ചരിത്രം സൃഷ്ടിക്കുന്ന പാലങ്ങൾ
text_fieldsയു.എ.ഇ നിലവിൽ സമഗ്രമായ ഒരു സാംസ്കാരിക നവോത്ഥാനം ആസ്വദിക്കുകയാണെന്ന് പറഞ്ഞാൽ അധികമാകില്ല. രാജ്യത്തിന്റെ പിറന്നാൾ സദ്യ കഴിച്ച സുഖത്തിൽ നിൽക്കുന്ന ഈ വേളയിൽ അതിന് തിളക്കവും കൂടുതലാണ്. സംസ്കാരത്തെയും ചരിത്രത്തെയും രാജ്യത്തിന്റെ വികസന യാത്രയുടെ അവിഭാജ്യ ഘടകമാക്കുക എന്ന കാഴ്ചപ്പാടിൽ നിന്ന് ഉയർന്നുവന്ന പൂമരങ്ങളെയാണ് നവോഥാനം എന്ന സാംസ്കാരിക പൂന്തോട്ടത്തിൽ നട്ടുവളർത്തിയിരിക്കുന്നത്. ഓരോ പൂമരവും ലോകത്തിന്റെ തണലാണ്. ആ തണലിൽ നിന്ന് എത്രയെത്ര രാജ്യങ്ങളാണ് ഭക്ഷണവും വസ്ത്രവും ഭാവിയും രൂപപ്പെടുത്തുന്നത്.
രാജ്യങ്ങളുടെ വികസനത്തിന്റെ അടിത്തറകൾ രൂപപ്പെടുത്തുന്നതിൽ ഈ പൂന്തോട്ടങ്ങൾ വഹിച്ച പങ്ക് ചില്ലറയല്ല. ദേശീയ സ്വത്വം സംരക്ഷിക്കുന്നതിനും ചരിത്ര അവബോധം വളർത്തുന്നതിനുമുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപകരണങ്ങളിലൊന്നായി മ്യൂസിയങ്ങൾ ഈ പൂന്തോട്ടത്തിൽ വേറിട്ടുനിൽക്കുന്നു. അവ പുരാവസ്തുക്കൾ പ്രദർശിപ്പിക്കുന്നതിനുള്ള ഹാളുകൾ മാത്രമല്ല, കൂട്ടായ ഓർമ്മ രൂപപ്പെടുത്തുന്നതിലും തലമുറകൾക്കും അവയുടെ വേരുകൾക്കും ഇടയിൽ ഒരു ബന്ധം കെട്ടിപ്പടുക്കുന്നതിലും സജീവമായ സ്ഥാപനങ്ങളാണ്.രാജ്യം വെറുടെ അങ്ങ് വികസിച്ചതല്ല എന്നും അതിനുപിന്നിൽ രാഷ്ട്ര ശിൽപികളുടെ അശ്രാന്ത പരിശ്രമങ്ങളുണ്ടെന്നും ഓരോ മ്യൂസിയവും അവിടെ നടക്കുന്ന പരിപാടികളും കാണിച്ചുകൊണ്ടിരിക്കുന്നു.യൂണിയൻ സ്ഥാപിതമായതുമുതൽ, ഇമാറാത്തി ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങൾ രേഖപ്പെടുത്തുന്നതിലും അവ കാലോചിതമായി ആധുനിക ശൈലിയിൽ ഭാവിതലമുറക്ക് അവതരിപ്പിക്കുന്നതിലും നേതൃത്വം വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. പുതിയ തലമുറയിൽ രാഷ്ട്രബോധത്തിന്റെ വിത്തുകൾ പാകുന്ന വിളയിടങ്ങളാണ് മ്യൂസിയങ്ങൾ. രാഷ്ട്ര രൂപവത്കരണത്തിന്റെ കഥ പറയുന്ന ദുബൈയിലെ ഇത്തിഹാദ് മ്യൂസിയം മുതൽ ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് കൾച്ചർ റാസൽഖൈമയിലെ നാഷണൽ മ്യൂസിയം എന്നിവ വരെ എമിറേറ്റുകളിലുടനീളം ഇത്തരത്തിലുള്ള അറിവിന്റെ വിത്തിടങ്ങളായ മ്യൂസിയങ്ങൾ ധാരാളമുണ്ട്. യു.