Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightകാറിന്റെ വലതുവശത്തെ...

കാറിന്റെ വലതുവശത്തെ സീറ്റിൽ ഒരു കവി

text_fields
bookmark_border
കാറിന്റെ വലതുവശത്തെ സീറ്റിൽ ഒരു കവി
cancel
camera_alt

കെ.സച്ചിദാനന്ദനോടൊപ്പം ലേഖകൻ

ഴിഞ്ഞ ദിവസം എൺപതാം പിറന്നാൾ ആഘോഷിച്ച പ്രിയ കവി കെ. സച്ചിദാനന്ദനെ ഓർക്കുമ്പോൾ എനിക്ക് ആദ്യം മനസ്സിലേക്ക് വരുന്നത് ഒരു പുസ്തകത്തിന്റെ മണം അല്ല, ഒരു സമ്മേളന വേദിയുടെ തിരക്കുമല്ല ഒരു യാത്രയുടെ ഉള്ളിൽ തെളിഞ്ഞ മനുഷ്യനാണ്.

ബഹ്റൈന്റെ റോഡുകളിലൂടെ സന്ധ്യ വെളിച്ചം പതുക്കെ നീങ്ങിക്കൊണ്ടിരുന്ന ദിവസങ്ങൾ. എന്റെ കാറിന്റെ വലതുവശത്തെ സീറ്റിൽ ഇരുന്ന് ജാലകത്തിന് പുറത്തേക്ക് ഒഴുകുന്ന നഗരത്തെ നോക്കിക്കൊണ്ട് അദ്ദേഹം സംസാരിച്ചിരുന്നത് കവിതയെക്കുറിച്ച് മാത്രമല്ല. മനുഷ്യനെക്കുറിച്ചായിരുന്നു. തോറ്റുപോകുന്ന മനുഷ്യരെക്കുറിച്ച്. മിണ്ടാതെയിരിക്കുന്ന ജനക്കൂട്ടങ്ങളുടെ ഭയത്തെക്കുറിച്ച്. എല്ലാം തകർന്നുപോയാലും മനുഷ്യന്റെ ഉള്ളിൽ ഒരു ചെറുവെളിച്ചം ശേഷിക്കുമെന്ന വിശ്വാസത്തെക്കുറിച്ച്.

2003ൽ ബഹ്റൈൻ കേരളീയ സമാജം സാഹിത്യ അവാർഡിനെക്കുറിച്ച് ആലോചിക്കുമ്പോൾ അതിന് മുമ്പ് ആ ബഹുമതി ലഭിച്ചിരുന്നത് ആദരണീയരായ എം. ടി വാസുദേവൻ നായർക്കും, എം. മുകുന്ദനും ആയിരുന്നു. രണ്ടുപേരും മലയാളത്തിലെ എണ്ണം പറഞ്ഞ നോവലിസ്റ്റുകൾ.

അപ്പോൾ സമാജം പ്രസിഡന്‍റ് ആർ. പവിത്രനും, സെക്രട്ടറി പി. പി. ബഷീറും, സാഹിത്യ വിഭാഗം സെക്രട്ടറിയായ എനിക്കും മറ്റു കമ്മിറ്റി അംഗങ്ങൾക്കും ഒരു ചിന്തയേ ഉണ്ടായിരുന്നുള്ളു ഇനി ഈ അവാർഡ് കവിതയുടെ കൈകളിലേക്ക് എത്തണം. പിന്നീട് സച്ചിദാനന്ദൻ ബഹ്റൈനിലെത്തി ആ അവാർഡ് സ്വീകരിച്ച നിമിഷം മുതൽ ആ തീരുമാനം എത്ര ശരിയായിരുന്നുവെന്ന് ഞങ്ങൾ വീണ്ടും തിരിച്ചറിഞ്ഞു.

