Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightകെ. വേണുവിന്റെ...

കെ. വേണുവിന്റെ രാഷ്ട്രീയ പണിയാലയിലെ ഇടിമുഴക്കങ്ങൾ

text_fields
bookmark_border
കെ. വേണുവിന്റെ രാഷ്ട്രീയ പണിയാലയിലെ ഇടിമുഴക്കങ്ങൾ
cancel

കോഴിക്കോട് :നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ രണ്ട് പതിറ്റാണ്ടു കാലത്തെ (1970-1991) സാമൂഹിക- രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ച് കെ.വേണു നടത്തിയ വിലയിരുത്തലാണ് 'ഒരന്വേഷണത്തിന്റെ കഥ' എന്ന പുസ്തകം. പ്രസ്ഥാനത്തിന്റെ അഖിലേന്ത്യ സെക്രട്ടറിയായിരുന്ന അദ്ദേഹത്തിന്റെ ദാർശനിക അന്വേഷണങ്ങളുടെയും രാഷ്ട്രീയ പ്രയോഗത്തിന്റെയും ആകെത്തുകയാണ് ഈ ആത്മകഥ. മലയാളം വരികയിൽ രണ്ട് പതിറ്റാണ്ട് മുമ്പ് പ്രസിദ്ധീകരിച്ച ലേഖനങ്ങളാണ് ഈ പുസ്തകത്തിന്റെ ഏറെ ഭാഗവും.

കേരളത്തിൽ 1970കളിൽ നടന്ന ഉന്മൂലന സമരം മുതൽ 1991ൽ നക്സലൈറ്റ് പ്രസ്ഥാനം പിരിച്ചുവിടുന്നത് (പിരിച്ചുവിട്ടില്ലെന്ന് അദ്ദേഹം വാദിക്കുന്നു) വരെയുള്ള കെ. വേണുവിന്റെ ദാർശനിക അന്വേഷണങ്ങളുടെയും സമരതീഷ്ണമായ രാഷ്ടീയ പ്രവർത്തനത്തിന്‍റെയും അനുഭവമാണ് ഒന്നാം ഭാഗത്ത് അടയാളപ്പെടുത്തുന്നത്. കെ. അജിതയും (ഓർമ്മക്കുറിപ്പുകൾ) തേറ്റമല കൃഷ്ണൻകുട്ടിയും (തിരുത്ത്) വിവരിച്ചത് തലശേരി- -പുൽപ്പള്ളി സംഭവങ്ങളായിരുന്നു. പുൽപ്പള്ളിക്ക് ശേഷം നടന്ന സായുധ വിപ്ലവ പാതയുടെ ചരിത്രമാണ് വേണു രേഖപ്പെടുത്തുന്നത്. രണ്ടാംഭാഗത്ത് തീവ്രവാദത്തിൽനിന്ന് പാർലമെന്ററി രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ ചുവടുമാറ്റമാണ്..


ദാർശനികനും രാഷ്ട്രീയ നേതാവും

പാളിപ്പോയ സായുധ വിപ്ലവ സ്വപ്നങ്ങളുടെ ഓർമ്മ പുസ്തകത്തിൽ രണ്ട് കെ. വേണു ഉണ്ട്. ഒന്ന് ദാർശനികനായ വേണു. പ്രപഞ്ചവും മനുഷ്യനും മുതൽ വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങളിലൂടെ 'ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ ജനാധിപത്യ സങ്കൽപ്പം വരെയുള്ള നിദ്രാസഞ്ചാരി. രണ്ടാമത്തെയാൾ സായുധ വിപ്ലവം ലക്ഷ്യം വെച്ച് രഹസ്യ പാർട്ടിയെ നയിച്ച പ്രസ്ഥാനത്തിന്റെ ആചര്യസ്ഥാനത്തുള്ള വേണുവാണ്. ഒരർഥത്തിൽ ദാർശനികനും (രാഷ്ട്രീയ ബുദ്ധിജീവിയും) രാഷ്ടീയ നേതാവും തമ്മിലുള്ള നിരന്തര സംഘർഷമാണ് അദ്ദേഹത്തിന്റെ ജീവിതം. വേണുവിലെ രാഷ്ട്രീക്കാരന്‍റെ പരാജയത്തെയും ദാർശനികന്റെ മുന്നോട്ടുള്ള പ്രയാണത്തെയുമാണ് പുസ്തകം അടയാളപ്പെടുത്തുന്നത്.

