ഞങ്ങൾ പറയട്ടെ
text_fieldsകേരളം 70ാം വാർഷികത്തിന്റെ നിറവിൽ നിൽക്കുമ്പോൾ, ‘ദൈവത്തിന്റെ സ്വന്തം നാട്’ സാക്ഷ്യം വഹിക്കുന്നത് കേവലം ഓർമകളുടെ ആഘോഷത്തിനല്ല, മറിച്ച് മാറ്റത്തിന്റെ പുതുതുടിപ്പുകൾക്കാണ്. ചരിത്ര നാഴികക്കല്ലുകൾ പിന്നിട്ട നാടിന്റെ സമഗ്ര വികസനത്തെയും സംസ്കാരത്തെയും ആധുനിക കാഴ്ചപ്പാടിലൂടെ വീക്ഷിക്കുകയാണ് ഇന്നത്തെ പുതുതലമുറ. തങ്ങളുടെ ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും അനുസൃതമായി കേരളം മാറണമെന്ന ഉറച്ച നിലപാടുകളോടെ, ആഗോളതലത്തിൽ ഉയരുന്ന ആശയങ്ങളെ പ്രാദേശികമായി നടപ്പിലാക്കാൻ തയാറെടുക്കുന്ന തലമുറയാണ് ഇന്നത്തെ കേരളത്തിന്റെ കരുത്ത്. മാറ്റത്തിന്റെ ഈ പുതിയ പ്രവാഹത്തിൽ ഏറ്റവും മുന്നിൽനിൽക്കുന്നത് ഡിജിറ്റൽ ലോകത്തും സാമൂഹിക മണ്ഡലങ്ങളിലും സാന്നിധ്യമറിയിക്കുന്ന ‘ജെൻ സി’ തലമുറയാണ്. പ്രത്യേകിച്ച്, പെൺകുട്ടികളാണ് അഭിപ്രായങ്ങൾ ഭയമില്ലാതെ തുറന്നുപറയാനും സാമൂഹിക വിഷയങ്ങളിൽ കൃത്യമായി പ്രതികരിക്കാനും ആവേശത്തോടെ മുന്നോട്ടുവരുന്നത്.
വിദ്യാഭ്യാസത്തിലും തൊഴിലിലും മാത്രമല്ല, രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ തീരുമാനങ്ങളിലെല്ലാം തങ്ങളുടെ ശബ്ദം കേൾപ്പിക്കണമെന്ന് അവർ ഉറച്ചുവിശ്വസിക്കുന്നു. സ്വന്തം ഇടങ്ങൾ നിർവഹിക്കാനും മറ്റുള്ളവർക്ക് പ്രചോദനമാകാനും അവർ കാട്ടുന്ന ഈ ആർജവം നാളത്തെ കേരളത്തിന്റെ പുതിയ മുഖമാണ്.
ഞങ്ങൾക്കും പറയാനുണ്ട് ഹേ!
നന്ദിത മോഹൻ
‘80's vibe’ ഇഷ്ടപ്പെടുകയും പഴയകാലത്തിന്റെ സൗന്ദര്യവും സവിശേഷതകളും സോഷ്യൽ മീഡിയയിലൂടെ വീണ്ടും കണ്ടെത്തുകയും ചെയ്യുന്നവരാണ് ഞങ്ങൾ. ഭൂതകാലത്തോട് കൗതുകം പുലർത്തുമ്പോഴും മാറുന്ന ലോകത്തിനൊപ്പം കേരളവും മാറണമെന്ന് ആഗ്രഹിക്കുന്നവർ. സാമൂഹിക വികസനം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ പ്രധാന നാഴികക്കല്ലുകളാണ്. എന്നാൽ ഈ നേട്ടങ്ങൾക്കൊപ്പം സാമ്പത്തിക വളർച്ച, വ്യവസായ വികസനം, തൊഴിലവസരങ്ങൾ, കാർഷിക ഉൽപാദനക്ഷമത തുടങ്ങിയ മേഖലകളിലും കേരളത്തിന് മുന്നേറേണ്ടതുണ്ട്. കാരണം, ഒരു നാടിന്റെ പുരോഗതി വിലയിരുത്തേണ്ടത് അത് കൈവരിച്ച നേട്ടങ്ങളിലൂടെ മാത്രമല്ല, അവിടത്തെ യുവാക്കൾക്ക് സ്വന്തം ഭാവി കെട്ടിപ്പടുക്കാൻ എത്രത്തോളം അവസരങ്ങൾ ലഭിക്കുന്നു എന്നതിലൂടെയും കൂടിയാണ്. ഈ അവസരങ്ങളുടെ അഭാവമാണ് പല യുവാക്കളെയും ഉപരിപഠനത്തിനും തൊഴിലിനുമായി കേരളത്തിന് പുറത്തേക്കു നയിക്കുന്നത്.
