പരസ്പര സ്നേഹം വീണ്ടെടുക്കാം
text_fieldsവിനയത്തിന്റെയും ലാളിത്യത്തിന്റെയും ലോക മാതൃകയായ യേശുദേവന്റെ ജനന തിരുനാൾ ആഘോഷിക്കുന്ന ഈ വേളയിൽ ലോകം മുഴുവനും പരസ്പര സഹവർത്തിത്വം പുലരാൻ നമ്മൾ ഓരോരുത്തരും ശ്രമിക്കേണ്ടിയിരിക്കുന്നു . ദൈവം മനുഷ്യനുമായി കണ്ടുമുട്ടുന്ന ഏറ്റവും മനോഹരമായ സ്ഥലമായി പുൽക്കൂട് പരിണമിച്ചു.
സാഹോദര്യ സ്നേഹത്തിൽനിന്നു ഉരുത്തിരിഞ്ഞ കൂട്ടായ പ്രവർത്തനത്തിന്റെ മനോഹര ഫലമായി പുൽക്കൂട് മാറിയതും യാദൃച്ഛികമായൊരു സംഭവമായിരുന്നില്ല. അനന്തമായ ദൈവിക പദ്ധതിയുടെ പൂർത്തീകരണം മാത്രമായിരുന്നു അത് . ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചു പരിപാലിച്ച ദൈവം തന്റെ രൂപത്തിലും ഛായയിലും മനുഷ്യനെ സൃഷ്ടിച്ചു സ്വതന്ത്ര ചിന്തയും പ്രവർത്തന സ്വാതന്ത്ര്യവും നൽകി അവനെ സ്വയംപര്യാപ്തനാക്കി.
പക്ഷേ തന്നോടു ചേർന്ന് നിൽക്കുന്നതിനു പകരം അവൻ തന്റെ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തി ദൈവത്തിൽനിന്നും അകന്നു. തന്നെ ദുഃഖത്തിൽ ആഴ്ത്തിയ തന്റെ പ്രിയ സൃഷ്ടിയെ കൈ വിടാതെ തന്റെ സ്നേഹം അറിയിക്കാൻ പല വിധ പരിശ്രമങ്ങളും പലരിലൂടെയും നടത്തി.
സ്നേഹമായ ദൈവം നമ്മോടുള്ള സ്നേഹത്തെ നമ്മിൽ ഒരുവനായി തീർന്നതിന്റെ ഓർമയാണ് പുൽക്കൂടിന്റെ ആവിഷ്കരണം. അങ്ങനെ അതിന്റെ തുടർച്ചയായി സ്വയം ശൂന്യവത്കരണത്തിലൂടെ നാം സ്നേഹമായി മാറേണ്ടിയിരിക്കുന്നു. ക്രിസ്മസ് ആഘോഷിക്കുന്നതിലൂടെ ഈ പരസ്പര സ്നേഹം വീണ്ടെടുക്കാം.
അങ്ങനെ സ്നേഹത്തിൽ ഒന്നായി നിന്നുകൊണ്ട് ഈ ലോകത്തിൽ പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ശാന്തിയുടെയും വക്താക്കളായി മാറാം. ലോകം മുഴുവനുളള മാനവരാശിക്ക് ഈ ക്രിസ്മസ് ഒരു നവ അനുഭവമായി മാറട്ടെ.
(ഫാ.ജോൺസൺ കടുക്കൻമാക്കൽ- സെന്റ് ഫ്രാൻസിസ് സേവ്യർ ചർച്ച്, സലാല)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

