അവസാനമായി ജീവിച്ച ഒരു മനുഷ്യൻ
text_fields1. നക്ഷത്രമില്ലാത്തൊരു പിറവി
ലോകം അവസാനിച്ചതിനുശേഷം ഒരേയൊരു മനുഷ്യൻ മാത്രമാണ് ശേഷിച്ചത്, അരുൺ. അവൻ എവിടെയാണ് ജനിച്ചത്, എപ്പോൾ അവസാനിച്ചു മനുഷ്യരാശി, അവൻ എങ്ങനെ തനിച്ചായി? ഒന്നും അറിയില്ല. അവന് യാതൊന്നും ഓർമയില്ല; എന്നാൽ ഓർമയുടെ ആ അഭാവം തന്നെ അവന്റെ ഏറ്റവും വലിയ ഓർമയായിരുന്നു. അരുൺ ഒരു പകുതി തകർന്ന ഗോപുരത്തിന്റെ മുകളിൽ നിന്ന് ശൂന്യമായ ഭൂമിയെ നോക്കി നിൽക്കുമ്പോളാണ് ആദ്യത്തെ ഒരു ചിന്ത ജനിച്ചത്: ‘ഞാൻ ആരാണ് എന്നതിനേക്കാൾ ഈ ലോകം ആരുടെ സ്വപ്നമാണ്?’
2. നടക്കാത്ത വഴികളുടെ ശബ്ദം
അവൻ യാത്ര തുടങ്ങി. ഒരു വഴിയും ഇല്ലാത്ത ഭൂമിയിൽ ഓരോ ചുവടും പുതിയ വഴി. യാദൃച്ഛികമായി അവൻ കേട്ടു, കാറ്റിനുള്ളിൽ ആരോ തന്നെ പേരുചൊല്ലി വിളിക്കുന്നു: ‘അരുൺ… അത് നീയാണോ?’ അവൻ ഞെട്ടിനിൽക്കുമ്പോൾ കാറ്റ് വീണ്ടും പറഞ്ഞു: ‘ഞാൻ… നീ നടന്നിട്ടില്ലാത്ത വഴികളുടെ ശബ്ദമാണ്.’ അരുൺ ചോദിച്ചു: ‘വഴികൾ സംസാരിക്കുമോ?’കാറ്റ് ചിരിച്ചു: ‘വഴികൾ; നടക്കാത്തവരോട് മാത്രം സംസാരിക്കും.’ അരുൺ അതിനെ മനസ്സിലാക്കിയില്ല, പക്ഷേ കാറ്റിന്റെ ശബ്ദം അവനെ മുന്നോട്ട് തള്ളി.
3. ഓർമയില്ലാത്ത ഒരു സ്മാരകം
ദൂരെയൊരു വലിയ കൂനമരം. അതിന്റെ പുറത്ത് ഒരു വരുത്തി കുറിപ്പ്: ‘എനിക്കെല്ലാം ഓർമയുണ്ട്, എന്നാൽ ഞാൻ ഒന്നും കണ്ടിട്ടില്ല.’ മരം സംസാരിക്കുമോ? അവൻ കൈവെച്ചപ്പോൾ മരം വിറച്ചു, ശബ്ദം ഉയർന്നു: ‘‘അരുൺ, നിന്റെ ഓർമകൾ എല്ലാം എന്റെയാണ്; നീയായിരുന്ന ജീവിതങ്ങൾ, നീ ആയേക്കുമായിരുന്ന ജീവിതങ്ങൾ, നീ പറഞ്ഞതും പറഞ്ഞിട്ടില്ലാത്തതുമായ വാക്കുകൾ, അവയെല്ലാം ഇവിടെ അടങ്ങിയിട്ടുണ്ട്.” അരുൺ ഭയന്നു. വിറസ്വരത്തിൽ അവൻ പറഞ്ഞു: ‘എനിക്ക് അവ തിരികെ വേണം!’ മരം പറഞ്ഞു: ‘ഓർമ തിരികെ കിട്ടുന്നത് നിന്നെ പുനർജനിപ്പിക്കില്ല, അതിനെ പുനർജനിപ്പിക്കുന്നത് ഒരു സത്യം. നീ ആരായിരുന്നു എന്നതല്ല; നീ എന്ത് ഉൾക്കൊള്ളുന്നു എന്നതാണ് നീ.’
4. സമയം മരിച്ച ഒരു ദിനം:
അരുൺ മുന്നോട്ട് നടന്നു. അവന്റെ മുന്നിൽ ഒരു വിചിത്രമായ കാഴ്ച, ഒരു പുരാതന മണൽക്കൂന നീർത്തിവെച്ചിരിക്കുന്നു. മണൽ വീഴുന്നില്ല. സമയം മരിച്ചിരിക്കുന്നു. അവൻ ചോദിച്ചു: ‘സമയം എന്തുകൊണ്ട് നിൽക്കുന്നു?’