പുസ്തകത്തിൽ അദ്ദേഹം മാർക്സിസം, ലെനിനിസം, മാവോചിന്തയെ വിമർശനാത്മമായി വിലയിരുത്തുന്നുണ്ട്. 1970കളിൽ കാൾ മാർക്സിന്റെയും ചാരുമജൂംദാരുടെയും ദർശനങ്ങൾ ചേർന്നൊഴുകിയ ഒരു പുഴയായിരുന്നു അദ്ദേഹത്തിന്റെ ചിന്തകൾ. പ്ലേറ്റോ പറഞ്ഞതുപോലെ ചങ്ങലകളാൽ ബന്ധനസ്ഥരായ തടവുകാരെ പോലെയായി വേണു. പാർട്ടി പിരിച്ചുവിടുംവരെ വേണു സായുധസമര പ്രത്യയശാസ്ത്ര ലോകത്തെ തടവുകാരനായിരുന്നു. അക്കാലത്ത് ആത്മത്യാഗികളായ ഒരു സംഘം യുവാക്കൾ വേണുവിനു ചുറ്റുമുണ്ടായിരുന്നു. അന്തിമമായി സായുധ വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുക്കുക എന്നത് എങ്ങനെ സാധ്യമാക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയാന്വേഷണം.



ചരിത്രത്തിൽനിന്ന് മാഞ്ഞ അബ്ദുൽ സലാം

തലശേരി-പുൽപ്പള്ളി ആക്രമണത്തിനും വർഗീസ് വധത്തിനും ശേഷമാണ് വേണുവിന്‍റെ രംഗപ്രവേശനം. തിരുവനപുരത്ത് കെ.പി. കുമാരൻ അടക്കമുള്ള സംഘത്തടൊപ്പം ചേർന്ന് ക്രമേണ പാർട്ടിയിലേക്ക് പ്രവേശിക്കുകയാണ്. സ്വതന്ത്ര മാസിക എന്ന നിലയിൽ തുടങ്ങിയ 'ഇങ്ക്വിലാബ്' പാർട്ടി പ്രസിദ്ധീകരണത്തിന്റെ തലത്തിലേക്ക് മറുകയായിരുന്നു. പാർട്ടിയുടെ സംസ്ഥാനതല യോഗത്തിൽ പങ്കെടുത്ത ശേഷം വേണു പശ്ചിമബംഗാളിൽ പോയി ചാരുമജൂംദാരെ കണ്ടു. ബംഗാളിൽനിന്ന് മടങ്ങിയെത്തി സംഘാടനത്തിനുള്ള നീക്കം തുടങ്ങുമ്പോഴാണ് കിളിമാന്നൂരിൽ ഉന്മൂലന സമരം നടന്നത്.

വെള്ളത്തൂവൽ സ്റ്റീഫനായിരുന്നു കിളിമാന്നൂരിൽ ഉന്മൂലനം ആസൂത്രണം ചെയ്തത്. സ്റ്റീഫൻ അവിടെ ഒളിവിൽ കഴിഞ്ഞ് ഉന്മൂലനത്തിനായുള്ള പഠനക്ലാസുകൾ നടത്തി. വർഗീസിന്റെ രക്തസാക്ഷിത്വത്തിന് പ്രതികാരം ചെയ്യാൻ ആത്മത്യാഗത്തിന്റെ രാഷ്ട്രീയപാത സ്വീകരിക്കാൻ അദ്ദേഹം സഖാക്കളോട് ആഹ്വാനം ചെയ്തു. സഖാക്കൾ സ്റ്റീഫന്റെ വാക്കുകളെ അനുസരിച്ചു. ആ കൊലപാതകങ്ങൾ നാടിനെ നടുക്കി. ഉന്മൂലനത്തിൽ പങ്കാളിത്തമില്ലെങ്കിലും വേണു അറസ്റ്റിലായി. കിളമാന്നൂർ കേസിൽ വേണുവും പ്രതിയായി.

എന്നാൽ, കിളിമാന്നൂർ സംഭവത്തിൽ പ്രസ്ഥാനവും വേണുവും രേഖപ്പെടുത്താതെ പോയൊരു രക്തസാക്ഷിയുണ്ട്. അന്ന് -17 വയസുള്ള അബ്ദുൽസലാം. തിരുവനന്തപരം സെൻട്രൽ ജയിലിൽ പൊലീസ് മർദനമേറ്റ് രക്തസാക്ഷിയായി. എസ്.എസ്.എൽ.സി പാസായി യൂനിവേഴ്സിറ്റി കോളജിൽ പ്രഡിഗ്രിക്ക് അപേക്ഷിക്കാൻ കാത്തിരുന്ന അബ്ദുൽ സലാം സ്ക്വാഡിൽ അംഗമായി. രക്തസാക്ഷിയായ അബ്ദുൽ സലാമിനെയും പാർട്ടി ചരിത്രത്തിൽ നിന്നുതന്നെ തുടച്ചുനീക്കുകയാണ് വേണുവിന്റെ ആത്മകഥ.

