മായാതെ അധിനിവേശ അടയാളങ്ങൾ
text_fieldsഇറാഖ് ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളിൽ ഒന്ന്
കുവൈത്ത് സിറ്റി: ഇറാഖ് അധിനിവേശത്തിന്റെ ഓർമകൾ ഉണർത്തി മറ്റൊരു ആഗസ്റ്റ് രണ്ടു കൂടി കടന്നുപോകുമ്പോൾ, ആ ഇരുണ്ട ദിനത്തിന്റെ അടയാളങ്ങളുമായി ചില ഇടങ്ങൾ ഇപ്പോഴും കുവൈത്തിലുണ്ട്. ആക്രമണത്തിന് നേരിട്ട് സാക്ഷിയായവരിലും ദുരിതാനുഭവങ്ങളിലൂടെ കടന്നുപോയവരിലും, കേട്ടും വായിച്ചും അറിഞ്ഞവരിലും കയ്പേറിയ ഒരു കാലത്തിന്റെ സ്മരണകൾ ഉണർത്തി അവ നിലനൽക്കുന്നു.
ചില കുവൈത്ത് മ്യൂസിയങ്ങൾ ക്രൂരമായ ഇറാഖി അധിനിവേശം രേഖപ്പെടുത്തുകയും, രാജ്യത്തിന്റെ വിമോചനത്തിനായി സ്വയം ത്യാഗം ചെയ്തവരെ ആദരിക്കുന്നതിനായി കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു.
അൽ ഖുറൈൻ രക്തസാക്ഷി മ്യൂസിയം
അൽ ഖുറൈൻ രക്തസാക്ഷി മ്യൂസിയം
12 പൗരന്മാർ വീരമൃത്യു വരിച്ച യുദ്ധത്തിന് സാക്ഷിയായ അൽ ഖുറൈൻ രക്തസാക്ഷി മ്യൂസിയം കുവൈത്ത് ചെറുത്തുനിൽപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രതീകമായി ഇന്നും നിലനിൽക്കുന്നു.
കുവൈത്ത് ജനതയുടെ നഷ്ടങ്ങൾക്കും പോരാട്ടവീര്യത്തിനും സാക്ഷിയായ വീടാണിത്. രക്തസാക്ഷികളുടെയും യുദ്ധത്തിന്റെയും കഥ പറയാൻ വിമോചനാനന്തരം വീട് മ്യൂസിയമാക്കി മാറ്റുകയായിരുന്നു. 1991 ഫെബ്രുവരി 24 ന് ഇറാഖി സേനയും കുവൈത്ത് പോരാളികളും തമ്മിൽ ഈ വീട്ടിൽ ശക്തമായ ഏറ്റുമുട്ടൽ നടന്നു. അതിനൊടുവിലാണ് 12 പൗരന്മാർ വീരമൃത്യു വരിച്ചത്.
മ്യൂസിയം നിരവധി ഹാളുകളായി തിരിച്ചിട്ടുണ്ട്. ഏറ്റുമുട്ടലിനെ കുറിച്ച വിവരങ്ങൾ, രക്തസാക്ഷികളുടെ ചിത്രങ്ങൾ, യുദ്ധസമയത്ത് ഉപയോഗിച്ച ആയുധങ്ങൾ, വസ്തുക്കൾ എന്നിവ വിവിധ ഹാളുകളിലായി പ്രദർശിപ്പിച്ചിരിക്കുന്നു. ഇറാഖി അധിനിവേശത്തെക്കുറിച്ചും അതിന്റെ പശ്ചാത്തലത്തെക്കുറിച്ചും നിരവധി പുസ്തകങ്ങളും ഇവിടെ ഉണ്ട്.
രക്തസാക്ഷികളുടെ സ്മരണകൾ നിലനിർത്താൻ വീട് ചരിത്ര മ്യൂസിയമാക്കി മാറ്റാൻ അന്തരിച്ച അമീർ ശൈഖ് ജാബിർ അൽ അഹമ്മദ് അസ്സബാഹാണ് തീരുമാനമെടുത്തത്. രാവിലെ 10 മുതൽ അർധരാത്രി വരെ മ്യൂസിയം പ്രവർത്തിക്കുന്നു.
ബൈത്ത് അൽ ഉസ്മാൻ മ്യൂസിയം
ഹവല്ലിയിൽ സ്ഥിതി ചെയ്യുന്ന ചരിത്ര കെട്ടിടമാണ് ബൈത്ത് അൽ ഉസ്മാൻ മ്യൂസിയം. കുവൈത്ത് ജനങ്ങളുടെ കഷ്ടപ്പാടുകളും അവർ അനുഭവിച്ച കാര്യങ്ങളും വ്യക്തമാക്കുന്ന ഇടമാണിത്.
മ്യൂസിയം കുവൈത്തിന്റെ ചരിത്രമാണ് പൊതുവെ പറയുന്നത്. എന്നാൽ ഇറാഖി അധിനിവേശത്തിന് സമർപ്പിച്ചിരിക്കുന്ന ഒരു വിഭാഗവും ഇവിടെയുണ്ട്. രക്തസാക്ഷി ഓഫിസിനുള്ള ഒരു ഭാഗവും കുവൈത്തിലെ രക്തസാക്ഷികളുടെ ചിത്രങ്ങളും വിവരങ്ങളും, വസ്തുക്കളും മ്യൂസിയത്തിൽ കാണാം.
സൈനിക വസ്ത്രങ്ങൾ, വെടിയുണ്ടകൾ, അധിനിവേശ കാലത്തെ നിരവധി ആയുധങ്ങൾ, വിവിധ രേഖകളും കുറിപ്പുകളും, അവർ അന്ന് എഴുതിയ ഡയറിക്കുറിപ്പുകളും മ്യൂസിയത്തിൽ ചരിത്രത്തിലേക്കുള്ള വാതിലുകളായി നിലകൊള്ളുന്നു. രാവിലെ ഒമ്പതു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും വൈകുന്നേരം നാലു മുതൽ രാത്രി 9:30 വരെയും ആണ് പ്രവർത്തന സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