മാറുന്ന തൊഴിൽലോകത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താനും കേരളത്തിന് കഴിയണം. കൃഷിയെയും സാങ്കേതികവിദ്യയെയും സംരംഭകത്വത്തെയും കൂട്ടിയിണക്കുന്നതിലൂടെ യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും കഴിയും. രാഷ്ട്രീയത്തിലും ജനാധിപത്യ പ്രവർത്തനങ്ങളിലും തദ്ദേശഭരണത്തിലും യുവജന പങ്കാളിത്തം വർധിപ്പിക്കണം.
വിവേചനം ഇല്ലാതായിട്ടില്ല
ശ്രീനന്ദ എം.
കേരളം വിദ്യാഭ്യാസത്തിലും സാമൂഹിക പുരോഗതിയിലും മുന്നിട്ടുനിൽക്കുന്നുവെങ്കിൽപോലും പുരുഷാധിപത്യവും ലിംഗവിവേചനവും പൂർണമായി ഇല്ലാതായിട്ടില്ല. മകൻ, കഴിച്ച പാത്രം കഴുകുന്നത് മഹത്വവത്കരിക്കുകയും മകൾ, അതേ കാര്യം ചെയ്യുന്നത് ഉത്തരവാദിത്തമാവുകയും ചെയ്യുന്ന വീട്ടകങ്ങൾ തന്നെയാണ് ഇപ്പോഴും കേരളത്തിൽ ബഹുഭൂരിപക്ഷവും ഉള്ളത്. കേരളം 2026ൽ എത്തിയിട്ടും ഇന്നും ഒരു പെൺകുട്ടിയുടെ വസ്ത്രധാരണത്തെ പറ്റിയാണ് മാധ്യമ ചർച്ചയെങ്കിൽ മാറേണ്ടത് കലണ്ടർ അല്ല കാഴ്ചപ്പാടാണ്.
പാരമ്പര്യത്തിന്റെ നന്മകൾ വേണം, കാലത്തിനൊപ്പം മുന്നേറണം
ആദിൽ എ. അസീസ്
ഞങ്ങൾ സ്വപ്നം കാണുന്നത് പാരമ്പര്യത്തിന്റെ നന്മകൾ കാത്തുസൂക്ഷിച്ചുകൊണ്ട് കാലത്തിനൊപ്പം മുന്നേറുന്ന ഒരു നവകേരളത്തെയാണ്. മാർക്കിനപ്പുറം ജീവിതനൈപുണ്യവും സാങ്കേതികവിദ്യയും പഠിപ്പിക്കുന്ന വിദ്യാഭ്യാസം, യുവാക്കൾക്ക് കേരളത്തിൽ തന്നെ മികച്ച തൊഴിലവസരങ്ങൾ, സംരംഭകത്വത്തിനും നവീകരണത്തിനും പ്രോത്സാഹനം എന്നിവ ഉണ്ടാകണം. എ.ഐ ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി സർക്കാർ സേവനങ്ങൾ കൂടുതൽ ലളിതവും സുതാര്യവുമാകണം. മികച്ച ആരോഗ്യസംവിധാനത്തോടൊപ്പം മാനസികാരോഗ്യത്തിനും പ്രാധാന്യം നൽകണം. സ്ത്രീകൾക്ക് ഏത് സമയത്തും സുരക്ഷിതമായി സഞ്ചരിക്കാനും സ്വതന്ത്രമായി ജീവിക്കാനും കഴിയണം. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനം, ശാസ്ത്രീയ മാലിന്യസംസ്കരണം, മികച്ച പൊതുഗതാഗതം, സുരക്ഷിതമായ റോഡുകൾ, ആധുനിക കൃഷി എന്നിവ യാഥാർഥ്യമാകണം. യുവാക്കൾ അവസരങ്ങൾ തേടി കേരളം വിടേണ്ടിവരാതെ, പഠിക്കാനും ജോലി ചെയ്യാനും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും അഭിമാനത്തോടെ ജീവിക്കാനും കഴിയുന്ന നാടാകണം
സുരക്ഷിതത്വവും തുല്യാവകാശവും ഉറപ്പാക്കണം
ഹൃദ്യ എ.
