ആദിത്യന്റെ വിജയത്തിന് പിന്നിലുണ്ടൊരു മിനിക്കഥ
text_fieldsകേരളനടനത്തിന് ശേഷം ആദിത്യന്റെ വിയർപ്പ് തുടച്ചുകൊടുക്കുന്ന അമ്മ മിനി
ആദിത്യന് മൂന്നര വയസുള്ളപ്പോഴാണ് അച്ഛൻ കുമാർ മരിച്ചത്. അന്ന് മുതൽ അവനും ചേച്ചി അപർണക്കും എല്ലാം അമ്മ മിനിയാണ്. അപർണയുടെ ചിലങ്കയണിഞ്ഞും കുച്ചുപ്പുടിയുടെ ആടയണിഞ്ഞും കുഞ്ഞു ആദിത്യൻ ചുവടുവെക്കുന്നത് കണ്ടപ്പോളാണ് മകന് നൃത്തത്തിലുള്ള കമ്പം മിനി അറിഞ്ഞത്. അന്നുമുതൽ മക്കൾ രണ്ടുപേരെയും പഠിപ്പിക്കാനും നൃത്തം അഭ്യസിപ്പിക്കാനും പണം കണ്ടെത്താൻ മിനി ചെയ്യാത്ത പണികളില്ല. റിസപ്ഷനിസ്റ്റായും ബില്ലിങ് സ്റ്റാഫായും സെയിൽസ് ഗേളായും ജോലി ചെയ്തു.
പണം പോരാതെ വന്നപ്പോൾ ഒഴിവ് സമയങ്ങളിൽ സാധനങ്ങൾ ഡെലിവറി ചെയ്യാനും വീട്ടുപണിക്കും പോയി. ഇത്തവണ ഹൈസ്കൂൾ കേരളനടനത്തിന് ആദിത്യൻ ജില്ലയിൽ ഒന്നാമനായപ്പോൾ കുടുംബശ്രീയിൽനിന്ന് 40,000 രൂപ കടമെടുത്താണ് മിനി തിരുവനന്തപുരം വണ്ടിപേട്ട് നിന്ന് സംസ്ഥാന കലോത്സവത്തിലേക്ക് എത്തിയത്.
എല്ലാം മറന്നു അവൻ ആടിയപ്പോൾ എ ഗ്രേഡ് കൂടെപോന്നു. തിരുവനന്തപുരം വെങ്ങാനൂർ വി.പി.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. നടനഭൂഷണം അജയകുമാറാണ് ഗുരു. നാടോടിനൃത്തം, കുച്ചുപ്പുടി, ദഫ് എന്നിവയിൽ ജില്ലയിൽ മത്സരിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ അവതരിപ്പിച്ച് പ്രധാനമന്ത്രിയുടെ കയ്യിൽനിന്നും വെള്ളി മെഡൽ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

