‘പേരിനെ അന്വർഥമാക്കുന്ന തരത്തിൽ ഒരു ശാന്തിഗ്രാമം’; പീസ് വില്ലേജിലെ അനുഭവം പങ്കുവെച്ച് ഫർസാന അലി
text_fieldsകോഴിക്കോട്: വയനാട് ജില്ലയിലെ പിണങ്ങോടുള്ള ‘പീസ് വില്ലേജ്’ സന്ദർശിച്ചതിന്‍റെ അനുഭവം പങ്കുവെച്ച് എഴുത്തുകാരി ഫർസാന അലി. വീർപ്പുമുട്ടലുകളെ ഇല്ലാതാക്കുന്ന കാറ്റിന്റെയും വെളിച്ചത്തിന്റെയും സമൃദ്ധമായ സഞ്ചാരമാണ് പീസ് വില്ലേജിൽ കണ്ടതെന്ന് ഫർസാന ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
കുറിപ്പിന്‍റെ പൂർണ രൂപം;
വയനാട്ടിലെ പിണങ്ങോട്, 'പീസ് വില്ലേജ്' എന്നൊരിടമുണ്ട്; പേരിനെ അന്വർത്ഥമാക്കുന്ന തരത്തിൽ ഒരു ശാന്തിഗ്രാമം. കബനീനദിയുടെ ചെറിയൊരു കീറ്, അതിനോരത്തുകൂടി ശാന്തമായി ഒഴുകുന്നുണ്ട്.
ഓരോ അവധിക്കാലവും കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ മനസ്സിലെക്കാലത്തും ഇട്ടു താലോലിക്കാനാവുന്ന ചില സന്ദർഭങ്ങളെയും കൂടെക്കൂട്ടാറുണ്ട്. ഈ വട്ടം, അവയിലൊന്ന്, പീസ് വില്ലേജിൽ ചെലവഴിച്ച സമയമാണ്. കുടുംബമോ സമൂഹമോ മാറ്റിനിർത്തിയ -അല്ലെങ്കിൽ അവയിൽ നിന്നെല്ലാം സ്വയമിറങ്ങിപ്പോരേണ്ടിവന്ന-ആരോരും പരിപാലിക്കാനില്ലാത്ത, ശാരീരികമോ മാനസികമോ ആയ താളപ്പിഴകളുള്ള കുറച്ചു മനുഷ്യരെയാണ് അവിടെക്കണ്ടത്.
എന്തുകൊണ്ടെന്നറിയില്ല, ഭേദവിചാരങ്ങളില്ലാതെ മനുഷ്യർ പാർക്കുന്ന ഇടങ്ങളായിട്ടും അഭയകേന്ദ്രങ്ങളെക്കുറിച്ച് എനിക്കൊരു ധാരണയുണ്ടായിരുന്നു- ഇരുട്ട് വീണ മുറികളുള്ള ഒരിടമെന്ന ധാരണ. അവിടങ്ങളിൽ പകലിരവുകൾ ഉന്തിനീക്കുന്ന ജീവനുകളെ ഓർത്ത് പലപ്പോഴും സങ്കടപ്പെട്ടിട്ടുണ്ട്.
പക്ഷെ പീസ് വില്ലേജിൽ കണ്ടത്, വീർപ്പുമുട്ടലുകളെ ഇല്ലാതാക്കുന്ന കാറ്റിന്റെയും താമോഹാരിയായ വെളിച്ചത്തിന്റെയും സമൃദ്ധമായ സഞ്ചാരമാണ്. ഇടയ്ക്കിടെ കാറ്റിനൊപ്പം ജനലിനഴികളിലൂടെ കുരുവികൾ ഉള്ളിലേക്ക് പറന്നെത്തുന്നു, കുറച്ചുനേരം ചിലച്ചുകൊണ്ട് ഓരോ കട്ടിലിനെയും തൊട്ടു തൊട്ടു പറക്കുന്നു. അതു കാണുമ്പോൾ തന്നെ മനസിനെന്തൊരു കുളിർമ!