കിളിമാന്നൂർ കേസിൽനിന്ന് വേണു പുറത്തിറങ്ങി അധികം താമസിയാതെ അപ്രതീക്ഷിതമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതോടെ പരമാവധി പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കുന്നതിനാണ് പാർട്ടി പദ്ധതിയിട്ടത്. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ ഗറില്ലാ സംഘങ്ങൾ രൂപീകരിക്കുകയായിരുന്നു അന്നത്തെ പ്രവർത്തനം. വിജയിച്ചത് കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ മാത്രം. തുടർന്ന് ആർ.ഇ.സി എഞ്ചിനീയറിങ് കോളജിലെ വിദ്യാർഥിയായ പി. രാജൻ കക്കയം ക്യാമ്പിലും അങ്ങാടിപ്പുറം ബാലകൃഷ്ണൻ പൊലീസ് ജീപ്പിനുള്ളിലും രക്തസാക്ഷികളായി. ഏറെക്കുറെ എല്ലാവരും പൊലീസ് കസ്റ്റഡിയിലായി. പിന്നീട് നേരിട്ടത് ആരെയും നടക്കുന്ന ശാസ്തമംഗലം ക്യാമ്പിലെ പൊലീസ് ഭീകരത.

കാഞ്ഞിരംചിറയിൽ പാളിയ ബഹുജനലൈൻ

അടിയന്തരാവസ്ഥയിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട ഒരു കൂട്ടം ചെറുപ്പക്കാരായിരുന്നു അടിയന്തരാവസ്ഥയ്ക്ക് ശേഷം പാർട്ടിയുടെ കൈമുതൽ. വേണു ജയിലിൽ നിന്ന് പുറത്തുവരുന്നതിന് മുമ്പ് തന്നെ പ്രസ്ഥാനത്തിൻറെ പ്രവർത്തനം സജീവമായി. പരസ്യ പ്രവർത്തനത്തിന് തീരുമാനിച്ചപ്പോഴും പാർട്ടി സംഘടന രഹസ്യമായിരിക്കണമെന്നും സായുധസമരത്തിന് എപ്പോഴും സംഘടന സജ്ജമായിരിക്കണം എന്നുമായിരുന്നു അദ്ദേഹത്തിൻറെ വിപ്ലവ കാഴ്ചപ്പാട്.

ബഹുജന പ്രവർത്തനത്തിനായി ജനകീയ സാംസ്കാരികവേദി രൂപീകരിച്ചു. ഇക്കാലത്ത് ഉയർന്നുവന്ന ആധുനികതയുടെ വക്താക്കളായ ഒരുപിടി എഴുത്തുകാർ അവരുടെ കവിതകളിലൂടെയും ചെറുകകഥകളിലൂടെയും വിപ്ലവാശയം ഏറ്റെടുത്തു. വേണുവിന്റെ വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങളെക്കാൾ മലയാളി വായിച്ചത് എം. സുകുമാരൻ, പട്ടത്തുവിള കരുണാകരൻ, യു.പി. ജയരാജ്, സി.ആർ. പരമേശ്വരൻ തുടങ്ങിയവരുടെ കഥകളും കടമ്മനിട്ട, സച്ചിതാനന്ദൻ, കെ.ജി. ശങ്കരപ്പിള്ള, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങിയവരുടെ കവിതകളുമായിരുന്നു. സായുധ വിപ്ലവ സ്വപ്നങ്ങളാണ് അവരുടെ രചനകളിൽ നിറഞ്ഞത്. അഴിമതിക്കെതിരെ ജനകീയ വിചാരണ പോലുള്ള പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.

അടിയന്തരാവസ്ഥക്ക് ശേഷം യുവത്വത്തിന്റെ സാഹസികതയെയും അനീതിക്കെതിരായ അവരുടെ രോഷത്തെയും പ്രക്ഷോഭവാസനയെയും മുതൽമുടക്കാക്കിയാണ് വേണു കേരളത്തിൽ സായുധ കലാപത്തിനുള്ള സന്ദേശവാഹകനായത്. അദ്ദേഹം പാർട്ടി നേതൃത്വത്തിൽ ഉണ്ടായിരുന്ന അക്കാലത്ത് നടന്ന രണ്ട് ഉന്മൂല സമരങ്ങളാണ് കാഞ്ഞിരംചിറയും കേണിച്ചിറയും. സൂക്ഷ്മാർഥത്തിൽ അന്ന് നടന്ന പല സംഭവങ്ങളെയും അദ്ദേഹം വിലയിരുത്തിയിരിക്കുന്നത് കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണ്. ഉദാഹരണമായി കാഞ്ഞിരംചിറയിലെ സോമരാജന്റെ ഉന്മൂലനത്തെക്കുറിച്ച് വേണു പറയുന്നത് പലതും അപഹാസ്യമായ കാര്യങ്ങളാണ്.

കാഞ്ഞിരംചിറ സോമരാജന്റെ കൊലപാതകത്തിൽ പ്രതികളായവർ മറ്റൊരു കഥയാണ് പറയുന്നത്. അതാകട്ടെ പാർട്ടിനേതൃത്വത്തിെൻറ വഞ്ചനയുടെ കഥയാണ്. ക്രിസ്തുവിന്റെ ആറാം തിരുമുറിവ് നാടകം എഴുതിയ പി.എം. ആൻറണിയും കേസിലെ പ്രധാന പ്രതിയായ കുതിരപ്പന്തി സുധാകരനും അടക്കമുള്ളവർ അത് തുറന്ന് പറഞ്ഞിട്ടുണ്ട്. ഉന്മൂലനസമരം ആസൂത്രണം ചെയ്ത ഭാസുരേന്ദ്രബാബു അടക്കം എല്ലാവരും പിന്നീട് കൈയൊഴിഞ്ഞു.

