Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാർട്ടി ഇല്ലാതാവും അപ്പോഴും ‘പുകസ’ ഉണ്ടാവും!

text_fields
bookmark_border
നാം ജീവിക്കുന്ന പ്രകൃതിയിൽ വെള്ളം പൂർണ്ണമായും വറ്റിപ്പോയാലുള്ള അവസ്ഥയോട് ആറ്റൂർ കവിതയില്ലാതാവുന്ന ഒരവസ്ഥയെ താരതമ്യപ്പെടുത്തിയത് ഏതർത്ഥത്തിലും ശരിയാണ്. ജീവിതത്തിൽ കൊടിയ വരൾച്ച ഇല്ലാതിരിക്കാൻ കവിത വേണം
പാർട്ടി ഇല്ലാതാവും അപ്പോഴും ‘പുകസ’ ഉണ്ടാവും!
cancel

പരസ്പരം പ്രിയത്തിൽപ്പെടുമ്പോഴാണ് ഒരു ‘പ്രിയപ്പെട്ട’ ഉണ്ടാവുന്നത്. ഔപചാരികമായി പറയുമ്പോഴും കേൾക്കുമ്പോഴും പോലും അതിലൊരു ആർദ്രതയുണ്ട്. എത്ര ശ്രമിച്ചാലും ഒരാൾക്കും അലറിക്കൊണ്ട് ‘പ്രിയപ്പെട്ട’ എന്നൊരു വാക്ക് ഉച്ചരിക്കാൻ കഴിയില്ല. പുറത്തേക്ക് പടരാതെ, അകത്തേക്ക് ഇറങ്ങി നിൽക്കുമ്പോൾ ആയൊരൊറ്റ വാക്ക് കൂടുതൽ വെളിച്ചം പ്രസരിപ്പിക്കും. പ്രിയം എന്ന വാക്ക് ഉള്ളിൽനിന്നും ഉയരുമ്പോൾ മടുപ്പിലും മധുരം നിറയും. ഒരിക്കൽ ഒരു കവിതാക്യാമ്പിൽ ‘പ്രിയപ്പെട്ട’ എന്ന പതിവ് തുടക്കത്തിനുപകരം ‘കവിപ്പെട്ട’ എന്നൊരു വാക്കിലാണ് ഞാൻ തുടങ്ങിയത്. അവിടെ കൂടിയവർക്കത് ഏറെ ഇഷ്ടമായി. പ്രിയം കവിയുമ്പോഴാണ് ‘കവിപ്പെട്ട’ എന്ന വാക്കുണ്ടാവുന്നത്. ‘പ്രിയപ്പെട്ട’ എന്നതിൽ പ്രബുദ്ധ രാഷ്ട്രീയബോധമാണ് നേതൃത്വം വഹിക്കുന്നതെങ്കിൽ, ‘കവിപ്പെട്ട’ എന്നതിൽ ആ ദൗത്യം നിർവഹിക്കുന്നത് കലയാണ്.

അബ്ബാസ്​

മനുഷ്യർ രാഷ്ട്രീയക്കാരാവുന്നതിന് എത്രയോ മുമ്പേതന്നെ അവർ കലാകാരരാണ്. കലാകാരരായതിനു ശേഷമാണ് അവർ രാഷ്ട്രീയക്കാരായത്! കലയില്ലെങ്കിൽ ജീവിതമേയില്ല എന്നുള്ളിടത്തോളം ആ ബന്ധം ഒരനിവാര്യതയാണ്. രണ്ടുദിവസം ഭക്ഷണം കിട്ടിയില്ലെങ്കിലും ഒരു ദിവസം ‘കവിത’ കിട്ടിയില്ലെങ്കിൽ ജീവിതം അവതാളത്തിലാവും. ഏത് പ്രതിസന്ധിയിലും കൂട്ടായിത്തീരുന്ന ‘താളക്രമീകരണമാണ്’ നിനവും കിനാവും കവിയലുമാവുന്നത്. ഭാഷ രൂപം കൊള്ളാത്ത കാലത്തും, അതിനും മുമ്പേ ജന്തുസമാന ജീവിതം നയിക്കുന്ന കാലത്തും, മനുഷ്യർ നിലനിൽപിനുവേണ്ടി നിർവഹിച്ച നാനാതരത്തിലുള്ള ശ്രമങ്ങൾക്കിടയിലാണ് കലയുടെ/കവിതയുടെ വേരുകൾ ആഴ്ന്നുകിടക്കുന്നത്. ആ വേരിൽ നിന്നാണ് ജീവിതസംബന്ധിയായ മറ്റെന്തുമെന്നപോലെ ഭാവനയും വിടരുന്നത്.

