Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഅപൂർവ്വരാഗം

അപൂർവ്വരാഗം

text_fields
bookmark_border
അപൂർവ്വരാഗം
cancel

ഏകാന്തതയുടെ പത്തുവർഷങ്ങൾക്ക് ശേഷം അന്നാദ്യമായി മിയ ഖാത്തൂൻ, അതുവരെ വെളിച്ചവും കടന്നുവരാതെ അടച്ചപൂട്ടിയ ഒറ്റമുറി ഫ്ലാറ്റിൽ നിന്നും പുറത്തിറങ്ങി. ജനത്തിരക്കേറിയ ഹാജി അലി ദർഗയിലേക്കാണ് അവൾ പോയത്. പാടിയും ആസ്വദിച്ചും യൗവനത്തിന് തീക്ഷ്ണത പകർന്ന ഖവ്വാലി നീണ്ട ഇടവേളക്കുശേഷം വീണ്ടുമവൾ കേട്ടു. അതിനുവേണ്ടി മാത്രമാണ് അവൾ ആർത്തിരമ്പുന്ന തിരമാലകൾക്കിടയിലെ പാത കടന്ന് ഹാജി അലിയിൽ വീണ്ടും എത്തിയത്.

ദർഗക്കു തൊട്ടുള്ള മഹഫിലിൽനിന്ന് ഹാർമോണിയത്തിന്റെ അകമ്പടിയോടെ ഖവ്വാലി കടലിനു മീതെ കാറ്റിൽ പരന്നു. ഖവ്വാലി വരികളിലും ഈണത്തിലും ആഴ്ന്നു പോകാറുള്ള അവൾക്ക് പക്ഷേ ഇന്നത് സാധ്യമായില്ല. അവൾക്കുള്ളിൽ കടലിലേക്കാൾ വലിയ തിരമാലകൾ ഇരമ്പി!

അഷ്‌റഫ്‌ മിയാൻ, പ്രണയവും ഖവ്വാലികളും നിറഞ്ഞ ആർദ്ര ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോയിട്ട് ഇന്നേക്ക് പത്തുവർഷം തികയുന്നു. തന്നെ ചൊല്ലിയുള്ള അസ്വസ്ഥതകൾ പെരുകി പെരുകി ഉപേക്ഷിച്ചു പോയതാണ്. നൊമ്പര കൂന പെരുകി അവളുടെ തൊണ്ടയിൽ കുരുങ്ങി.

ആൾക്കൂട്ടത്തിൽനിന്ന് ഹാജി അലി ദർഗയുടെ പുറകിലെ പാറക്കൂട്ടങ്ങളിലേക്ക് അവൾ ഇറങ്ങി നടന്നു.

ആദ്യമായി ഹാജി അലി ദർഗ സന്ദർശിക്കുന്നത് ഉമ്മിയോടൊപ്പമാണ്. മിയ ഖാത്തൂനെ ആകർഷിച്ചത് അവിടുത്തെ ഖവ്വാലിയാണ്. ഉമ്മി പലപ്പോഴും മൂളാറുണ്ടെങ്കിലും ലക്ഷണമൊത്തൊരു ഖവ്വാലി കേൾക്കുന്നത് ആദ്യമായ് അന്നാണ്. സിരകളിലൂടെ ഒരുതരം ലഹരി പാഞ്ഞുകയറി, ദൈവത്തോടുള്ള പ്രണയവും.

പിന്നീട് ഖവ്വാലി, ഗസൽ മെഹ്ഫിലുകൾ തേടിയുള്ള അലച്ചിലുകളായി. ക്രിസ്റ്റൽ ബിൽഡിങ്ങിലെ സതീ ദേവിയുടെ കടയിൽ സന്ധ്യാനേരത്ത് തുടങ്ങുന്ന മെഹ്ഫിൽ അവളെ അവിടത്തെ നിത്യ സന്ദർശകരിൽ ഒരാളാക്കി. സന്ധ്യയോടെ കച്ചവടം അവസാനിപ്പിച്ച് സതീദേവിയുടെ ജീവനക്കാർ മെഹഫിലിനായി കോസടികൾ വിരിച്ചിടും.

ഇടക്കുമാത്രം മെഹഫിലിൽ പാടാൻ വരാറുള്ള പാതി കഷണ്ടിക്കാരനായ മധ്യവയസ്കന്റെ ‘തുമേ ദിൽല്ലഗി ഭൂൽജാനി പഡേഗി...’ ആത്മാവിന്റെ കാതുകളിലാണ് ചെന്നുവീണത്.

അയാൾ തനിക്കുവേണ്ടി മാത്രം പാടുകയാണെന്ന് മിയ ഖാത്തൂൻ വിശ്വസിച്ചു. അയാൾ പാടിയത് അവൾക്കുവേണ്ടി തന്നെയായിരുന്നു.