ഭാവികേരളം എന്നത് ഉയരമുള്ള കെട്ടിടങ്ങളും ആധുനിക സാങ്കേതികവിദ്യകളും നിറഞ്ഞ ഒരു നാട് മാത്രമാകരുത്. മറിച്ച്, യുവാക്കൾക്ക് അവരുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ കഴിയുന്ന, സ്വന്തം നാട്ടിൽ അഭിമാനത്തോടെ ജീവിക്കാൻ കഴിയുന്ന ഒന്നായിരിക്കണം. സ്ത്രീകൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും എല്ലാ വിഭാഗം മനുഷ്യർക്കും സുരക്ഷിതത്വവും തുല്യാവകാശവും ഉറപ്പാക്കണം. വികസനത്തിന്റെ യഥാർഥ അളവുകോൽ എത്ര വലിയ പദ്ധതികൾ നടപ്പാക്കി എന്നതാകരുത്. മറിച്ച്, ആ വികസനം എത്ര മനുഷ്യരുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കി എന്നതാകണം.
തൊഴിലിനുവേണ്ടി നാടുവിടേണ്ടിവരാത്ത, കഴിവുകൾക്ക് വില ലഭിക്കുന്ന, ആശയങ്ങൾ തുറന്നുപറയാൻ ഭയപ്പെടാത്ത ഒരു കേരളത്തെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. യോഗ്യതക്കും കഴിവിനുമനുസരിച്ച് ഓരോ വ്യക്തിക്കും തൊഴിൽ ലഭിക്കണം. സംരംഭകത്വത്തിനും കലകൾക്കും കായികരംഗത്തിനും ഗവേഷണത്തിനും തുല്യമായ പ്രാധാന്യം നൽകണം. സാങ്കേതികമായി വളരുമ്പോഴും മാനുഷിക മൂല്യങ്ങളും ചേർത്തുപിടിക്കണം. മാനസികാരോഗ്യം പ്രധാനമാണ്. അക്കാര്യത്തിൽ ശ്രദ്ധചെലുത്താൻ സാധിക്കണം. പ്രകൃതിയെ മറന്നുകൊണ്ടുള്ള വികസനവും നമുക്ക് ആവശ്യമില്ല. യുവാക്കളെ കേൾക്കുന്ന ഒരു കേരളം നമുക്ക് വേണം. അഭിപ്രായങ്ങളെ പ്രായക്കുറവിന്റെ പേരിൽ തള്ളിക്കളയാതെ, തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയയിൽ ഞങ്ങൾക്കും പങ്കാളിത്തം നൽകണം.
വിദ്യാഭ്യാസ-തൊഴിൽ മേഖലകൾ മാറണം
പ്രിയഞ്ജന കെ.
കേരളത്തിന്റെ പരമ്പരാഗത വിദ്യാഭ്യാസ-തൊഴിൽ-സാംസ്കാരിക രീതികളിൽ സമഗ്രമായ മാറ്റമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. എ.ഐ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ ശരിയായ രീതിയിൽ ഉപയോഗിക്കാനുള്ള ഡിജിറ്റൽ സാക്ഷരതയും സ്കിൽ അധിഷ്ഠിത കോഴ്സുകളും പഠനത്തിന്റെ ഭാഗമാക്കണം. പഠിച്ചിറങ്ങുന്ന യുവതലമുറ തൊഴിലിനായി വിദേശത്തേക്ക് ചേക്കേറുന്ന അവസ്ഥക്ക് പരിഹാരമുണ്ടാവണം. സ്പോർട്സിലും കലയിലുമുള്ള മികച്ച കഴിവുകളെ അവഗണിക്കാതെ, അവരെ പ്രഫഷനലായി വളർത്തിയെടുക്കാനുള്ള കൃത്യമായ പിന്തുണയും അടിസ്ഥാന സൗകര്യങ്ങളും നമ്മുടെ നാട്ടിൽ ഉണ്ടാകണം.