കിളിമാന്നൂരിൽ സ്റ്റീഫന് സംഭവിച്ച തെറ്റ് പ്രസ്ഥാനം തിരിച്ചറിഞ്ഞുവെങ്കിൽ കാഞ്ഞിരംചിറ ആവർത്തിക്കുമായിരുന്നില്ല. ഏതാണ്ട് 24 ഓളം പേർ ജീവപര്യന്തം തടവറയിലായി. കാഞ്ഞിരംചിറയുടെ യാഥാർഥ്യം അന്വേഷിക്കാൻ വേണുവിന് കഴിഞ്ഞിട്ടില്ല. വേണു വിശദീകരിക്കുന്ന കാഞ്ഞിരംചിറയുടെ ചരിത്രം ഭാസുരേന്ദ്രബാബു ചൊല്ലിയ അമ്മൂമ്മക്കഥയാണ്. അത് കാഞ്ഞിരംചിറയുടെ തെറ്റായ വ്യാഖ്യാനമാണ്. എഴുത്ത് സത്യസന്ധമാകണമെങ്കിൽ ഈ വ്യാഖ്യാനം തിരുത്തണം. ഉന്മൂല സമരം നടന്നിടത്തൊന്നും പാർട്ടി അവശേഷിച്ചില്ല.

ഇക്കാലത്തെ ഗ്രോ വാസു (വാസുവേട്ടൻ) വിലയിരുത്തിയത് സവർണ കുമാരന്മാർ നയിച്ച നക്സലൈറ്റ് പ്രസ്ഥാനമെന്നാണ്. വേലുത്തമ്പി ദളവയുടെ നായർപട കഴിഞ്ഞാൽ കേരളത്തിൽ രാഷ്ട്രീയമായ ഒരു പട രൂപീകരിച്ചത് വേണു ആയിരുന്നു. ഈ പുസ്തകം വായിക്കുമ്പോൾ പട നയിച്ചതിൽ എം.എസ്. ജയകുമാർ, സോമശേഖരൻ, സുരേന്ദ്ര ബാബു, മുരളി കണ്ണമ്പള്ളി തുടങ്ങിയവരുടെ പങ്കും വ്യക്തമാണ്. ഇവരെല്ലാം പ്രത്യശാസ്ത്രപരമായി ഉന്നത നിലവാരം പുലർത്തിയിരുന്നവരാണ്. അതേസമയം, സാമൂഹ്യ രാഷ്ട്രീയ രംഗത്ത് അനുഭവജ്ഞാനമില്ലാത്ത ഇവരാണ് കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തെ നശിപ്പിച്ചതെന്നായരുന്ന ഗ്രോവാസിന്റെ വിമർശന. അത്തരമൊരു പുനർവായനക്കും ഈ പുസ്തകത്തിൽ ഇടമുണ്ട്. ഇവരുടെ സൈദ്ധാന്തിക പ്രയോഗം കേരളീയ സമൂഹത്തെ ചലിപ്പിച്ചില്ല. അതേസമയം, ഒരു സംഘം ചെറുപ്പക്കാരെ സാഹസികമായ പ്രവർത്തനത്തിലേക്ക് നിയിക്കാൻ കഴിഞ്ഞു.

പിളർപ്പുകളുടെ ലോകം

ബഹുജനലൈനും സൈനികപാതയും തമ്മിലും ഉന്മൂലന സമരത്തെ സംബന്ധിച്ചും നടന്ന ആശയസമരത്തെ തുടർന്ന് സാംസ്കാരികവേദിയിലെ എഴുത്തുകാർ പിൻവാങ്ങി. എന്നിട്ടും ഇന്ത്യയിൽ സായുധ വിപ്ലവത്തിനുള്ള സാധ്യത നിലനിൽക്കുന്നു എന്നായിരുന്നു വേണുവിന്റെ നിലപാട്. പരസ്യ പ്രവർത്തനത്തിന് തീരുമാനിച്ചപ്പോഴും പാർട്ടി സംഘടന രഹസ്യമായിരിക്കണമെന്ന് നിർദേശം നൽകി. വിപ്ലവത്തിനു വേണ്ടി ജീവിതം ബലിനൽകാൻ തയാറായിമുന്നോട്ടുവന്ന ഒരു യുവസംഘത്തെ വാർത്തെടുത്തു. ബഹുജനപ്രവർത്തനത്തോടൊപ്പം ജനകീയ കലാപത്തിന്റെ സാധ്യതകൾ ആരാഞ്ഞു.