വി.എം. ഗോപാലകൃഷ്ണൻ

ഇല്ലാത്തത് ഉണ്ടാക്കുക മാത്രമല്ല, ഉള്ളതിലെ ഇല്ലാതായത് കണ്ടെത്തുകയുമാണ് ഭാവന ചെയ്യുന്നത്. കയറിലും ചിറകുകൾ അത് കണ്ടെത്തും. തടവറയിലുമത് സ്വാതന്ത്ര്യത്തിൻെറ വിത്ത് മുളപ്പിക്കും. ഭാവനയുടെ അളവ് വെച്ചുകൊണ്ടാണ് മനുഷ്യർ സംസ്കാരത്തിൻെറ വലുപ്പം അളക്കേണ്ടതെന്ന് വിക്ടർ ഹ്യൂഗോ. രാഷ്ട്രീയം വർഗസമരത്തിൻെറ ശാസ്ത്രമാണെങ്കിൽ; കലയും കവിതയും ഭാവനയുടെ നാനാതരത്തിലുള്ള പ്രയോഗങ്ങളാണ്. ഈയടുത്തൊരു പ്രഭാഷണത്തിൽ ഭാവിയിൽ കമ്യൂണിസ്റ്റ് പാർട്ടി ഇല്ലാതായാലും പുരോഗമന കലാസാഹിത്യസംഘം ഉണ്ടാവും എന്നു പറഞ്ഞത് ആശയക്കുഴപ്പത്തിന് ഇടയാക്കി! സത്യത്തിൽ കമ്യൂണിസ്റ്റ്പാർട്ടി പ്രവർത്തിക്കുന്നത്,കമ്യൂണിസ്റ്റ്പാർട്ടി കൂടി ഇല്ലാതാവുന്ന ഒരു ലോകം ഉണ്ടാക്കാനാണ്. വർഗവിഭജിത സമൂഹമാണ്, ‘രാഷ്ട്രീയ’ബോധത്തിന് കാരണമെങ്കിൽ, ആ വർഗവിഭജിതാവസ്ഥ വർഗരഹിതാവസ്ഥക്ക് വഴിമാറുമ്പോൾ, ഭരണകൂടം ഇലകൊഴിയുംപോലെ കൊഴിഞ്ഞുപോവുമ്പോൾ, പിന്നെ ഒരു രാഷ്ട്രീയത്തിനും ശൂന്യതയിൽ നിൽക്കാൻ കഴിയില്ല. എന്നാൽ, അപ്പോഴായിരിക്കും കലാത്മക ആവിഷ്‍കാരത്തിന് ശക്തിയും സൗന്ദര്യവും വർധിക്കുക! എന്തുകൊണ്ടെന്നാൽ അധികാരത്തിൻെറ പ്രത്യക്ഷ പരോക്ഷ നിയന്ത്രണങ്ങൾക്കിടയിൽനിന്നും കലയപ്പോൾ പൂർണമായും മുക്തമാവുമല്ലോ!

നാം ജീവിക്കുന്ന പ്രകൃതിയിൽ വെള്ളം പൂർണമായും വറ്റിപ്പോയാലുള്ള അവസ്ഥയോട് ആറ്റൂർ കവിതയില്ലാതാവുന്ന ഒരവസ്ഥയെ താരതമ്യപ്പെടുത്തിയത് ഏതർഥത്തിലും ശരിയാണ്. ജീവിതത്തിൽ കൊടിയ വരൾച്ച ഇല്ലാതിരിക്കാൻ കവിത വേണം. എഴുതണമെന്നോ വായിക്കണമെന്നോ പോലുമില്ല, മനസ്സിലുണ്ടായാലും മതി. അൽപം സൂക്ഷ്മമായി ആലോചിച്ചാൽ ‘മനസ്സെന്ന്’ പറയുന്നത് തന്നെയും ഒരു കവിതയാണല്ലോ. കലയും കവിതയുമാണ് മനുഷ്യരാശിയുടെ മാതൃഭാഷ.

