ആഘോഷങ്ങൾക്കപ്പുറം ഒരു പഠനയാത്ര: കുട്ടികളുടെ വളർച്ചയിൽ ഉത്സവങ്ങൾ നൽകുന്ന പാഠങ്ങൾ
text_fieldsഇന്ത്യയിൽ വൈവിധ്യം എന്നത് പാഠപുസ്തകങ്ങളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. അതൊരു ജീവിതാനുഭവമാണ്. ഉച്ചഭക്ഷണത്തിന് മുമ്പ് നാല് വ്യത്യസ്ത ഭാഷകൾ കേൾക്കുന്ന, ഓരോ മാസവും വ്യത്യസ്ത പ്രദേശങ്ങളിലെ ആഘോഷങ്ങളിൽ പങ്കുചേരുന്ന ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം സാംസ്കാരിക ബഹുസ്വരത എന്നത് വെറുമൊരു ആശയമല്ല. മറിച്ച് ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. 22 ഔദ്യോഗിക ഭാഷകളും 19,500ലധികം മാതൃഭാഷകളുമുള്ള ഇന്ത്യയിൽ ഈ വൈവിധ്യം വെറുമൊരു സാമൂഹിക സവിശേഷതയല്ല, മറിച്ച് കുട്ടികളുടെ വ്യക്തിത്വ വികസനത്തിനുള്ള വലിയൊരു മുതൽക്കൂട്ടാണ്.
സാംസ്കാരിക വൈവിധ്യങ്ങൾക്കിടയിൽ വളരുന്ന കുട്ടികൾക്ക് മികച്ച 'കോഗ്നിറ്റീവ് ഫ്ലെക്സിബിലിറ്റി' അഥവാ ഒന്നിലധികം ആശയങ്ങളെയും കാഴ്ചപ്പാടുകളെയും ഒരേസമയം ഉൾക്കൊള്ളാനുള്ള കഴിവ് ലഭിക്കുന്നു. നാഷണൽ അസോസിയേഷൻ ഫോർ ദി എഡ്യൂക്കേഷൻ ഓഫ് യങ് ചിൽഡ്രൻ പറയുന്നതനുസരിച്ച്, ചെറുപ്പത്തിലേ ലഭിക്കുന്ന ഇത്തരത്തിലുള്ള സാംസ്കാരിക ഇടപെടലുകൾ കുട്ടികളിലെ പ്രശ്നപരിഹാര ശേഷി, സഹാനുഭൂതി, പൊരുത്തപ്പെടാനുള്ള കഴിവ് എന്നിവയെ ശക്തിപ്പെടുത്തുമെന്നാണ്.
ഉത്സവങ്ങൾ കുട്ടികൾക്ക് വെറുമൊരു അവധിക്കാലമല്ല, മറിച്ച് പ്രായോഗികമായ പഠനാനുഭവങ്ങളാണ്. സംഗീതം, കഥകൾ, ഭക്ഷണം, നിറങ്ങൾ, സമൂഹം എന്നിവ ഒത്തുചേരുന്ന ഉത്സവങ്ങൾ കുട്ടികളുടെ ഓർമശക്തിയെയും വൈകാരിക ബുദ്ധിയെയും സാമൂഹിക അവബോധത്തെയും മെച്ചപ്പെടുത്തുന്നു.
ഒരു വിളവെടുപ്പ് ആഘോഷം നടക്കുമ്പോൾ, കുട്ടികൾ വിളവെടുപ്പ് രീതികളെക്കുറിച്ച് ഗവേഷണം നടത്തുകയും, കണക്കുകൾ കൂട്ടുകയും, ചരിത്രവും കലയും ധാർമ്മികതയും ഒരേസമയം പഠിക്കുകയും ചെയ്യുന്നു. അറിവ് എന്നത് വിവിധ വിഷയങ്ങളായി വേർതിരിക്കപ്പെട്ടതല്ല, മറിച്ച് പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണെന്ന് ഇത് കുട്ടികളെ പഠിപ്പിക്കുന്നു.
കൂടാതെ, സ്വന്തം പാരമ്പര്യങ്ങളെക്കുറിച്ച് സുഹൃത്തുക്കളോട് സംസാരിക്കുമ്പോൾ കുട്ടികൾ ആശയവിനിമയ ശേഷിയും സഹകരണവും പരസ്പര ബഹുമാനവും ആർജ്ജിക്കുന്നു. ആഗോള സഹകരണത്തിലൂടെ മുന്നേറുന്ന ഒരു ഭാവിയിലേക്ക് കുട്ടികളെ സജ്ജരാക്കുമ്പോൾ, അക്കാദമിക് മികവിനേക്കാൾ ഉപരിയായി അവർക്ക് വേണ്ടത് 'സാംസ്കാരിക ആത്മവിശ്വാസമാണ്. സ്വന്തം സംസ്കാരത്തിൽ അഭിമാനിക്കുകയും മറ്റുള്ളവരുടെ സംസ്കാരത്തെ ബഹുമാനിക്കുകയും ചെയ്യാനുള്ള കഴിവ്.
ഉത്സവങ്ങളെ അർത്ഥവത്തായ പഠനാനുഭവങ്ങളാക്കി മാറ്റുമ്പോൾ അവ കേവലം പാരമ്പര്യം സംരക്ഷിക്കുക മാത്രമല്ല, സഹാനുഭൂതിയും പൊരുത്തപ്പെടാനുള്ള കഴിവും കുട്ടികളിൽ വളർത്തുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയായ ഈ വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുകയും ആഘോഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുമ്പോൾ, സംസ്കാരം എന്നത് തലമുറകളെയും പ്രദേശങ്ങളെയും ലോകത്തെ തന്നെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു വലിയ പാലമായി മാറുന്നു. ഇന്ത്യയുടെ ഈ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകം കുട്ടികൾക്ക് ഒരു ഭാരമല്ല, മറിച്ച് അവരെ ലോകത്തിന് മുന്നിൽ ധീരരായി വളരാൻ സഹായിക്കുന്ന ഒരു കരുത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