അദ്ദേഹം വേദിയിൽ നിന്നും വലിയ വാക്ദോരണികൾ ഇല്ലാതെ പതിഞ്ഞ സ്വരത്തിൽ സംസാരിച്ചപ്പോൾ അത് ഒരു കവിയെന്നതിലപ്പുറം കാലത്തിന്റെ സാക്ഷിയായി തോന്നി. അദ്ദേഹത്തിന്റെ വാക്കുകളിൽ ആഡംബരം ഉണ്ടായിരുന്നില്ല; പക്ഷേ ആ വാക്കുകൾ കേട്ട ശേഷം ഓരോരുത്തരുടെയും ഉള്ളിൽ ചില നിശ്ശബ്ദതകൾ ഉണർന്നിരുന്നു.

“എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ പക്ഷേ, നാക്കിലപ്പപ്പെനിക്കുതരിൻ- പൂക്കിലപ്പൂടയെനിക്കുതരിൻ- കൈതോലവാലെനിക്കുതരിൻ- തീപ്പൊരിച്ചേലെനിക്കുതരിൻ- പുത്തരിയങ്കമെനിക്കുതരിൻ...

എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ പോട്ടെ, കോഴിക്കൊമ്പു നിങ്ങളെടുത്തോളിൻ.”

ഈ വരികൾ അദ്ദേഹം സ്റ്റേജിൽ നിന്ന് വായിച്ചപ്പോൾ ഒരു സാധാരണ കവിത ചൊല്ലൽ മാത്രമായല്ല തോന്നിയത്, തന്റെ അവകാശത്തിന്റെ ഏറ്റവും ചെറിയ അവശിഷ്ടം പോലും വിട്ടുകൊടുക്കാതെ പിടിച്ചുനിൽക്കുന്ന മനുഷ്യനെയാണ് കണ്ടത്.

സച്ചിദാനന്ദന്റെ കവിതകളിൽ വിശപ്പിനും ദാരിദ്ര്യത്തിനും പോലും ഒരു ആത്മാഭിമാനത്തിന്റെ ചൂടുണ്ട് അന്നും ഇന്നും എന്നും തോന്നിയിട്ടുണ്ട്..

“എൻ നാഡിയിലുണ്ടൊരു സൂര്യൻ: പുണ്ണുപിടിച്ചു വെളുത്തും കണ്ണിമകൂടി നരച്ചും കൂനിവിറച്ചു വിളർത്തു തളർന്നൊരു വെള്ളസ്സൂര്യൻ.

എൻ പ്രാണനിലുണ്ടൊരു സൂര്യൻ: മരണമുപോലെ കറുത്തും മഞ്ഞുകണക്കുതണുത്തും ശൂന്യതയുടെ ഗന്ധം താവിയ ശ്യാമളസൂര്യൻ.”

ഈ വരികൾ ഒരു കവിയുടെ ഉള്ളറ മാത്രമല്ല, കാലം മുറിവേൽപ്പിച്ച മനുഷ്യന്റെ ആത്മാവാണ്. ശരീരത്തിലും മനസ്സിലും ഒരേസമയം വെളിച്ചവും ഇരുട്ടും വഹിക്കുന്ന മനുഷ്യന്റെ സങ്കീർണമായ നിലവിളി ഇവിടെ ശരിക്കും കേൾക്കാം കണ്ണും കാതും മനസ്സും ചേർത്തുവെക്കാനുള്ള അലിവുണ്ടായാൽ മതി.

“അഞ്ചാം നമ്പർ വാർഡ് എന്ന കവിതയിൽ എന്നെ ഏറെ ആകർഷിച്ച വരികൾ ഞാൻ വീണ്ടും വീണ്ടും വായിച്ച വരികൾ ഇനിയും വായിക്കണം എന്ന് കരുതുന്ന വരികൾ ഇങ്ങനെ ആണ്,

ഇടതുഭാഗം അപ്പോൾ ഒരു സ്പാനിഷ്താഴ്വരയിൽ ഫാസിസത്തിന്റെ വെടിയുണ്ടയേറ്റു ചോരയൊലിക്കുന്നു.

ഇപ്പോൾ അവൻ മേരുവിന്റെ ഗുഹയിലിരുന്ന് ലോകത്തെ മുഴുവൻ സ്നേഹിക്കുവാൻ പഠിക്കുകയാണ്.

ഇപ്പോഴിതാ പെറൂവിയൻ രാത്രിയിലിരുന്ന് സാമ്രാജ്യത്വത്തിന്നെതിരെ തോക്കു നിറയ്ക്കുന്നു.

