ഒട്ടകങ്ങൾ എഴുതുന്നു സാമൂഹ്യ പാതകൾ
text_fieldsഒട്ടകങ്ങൾ അറബ് ജീവിതത്തിന്റെ കരുത്താണ്. മരുഭൂമികളെ ബദുവിയൻ ജീവിതത്തോട് ചേർത്തുവെച്ചതിനു പിന്നിൽ ഒട്ടകങ്ങളുടെ തളരാത്ത പ്രയാണമുണ്ട്. ഒട്ടകങ്ങൾ സഞ്ചരിച്ചുകാണിച്ച പാതകളിലാണ് ആധുനിക ചരിത്രങ്ങൾ പിറന്നത്, പട്ടണങ്ങൾ രൂപപ്പെട്ടത്. യു.എ.ഇയുടെ മുന്നേറ്റങ്ങളിലെല്ലാം തന്നെ ഒട്ടകങ്ങളെഴുതിയ പ്രയാണ കാവ്യങ്ങൾ കാണാം. ഒട്ടകങ്ങൾ തന്നെ കവിതയാകുന്ന മാന്ത്രികത മരുഭൂമികൾ ആലപിക്കുന്നു.
യു.എ.ഇയുടെ ഗ്രാമീണതയിലൂടെ സഞ്ചരിച്ചു നോക്കൂ, ഒട്ടകങ്ങൾ അവരുടെ ജീവിതത്തിൽ നിന്ന് ഇറങ്ങിവരുന്നത് കാണാം. ഇമാറാത്തി ജീവിതത്തിൽ ഒട്ടകങ്ങൾക്കുള്ള സ്ഥാനം വളരെ വലുതാണ്. അവക്കുനേരെയുള്ള അതിക്രമങ്ങൾ ക്രിമിനൽ കുറ്റമാണ്. ഒട്ടങ്ങൾക്കായി നിരവധി ആഘോഷ പരിപാടികളാണ് യു.എ.ഇ നടത്തുന്നത്. ഇതിൽ പ്രധാനപ്പെട്ട ആഘോഷമാണ് അൽ ദഫ്റ ഫെസ്റ്റിവൽ. ഇതിനോടനുബന്ധിച്ചുള്ള മത്സരങ്ങളും പരിപാടികളും അൽ ദഫ്റ മേഖലയിലെ സായിദ് സിറ്റിയിൽ ആരംഭിച്ചിട്ടുണ്ട്.
അബൂദബി ഹെറിറ്റേജ് അതോറിറ്റി, അബൂദബി നാഷണൽ ഓയിൽ കമ്പനിയായ അഡ്നോക്കുമായി ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിയിലെ പ്രധാന സ്പോൺസർ ‘മോഡൺ’ ഗ്രൂപ്പാണ്. ഫെസ്റ്റിവൽ ജനുവരി 22 വരെ തുടരും. ഇമാറാത്തി സംസ്കാരത്തിലെ ഒട്ടകങ്ങളുടെ സ്ഥാനം ആഘോഷിക്കുന്ന പ്രമുഖ പൈതൃക പരിപാടിയാണ് അൽ ദഫ്റ ഫെസ്റ്റിവൽ. പൈതൃകം സംരക്ഷിക്കുകയും ഭാവി തലമുറകൾക്ക് കൈമാറുകയും ചെയ്യുക എന്ന നേതൃത്വത്തിന്റെ കാഴ്ചപ്പാടാണിത്. വിവിധ ഒട്ടക പൈതൃക സൗന്ദര്യ മത്സരങ്ങളിലൂടെ യു.എ.ഇയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഒട്ടകങ്ങളെ ഈ ഫെസ്റ്റിവൽ ഒരുമിച്ച് കൊണ്ടുവരുന്നു. വിവിധ മരുഭൂമികൾ കീഴടക്കിയ പോരാട്ട വീര്യം തുടിക്കുന്ന ഒട്ടക കണ്ണുകളിലെ തിളക്കം പുതു യുഗത്തിന്റെ തിളക്കമാകുന്നു. വേനൽപ്പാടങ്ങൾ തളിരണിയിച്ച കുളിർമ ഒട്ടക ചിരിയിൽ തിളങ്ങുന്നു. പ്രാദേശിക സമ്പദ്വ്യവസ്ഥയെ പിന്തുണക്കുന്നതിനോടൊപ്പം ദേശീയ ഐക്യം ശക്തിപ്പെടുത്തുന്ന പാതയായി മാറുന്നു. പരമ്പരാഗത ജീവിത മൂല്യങ്ങൾ പുതുതലമുറയിലേക്ക് തനത് രീതിയിൽ മാറ്റപ്പെടുന്നു എന്ന പ്രത്യേകതയും അൽ ദഫ്റ പറയുന്നു. ഒട്ടക സൗന്ദര്യ മത്സരങ്ങൾക്കുള്ള പ്രധാന ലക്ഷ്യസ്ഥാനമായും പൈതൃക ആഘോഷങ്ങൾക്കുള്ള ആഗോള വേദിയായും അബൂദബിയുടെ പദവി ഇത് ഉയർത്തുന്നു.
