‘ജീവിതത്തിൽ ഒളിച്ചുവെക്കാൻ ഒന്നുമില്ല’: വിവാഹമോചനത്തെക്കുറിച്ചും പുതിയ പുസ്തകത്തെക്കുറിച്ചും മനസ്സ് തുറന്ന് നടി ഷെഫാലി ഷാ
text_fieldsതന്റെ പുതിയ പുസ്തകമായ ‘ദി ഔഡാസിറ്റി ഓഫ് ബീയിങ്’ എന്ന ഓർമക്കുറിപ്പുകളിലൂടെ ജീവിതാനുഭവം പങ്കുവെച്ച് പ്രശസ്ത ബോളിവുഡ് നടി ഷെഫാലി ഷാ. ബ്ലൂംസ്ബറി ഇന്ത്യ പ്രസിദ്ധീകരിച്ച ഈ പുസ്തകം ഒരു പരമ്പരാഗത ആത്മകഥയല്ലെന്നും, മറിച്ച് തന്റെ ജീവിതത്തിലെ സത്യസന്ധമായ ചില ഏടുകൾ മാത്രമാണെന്നും ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ താരം വ്യക്തമാക്കി. തന്റെ ആദ്യ വിവാഹമോചനത്തെക്കുറിച്ചും ജീവിതത്തിലെ മറ്റ് പ്രതിസന്ധികളെക്കുറിച്ചും പുസ്തകത്തിൽ തികഞ്ഞ ആത്മാർത്ഥതയോടെയാണ് എഴുതിയിട്ടുള്ളതെന്ന് അവർ പറഞ്ഞു.
ആദ്യ ഭർത്താവും നടനുമായ ഹർഷ് ഛായയുമായുള്ള വിവാഹമോചനത്തെക്കുറിച്ചും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ ആരെയും വ്യക്തിപരമായി കുറ്റപ്പെടുത്താനോ വിമർശിക്കാനോ താൻ തുനിഞ്ഞിട്ടില്ലെന്ന് ഷെഫാലി വ്യക്തമാക്കി. ‘ഞാൻ ആരുടെയും പേര് പുസ്തകത്തിൽ പരാമർശിക്കുന്നില്ല. എന്ത് സംഭവിച്ചുവെന്നോ സംഭവിക്കാതിരുന്നതെന്നോ ഞാൻ ചർച്ച ചെയ്യുന്നില്ല. വിവാഹജീവിതം തകരുമ്പോൾ പൊതുവെ എന്താണ് സംഭവിക്കുന്നത്, വിവാഹമോചനത്തിന് ആരും സജ്ജരല്ലെന്ന യാഥാർത്ഥ്യം എന്നിവയാണ് ഞാൻ സംസാരിക്കുന്നത്,’ താരം പറഞ്ഞു. മിക്കവരും സന്തോഷത്തോടെയുള്ള വിവാഹസങ്കൽപ്പങ്ങളിലേക്കാണ് പ്രവേശിക്കുന്നതെന്നും എന്നാൽ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ മുന്നോട്ട് പോയില്ലെങ്കിൽ അത് നേരിടുക മാത്രമാണ് ഏക പോവഴിയെന്നും അവർ കൂട്ടിച്ചേർത്തു.
മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ചലച്ചിത്ര ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഷെഫാലി ഷാ, 'സത്യ', 'മൺസൂൺ വെഡ്ഡിംങ്', 'ദിൽ ധടക്നേ ദോ', 'ഡൽഹി ക്രൈം' തുടങ്ങിയ പ്രശസ്ത ചിത്രങ്ങളിലൂടെയും വെബ് സീരീസുകളിലൂടെയും ഏറെ ശ്രദ്ധ നേടിയ നടിയാണ്. ഈ പുസ്തകം കേവലം വിവാഹമോചനത്തെക്കുറിച്ച് മാത്രമുള്ളതല്ല, മറിച്ച് പ്രണയം, സൗഹൃദം, വാർധക്യം, ബോഡി ഇമേജ്, മാതൃത്വത്തിലെ വെല്ലുവിളികൾ, സർഗ്ഗാത്മകമായ സംശയങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ഇതിൽ പ്രതിപാദിക്കുന്നുണ്ട്. 2000ൽ സംവിധായകനും നിർമാതാവുമായ വിപുൽ അമൃത്ലാൽ ഷായെ വിവാഹം കഴിച്ച അവർക്ക് ആര്യമാൻ, മൗര്യ എന്നീ രണ്ട് മക്കളുമുണ്ട്.
തന്റെ ജീവിതം പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുമ്പോൾ വിമർശനങ്ങളോ വ്യത്യസ്ത വ്യാഖ്യാനങ്ങളോ ഉണ്ടാകാമെന്ന് തനിക്ക് നന്നായി അറിയാമെന്ന് ഷെഫാലി പറയുന്നു. ‘‘നിങ്ങൾ കാമറക്ക് മുന്നിലായാലും എഴുതുകയാണെങ്കിലും അല്ലെങ്കിൽ ഇൻസ്റ്റാഗ്രാമിലായാലും പൊതു ഇടങ്ങളിൽ സ്വയം തുറന്നുകാട്ടുമ്പോൾ ആളുകൾക്ക് അവരുടേതായ അഭിപ്രായങ്ങൾ ഉണ്ടാകും,’ അവർ കൂട്ടിച്ചേർത്തു. വായനക്കാർക്ക് വിസ്മയങ്ങൾ വാഗ്ദാനം ചെയ്യുന്നില്ലെങ്കിലും, തികഞ്ഞ സത്യസന്ധത ഉറപ്പുനൽകുന്നു എന്നാണ് ഈ പുസ്തകത്തെക്കുറിച്ച് ഷെഫാലി ഷാ വിശേഷിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