ഇന്ത്യയിലെ ഖനിവേലക്കാരോടൊപ്പം കൽക്കരി കോരിക്കഴിഞ്ഞ് അവൻ ഒരു മംഗോളിയൻ വസന്തനൃത്തത്തിൽ ഗ്രാമീണരോടൊത്തു ചുവടുവെയ്ക്കുന്നു.

അങ്ങിനെയാണവൻ ഇടയ്ക്കിടയ്ക്കു വിയർക്കുന്നത്.”

ഈ വരികളിൽ ഒരു വാർഡിന്റെ ചുമരുകൾക്കപ്പുറം ലോകത്തിന്റെ മുഴുവൻ ചരിത്രവും ശ്വസിക്കുന്നു. മനുഷ്യന്റെ വേദന ഒരേയൊരു രാജ്യത്തിന്റെയോ ഭാഷയുടെയോ അല്ലെന്ന സച്ചിദാനന്ദന്റെ വിശാലമായ രാഷ്ട്രീയ-മാനവിക ബോധം ഈ കവിതയിൽ ശക്തമായി തെളിയുന്നു.

സച്ചിദാനന്ദന്റെ കവിതകൾക്ക് ഇപ്പോഴും അപ്പോഴും എപ്പോഴും ഒരു വിചിത്രമായ സ്വഭാവമുണ്ട്. അവ വലിയ ശബ്ദത്തിൽ സംസാരിക്കാറില്ല. പക്ഷേ വായിച്ചു കഴിഞ്ഞാൽ വളരെ നേരം നമ്മുടെ ഉള്ളിൽ അവയുണ്ടാക്കുന്ന ഉൾക്കിടിലം തുടരും.

ഒരു പുഴ രാത്രിയിൽ ഒഴുകുന്നതുപോലെ അവ മനസ്സിന്റെ അടിത്തട്ടിലൂടെ സഞ്ചരിക്കും.

അദ്ദേഹം മതേതരത്വത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അത് ഒരു മുദ്രാവാക്യമല്ലായിരുന്നു. മറ്റൊരാളുടെ വേദന സ്വന്തം ഹൃദയത്തിൽ കേൾക്കാൻ കഴിയുന്ന ഒരു മനുഷ്യന്റെ സ്വാഭാവിക സ്വഭാവമായിരുന്നു. അതുകൊണ്ടുതന്നെ കവി എന്ന നിലയിലും, സാംസ്കാരിക പ്രവർത്തകൻ എന്ന നിലയിലും, സമൂഹത്തിന്റെ മനസ്സാക്ഷിയായി നിലകൊള്ളുന്ന ചിന്തകൻ എന്ന നിലയിലും അദ്ദേഹം മലയാള സമൂഹത്തിൽ മുമ്പേ നടന്നു.

കേന്ദ്ര സാഹിത്യ അക്കാദമിയിലും, കേരള സാഹിത്യ അക്കാദമിയിലും അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ ഒരു ഭാഷയെ മറ്റൊരു ഭാഷയുമായി ബന്ധിപ്പിക്കുന്ന ചങ്ങല എന്നതിലുപരി ഒരു ഹൃദയത്തെ മറ്റൊരു ഒരു ചങ്കിനെ മറ്റൊരു ഹൃദയവുമായി ബന്ധിപ്പിക്കുന്ന ഭാഷ മനസ്സിലാകുന്ന അപൂർവരിൽ ഒരാളായി നിന്നു. അതുകൊണ്ടുതന്നെ മലയാളത്തിന്റെ ശബ്ദം ഇന്ത്യൻ സാഹിത്യത്തിന്റെ വിശാല ഭൂപടത്തിൽ കൂടുതൽ വ്യക്തമായി കേൾക്കാൻ അദ്ദേഹം ചെറുതല്ലാത്ത പങ്കു വഹിച്ചു എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.

