Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightഅന്ന് എം.ജി.എസ്...

അന്ന് എം.ജി.എസ് പഠിക്കാൻ പോയത് എം.എ. ഇംഗ്ലീഷ്; പ്രവേശനം കിട്ടിയത് ഹിസ്റ്ററിക്ക്, ചരിത്രമെഴുതിയ അഡ്മിഷൻ കഥ

text_fields
bookmark_border
MGS Narayanan
cancel

എം.ജി.എസ് വിടവാങ്ങുമ്പോൾ ഈ നാടിന് ഓർത്തെടു​ക്കാൻ ഏറെയു​ണ്ട്. 1932 ഓഗസ്റ്റ് 20 ന് പൊന്നാനിയിലാണ് മുറ്റായിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ എന്ന എം.ജി.എസ് നാരായണൻ ജനിച്ചത്. ഡോക്ടറായിരുന്നു പിതാവ് ഗോവിന്ദമേനോൻ. എം.ജി.എസിന്റെ പഠനവഴികൾ തന്നെ വേറിട്ടതാണ്. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലെ ഇന്റർമീഡിയറ്റ് പഠനത്തിനു ശേഷം ഫാറൂഖ് കോളജിൽ ബി.എ. ഇക്കണോമിക്സ് പഠിക്കാൻ ചേർന്നെങ്കിലും സുഹൃത്തുക്കളുടെ നിർബന്ധം കൊണ്ട് തൃശൂർ കേരളവർമ കോളജിലേക്കു മാറി.

ബിരുദം നേടിയ ശേഷം മദ്രാസ് ക്രിസ്ത്യൻ കോളജിൽ എം.എ. ഇംഗ്ലിഷ് പഠിക്കാൻ പോയി. പക്ഷേ പ്രവേശനം കിട്ടിയത് ഹിസ്റ്ററിക്കാണ്. അങ്ങനെയാണ് ചരിത്രപഠനത്തിന്റെ വഴിയിലേക്ക് എം.ജി.എസ് എത്തിയത്. ചുരുക്കത്തിൽ പീന്നീട് ഏറെ ചരിത്രമെഴുതിയ അഡ്മിഷൻ കഥയായിതുമാറി. കേരള സർവകലാശാലയിൽനിന്നു ചരിത്രത്തിൽ പിഎച്ച്ഡി നേടി. ഗുരുവായൂരപ്പൻ കോളജ്, കേരള സർവകലാശാല, കാലിക്കറ്റ് സർവകലാശാല എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ചരിത്ര വിഭാഗം തലവനായിരിക്കെ വിരമിച്ചു.

ഹൈസ്കൂൾ പഠനകാലത്തു കവിതയെഴുത്തും ചിത്രംവരയുമുണ്ടായിരുന്നു. ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രംവര കണ്ടാണ് താൻ വരയ്ക്കുന്നതു നിർത്തിയതെന്ന് എം.ജി.എസ് പറഞ്ഞിട്ടുണ്ട്. എം.ഗോവിന്ദൻ പത്രാധിപരായ മദ്രാസ് പത്രിക എന്ന മാസികയിലാണ് ആദ്യം കവിത അച്ചടിച്ചുവന്നത്. എസ്‌എം മുറ്റായിൽ, എസ്‌എം നെടുവ എന്നീ പേരുകളിൽ കവിതകൾ അച്ചടിച്ചുവന്നിട്ടുണ്ട്.

മലയാളം, ഇംഗ്ലിഷ്, തമിഴ്, സംസ്കൃതം ഭാഷകളിലും ബ്രാഹ്മി, വട്ടെഴുത്ത്, ഗ്രന്ഥ ലിപികളിലും അവഗാഹമുള്ള എംജിഎസ് ശിലാരേഖപഠനത്തിൽ പരിശീലനം നേടി. സൗത്ത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്, എപ്പിഗ്രാഫിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ, പ്ലേസ് നെയിം സൊസൈറ്റി ഓഫ് ഇന്ത്യ, റോക്ക് ആർട്ട് സൊസൈറ്റി ഓഫ് ഇന്ത്യ, ന്യൂമിസ്മാറ്റിക് സൊസൈറ്റി ഓഫ് സൗത്ത് ഇന്ത്യ എന്നീ സംഘടനകളിൽ പ്രവർത്തിച്ചു.

കോഴിക്കോട് മലാപ്പറമ്പിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ചരിത്രഗവേഷണത്തിലും അവതരണത്തിലും തന്റേതായ വഴി വെട്ടിത്തുറക്കുകയും പ്രാചീന കേരളചരിത്രപഠനത്തിന്റെ ഗതി തന്നെ മാറ്റുകയും ചെയ്ത ധിഷണാശാലിയായിരുന്നു എം.ജി.എസ്. തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയാൻ മടി കാണിക്കാതിരുന്ന എം.ജി.എസിന്റെ നിലപാടുകൾ പലപ്പോഴും വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിമരുന്നിട്ടു.

ചരിത്ര രചനയ്ക്ക് ശാസ്ത്രത്തെ ഉപയോഗപ്പെടുത്തി പുതുവഴി കണ്ടെത്തിയ ചരിത്രകാരന്‍, ചരിത്രത്തെ കെട്ടുകഥകളില്‍ നിന്ന് മോചിപ്പിക്കുകയായിരുന്നു എംജിഎസ്. കേരളത്തിന്റെ ചരിത്ര ഗവേഷണങ്ങള്‍ക്ക് അതുല്യമായ സംഭവനകള്‍ നല്‍കിയ എംജിഎസ് നാരായണന്‍ രാഷ്ട്രീയ സാഹചര്യങ്ങളോട് നിരന്തരം കലഹിച്ചു.

നിലപാടുകളിലെ കൃത്യതയും നിർഭയത്വവും കൊണ്ട് ആരാധകരെയും സൃഷ്ടിച്ചു എം.ജി.എസ്. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ മെംബർ സെക്രട്ടറിയും ചെയർമാനും ആയിരുന്നു. 200 ലേറെ പുസ്തകങ്ങളും പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്.

ഇന്ത്യാചരിത്രപരിചയം, സാഹിത്യാപരാധങ്ങൾ, കേരളചരിത്രത്തിന്റെ അടിസ്ഥാനശിലകൾ, വഞ്ഞേരി ഗ്രന്ഥവരി, സെക്കുലർ ജാതിയും സെക്കുലർ മതവും, കോഴിക്കോടിന്റെ കഥ, ജനാധിപത്യവും കമ്യൂണിസവും, കേരളത്തിന്റെ സമകാലിക വ്യഥകൾ, ചരിത്രകാരന്റെ കേരളദർശനം, കോഴിക്കോട് – ചരിത്രത്തിൽനിന്ന് ചില ഏടുകൾ തുടങ്ങിയ പുസ്തകങ്ങളും പെരുമാൾസ് ഓഫ് കേരള, മലബാർ തുടങ്ങിയ ഗവേഷണപ്രബന്ധങ്ങളുമാണ് പ്രധാന രചനകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mgs narayananHistorian
News Summary - Eminent historian MGS Narayanan passes away at 92
Next Story