Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightകൊളോണിയൽ കാലത്തെ...

കൊളോണിയൽ കാലത്തെ പ്രണയകഥ; ‘തായ്‌വാൻ ട്രാവലോഗിന്’ ഇന്റർനാഷണൽ ബുക്കർ പ്രൈസ്

text_fields
bookmark_border
കൊളോണിയൽ കാലത്തെ പ്രണയകഥ; ‘തായ്‌വാൻ ട്രാവലോഗിന്’ ഇന്റർനാഷണൽ ബുക്കർ പ്രൈസ്
cancel

ലണ്ടൻ: സാഹിത്യലോകം ഏറെ ആകാംഷയോടെ കാത്തിരുന്ന 2026ലെ ഇന്റർനാഷണൽ ബുക്കർ പുരസ്കാരം ‘തായ്‌വാൻ ട്രാവലോഗ്’ എന്ന നോവലിന്. ആഗോള സാഹിത്യവേദിയിൽ ചരിത്രം കുറിച്ചുകൊണ്ടാണ് മന്ദാരിൻ ചൈനീസ് ഭാഷയിൽ നിന്ന് വിവർത്തനം ചെയ്യപ്പെട്ട ഈ കൃതി പുരസ്കാരം സ്വന്തമാക്കുന്നത്.

അന്താരാഷ്ട്ര ബുക്കർ പ്രൈസിന്റെ ചരിത്രത്തിൽ ആദ്യമായാണ് മന്ദാരിൻ ചൈനീസ് ഭാഷയിൽ നിന്നുള്ള ഒരു നോവലിന് ഈ അംഗീകാരം ലഭിക്കുന്നത്. നോവലിന്റെ രചയിതാവ് യാങ് ഷുവാങ്-സിയും ഇത് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയ ലിൻ കിങ്ങും പുരസ്കാരം നേടുന്ന ആദ്യ തായ്‌വാനീസ്, തായ്‌വാനീസ്-അമേരിക്കൻ വ്യക്തികളെന്ന ചരിത്രനേട്ടവും ഇതോടൊപ്പം സ്വന്തമാക്കി.

1930കളിൽ ജാപ്പനീസ് കൊളോണിയൽ ഭരണത്തിൻ കീഴിലായിരുന്ന തായ്‌വാന്റെ പശ്ചാത്തലത്തിലാണ് നോവൽ വികസിക്കുന്നത്. ഒരു ജാപ്പനീസ് എഴുത്തുകാരിയായ അയോയാമ ചിസുകോ തായ്‌വാനിലൂടെ നടത്തുന്ന യാത്രകളും, അവിടെവെച്ച് അവർക്ക് കൂട്ടായി എത്തുന്ന തായ്‌വാനീസ് പരിഭാഷക ചിസുരുവും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധമാണ് കഥയുടെ കാതൽ.

കേവലം ഒരു യാത്രാവിവരണത്തിനപ്പുറം പ്രണയം, കൊളോണിയലിസം, ഭാഷ, അധികാരം, ചരിത്രപരമായ ഓർമകൾ എന്നിവയെല്ലാം ഈ കൃതിയിൽ വളരെ സങ്കീർണ്ണമായി ഒരേസമയം ദൃശ്യവൽക്കരിക്കപ്പെടുന്നുണ്ട്. ഭരിക്കുന്ന രാജ്യത്തുനിന്നുള്ള വ്യക്തിയും ഭരണത്തിന് ഇരയാകുന്ന നാട്ടിലെ വ്യക്തിയും തമ്മിലുള്ള പ്രണയം, അവർക്കിടയിലെ വ്യക്തമായ അധികാര അസമത്വങ്ങൾ എന്നിവ ഓരോ വരിയിലും നിശബ്ദമായ സംഘർഷങ്ങൾ സൃഷ്ടിക്കുന്നു.