2003-ലെ അവാർഡ് സ്വീകരിച്ചതിന്റെ അടുത്ത ദിവസം നടന്ന കവിതാ ക്യാമ്പ് ഇന്നും എന്റെ ഓർമ്മയിൽ മങ്ങാതെ നിൽക്കുന്നു. മുപ്പതിലേറെ കവികൾ പങ്കെടുത്ത ആ സംഗമത്തിൽ അദ്ദേഹം സംസാരിച്ചിരുന്നത് കവിതയുടെ അലങ്കാരങ്ങളെക്കുറിച്ചല്ല; ജീവിതത്തിന്റെ സത്യസന്ധതയെക്കുറിച്ചായിരുന്നു. ഒരു പുതിയ കവിയുടെ ചെറു വരിയിലും അദ്ദേഹം ശ്രദ്ധയോടെ പ്രതീക്ഷ കണ്ടെത്തുമായിരുന്നു.

അവസാനം മികച്ച കവിതകളായി തെരഞ്ഞെടുത്തത് മനോഹരൻ വി. പേരകത്തിന്റെയും, ഇ. വി. രാജീവന്റെയും, അടൂർ സുരേഷിന്റെയും കവിതകൾ ആയിരുന്നു. പക്ഷേ അന്നത്തെ യഥാർത്ഥ നേട്ടം ആർക്കാണ് സമ്മാനം ലഭിച്ചത് എന്നതിലല്ല, കവിത ഇപ്പോഴും മനുഷ്യനെ സ്പർശിക്കുന്ന ഒരു ജീവനുള്ള ശക്തിയാണെന്ന തിരിച്ചറിവിലായിരുന്നു.

ബഹ്റൈനിലെ ആ അഞ്ച് ദിവസങ്ങൾ ഇന്നും എന്റെ ഓർമ്മയിൽ തിളങ്ങി നിൽക്കുന്നു... കാറിന്റെ വലതുവശത്തെ സീറ്റിൽ ഇരുന്ന് നഗരത്തിന്റെ വിളക്കുകൾക്കിടയിലൂടെ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇന്നും ഉള്ളിൽ മുഴങ്ങുന്നു. സത്യം ചിലർ സംസാരിക്കുമ്പോൾ നമുക്ക് അറിവ് ലഭിക്കും. ചിലർ സംസാരിക്കുമ്പോൾ നമ്മുടെ ഉള്ളിൽ ഉറങ്ങിയിരുന്ന മനുഷ്യൻ ഉണരും. സച്ചിദാനന്ദൻ അങ്ങനെയുള്ള ഒരാളാണ്.

ഇന്ന് അദ്ദേഹം എൺപതാമത്തെ ജന്മദിനത്തിലെത്തുമ്പോൾ എനിക്ക് തോന്നുന്നത് മറ്റൊന്നാണ് കാലം അദ്ദേഹത്തിന്റെ ശരീരത്തിലൂടെ നടന്നുപോയിട്ടുണ്ട്; അദ്ദേഹം ഇടയ്ക്കിടക്ക് ക്ഷീണം എന്ന വാക്ക് ഫേസ്ബുക്കിലൂടെ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട് വായിച്ചിട്ടുണ്ട് പക്ഷേ കവിത ഇപ്പോഴും അദ്ദേഹത്തിനുള്ളിൽ ഒരു യുവാവിന്റെ ഹൃദയമിടിപ്പോടെ ജീവിക്കുന്നു.

പ്രിയ സച്ചിദാനന്ദൻ സാർ, ഈ എൺപതാം ജന്മദിനത്തിൽ ഹൃദയം നിറഞ്ഞ സ്നേഹവും ആദരവും നന്ദിയും. ഇനിയും എഴുതുക. കാരണം മനുഷ്യനെക്കാൾ വലിയൊരു മതവും ഇല്ലെന്നും, സത്യത്തെക്കാൾ വലിയൊരു കവിതയും ഇല്ലെന്നും ഈ കാലത്തോട് വീണ്ടും വീണ്ടും പറയാൻ നിങ്ങളുടെ വാക്കുകൾക്ക് ഇപ്പോഴും കഴിയുന്നുണ്ട്. നിങ്ങൾ ഇന്നലെ പറഞ്ഞതുപോലെ..

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Writer K Sachidanandanliterature
News Summary - A poet sits on the right side of the car
Next Story