ഉമർ ഖാലിദിന്റെ ആദ്യ പുസ്തകം സൗജന്യമായി കിൻഡിലിൽ വായിക്കാം
text_fieldsന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ പ്രതിചേർക്കപ്പെട്ട് തിഹാർ ജയിലിൽ കഴിയുന്ന ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് രചിച്ച പുസ്തകം ഇപ്പോൾ സൗജന്യമായി വായിക്കാം. ഇദ്ദേഹത്തിന്റെ 'ഫ്രാക്ചേർഡ് കമ്മ്യൂണിറ്റീസ്' ആണ് ആമസോൺ കിൻഡിലിൽ സൗജന്യമായി ലഭിക്കുക. ജൂൺ 20 മുതൽ ജൂൺ 27 വരെയാണ് ഈ ആനുകൂല്യം.
യു.എ.പി.എ വിചാരണ തടവുകാരനായ ഉമർ ഖാലിദിന്റെ ആദ്യ പുസ്തകമാണിത്. ജയിൽവാസവും നിയമപോരാട്ടവും നടത്തുന്നതിനിടയിൽ അദ്ദേഹം നടത്തിയ ഗവേഷണ തിസീസിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുസ്തകം. ജഗ്ഗർനോട്ടാണ് പ്രസാധകർ.
സിംഗ്ഭൂമിലെ ആദിവാസി സമൂഹങ്ങളുടെ ചരിത്രം വിശകലനം ചെയ്യുന്നതാണ് ഈ കൃതി. ചരിത്രകാരനായ രാമചന്ദ്ര ഗുഹയാണ് മുഖവുര എഴുതിയത്. സാമൂഹ്യശാസ്ത്രജ്ഞ നന്ദിനി സുന്ദറിന്റെ പിൻവാക്കും പുസ്തകത്തിലുണ്ട്.
2020 ലെ ഡൽഹി കലാപ ഗൂഢാലോചന കേസിൽ യു.എ.പി.എ ചുമത്തപ്പെട്ട ഉമർ ഖാലിദ് ഇപ്പോഴും ജയിലിൽ തുടരുകയാണ്. നിരവധി തവണ ജാമ്യാപേക്ഷകൾ തള്ളിക്കളഞ്ഞിരുന്നു. അടുത്തിടെ ഉമർ ഖാലിദും സഹതടവുകാരൻ ഷർജീൽ ഇമാമും വീണ്ടും സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഡൽഹി അഡീഷനൽ സെഷൻസ് ജഡ്ജ് സുമേധ് സൈനി ഡൽഹി പൊലീസിന് നോട്ടീസ് അയച്ചു. കേസ് ജൂലൈ നാലിന് കോടതി പരിഗണിക്കും.
അഞ്ച് മാസം മുമ്പ് ഇവരുടെ ജാമ്യാപേക്ഷകൾ സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനുശേഷമാണ് ഇരുവരും പുതിയ അപേക്ഷകളുമായി വിചാരണക്കോടതിയെ സമീപിച്ചത്. ആറ് വർഷത്തോളമായി തങ്ങൾ വിചാരണ തടവുകാരായി ജയിലിൽ കഴിയുകയാണെന്നും കേസിൽ യാതൊരുവിധ പുരോഗതിയും ഉണ്ടായിട്ടില്ലെന്നും ഇരുവരും ഹരജിയിൽ ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി വിധി വന്ന് ആറ് മാസം കഴിഞ്ഞിട്ടും കുറ്റം ചുമത്തുന്ന നടപടികൾ പോലും പൂർത്തിയായിട്ടില്ലെന്ന് ഷർജീൽ ഇമാം കോടതിയിൽ ബോധിപ്പിച്ചു. 2020 ജനുവരി രണ്ടാം വാരത്തിന് ശേഷം താൻ ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്നും ഫെബ്രുവരിയിൽ കലാപം പൊട്ടിപ്പുറപ്പെടുമ്പോൾ മറ്റൊരു കേസിൽ താൻ നേരത്തെ തന്നെ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നുവെന്നും ഇമാം ഹരജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേസിൽ നൂറുകണക്കിന് പ്രതികളും സാക്ഷികളും വൻ രേഖകളും ഉള്ളതിനാൽ വിചാരണ ഉടൻ തുടങ്ങാൻ സാധ്യതയില്ലെന്ന് ഉമർ ഖാലിദ് തന്റെ ഹരജിയിൽ വാദിച്ചു. ഭീകരവിരുദ്ധ നിയമങ്ങൾ അനിശ്ചിതകാല തടങ്കലിലേക്ക് നയിക്കരുതെന്ന് മേയ് 18ന് മറ്റൊരു കേസിൽ സുപ്രീംകോടതിതന്നെ നടത്തിയ നിരീക്ഷണം ഖാലിദ് ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയുടെ ഈ പുതിയ നിരീക്ഷണങ്ങൾ കേസിന്റെ സാഹചര്യങ്ങളിൽ മാറ്റം വരുത്തിയതായും അതിനാൽ പുതിയ ജാമ്യാപേക്ഷ നിയമപരമായി നിലനിൽക്കുമെന്നും ഖാലിദ് വാദിച്ചു.
അടുത്തിടെ ചികിത്സയിൽ കഴിയുന്ന മാതാവിനെ കാണാൻ വേണ്ടി ഇടക്കാല ജാമ്യം ഉമർ ഖാലിദിന് അനുവദിച്ചിരുന്നു. 15 ദിവസത്തെ ഇടക്കാല ജാമ്യം വേണമെന്നായിരുന്നു ഡൽഹി വിചാരണ കോടതിയോട് ഖാലിദ് ആവശ്യപ്പെട്ടിരുന്നെങ്കിലും വെറും മൂന്ന് ദിവസത്തെ ജാമ്യം മാത്രമാണ് അനുവദിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