എ.ഇയുടെ ചരിത്രം യുഗങ്ങളായി വിവരിക്കുന്നതിൽ ഇവയെല്ലാം വലിയ പങ്കു വഹിക്കുന്നു. ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ ദേശീയവും മാനുഷികവുമായ പൈതൃകത്തോടുള്ള പ്രതീകമായ സായിദ് നാഷണൽ മ്യൂസിയം ഈ പ്രധാന പദ്ധതികളിൽ മുൻപന്തിയിൽ നിൽക്കുന്നു. രാഷ്ട്ര ശിൽപിയുടെ കാഴ്ചപ്പാടുകളുടെ ശിൽപങ്ങളാണ് മ്യൂസിയം നിറയെ എന്നു പറഞ്ഞാൽ കുറഞ്ഞുപോകും. മരുഭൂമിയെ ലോകത്തിന്റെ ശ്രദ്ധകേന്ദ്രവും ഉപജീവനത്തിനുള്ള ആശ്രയ കേന്ദ്രവുമായി പരിവർത്തിപ്പിച്ചെടുത്ത മാന്ത്രികത മ്യൂസിയങ്ങളുടെ ഭംഗി കൂട്ടുന്നു. അബൂദബിയിലെ സഅദിയാത്ത് കൾച്ചറൽ ഡിസ്ട്രിക്റ്റിൽ സ്ഥിതി ചെയ്യുന്ന ഈ മ്യൂസിയം, ഇമാറാത്തി ശക്തിയുടെയും സ്വത്വത്തിന്റെയും പ്രതീകമായ ഒരു ഫാൽക്കണിന്റെ ചിറകുകളോട് സാമ്യമുള്ളതാണ്.
ഭൂമി മൊത്തം വലംവെക്കാനുള്ള വെമ്പൽ ആ ചിറകുകളിൽ പ്രകടം. ഇയോസിൻ കാലത്തു നിന്ന് തുടങ്ങിയതാണ് ഫാൽക്കണുകളുടെ ചിറകടി മേളം. അവ ഇമാറാത്തിന്റെ പൂന്തോട്ടങ്ങളിൽ പെരുകുന്നു.
ഇയോസിൻ കാലഘട്ടം എന്നത് ഏകദേശം 56 മുതൽ 33.9 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് നിലനിന്നിരുന്ന ഒരു ഭൂമിശാസ്ത്രപരമായ സമയഘട്ടമാണ്. ഇത് ആധുനിക സെനോസോയിക് കാലഘട്ടത്തിലെ പാലിയോജീൻ കാലഘട്ടത്തിന്റെ രണ്ടാം ഭാഗമാണ്, ഈ കാലഘട്ടത്തിലാണ് ആധുനിക സസ്തനികളുടെ പുതിയ രൂപങ്ങൾ വികസിച്ചു തുടങ്ങിയത്. ഈ കാലഘട്ടത്തിലെ കൂടുകളിൽ ഫാൽക്കണുകളുടെ തൂവലുകളുണ്ട്. പുരാതന കാലം മുതൽ ആധുനിക യുഗത്തിലേക്കുള്ള യു.എ.