അപ്പോഴും കേരളീയ സമൂഹത്തിന്റെ യഥാർഥ മുഖം വേണു അടക്കമുള്ള നക്സലൈറ്റ് നേതൃത്വം തിരിച്ചറിഞ്ഞില്ല. കേരളത്തിൽ നടന്ന ജനാധിപത്യവൽക്കരണ പ്രക്രിയയെ വിലയിരുത്തിയില്ല. വരാൻ പോകുന്ന വിപ്ലവത്തിൻറെ സ്വപ്നങ്ങളിൽ നേതൃത്വം മുഴുകി. സമൂഹത്തിലെ വർഗ- ജാതി ബന്ധത്തെ ശാസ്ത്രീയമായി വിലയിരുത്തുവാനും വർത്തമാനകാലത്ത് നേരിടുന്ന പ്രശ്നങ്ങൾ ഏറ്റെടുത്ത് ജനങ്ങളെ സംഘടിപ്പിക്കുവാനും പാർട്ടിക്ക് കഴിഞ്ഞില്ല. 1987 ആയപ്പോൾ പാർട്ടിക്കുള്ളിൽ സൈദ്ധാന്തിക സമരം ശക്തമായി. കെ. വേണുവിന് സംസ്ഥാനകമ്മിറ്റിയിൽ ഭൂരിപക്ഷം നഷ്ടമായി. കേന്ദ്ര കമ്മിറ്റി അംഗമായ മുരളി കണ്ണമ്പള്ളിയും വേണുവും ചേർന്ന് 1987ൽ സംസ്ഥാനകമ്മിറ്റിയെ സസ്പെൻറ് ചെയ്തു. അതോടെ പാർട്ടി പിളർന്നു. കെ.എൻ. രാമചന്ദ്രൻ അടക്കമുള്ളവർക്ക് വലതുപക്ഷ വ്യതിയാനം സംഭവിച്ചുവെന്നായിരുന്നു വേണുവിന്റെ പ്രധാന വിമർശനം

വേണുവിന്റെ ദാർശനിക അന്വേഷണത്തിന് അരഞ്ഞുതീരാൻ വിധിക്കപ്പെട്ട കുറച്ച് ചെറുപ്പക്കാർ കേരളത്തിൽ ഉണ്ടായിരുന്നു. അവരായിരുന്നു വേണുവിന്റെ പിന്നീടുള്ള മൂലധനം. പിളർപ്പിന് ശേഷം പുതിയ പ്രവർത്തകരെ രാഷ്ടീയമായി സജ്ജമാക്കാൻ ചെല്ലാനത്ത് നടത്തിയ ആദ്യ പഠനക്യാമ്പിൽ സൈനിക ലൈൻ അവതരിപ്പിച്ചത് വേണുവാണ്. ചാവേർപ്പടയുടെ ആത്മവീര്യമുയർത്താൻ നായർ മാടമ്പികൾ വടക്കൻപാട്ടിലെ അമ്മൂമ്മ കഥകൾ പറയുമായിരുന്നു. അതിന് പകരം അദ്ദേഹം ലാറ്റിനമേരിക്കയിലെ ഗറില്ല യുദ്ധത്തിന്റെ കഥകൾ പറഞ്ഞു. സഖാക്കൾക്കിടയിൽ വേണു അത്ഭുതമനുഷ്യനായി. ഇതുകേട്ടു വളർന്ന കണ്ണൂരിലെ യുവാക്കൾ ഗറില്ലാ സംഘം രൂപീകരിക്കണമെന്ന് വാദിച്ചു. 1987 ലെ പിളർപ്പിൽ വേണുവിനൊപ്പം നിലകൊണ്ടവരാണ് കണ്ണൂർ ജില്ലകമ്മിറ്റി. യുവജനസമ്മേളനത്തിലാണ് ഗറില്ലാ സേനയെക്കുറിച്ച് സംസാരിച്ചത്.

1991 ആയപ്പോൾ വേണു വലം കൈയിൽ സായുധസമരത്തിന്റെ കൊടിയും ഇടംകൈയിൽ ജനാധിപത്യത്തിന്റെയും ആശയവുമായി രംഗത്തെത്തി. ക്രമേണ സായുധവിപ്ലവത്തോട് വിടപറയാൻ വേണു തിരുമാനിച്ചു. അതുവരെ പറഞ്ഞത് മാറ്റിപ്പറയാൻ പാർട്ടിയിലെ ഒരു വിഭാഗം വിസമ്മതിച്ചു. ആശയസമരം കൈവിട്ടുപോയപ്പോൾ വേണു പാർട്ടി പിരിച്ചുവിട്ടു. അധികം താമസിയാതെ ബൂർഷ്വാ പാർലമെന്‍ററി പാതയിലേക്ക് നീങ്ങി. കൊ.ആർ ഗൗരിയമ്മയുടെ നേതൃത്വത്തിൽ രൂപംകൊണ്ട ജെ.എസ്.എസിന് പിന്നിലും വേണുവായിരുന്നു. അത് കേരളത്തിലെ വലിയൊരു രാഷ്ട്രീയ ശക്തിയായി മാറുമെന്നായിരുന്നു വേണുവിന്റെ സ്വപ്നം. പാർലമെൻററി രാഷ്ട്രീയത്തിലെ ചലന നിയമങ്ങൾ തിരിച്ചറിയുന്നതിലും വേണു പരാജയപ്പട്ടു. അവിടുത്തെ പാർമന്ററി ജനാധിപത്യത്തിന്റെ തച്ചുശാസ്ത്രം എന്തെന്ന് തിരിച്ചറിയാൻ വേണുവിന് കഴിഞ്ഞിട്ടില്ല.