‘കച്ചവടക്കാരും രാഷ്ട്രീയക്കാരുമല്ല, കവികളും കലാകാരന്മാരുമാണ് രാജ്യത്തെ നിർമിച്ചത്. രാഷ്ട്രീയവും സാമ്പത്തികവുമായ പടയോട്ടങ്ങൾ യുദ്ധത്തിൻെറ പകുതിയേ ആവുന്നുള്ളു. യഥാർഥ വിജയം ആത്മീയവും മാനസികവുമായ സ്വാതന്ത്ര്യംകൊണ്ട് മാത്രമേ നേടിയെടുക്കാനാവൂ’ (ആനന്ദകുമാരസ്വാമി). പലകാരണങ്ങളാൽ അകന്നുനിൽക്കുന്നവരെ മുഴുവൻ സംവാദാത്മകമായിട്ടാണെങ്കിലും, ചേർത്തുനിർത്തുന്ന ‘സാമൂഹിക അന്തർവ്യാപനത്തിൻെറ’ (social endormosis) ശക്തമായ സമ്പർക്കമാധ്യമം കൂടിയാണ് കലയും സാഹിത്യവും.

എൻെറ രാജ്യമായ പെരുമണ്ണയിൽ എൻെറ കുട്ടിക്കാലം മരങ്ങൾക്കും പാടങ്ങൾക്കും കുന്നുകൾക്കും തോടുകൾക്കും ഇലകൾക്കുമിടയിലാണ് പ്രധാനമായും കഴിഞ്ഞത്. ഒരു കഷണം കടലാസ് പോലും അബദ്ധത്തിൽ അക്കാലത്ത് ഞങ്ങളുടെ പറമ്പിലേക്ക് പറന്നുവന്നിട്ടേയില്ല. ഇപ്പൂത്തി ഇലകൾക്കും തേക്കിലകൾക്കും അതിഷ്ടമാവാത്തത് കൊണ്ടാവാം. അല്ലെങ്കിൽ പറന്നുവരാൻ പാകത്തിൽ അടുത്ത വീടുകളിലും കടലാസുകൾ ഇല്ലാത്തതുകൊണ്ടാവാം. അതുമല്ലെങ്കിൽ അക്കാലത്ത് ഞങ്ങൾ കടലാസിനുവേണ്ടി അത്രമേൽ ആഗ്രഹിക്കാത്തതുകൊണ്ടാവാം. അപ്പോഴും ഞങ്ങളുടെയൊക്കെ പ്രിയ സുഹൃത്ത് വി.എം. ഗോപാലകൃഷ്ണൻ എന്ന വി.എം.ജി കടലാസുകൾക്കിടയിലായിരുന്നു. ഒഴിഞ്ഞ പുറങ്ങളിലവൻ മുന്നേറുകയായിരുന്നു. ഞങ്ങളുടെ ഗ്രാമത്തിൽ ഞങ്ങൾ കണ്ട ആദ്യ കവിമനുഷ്യൻ! എന്തും ഏതും കവിതയാക്കി മാറ്റുന്ന ഒരേയൊരു കവിമല്ലൻ. പെരുമണ്ണയിൽ ഞങ്ങൾക്കുമുമ്പ് എത്രയോ കലാപ്രതിഭകൾ ജീവിച്ചിട്ടുണ്ട്. പക്ഷേ അവരിൽ ആരും ഞങ്ങളുടെ സ്വന്തം വി.എം. ജിയെപ്പോലുള്ളൊരു കവിയായിരുന്നില്ല.