ഇയുടെ യാത്രയെ വിവരിക്കുന്ന അഞ്ച് പ്രധാന ഗാലറികൾ മ്യൂസിയത്തിൽ ഉൾപ്പെടുന്നു, ആധികാരികതയുടെയും തുറന്ന മനസ്സിന്റെയും മൂല്യങ്ങളിൽ സ്ഥാപിതമായ ഒരു പുരോഗമന രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള ശൈഖ് സായിദിന്റെ ദർശനം ഗാലറികൾ എടുത്തുകാണിക്കുന്നു. മഹത്തായ ഭൂതകാലത്തിന്റെ ആഘോഷവും ഭാവിയിലേക്കുള്ള അഭിലാഷങ്ങളും സംയോജിപ്പിക്കുന്ന മഹത്തായ ദേശീയ പ്രതീകാത്മകതയുടെ സ്നേഹമാണിത്. സാങ്കേതികവിദ്യയും ചരിത്ര ഗവേഷണവും സംയോജിപ്പിച്ച്, സന്ദർശകരെ ഭൂമിയുടെ 300,000 വർഷത്തിലേറെയുള്ള ചരിത്രത്തിലൂടെയുള്ള ഒരു യാത്രയിലേക്ക് കൊണ്ടുപോകുന്ന ഒരു ആധുനികവും സംവേദനാത്മകവുമായ അനുഭവം മ്യൂസിയം പ്രദാനം ചെയ്യും. കേവലം പുരാവസ്തുക്കൾ പ്രദർശിപ്പിക്കുന്നതിനപ്പുറം ഇതൊരു പാഠശാലയായി മാറുന്നു.
വിദ്യാഭ്യാസ പരിപാടികൾ, സെമിനാറുകൾ, താൽക്കാലിക പ്രദർശനങ്ങൾ എന്നിവയിലൂടെ സമൂഹത്തിനുള്ളിൽ അറിവ് പ്രചരിപ്പിക്കാനും സാംസ്കാരിക അവബോധം വളർത്താനും ലക്ഷ്യമിടുന്നു. ഇത് ഒരു വിനോദസഞ്ചാര കേന്ദ്രം മാത്രമല്ല, പഠനത്തിനും ഇടപെടലിനുമുള്ള ഒരു കലാലയമായി മാറുന്നു.സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ആഗോള ലക്ഷ്യസ്ഥാനമായും ഭൂതകാലത്തെയും വർത്തമാനത്തെയും ഭാവിയെയും ബന്ധിപ്പിക്കുന്ന ഒരു പാലമായി ഇത് മാറുന്നു. സാംസ്കാരം അതിരുകളില്ലാത്ത ഒരു രാജ്യമായി മാറുന്നു. യു.എ.ഇയുടെ വികസന യാത്രയിലെ ഒരു പുതിയ ചുവടുവെപ്പാണ് സായിദ് നാഷണൽ മ്യൂസിയം. കഠിനാധ്വാനത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയും ഔദാര്യത്തിലൂടെയും മഹത്വം കെട്ടിപ്പടുത്ത ഒരു രാജ്യത്തിന്റെ കഥ ഭാവി തലമുറകൾക്ക് പറഞ്ഞുകൊടുക്കുന്ന പാഠപുസ്തകമായി ഇത് താളുകൾ മറിക്കുന്നു.
വടക്കൽ എമിറേറ്റുകളിലും നിരവധി മ്യൂസിയങ്ങളുണ്ട്. കടന്നുവന്ന കാലത്തിലേക്ക് കൈപ്പിടിച്ച് കൊണ്ടു പോകുന്നവയാണ് ഇവയെല്ലാം.പിൻനടത്തം പുതിയ തലമുറകളുടെ മുന്നോട്ടുള്ള യാത്രക്ക് കരുത്ത് പകരുന്നു, പുലിയുടെ കുതിപ്പ് പോലെ. പൗരൻമാരെ മാത്രമല്ല ഇത് പ്രചോദിപ്പിക്കുന്നത് ലോകത്തെ തന്നെ പരിവർത്തനം ചെയ്യാനുള്ള പാഠങ്ങളാണ് യു.എ.ഇ മ്യൂസിയങ്ങളുടെ കരിക്കുലത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