ഫെസ്റ്റിവലിന്റെ അവസാന ഘട്ടത്തിൽ നിരവധി പൈതൃക മത്സരങ്ങളും പരിപാടികളും സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഇതിനായി ആകെ 5.9കോടി ദിർഹമിലധികം വരുന്ന 2,655 സമ്മാനങ്ങൾ അനുവദിച്ചിട്ടുണ്ട്. ഒട്ടക സൗന്ദര്യ മത്സരത്തിനു പുറമെ, പാൽ കറക്കൽ മത്സരം, ഫാൽക്കൺ സൗന്ദര്യ മത്സരം, കുതിരപ്പന്തയം, സലൂക്കി റേസ്, അറേബ്യൻ സലൂക്കി സൗന്ദര്യ മത്സരം, ഈത്തപ്പഴം പാക്കേജിങ് മത്സരം, അൽ ദഫ്റ അറേബ്യൻ കുതിര സൗന്ദര്യ മത്സരം, നയീമി ആടുകളുടെ സൗന്ദര്യ മത്സരം, ഷൂട്ടിങ് മത്സരം തുടങ്ങി പട്ടിക നീളുന്നു. അൽ ദഫ്റ ഹെറിറ്റേജ് മേഖലയിലും മറ്റ് അനുബന്ധ മേഖലയിലും നടക്കുന്ന പരിപാടികളും മത്സരങ്ങളും ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ്. ഉത്സവ ദിവസങ്ങളിൽ ഒട്ടക സൗന്ദര്യ മത്സരങ്ങൾ 118 റൗണ്ടുകളിലായി നടക്കും. തദ്ദേശീയ ഒട്ടകങ്ങളായ മജാഹിം, വാധ, ശുദ്ധമായ സങ്കരയിനങ്ങൾ എന്നിവക്കായി 1,135 സമ്മാനങ്ങൾ അനുവദിച്ചിട്ടുണ്ട്. പാൽ കറക്കൽ മത്സരത്തിൽ, സംഘാടക സമിതി ആറ് റൗണ്ടുകൾ അനുവദിക്കും. അതിൽ പ്രാദേശിക ഇനങ്ങൾക്ക് (അറബി തിലാദ്, ഖവൈർ തിലാദ്, അറബി ശരായ, ഖവൈർ ശരായ) നാല് റൗണ്ടുകളും മജാഹിമിന് (മജാഹിം 1, മജാഹിം ഓപ്പൺ) രണ്ട് റൗണ്ടുകളും ഉൾപ്പെടുന്നു. ഓരോ റൗണ്ടിലെയും ആദ്യ 10 സ്ഥാനങ്ങൾ നേടുന്നവർക്ക് സമ്മാനങ്ങൾ ലഭിക്കും.
അൽ ദഫ്റ മേഖലയിലെ സായിദ് സിറ്റിയിലെ ഉത്സവത്തിലെത്തുന്ന സന്ദർശകർക്കും അതിഥികൾക്കുമായി അൽ ദഫ്റ ഹെറിറ്റേജ് മാർക്കറ്റ് വൈവിധ്യമാർന്ന പരിപാടികളും വാഗ്ദാനം ചെയ്യുന്നുണ്ട്. നിരവധി പൈതൃക കടകൾ, സ്ഥാപനങ്ങളുടെ പവലിയനുകൾ, മൊബൈൽ ഫുഡ് ട്രക്കുകൾ എന്നിവയുണ്ട്. കുട്ടികളുടെ മത്സരങ്ങൾ, നാടോടി കലാ പ്രകടനങ്ങൾ എന്നിവയും ഇവിടെ നടക്കുന്നു. മക്ഷത് അൽ ദഫ്റ ക്യാമ്പ് ഫെസ്റ്റിവൽ സന്ദർശകർക്ക് ഇമാറാത്തി നാടൻ ഭക്ഷണങ്ങൾ ആസ്വദിക്കാനും അവയുടെ തയ്യാറെടുപ്പ് രീതികളെക്കുറിച്ച് അറിയാനുമുള്ള അവസരമുണ്ട്. ഫെസ്റ്റിവലിന് എതിർവശത്തുള്ള ക്യാമ്പിൽ എല്ലാ ദിവസവും നാടൻ പാചക പരിപാടികളും നടക്കുന്നുണ്ട്.
അറബിക് കാപ്പി തയ്യാറാക്കുന്നതിന്റെ ഘട്ടങ്ങൾ, കാപ്പിയുടെ ക്രമീകരണം, അത് എങ്ങനെ വിളമ്പണം, അതിഥികളെ സ്വീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നതിന്റെ ആചാരങ്ങളും പാരമ്പര്യങ്ങളും എന്നിവയും ഇത് പ്രദർശിപ്പിക്കുന്നു. ഒട്ടകങ്ങൾ വരിവരിയായി സഞ്ചരിച്ചുണ്ടാക്കിയ ആധുനിക പാതകൾ, ആഘോഷ നഗരിയിലേക്ക് നീളുന്നു. റോബോട്ടുകൾ നിയന്ത്രിക്കുന്ന ഒട്ടകപ്പാച്ചിലിൽ കവിതകൾ ജനിക്കുന്നു. മണ്ണും മനുഷ്യനും തമ്മിലുള്ള അത്മബന്ധം ശക്തിപ്പെടുന്നു. പുതുതലമുറ പഴമയുടെ ചുവട്ടിൽ നിന്ന് ആധുനികതയുടെ ആകാശം നോക്കുന്നു. ഫാൽക്കൺ പക്ഷികൾ പറന്നു നടന്ന ആകാശത്തിലൂടെ വിമാനങ്ങൾ ചിറകടിക്കുന്നു. ലോകം യു.എ.ഇയുടെ ശിഖരങ്ങളിൽ ചേക്കേറുന്നു. പൈതൃകാഘോഷങ്ങളുടെ ചൈതന്യമാണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