തിരിച്ചറിയാതെ പോയ കേരളം

ഗ്രോ വാസു പറഞ്ഞതുപോലെ നക്സലൈറ്റ് പ്രസ്ഥാനം പാർശ്വവൽകൃത സമൂഹത്തിലേക്ക് നോക്കിയില്ല. ജാതിവ്യവസ്ഥയുടെ കോട്ടകൾ തകർക്കാൻ അവർക്ക് പരിപാടിയുണ്ടായിരുന്നില്ല.(അവസാന കാലത്ത് വേണു ചില തിരുത്തലുകൾ വരുത്താൻ ശ്രമിച്ചു) കേരളീയ സമൂഹത്തിൽ നാരായണഗുരുവും അയ്യങ്കാളിയും നയിച്ച പ്രസ്ഥാനങ്ങളുടെ പ്രായോഗികമായ ദിശ അവർക്ക് മനസിലായില്ല. വേണുവിന്റെ ലേഖനങ്ങൾ ഏറെയും ഇ.എം.എസിനുള്ള മറുപടിയായിരുന്നു. കേരളത്തിൽ നടന്ന നമ്പൂതിരി- നായർ സൈദ്ധാന്തിക സംഘർഷമായി നാളെ അതിനെ ആരെങ്കിലും വ്യാഖ്യാനിച്ചേക്കാം. പി. ഗോവിന്ദപിള്ളയെ കെ.പി. അപ്പൻ വിലയിരുത്തിയത് ഫ്യൂഡൽ കമ്മ്യൂണിസ്റ്റ് എന്നാണ്. വേണുവിന്റെ ഗുരു ഗോവിന്ദപിള്ള ആയിരുന്നു.

മാർക്സിസ്റ്റ് ആശയ ശാസ്ത്രം ഇഴകീറി ചർച്ചചെയ്തെങ്കിലും കേരളത്തിൻറെ സാമൂഹ്യ പരിസരവും ഭൂബന്ധങ്ങളും തിരിച്ചറിയുന്നതിൽ പ്രസ്ഥാനം പരാജയപ്പെട്ടു. കേരളത്തിന്റെ ജന്മിത്വത്തിന്റെ സ്വഭാവ സവിശേഷത എന്താണന്ന് തിരിച്ചറിയാൻ വേണുവിന് കഴിഞ്ഞിരുന്നില്ല. 1970കളിലെ ഭൂപരിഷ്കരണ നിയമത്തെക്കാൾ മാരകമായത് അഞ്ചര ലക്ഷത്തോളം ഏക്കർ ഭൂമി വിദേശ കമ്പനികളുടെ കൈവശം എത്തിച്ചതാണ്. 1970കളിൽ ജന്മിത്വത്തിന്റെ തലവെട്ടി ചെങ്കോട്ടയിൽ ചെങ്കൊടി നാട്ടാൻ ആഹ്വാനം ചെയ്യുമ്പോൾ സി. അച്യുതമേനോൻ കേരളത്തിെൻറ അഞ്ചര ലക്ഷം ഏക്കർ ഭൂമി ബ്രിട്ടീഷ് കമ്പനികളുടെ കൈവശമെത്തിക്കുന്നതിന് കരുക്കൾ നീക്കി. അത് വേണു അറിഞ്ഞതേയില്ല.

1957 മുതൽ 1970കളുടെ ആദ്യം വരെയുള്ള നിയമസഭാ രേഖകൾ പരിശോധിച്ചാൽ പോലും കേരളത്തിൽ വിദേശ കമ്പനികൾക്ക് ധാരാളം തോട്ടങ്ങളുണ്ടെന്ന് തിരിച്ചറിയാം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്തും ഇരുപതാം നൂറ്റാണ്ടിലെ ആരംഭത്തിലുമായി ബ്രിട്ടീഷ് വ്യക്തികളും കമ്പനികളും നാട്ടുരാജാക്കാന്മാരിൽനിന്നും ജന്മികളിൽനിന്നും വ്യാപകമായി ഭൂമി പാട്ടത്തിനെടുത്താണ് തോട്ടങ്ങൾ തുടങ്ങിയത്. അത് കേരളത്തിന്‍റെ ചരിത്രത്തിന്‍റെ ഭാഗമായിരുന്നു. കമ്മ്യൂണിസ്റ്റ് നേതാവായ എൻ.സി. ശേഖർ ഈ ചരിത്ര വസ്തുതകൾ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു.