അബ്ദുൾഗഫൂർ വായോളി

കുട്ടിക്കാലത്ത് ഉന്മാദം കൊള്ളിച്ച അഞ്ച് പ്രധാന ശബ്ദങ്ങൾ: ഒന്ന് ആകാശത്തിലിരമ്പിപ്പറക്കുന്ന വിമാനം. രണ്ട് നിരത്തിൽ വൻ പുകതുപ്പി അലറിക്കുതിക്കുന്ന മോട്ടോർ സൈക്കിൾ. മൂന്ന് അക്കാലത്ത് ഒരത്ഭുതംപോലെ ഞങ്ങൾ നോക്കിനിന്ന ഗോതമ്പ് മില്ലുകൾ. നാല് നീതിക്കുവേണ്ടിയുയർന്ന മുദ്രാവാക്യങ്ങൾ. അഞ്ച് രാപ്പകൽ ഭേദമന്യേ കാ കാ...എന്ന് അലമുറയിടുന്ന പെരുമണ്ണക്കാരായ ഞങ്ങളുടെ സ്വകാര്യ അഭിമാനമായ കാക്കശബ്ദം. ഇതിൽ വി. എം.ജിയുടെ കവിതകൾ നീതിക്കുവേണ്ടി മുഴങ്ങിയ മുദ്രാവാക്യങ്ങളെയാണ് ആദ്യം മനസ്സോട് ചേർത്തത്. ആദ്യമാദ്യം തുണ്ടു കടലാസിലാണവൻ എഴുതിയിരുന്നത്. പിന്നെയത് പുസ്തകത്തിലേക്ക് വളർന്നെത്തി. അതിശയകരമായ കാര്യം കാവ്യഗന്ധമില്ലാത്ത എന്നെക്കൊണ്ടും അവൻ ഒരു നാനൂറ് പേജുള്ള ഒരു കിടിലൻ ‘ബൗണ്ട്ബുക്ക്’ വാങ്ങിപ്പിച്ചു. ഞാൻ വാങ്ങിയ ഏറ്റവും വലിയൊരു പുസ്തകം. അതും കവിതയെഴുതാൻ! ‘ചാലിയാറേ സുന്ദരീ, വേദനിക്കുമോമലേ, നീ പറഞ്ഞു തന്നിടൂ, നിൻെറ ദു:ഖകാരണം...!’. അതും അവൻതന്നെ എഴുതിത്തന്നതാണ്.

ഗോപാലകൃഷ്ണൻ സ്വയം എഴുതുന്നതിനേക്കാൾ എത്രയോ കൂടുതൽ കവിതകൾ പറഞ്ഞുനടന്നു. നിമിഷകവിയെന്നും, ചിലപ്പോഴൊക്കെ ഇവൻെറ കാവ്യ പരാക്രമങ്ങൾ സഹിക്കാഞ്ഞ് ‘വികടകവി’യെന്നും ഞങ്ങൾ വിളിച്ചു! അക്കാലത്ത് മുദ്രാവാക്യത്തിന്, നോട്ടീസിന്, തുള്ളലിന്, നാടൻപാട്ടിന്, ഗാനങ്ങൾക്ക്, സാഹിത്യസംബന്ധമായ എന്തിനുമുള്ള ഞങ്ങളുടെ ഏക ‘അതോറിറ്റി’ അവനായിരുന്നു. ഇപ്പോഴും, പലരും ഇതുപോലുള്ള ആവശ്യങ്ങൾക്ക് അന്വേഷിച്ചു വരാറുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. നേരത്തെ പെരുമണ്ണയെ ഞങ്ങളുടെ കുട്ടിക്കാലത്ത് അത്ഭുതശബ്ദങ്ങളിൽ ഒന്നായ മുദ്രാവാക്യത്തോടൊപ്പം വി.എം.ജിയെ താരതമ്യപ്പെടുത്താവുന്നത് അക്കാലത്ത് അപൂർവമായിരുന്ന ഗോതമ്പ് മില്ലിനോടാണ്.