മണൽക്കൂന മറുപടി പറഞ്ഞു:
‘മനുഷ്യർ സമയം അളക്കാൻ കുറിച്ചു, പക്ഷേ അത് അവർ തന്നെ തന്നെ നഷ്ടപ്പെടുത്താനുള്ള മാർഗമായി മാറി.’ ‘നിന്നെ കാത്തുനിൽക്കുകയാണ് ഞാൻ’ മണൽക്കൂന പറഞ്ഞു.
‘എന്നെ, എന്തിന്?’
‘നിന്റെ ഉള്ളിലെ സമയത്തെ നീ തന്നെയാണ് ആരംഭിക്കേണ്ടത്.’ അവൻ ഒരു മണൽക്കണം കൈയിൽ എടുത്തു.അന്നേരം മണിക്കൂർ വീണ്ടും പ്രവർത്തനം തുടങ്ങി.
5. സത്യം കണ്ട അവസാന കണ്ണാടി
അവൻ ഭൂമിയിലെ അവസാന കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോൾ കാണ്മാനായി അതിൽ അവന്റെ രൂപം ഒന്നുമില്ല. പകരം കണ്ണാടി എഴുതി: ‘അരുൺ, നീ നീ തന്നെയാണ് എന്ന് കരുതുന്നത് നിന്റെ ഒരു തെറ്റിദ്ധാരണ. നീ കാണുന്ന ലോകം, അത് യഥാർഥത്തിൽ നിന്നെ കാണുന്ന ലോകമാണ്.’ അരുൺ മുട്ടുകുത്തി:
‘എന്നെ… ഞാൻ കാണുന്നില്ല.’ കണ്ണാടി പറഞ്ഞു:
‘കാരണം, നീ അന്വേഷിക്കുന്നത് നിന്റെ മുഖമല്ല,നിന്റെ അർഥമാണ്.’
6. അവസാന ചോദ്യത്തിന്റെ ജനനം
അവൻ ഭൂമിയുടെ അതിർത്തിയിലേക്ക് നടന്നു. അവിടെയൊരു വാതിൽ. ലോകം അവസാനിച്ചതിന് ശേഷം ഒരേയൊരു വാതിൽ മാത്രമാണ് ശേഷിച്ചത്.വാതിൽ ചോദിച്ചു:
‘നിനക്ക് എന്താണ് വേണ്ടത്, അരുൺ?’
അരുൺ മറുപടി നൽകി:
‘എനിക്ക് ആരെന്ന് അറിയണം.’ വാതിൽ പറഞ്ഞു.
‘നീ ആരാണ്’ എന്ന ചോദ്യം നിന്റേതല്ല. നീ ചോദിക്കേണ്ടത് ലോകം ആര്‍ക്കാണെന്നാണ്?!’
അരുൺ വിറച്ചു:
‘അപ്പോൾ ഈ ലോകം...?’
വാതിൽ തുറന്നു പറഞ്ഞു:
‘നീ ജീവിച്ചിട്ടില്ലാത്ത നിന്റെ തന്നെ അവസാന സ്വപ്നമാണ് ഈ ഭൂമി.’
അരുൺ ഞെട്ടി: ‘അപ്പോൾ ഞാൻ... ജീവിച്ചതല്ലേ’
വാതിൽ ചിരിച്ചു:
‘നിന്റെ ഇതുവരെയുള്ള ഒരു ജീവിതത്തിലും ജീവനില്ല. ഇപ്പോൾ ആദ്യമായി നീ ജീവിക്കാൻ പോവുകയാണ്.’
7. പിറവി
അരുൺ വാതിലിലൂടെ കടന്നപ്പോൾ ഒന്നുമില്ലാത്ത ഇടത്ത് ഒന്നാകുന്നു ശ്വാസം. പിന്നെ പ്രകാശം.അവസാനം ഒരു പുതുമനുഷ്യൻ ജനിച്ചു. അവന്റെ ആദ്യ ശബ്ദം:
‘ഞാൻ ജീവിക്കുന്നു.’
അതുകേട്ട് പ്രപഞ്ചം മറുപടി നൽകി:
‘ഇപ്പോൾ തുടങ്ങുന്നു നിന്റെ കഥ; ഇനി ഓർമകൾ അവ നീ എഴുതുന്നതാണ്.’
പക്ഷേ; അവസാനം അതായിരുന്നു തുടക്കം!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