താമസക്കാരായ എൺപത്തിയഞ്ചോളം മനുഷ്യർ, ഒന്നിച്ചിരുന്ന് വർത്തമാനം പറഞ്ഞും, ടി വി കണ്ടും, പാട്ടിനൊപ്പിച്ച് താളംപിടിച്ചും ഉല്ലാസത്തോടെ കഴിയുകയാണിവിടെ. അവരിൽ പലരുടെയും ജീവിതവഴികൾ നെഞ്ചിലൊരു ഭാരമേറ്റിയ അവസ്ഥയോടെ മാത്രമേ കേൾക്കാനാവൂ. അവരെ കേൾക്കുകയെന്നാൽ ഒറ്റയടിക്ക് കുറേ ജീവിതങ്ങൾ ജീവിക്കുക എന്നു കൂടിയാണ്.
തണുപ്പോടെ വീശുന്ന കാറ്റുമേറ്റ്, വരാന്തയിലെ കൈവരിയിൽ പിടിച്ച് വിതുമ്പുന്നുണ്ടായിരുന്നു രാമേട്ടൻ. കാര്യമന്വേഷിച്ചപ്പോൾ തേങ്ങലടക്കിക്കൊണ്ട് പറഞ്ഞത്, 'ഇവിടെ കാണുന്ന പല വൃക്ഷങ്ങളും ഞാൻ നട്ടുപിടിപ്പിച്ചതാണ്. ഇപ്പോൾ ആരോഗ്യപ്രശ്‌നം കാരണം ഒന്നിനും സാധിക്കുന്നില്ല,' എന്നാണ്. തന്റെ പറമ്പോ വീടോ അല്ലാഞ്ഞിട്ടും, അലസനായിരിക്കുക എന്നത്, ആ മനുഷ്യന് അസാധ്യമായിരുന്നു.
കൈ നിറയെ വളകളിട്ട്, ആരോടും മിണ്ടാതെയിരിക്കുന്ന, കിടക്കയെ പേടിയുള്ള ആയിഷുമ്മ മുതൽ, തീർത്തും ശയ്യാവലംബിയായവർ വരെയുള്ള അനേകം ജീവിതങ്ങളെയാണ് അടുത്തറിഞ്ഞത്.
ഏറ്റവും അത്ഭുതപ്പെടുത്തിയ കാര്യം, അവരിൽ മിക്കവരും കണ്ട ഉടൻ എന്നോടു ചോദിച്ച ഒരു ചോദ്യമാണ്.
‘ഭക്ഷണം കഴിച്ചോ?’
ഒരു കാലത്ത് സ്വന്തം വിശപ്പിനെക്കുറിച്ചു മാത്രം വ്യാകുലപ്പെടാൻ വിധിക്കപ്പെട്ടിരുന്നവർ, ഇന്ന് മറ്റുള്ളവരുടെ പശിയെക്കുറിച്ച് ആകുലപ്പെടുന്നത് എത്ര മനുഷ്യത്വപരമാണ്! അതിനുകാരണം, അവരധിവസിക്കുന്ന ഇടത്തിന്റെ വിശ്രാന്തിയാണ്. ഭക്ഷണത്തിനും വസ്ത്രങ്ങൾക്കും സൗകര്യങ്ങൾക്കും യാതൊരു കുറവുകളുമില്ലാതെ, തങ്ങൾക്കെല്ലാവരുമുണ്ടെന്ന ഉറപ്പിൽ പീസ് വില്ലേജിന്റെ മനുഷ്യത്വത്തിനുള്ളിൽ അവർ പുഞ്ചിരിയോടെ എന്നെന്നും കഴിഞ്ഞു കൂടുകയാണ്.
അതുകൊണ്ടൊക്കെയാകാം, ലോകചരിത്രത്തിന്റെ പാതി സ്നേഹകാരുണ്യങ്ങളുടെ ചരിത്രം കൂടിയാണെന്ന വാക്യം, മഴ പെയ്തു തുടങ്ങിയ ആ സന്ധ്യയിൽ അവിടെ നിന്ന് യാത്ര തിരിക്കുമ്പോൾ എന്റെയുള്ളിൽ മുഴങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

