രാജ്യത്തെ തൊഴില്‍നിയമങ്ങള്‍ മൂലധനതാല്പര്യമാണ് സംരക്ഷിക്കുന്നതെന്ന് കാനം
text_fieldsതിരുവനന്തപുരം: കേരളം തൊഴില്‍നിയമങ്ങളുടെ കാര്യത്തില്‍ ഏറെമുന്നേറിയ സംസ്ഥാനമാണെങ്കിലും രാജ്യത്തെ തൊഴില്‍നിയമങ്ങള്‍ മൂലധനതാല്പര്യമാണ് സംരക്ഷിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാന ആസൂത്രണബോര്‍ഡ് വിദഗ്ധഅംഗം ഡോ.കെ. രവിരാമന്റെ ‘ആഗോളമൂലധനവും ദക്ഷിണേന്ത്യയിലെ തോട്ടംതൊഴിലാളികളും’ എന്ന പുസ്തകം പ്രസ് ക്ലബ്ബിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷ് കമ്പനികളാണ്- സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും വര്‍ഷങ്ങളോളം വിദേശമൂലധനം തോട്ടംമേഖലയെ നിയന്ത്രിച്ചുകൊണ്ടിരുന്നു. 1956 ല്‍ കേരളം രൂപീകരിച്ചതിനു ശേഷംനടന്ന തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് പ്രധാനമാറ്റമാണ്. ദേവികുളത്തും മറ്റുപ്രദേശങ്ങളിലും നടന്ന സമരവും ഉപതെരഞ്ഞെടുപ്പില്‍ റോസമ്മ പുന്നൂസ് തെരഞ്ഞെടുക്കപ്പെട്ടതുമെല്ലാം ചൂഷണത്തിനെതിരായ തൊഴിലാളികളുടെ മുന്നേറ്റമാണ്. ചൂഷണം ഒരുവഴി മാറി മറ്റൊരു വഴിയിലേക്ക് സഞ്ചരിക്കുന്നുവെന്നതാണ് തോട്ടംമേഖലയുടെ നിലവിലെ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം. സത്യന്‍ അധ്യക്ഷത വഹിച്ചു. ഗ്രന്ഥകാരന്‍ കെ.രവിരാമന്‍, ഡോ. സിദ്ധീക്ക് റാബിയത്ത്, ഡോ. ഷിബു ശ്രീധർ, ഡോ. പ്രിയ വർഗീസ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ആസൂത്രണബോര്‍ഡ് അംഗം ഡോ. മിനി സുകുമാർ പുസ്തകം ഏറ്റുവാങ്ങി.