ഒരു പ്രണയകഥ എന്ന നിലയിലും എന്നാൽ അതിശക്തമായ ഒരു പോസ്റ്റ്-കൊളോണിയൽ നോവലെന്ന നിലയിലും ഈ കൃതി അത്ഭുതകരമായൊരു ഇരട്ടവിജയമാണ് കൈവരിച്ചിരിക്കുന്നതെന്ന് പുരസ്കാര സമിതി അധ്യക്ഷയും പ്രമുഖ എഴുത്തുകാരിയുമായ നടാഷ ബ്രൗൺ അഭിപ്രായപ്പെട്ടു. കൊളോണിയൽ അധികാര ഘടനകൾക്കിടയിൽ മനുഷ്യബന്ധങ്ങൾക്ക് എങ്ങനെ നിലനിൽക്കാൻ സാധിക്കും എന്ന ചോദ്യത്തെ ലളിതമായും എന്നാൽ അങ്ങേയറ്റം ആഴത്തിലും ഈ നോവൽ പരിശോധിക്കുന്നുണ്ടെന്നും വിധികർത്താക്കൾ വിലയിരുത്തി.

ഒരു ചരിത്ര നോവൽ എന്നതിലുപരി തായ്‌വാന്റെ തനത് ഭക്ഷണരീതികളെയും സംസ്കാരത്തെയും വായനക്കാരിലേക്ക് എത്തിക്കുന്നതിൽ നോവലിസ്റ്റ് പൂർണ്ണമായും വിജയിച്ചിട്ടുണ്ട്. ട്രെയിൻ യാത്രകൾക്കിടയിലെ കാഴ്ചകൾക്കൊപ്പം ബ്രൈസ്ഡ് പോർക്ക് റൈസ്, വിന്റർ മെലൺ ടീ തുടങ്ങിയ പ്രാദേശിക വിഭവങ്ങളുടെ മനോഹരമായ വിവരണങ്ങൾ വെറും അലങ്കാരങ്ങളല്ല, മറിച്ച് കഥാപാത്രങ്ങളുടെ വികാരങ്ങളെയും അവരുടെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തെയും പ്രതിഫലിപ്പിക്കുന്ന പ്രധാന ഘടകങ്ങളായി മാറുകയാണ് ചെയ്യുന്നത്.

യഥാർത്ഥത്തിൽ ജീവിച്ചിരുന്ന ഒരു വ്യക്തിയുടെ പഴയ യാത്രാക്കുറിപ്പുകൾ കണ്ടെടുത്തു പുനഃസ്ഥാപിച്ചതാണ് എന്ന രീതിയിലാണ് നോവലിന്റെ ഘടന. വായനക്കാരെ തെറ്റിദ്ധരിപ്പിക്കും ഒരു 'മെറ്റാഫിക്ഷൻ' ശൈലിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചരിത്രത്തെ കേവലം വേദനയായി മാത്രം ചുരുക്കാതെ, കൊളോണിയൽ കാലഘട്ടത്തിലെ സാധാരണക്കാരുടെ ജീവിതത്തിലെ സന്തോഷവും ആനന്ദവും പ്രണയവും കൂടി ഉൾപ്പെടുത്തിയാണ് യാങ് ഷുവാങ്-സി ഈ നോവൽ പൂർത്തിയാക്കിയത്.

ലിൻ കിങ്ങിന്റെ മികച്ച വിവർത്തനം കൂടിയായപ്പോഴാണ് അന്താരാഷ്ട്ര തലത്തിൽ നോവൽ വലിയ ചർച്ചയായി മാറിയതും ചരിത്ര പുരസ്കാരത്തിന് അർഹമായതും. ആഗോള വിപണിയിൽ തായ്‌വാനീസ് സാഹിത്യത്തിന് വലിയൊരു വാതിൽ തുറന്നുനൽകുന്നതാണ് ഈ വിജയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taiwannovelliteratureInternational Booker Prize
News Summary - ‘Taiwan Travelogue’ wins International Booker Prize 2026
Next Story