തോട്ടംഭൂമി വിദേശകമ്പനികളുടെ കൈയിലാണെന്നും 1947ന് ശേഷവും കൊളോണിയൽ കൊള്ള നടന്നുവെന്നും കേരളം അറിഞ്ഞത് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി. ഹരനും സ്പെഷ്യൽ ഓഫിസർ എം.ജി. രാജമാണിക്യവും നൽകിയ റിപ്പോർട്ടുകളിലൂടെയാണ്. ജന്മിത്വത്തിനെതിരായി കലാപം ചെയ്യാൻ ആഹ്വാനം ചെയ്ത നക്സലൈറ്റ് ബുദ്ധിജീവികൾ ഇക്കാര്യം അറിഞ്ഞിരുന്നില്ല. കേരളത്തിലെ കോളോണിയൽ കൊള്ളക്ക് കുടപിടിക്കുകയാണ് അവർ ചെയ്തത്. അവർ കേരള നിയമസഭയിൽ നടന്ന നിയമനിർമാണങ്ങൾ പരിശോധിച്ചിരുന്നില്ല. അക്കാര്യത്തിൽ ഇ.എം.എസിെൻറ 1950കളിലെ ലേഖനങ്ങൾ പോലും ഇവർ വായിച്ചില്ല. അടിമകേരളം യുവപോരാളികളെ ആവശ്യപ്പെടുന്നുവെന്ന് മുദ്രാവാക്യം വിളിക്കുമ്പോഴും കേരളത്തിനുള്ളിലെ ബ്രിട്ടീഷ് കോളനികളെ (തോട്ടങ്ങളെ)ക്കുറിച്ച് ശബ്ദിച്ചില്ല. വിദേശ തോട്ടങ്ങൾ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടില്ല.

1957 മുതൽ കേരളത്തിൽ നടന്ന സാമൂഹ്യ മാറ്റങ്ങളെ ശരിയായി വിശകലനം ചെയ്യാനോ, പാർശ്വവൽക്കരിക്കപ്പെട്ട ദലിത്, ആദിവാസി സമൂഹങ്ങളുടെ ജീവിത ദുരിതങ്ങളെ തിരിച്ചറിയുവാനോ കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന് കഴിഞ്ഞിരുന്നില്ലെന്നാണ് ഈ പുസ്തകം നൽകുന്ന തെളിവ്. ഒരുപക്ഷേ നക്സലൈറ്റ് പ്രസ്ഥാനത്തെ നയിച്ച സവർണ ജാതി വിഭാഗങ്ങളുടെ മേൽക്കൈ ആയിരിക്കാം അംബേദ്ക്കറെ അടക്കം തള്ളിക്കളയാൻ അവരെ പ്രേരിപ്പിച്ചത്. ഒരുപക്ഷേ ഇ.എം.എസിനെ പോലെ തന്നെ അംബേദ്കറെ തിരസ്കരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ. വേണു (1980കളുടെ അവസാനമാണ് അംബേദ്ക്കറെ പരിഗണിച്ച് തുടങ്ങിയത്).

ദലിതുകളെയും ആദിവാസികളുടെയും വിഷയങ്ങളെ അഭിമുഖീകരിക്കാൻ കഴിയാതെ പോയതും പ്രസ്ഥാനത്തെ നയിച്ച സവർണ നേതൃത്വമാണെന്ന വിമർശനം ഇനിയും ഉയരാം. പി.കെ. ബാലകൃഷ്ണൻറെ ജാതിവ്യവസ്ഥിതിുയും കേരള ചരിത്രവും പ്രസിദ്ധീകരിക്കുന്നത് 1980കളുടെ ആദ്യമാണ്. കേരളത്തിൻറെ സാമൂഹ്യ ചരിത്രത്തിൽ ഏതാണ്ട് 1950 മുതൽ പി.കെ. ബാലകൃഷ്ണൻ കേരളത്തിന്റെ രാഷ്ട്രീയത്തിലെ ജാതിതാൽപര്യത്തെയും കുറിച്ച് പഠനം നടത്തിയിരുന്നു. അംബേദ്ക്കർ ചിന്തയെ മലയാളിക്ക് പരിചയപ്പെടുത്തുന്നതിലും പി.കെ. ബാലകൃഷ്ണന് പങ്കുണ്ട്. അതൊന്നും വേണുവിെൻറ കണ്ണുതുറപ്പിച്ചില്ല.

