ്റഫും സിദ്ദീഖും സുബ്രഹ്മണ്യനും ചന്ദ്രനും സുകുവും അതിജീവനത്തിന് അവന് കരുത്താവുന്നു. ശാന്തി അക്കയും ഭർത്താവും അക്കയുടെ സഹോദരൻ ഹൃദയിയും സഹോദരിയും സൗഹൃദത്തിലുപരി കുടുംബബന്ധത്തിന്റെ ഊഷ്മളത പകർന്നുനൽകുന്നു. ജോലിക്കിടെ പൊള്ളലേറ്റ് മുതലാളി തെരുവിലേക്ക് തള്ളിവിട്ടപ്പോൾ താങ്ങായതും ഇവരൊക്കെതന്നെ. ഹൃദയബന്ധങ്ങളുടെ വിലയറിഞ്ഞ നിമിഷങ്ങൾ. താമസസ്ഥല ഉടമ പെരിയോർ ഗുരുസ്ഥാനീയനാവുന്നു. അദ്ദേഹത്തിന്റെ മകൾ കണ്ണിയമ്മയുടെ ഗൂഢപ്രണയം തള്ളാനും കൊള്ളാനും പറ്റാതെ ഒരുവേള അങ്കലാപ്പിലാക്കുന്നുണ്ടെങ്കിലും അവളുടെ പ്രലോഭനങ്ങളെ അതിജീവിക്കുന്നത് ആർജിച്ചെടുത്ത ജീവിതാനുഭവം പഠിപ്പിച്ച പാഠങ്ങൾകൊണ്ടാണ്.
സുരേഷിന്റെ സംഭവബഹുലമായ മദിരാശി ജീവിതം അനിവാര്യമായ മറ്റൊരു തീവണ്ടിയാത്രയിലാണ് അവസാനിക്കുന്നത്. സുരേഷ് ജോലിചെയ്യുന്ന ഹോട്ടലിൽ യാദൃച്ഛികമായി സുഹൃത്ത് നരേന്ദ്രന്റെ പെങ്ങൾ നിർമലയുടെ ഭർത്താവ് ദിനേശേട്ടനും സഹോദരി ഷീല ടീച്ചറും ഭർത്താവ് ദേവദാസനും സുഹൃത്തുക്കളും എത്തുന്നു.
ഷീല ടീച്ചറുടെ അർബുദരോഗ ചികിത്സക്കായാണ് അവർ എത്തുന്നത്. ദേശവും ഭാഷയും അറിയാത്ത അവർക്ക് സുരേഷിന്റെ സഹായം അനിവാര്യമായിരുന്നു. ആശുപത്രിയിൽ ശാന്തി അക്കയും ഹൃദയിയും ഹോട്ടലിലെ സുഹൃത്തുക്കളും കണ്ണിയമ്മയും മറ്റും ഉറ്റബന്ധുക്കളെപ്പോലെ സഹായിക്കാൻ എത്തുന്നത് നരേന്ദ്രനെയും ഷീല ടീച്ചറെയും മറ്റും വിസ്മയിപ്പിക്കുന്നുണ്ട്. ഹൃദയബന്ധങ്ങളുടെ ആഴം വിളിച്ചൊതുന്നവയാണ് ഈ വൈകാരിക രംഗങ്ങൾ. താൻ തെറ്റുകാരനായിരുന്നില്ല എന്നു നാട്ടുകാർ തിരിച്ചറിഞ്ഞിരുന്നു എന്നത് സുരേഷിനെ ഒരേസമയം സന്തോഷിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്യുന്നു. ഷീല ടീച്ചറുടെ മൃതശരീരത്തോടൊപ്പം സുരേഷിനും അനുഗമിക്കേണ്ടിവരുന്നു. ഈ തിരിച്ചുപോക്കുവേളയിൽ മദിരാശിയിലെ ഉറ്റവർ തീർക്കുന്ന വൈകാരിക പ്രകടനങ്ങൾ ആരുടെയും മിഴി നനക്കും.
അടിസ്ഥാന ജനജീവിതത്തിന്റെ രാഗ മോഹ ദ്വേഷങ്ങൾ തന്മയത്വത്തോടെ വരച്ചിട്ടിരിക്കുന്നു ഈ നോവൽ. മാന്ത്രികത ഒളിപ്പിച്ച രചനാരീതി നോവലിനെ ഹൃദയഹാരിയാക്കുന്നു. ഇതിലെ ഓരോ സംഭവവികാസവും അപ്രതീക്ഷിതത്വത്തിന്റെയും ഉദ്വേഗത്തിന്റെയും ഇന്ദ്രജാല കുപ്പായമണിഞ്ഞതാണ്. ഇത് വായനക്കാരന്റെ ഹൃദയമിടിപ്പ് കൂട്ടുന്നതോടൊപ്പം അവരെ നോവലിനോട് ചേർത്തുനിർത്തുകയും ചെയ്യുന്നു. ലളിതവാക്യങ്ങളും അനായാസ ആഖ്യാനവും വായന സുഖദമാക്കുന്നുണ്ട്. അവസാന അധ്യായം വരെ യാദൃച്ഛികതയുടെ മാന്ത്രികസ്പർശം അനുഭവവേദ്യമാവുന്നു എന്നത് ഈ കൃതിയെ വിശേഷപ്പെട്ടതാക്കുന്നു.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