പഠനത്തിനും ജോലിക്കുമപ്പുറം, വ്യക്തിസ്വാതന്ത്ര്യത്തിലും മാനവിക മൂല്യങ്ങളിലും അധിഷ്ഠിതമായ ഒരു പുരോഗമന സമൂഹത്തെയാണ് ഞങ്ങൾ സ്വപ്നം കാണുന്നത്. മാനസികാരോഗ്യത്തിന് പരിഗണന നൽകണം. വസ്ത്രധാരണത്തിന്റെയും ചിന്താഗതികളുടെയും പേരിൽ പുതിയ തലമുറയെ പഴയകാല സദാചാര നിയമങ്ങൾവെച്ച് വിലയിരുത്തുന്ന രീതി മാറി, വ്യക്തിസ്വാതന്ത്ര്യത്തെ സമൂഹം അംഗീകരിക്കണം. ലിംഗഭേദമന്യേ ഏവർക്കും ഭയരഹിതമായി സഞ്ചരിക്കാനും ജീവിതം ആസ്വദിക്കാനും സാധിക്കുന്ന തരത്തിൽ സുരക്ഷിതമായ സാംസ്കാരിക അന്തരീക്ഷവും ഉത്തരവാദിത്തപരമായ നൈറ്റ് ലൈഫ് സംസ്കാരവും രൂപപ്പെടേണ്ടതുണ്ട്. ടൂറിസം മേഖലയുടെ അനന്തസാധ്യതകളെ ആധുനികവത്കരിക്കുന്നതോടൊപ്പം, കേരളത്തിന്റെ പ്രകൃതി സൗന്ദര്യം സംരക്ഷിച്ചുകൊണ്ടുള്ള സുസ്ഥിര വികസനത്തിനും മുൻഗണന നൽകണം.
സ്ത്രീസുരക്ഷയും ലിംഗസമത്വവും
ഗോപിക ടി.
കേരളത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം പരിഗണിക്കേണ്ടത് യുവാക്കളുടെ തൊഴിൽസാധ്യതകളാണ്. മികച്ച വിദ്യാഭ്യാസം നേടിയിട്ടും സ്വന്തം നാട്ടിൽ അനുയോജ്യമായ തൊഴിൽ കണ്ടെത്താൻ കഴിയാതെ വിദേശത്തേക്കും, മറ്റു സംസ്ഥാനങ്ങളിലേക്കും പോകേണ്ടിവരുന്ന യുവാക്കൾ നിരവധിയാണ്. സ്വന്തം നാട്ടിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരങ്ങൾ ലഭിക്കാത്തത് ഗൗരവമായി കാണണം. യുവാക്കൾക്ക് തൊഴിൽ നൽകുന്ന കേരളത്തിനൊപ്പം, യുവാക്കൾക്ക് തൊഴിൽ സൃഷ്ടിക്കാൻ കഴിയുന്ന കേരളവും വളരണം. വിദ്യാർഥികളുടെ ആശയങ്ങളെ സാമൂഹിക മാറ്റത്തിനായി ഉപയോഗിക്കുന്നതിനുള്ള അവസരങ്ങളും വർധിക്കണം. സ്ത്രീസുരക്ഷയും ലിംഗസമത്വവും കേരളത്തിന്റെ പുരോഗമനസങ്കൽപത്തിന്റെ പ്രധാന ഭാഗമാകണം. യുവാക്കളുടെ മാനസികാരോഗ്യവും പൊതുചർച്ചകളിൽ അർഹമായ സ്ഥാനം നേടണം. ഡിജിറ്റൽ മുന്നേറ്റത്തോടൊപ്പം മാധ്യമസാക്ഷരതയും ഉത്തരവാദിത്തമുള്ള പൊതുഇടപെടലുകളും ശക്തിപ്പെടുത്തേണ്ടതുണ്ട്. പരിസ്ഥിതിയുടെ കാര്യത്തിലും കേരളം വികസന സങ്കൽപങ്ങളെ പുനഃപരിശോധിക്കണം. കേരളത്തിന്റെ സാമൂഹിക മുന്നേറ്റങ്ങൾക്ക് അടിത്തറയായ പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, മതേതരത്വം, ജനാധിപത്യം, സാമൂഹികനീതി തുടങ്ങിയ മൂല്യങ്ങളും സംരക്ഷിക്കപ്പെടണം.