കുഞ്ഞയ്യപ്പന്മാർ വായിക്കുമ്പോൾ

ഫെമിനിസ്റ്റ് പ്രസ്ഥാനവും ആദിവാസി പ്രസ്ഥാനവും ഒക്കെ രൂപം കൊള്ളുന്നതിന് ആവശ്യമായ ചിന്തകൾ രൂപപ്പെട്ടത് വേണുവിന്റെ ആശയങ്ങളിൽ നിന്നാണെന്ന് അദ്ദേഹം വാദിക്കുന്നു. ഭാഗികമായി അതൊക്കെ ശരിയാണ്. എന്നാൽ, 1975ലെ ആദിവാസി ഭൂനിയമം നിയമസഭ പാസാക്കിയതും അതിനു ചട്ടം നിർമിക്കാത്തതും ആദിവാസികൾക്ക് അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിച്ചു നൽകാത്തതുമായ അനീതി വേണുവിെൻറ കാഴ്ചവെട്ടത്തെത്തിയില്ല. അതേസമയം 70കളിൽ കേരളത്തിൻറെ കാമ്പസുകളിലേക്ക് എത്തിയ താരതമ്യേന മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിച്ച പട്ടികജാതി യുവാക്കളെ സായുധ കലാപത്തിെൻറ കൊടി പിടിപ്പിക്കാൻ കഴിഞ്ഞു. അവർ അയ്യങ്കാളി സ്വപ്നം കണ്ട 10 ബി.എക്കാർ ആയിരുന്നു. അവരൊന്നും ഏതാണ്ട് രണ്ടു പതിറ്റാണ്ട് കാലം അംബേദ്ക്കറെ തിരിച്ചറിഞ്ഞിരുന്നില്ല. പകരം സായുധ വിപ്ലവത്തിെൻറ പ്രചാരകരായി. അത് കീഴാള സമൂഹത്തിന് വലിയ നഷ്ടമുണ്ടാക്കി.

സി.പി.എമ്മിൽ ഇ.എം.എസ് സൈദ്ധാന്തികമായി ഉറപ്പിച്ചെടുത്ത ആശയമേധാവിത്വത്തെ ചോദ്യം ചെയ്യാനാണ് വേണു ശ്രമിച്ചത്. പാർലമെൻററി രംഗത്തെ പെരുന്തച്ചനായ ഇ.എം.എസ് വേണുവിന്റെ വിമർശനങ്ങളിൽ കുലുങ്ങിയില്ല. വേണുവിന്റേത് വിപ്ലവ ബാലാരിഷ്ടതയെന്നായിരുന്നു ഇ.എം.എസി ൻറ മറപുപടി. ഇക്കാര്യത്തിൽ വേണുവിനെ ഉപദേശിച്ചത് മറ്റൊരാൾ കുറ്റിപ്പുഴ കൃഷ്ണപിള്ളയാണ്. കൽക്കത്ത തീസിസ് കാലത്ത് നടന്ന ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണ കേസിൽ പ്രതിയായിരുന്നു കുറ്റിപ്പുഴ. പഴയകാല സാഹസിക പ്രവർത്തനങ്ങളുടെ തന്നെ മറ്റൊരു രൂപത്തിലുള്ള ആവർത്തനമാണ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും അധികം അത് മുന്നോട്ടു പോകില്ലെന്നും കുറ്റിപ്പുഴ മുന്നറിയിപ്പ് നൽകി. ആ ഉപദേശം മനസിലാകാൻ വേണുവിന് രണ്ട് പതിറ്റാണ്ട് വേണ്ടിവന്നു.

നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ തലപ്പത്തിരിക്കുമ്പോഴും അദ്ദേഹത്തിന്‍റെ എഴുത്തും കാഴ്ചയും വ്യത്യസ്തമായിരുന്നു. പ്രസ്ഥാനത്തെക്കാളുപരി വ്യക്തിയുടെ സർഗാത്മക ആവിഷ്കാരമായിട്ടാണ് വേണു പല സംഭവങ്ങളെയും വിലയിരുത്തുന്നത്. അതിൽ ആത്മനിഷ്ഠത ഏറെയുണ്ട്. ഈ പുസ്തകത്തിന്‍റെ താളുകളിൽ ഇടയ്ക്കൊക്കെ എം. സുകുമാരന്‍റെ ശേഷക്രിയയിലെ കുഞ്ഞയ്യൻ എത്തി നോക്കുന്നുണ്ട്. രക്തസാക്ഷിളായ കുഞ്ഞയ്യപ്പന്മാരുടെ അസ്ഥികൾ ഈ പുസ്തകത്തിനുള്ളിൽ ചിതറികിടക്കുന്നു. ഇടക്കിടെ അവർ ചോദിക്കുന്നുണ്ട് ഞങ്ങളുടെ ശബ്ദം വേറിട്ട് ഇതിനുള്ളിൽ കേൾക്കുന്നുണ്ടോയെന്ന്. ജീവിച്ചിരിക്കുന്ന കുഞ്ഞയ്യപ്പന്മാർ ഈ പുസ്തകം വായിക്കുമ്പോൾ സംഭവിക്കുന്നതെന്താണെന്ന് പറയാനാവില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:autobiographyk venu
Next Story