ഒരിക്കൽ മെഹഫിലിൽ വിളിച്ചിരുത്തി അവളെക്കൊണ്ട് പാടിച്ചു. അന്നാദ്യമായി ആ മെഹഫിൽ പെൺസാന്നിധ്യമറിഞ്ഞു. അവൾ ദൈവത്തോടുള്ള പ്രണയത്തിൽ നിറഞ്ഞു പെയ്തു. അങ്ങനെയാണ്, പാതി കഷണ്ടിക്കാരനായ അഷ്‌റഫ്‌ മിയാൻ മിയ ഖാത്തൂന്റെ ജീവിതം കവർന്നെടുത്തത്.

പ്രായവ്യത്യാസത്തെ ചൊല്ലിയുള്ള വിമർശനങ്ങളെ അവർ പാടി തോൽപിച്ചു. ഖവ്വാലി സദസ്സുകൾ തേടി അവർ നഗരഗല്ലികളിൽ പാറിനടന്നു. പത്തുവർഷം ഖവ്വാലി സദസ്സുകളിൽ പ്രണയജോടികൾ കണ്ണീരും പ്രണയവും ചൊരിഞ്ഞു.

ഇരുവരുടെയും ഖവ്വാലി എവിടെ നടന്നാലും അവിടെയെത്തുന്ന ആരാധകർ മിയ ഖാത്തൂന്റെ ദേഹത്ത് പണം വാരിയിടും. അവരുടെ കണ്ണുകളിൽ അവളോടുള്ള പ്രണയം തിളങ്ങി. അത് അഷ്‌റഫ്‌ മിയാനിൽ അസ്വസ്ഥതകളുണ്ടാക്കി. അയാളുടെ ഈണങ്ങളിൽനിന്നും പ്രണയം വറ്റിത്തുടങ്ങി. മിയ അപ്പോഴും സംഗീതമായി പെയ്തുകൊണ്ടിരുന്നു. ആ സംഗീത മഴയിൽ നനഞ്ഞു കുതിർത്ത പുരുഷാരം അഷ്‌റഫ്‌ മിയാനെ ഭ്രാന്ത് പിടിപ്പിച്ചു.

ഒടുവിൽ, ഖവ്വാലി ഉപേക്ഷിച്ച് അയാൾ മിയയുടെ ജീവിതത്തിൽനിന്നും മരുഭൂ ചൂടുമായ് നടന്നകന്നു.പിന്നെ മിയ പാടിയില്ല. മൂളിയത് പോലുമില്ല. ഖവ്വാലി സദസ്സുകൾ തേടി പോയതുമില്ല. എല്ലാം ഉപേക്ഷിച്ച് ഏകാന്തതയിലവൾ ചുരുണ്ടുകൂടി. ഒരിക്കൽ അഷ്‌റഫ്‌ മിയാൻ തിരിച്ചുവരുമെന്ന് അവൾ പ്രാർഥനാപൂർവം വിശ്വസിച്ചു.

പാറകളിൽ തട്ടിത്തെറിച്ച തിരമാലയിൽ നനഞ്ഞ് മിയ ഓർമകളിൽ നിന്നുമുണർന്നു. പാറകളിൽ തട്ടിച്ചിതറി കടലിലേക്ക് വലിഞ്ഞു പോകുന്ന തിരമാലകൾ അവളെ കൊതിപ്പിച്ചു. ഒരു മത്സ്യമായി കടലാഴങ്ങളിലേക്ക് തുഴഞ്ഞുപോകാൻ അവൾ വെമ്പി. അപൂർവമായ ഒരു രാഗം അവളിൽ രൂപപ്പെട്ടു. ആഴങ്ങളിലേക്ക് ഊളിയിടുന്ന ഒരു മത്സ്യം ആ ഈണത്തിന് താളമിട്ടു.

പാറക്ക് തൊട്ടുരുമ്മിയ കടലിലേക്കിനി ഒരു കാലടി മാത്രം!

ഹർമോണിയത്തിന്റെ അകമ്പടിയാൽ കാറ്റിൽ വീശിയെത്തിയ ഖവ്വാലി അവളെ പൊതിഞ്ഞു.

ഒരുൾപിടിച്ചിലിൽ അവൾ പിന്നോട്ടാഞ്ഞു...

‘തുമേ ദിൽല്ലഗി ഭൂൽജാനി പഡേഗി, മുഹബ്ബത്ത് കി രാഹോം മേ ആക്കർ തോ ദേഖോ...’

കടലിനും മീതെ പ്രണയത്തിലേക്ക് തിരികെ വിളിച്ചുകൊണ്ടതാ...

അതാ ഒരു ഖവ്വാലി...


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:storyLiteratue
News Summary - A Rare Harmony
Next Story