ചോയ്സുകൾ മാനിക്കണം
ഫാസില കെ.കെ.
പരമ്പരാഗത ജോലികൾക്കപ്പുറം റിമോട്ട് വർക്ക്, സ്വന്തമായ സ്റ്റാർട്ടപ്പുകൾ തുടങ്ങിയവക്കാണ് ഞങ്ങളുടെ തലമുറ മുൻഗണന നൽകുന്നത്. കൊച്ചിയെയും തിരുവനന്തപുരത്തെയും പോലെ മറ്റ് ജില്ലകളിലും ടെക് പാർക്കുകളും ഹൈടെക് വർക്കിങ് സ്പേസുകളും വരണം. ഉന്നത വിദ്യാഭ്യാസം നേടിയ യുവതലമുറക്ക് സ്വന്തം നാടുവിട്ടു പോകുന്നതിനുപകരം സ്വന്തം നാട്ടിൽ തന്നെ തലയുയർത്തി നിൽക്കുന്ന വിധത്തിൽ ജോലി അവസരങ്ങൾ ഉണ്ടാകണം. പരിസ്ഥിതിയെ ചൂഷണം ചെയ്യാത്ത വിധത്തിലുള്ള വികസനം വേണം. കാണാപ്പാഠം പഠിച്ച് പരീക്ഷ എഴുതുന്ന പഴയരീതി മാറി ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്, കോഡിങ് തുടങ്ങി സാങ്കേതികവിദ്യകൾ സ്കൂൾ തലം മുതൽ വിദ്യാർഥികളിലേക്ക് എത്തിക്കണം. ജാതി-മത-ലിംഗ വ്യത്യാസങ്ങൾക്കതീതമായി ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യത്തെയും ചോയ്സുകളെയും മാനിക്കുന്ന പുരോഗമനപരമായ സമൂഹമാണ് ഞങ്ങൾ.
പോരായ്മകൾ തുറന്നുപറയണം, തിരുത്തണം
ആദിത്യൻ എ.വി.
നേട്ടങ്ങളെക്കുറിച്ച് അഭിമാനിക്കുന്നതിനൊപ്പം, നമ്മുടെ പോരായ്മകളെ തുറന്നുപറയാനും തിരുത്താനും കഴിയണം. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും സാമൂഹിക പുരോഗതിയിലും മുന്നിലാണെന്ന് അഭിമാനിക്കുന്ന കേരളം, പൗരബോധത്തിലും സാമൂഹിക അച്ചടക്കത്തിലും കൂടി ലോകത്തിന് മാതൃകയാകേണ്ടതുണ്ട്. ഫോണിൽ ലോകത്തെക്കുറിച്ച് സംസാരിക്കുകയും സോഷ്യൽ മീഡിയയിൽ പുരോഗമന ചിന്തകൾ പങ്കുവെക്കുകയും ചെയ്യുന്ന നാം, പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുകയും തുപ്പുകയും റോഡുകളിൽ നിയമങ്ങൾ ലംഘിക്കുകയും ചെയ്യുന്നത് എന്ത് പുരോഗമനമാണ്? പൊതുഗതാഗത സംവിധാനങ്ങളിൽ ഉച്ചത്തിൽ ഫോണിൽ സംസാരിക്കുന്നതും പാട്ടുകൾ സ്പീക്കറിലൂടെ മറ്റുള്ളവരുടെമേൽ അടിച്ചേൽപിക്കുന്നതും, വനങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ശബ്ദമലിനീകരണം സൃഷ്ടിക്കുന്നതും വ്യക്തിസ്വാതന്ത്ര്യമല്ല, മറ്റുള്ളവരുടെ അവകാശങ്ങളോടുള്ള അവഗണനയാണ്. യുവാക്കളുടെ വസ്ത്രധാരണത്തെയും സൗഹൃദങ്ങളെയും ജീവിതശൈലിയെയും അഭിപ്രായങ്ങളെയും നിരന്തരം സംശയത്തോടെ കാണുകയും ധാർമികതയുടെ പേരിൽ അവരുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപെടുകയും ചെയ്യുന്ന പ്രവണത മാറണം.