അന്നവിടത്തെ മില്ലിൽ ഉയർന്ന പ്രധാന ചോദ്യം, ‘പൊടിയോ തരിയോ’ എന്നായിരുന്നു! മില്ലിൻെറ ഘടഘട ശബ്ദങ്ങൾക്കിടയിൽ അതിനേക്കാളുമുച്ചത്തിലുള്ള ആ ശബ്ദവും ഏറെ ആകർഷകമായിരുന്നു. പറഞ്ഞുവരുന്നത് ഗോപാലകൃഷ്ണനും അതുപോലൊരു മില്ലായിരുന്നു. ഞങ്ങളുടെ രാജ്യത്തെ ഭാവനയുടെ ഒരു മില്ല്. അത് എന്തും പൊടിക്കും. വി.എം.ജിക്കുശേഷം പെരുമണ്ണയിൽ അബ്ദുൾഗഫൂർ വായോളി, അബ്ബാസ് അങ്ങനെവന്ന കവികൾ പുസ്തക പ്രകാശനങ്ങൾ നടത്തിക്കഴിഞ്ഞു. രാജീവ് പെരുമൺപുറ മുമ്പേതന്നെ മലയാളി വായനക്കാർക്കിടയിൽ സ്വന്തം കാവ്യപ്രതിഭയുടെ മുദ്ര പതിപ്പിച്ചുകഴിഞ്ഞ കവിയാണ്. ഇങ്ങനെ വി.എം.ജിക്കു ശേഷംവന്ന എത്രയെത്രയോ പ്രതിഭാ ജൂനിയർമാർ! ഈയടുത്താണ് പ്രശസ്ത നാടകപ്രതിഭയും ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകനുമായിരുന്ന ഇപ്പോൾ നമുക്കൊപ്പമില്ലാത്ത ഞങ്ങളുടെയൊക്ക പ്രിയസുഹൃത്ത് കെ.എസ്. കോയയുടെ പേരിലുള്ള അവാർഡ് സിനിമാ സംവിധായകനും ചിത്രകലാപ്രതിഭയും കവിയും മാന്ത്രികനുമായ ഞങ്ങളുടെ സ്വന്തം പ്രിയ തേജസ് പെരുമണ്ണക്ക് ലഭിച്ചത്. ഇങ്ങനെയിങ്ങനെയായിരിക്കുമ്പോഴും, വി.എം.ജി കവിത പുസ്തകരൂപത്തിൽ പുറത്തിറക്കാതെ കഴിഞ്ഞുവരുകയായിരുന്നു. ആ പതിവ് അവൻ പൊളിക്കാൻ പോവുന്നു എന്നൊരാഹ്ലാദമാണ് ഇപ്പോഴുള്ളത്.

രാജീവ്​ പെരുമൺപുറ

പെരുമണ്ണയിൽ ആദ്യമായി ‘പ്രാസയുദ്ധത്തിന്’ തുടക്കംകുറിച്ച പ്രതിഭയെന്ന നിലയിലും വി.എം. ജിയെ അടയാളപ്പെടുത്തേണ്ടതുണ്ട്. കണ്ട അതും ഇതും പറഞ്ഞ് സമയം പാഴാക്കുന്നതിനുപകരം സ്വന്തം ഭാഷയെ ശക്തമാക്കാനുള്ള ഒരബോധ കാവ്യാത്മകശ്രമം ആ പ്രാസയുദ്ധത്തിന് പിറകിലുണ്ടെന്നാണ് ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ തോന്നുന്നത്. ഇപ്പോൾ ഞങ്ങൾക്കൊപ്പമില്ലാത്ത പ്രിയ പാണിക്കര രാജനും ഇപ്പോഴും പൊതുരംഗത്ത് സജീവമായ ബാലനും മറ്റുമായിരുന്നു ‘പ്രാസയുദ്ധ’ത്തിലെ അന്നത്തെ പങ്കാളികൾ. അക്ഷരശ്ലോക മത്സരത്തിൻെറ ഒരു ശിഥില മാതൃകയാണ് അതിനുണ്ടായിരുന്നത്. എന്തു പറഞ്ഞാലും ചോദിച്ചാലും അതിനും മുകളിലുള്ള ഒരു ‘ചൊറയൽ’ എന്നോ ‘കൊക്കപറച്ചിൽ’ എന്നോ വിളിക്കാവുന്ന ഒന്ന്, അതും സൗഹൃദം ശക്തിപ്പെടുത്തുന്ന തരത്തിൽ അതിലുണ്ടായിരുന്നു.

പുകവലിക്കുന്നവരോട് പുകവലിക്കരുതെന്ന് പറഞ്ഞുകൊണ്ടേയിരിക്കുക, ചീട്ട് കളിക്കുന്നവരോട് അരുതെന്ന് പറയുക, പലർക്കും അനിഷ്ടകരമാവുന്ന കാര്യങ്ങൾ ആവർത്തിക്കുക, ഇതിലൊക്കെയാണ് മൂപ്പർ ആവേശംകൊണ്ടത്. കവിതകളും ചെറിയ വ്യത്യാസങ്ങളോടെ ഇതേ വ്യാകരണമാണ് പിന്തുടർന്നത്. വി.എം.ജിയുടെ കവിതകളിൽ സ്ഥാനത്തും അസ്ഥാനത്തും ഒരു പ്രബോധകനാണ് മുന്നിട്ടുനിൽക്കുന്നത്. കുട്ടികൾക്ക് ഏറെ പ്രിയങ്കരനായ അധ്യാപകൻ കൂടിയായ കവി ക്ലാസ് മുറികളിലെന്നപോലെ ക്ലാസ് മുറിക്ക് പുറത്തും, ഒരധ്യാപകനാണ്. എവിടെ കുട്ടികളെ കണ്ടാലും അവരോട് രണ്ട് വർത്തമാനം പറയാതെ പോവാനാവാത്ത വിധമുള്ള കുട്ടിത്തമാണ്, കവിതകളിലും തെളിയുന്നത്. ‘മഴ’ എന്ന പേരിലുള്ള ഒരൊറ്റ കവിത മതിയാവും ‘കുട്ടിഭാവനയുടെ’ സ്വഭാവമറിയാനും അനുഭവിക്കാനും! ‘എന്നെ/ നേരെ നടത്താൻ/മഴ കുത്തനെ പെയ്തു/ എന്നോട് നാട്ടുവർത്തമാനം പറയാൻ/ മഴ ചരിഞ്ഞു പെയ്തു/ എന്നോട് പിണക്കം വരുമ്പോൾ/ മഴ പെയ്യാതെ പെയ്തു/ എന്നെ പിരിഞ്ഞു നിൽക്കാൻ/ ഈ മഴയോട് ഞാനെന്തു ചെയ്തു/ കുട പിടിച്ചാൽ/ മഴയെൻെറ കാൽക്കൽ വന്ന്/ കെട്ടിപ്പിടിക്കും/പിന്നെ/ ഞങ്ങൾ കെട്ടിപ്പിടിച്ച്/ പൊട്ടിച്ചിരിക്കും/ ഈമഴയുടെ ഒരു വികൃതിയെ.’(മഴ).

തേജസ്​ പെരുമണ്ണ

പുതിയ കാലത്തിന് പല കാരണങ്ങളാൽ കാണാനാവാതെ പോവുന്ന, ‘മഴയുടെ വികൃതി’യിലാണ്, ഇതുപോലുള്ള എത്രയോ നുണുക്കെന്ന് തോന്നാവുന്ന കാര്യങ്ങളിലാണ്, ഇപ്പോഴും ‘കുട്ടിത്തം’ സൂക്ഷിക്കുന്ന വി.എം.ജി പുളകിതനാവുന്നത്. പുതിയ വിപണികാലം ആഘോഷിക്കുന്ന ആർത്തിയെ നിർത്തിപ്പൊരിക്കുന്ന, മണ്ണ് മറന്ന് മനുഷ്യത്വത്തെ കുഴിച്ചുമൂടി പറന്നുകളിക്കുന്ന പൊള്ളപ്രവണതകളെ വിചാരണ ചെയ്യുന്ന, വിഭജനത്തിനും വെറുപ്പിനും വിദ്വേഷത്തിനുമെതിരെ പ്രതിരോധമൊരുക്കുന്ന, എന്തുവന്നാലും പോയാലും എനിക്കൊന്നുമില്ലെന്ന അരാഷ്ട്രീയ കാഴ്ചപ്പാടിൻെറ മുരട് പിഴുതെടുക്കുന്ന, അന്ധവിശ്വാസങ്ങൾക്കെതിരെ ശാസ്ത്രബോധം ഉയർത്തിപ്പിടിക്കുന്ന, അധഃസ്ഥിതപക്ഷത്ത് ഉറച്ചുനിൽക്കുന്ന, എത്രയോ കവിതകൾ വി.എം.ജിയുടേതായിട്ടുണ്ട്. ഞാനെൻെറ ജീവിതത്തിൽക്കണ്ട ആദ്യത്തെ കവി, ഒരു ‘കവിമനുഷ്യൻ’. ഒരുപക്ഷേ അക്കാലത്തെ ഞങ്ങളുടെ ഗ്രാമവും കണ്ട ആദ്യ കവി!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - പാർട്ടി ഇല്ലാതാവും അപ്പോഴും ‘പുകസ’ ഉണ്ടാവും!
Next Story