95 രാജ്യങ്ങളിലെ 2213 പ്രസാധകർ ഷാർജ പുസ്തകം തുറക്കുന്നു
text_fieldsഷാർജ പുസ്തകോത്സവവുമായി ബന്ധപ്പെട്ട് വിളിച്ച വാർത്തസമ്മേളനത്തിൽ ബുക്ക് അതോറിറ്റി
ചെയർമാൻ അഹ്മദ് ബിൻ റക്കാദ് അൽ അമീരി സംസാരിക്കുന്നു
ഷാർജ: ലോകത്തിലെ ഏറ്റവും വലിയ പുസ്തകോത്സവമായ ഷാർജ പുസ്തകോത്സവത്തിൽ ഇത്തവണ എത്തുക 95 രാജ്യങ്ങളിലെ 2213 പ്രസാധകർ. ഷാർജ എക്സ്പോ സെന്‍ററിൽ നവംബർ രണ്ട് മുതൽ 13 വരെ നടക്കുന്ന മേളയിൽ ഇന്ത്യയിൽ നിന്നടക്കം 129 എഴുത്തുകാർ പങ്കെടുക്കും.
ഏറ്റവും കൂടുതൽ പ്രസാധകർ പങ്കെടുത്ത പുസ്തകോത്സവമാകാനൊരുങ്ങുകയാണ് 41ാം എഡിഷൻ. ഇറ്റലിയാണ് ഈ വർഷത്തെ അതിഥി രാജ്യം. ഈ സീസണിൽ ആറ് പുതിയ പരിപാടികളുണ്ടാകുമെന്നും ഷാർജ ബുക്ക് അതോറിറ്റി ചെയർമാനും ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി ഡയറക്ടർ ജനറലുമായ അഹ്മദ് ബിൻ റക്കാദ് അൽ അമീരി പറഞ്ഞു. വാക്ക് പ്രചരിപ്പിക്കുക എന്ന പ്രമേയത്തിലാണ് പുസ്തകോത്സവം. പത്ത് രാജ്യങ്ങളിലെ പ്രസാധകർ ഈ സീസണിൽ പുതിയതായി അരങ്ങേറ്റം കുറിക്കും. ഇവിടെ നടക്കുന്ന 1047 പരിപാടികൾക്ക് 57 രാജ്യങ്ങളിലെ 129 അതിഥികൾ നേതൃത്വം നൽകും. 15 ലക്ഷം പുസ്തങ്ങളുണ്ടാവും. 1298 അറബ് പ്രസാധകർക്ക് പുറമെ 915 അന്താരാഷ്ട്ര പ്രസാധകരും പങ്കെടുക്കും. ഏറ്റവും കൂടുതൽ യു.എ.ഇയിൽ നിന്നാണ്, 339 പേർ. ഈജിപ്ത് 306, ലബനൻ 125, സിറിയ 95 എന്നിങ്ങനെയാണ് അറബ് ലോകത്ത് നിന്നുള്ള പ്രസാധകരുടെ എണ്ണം. അറബ് ലോകത്തിന്‍റെ പുറത്ത് നിന്ന് ഏറ്റവും കൂടുതൽ പ്രസാധകർ എത്തുന്നത് ഇന്ത്യയിൽ നിന്നാണ്, 112. യു.കെയിൽ നിന്ന് 61 പേരും എത്തും. ക്യൂബ, കോസ്റ്ററിക്ക, ലൈബീരിയ, ഫിലിപ്പൈൻസ്, അയർലൻഡ്, മാൾട്ട, മാലി, ജമൈക്ക, ഐലൻഡ്, ഹംഗറി എന്നീ രാജ്യങ്ങൾ ഷാർജ പുസ്തകോത്സവത്തിൽ അരങ്ങേറ്റം കുറിക്കും.
ഇന്ത്യയിൽനിന്ന് 112 പ്രസാധകർ
ഷാർജ: ഷാർജ പുസ്തകോത്സവത്തിൽ അറബ് ലോകത്തിന്‍റെ പുറത്തുനിന്ന് ഏറ്റവുമധികം പ്രസാധകർ പങ്കെടുക്കുന്നത് ഇന്ത്യയിൽനിന്ന്. 112 പ്രസാധകരാണ് ഇന്ത്യയിൽനിന്നെത്തുന്നത്. നിരവധി എഴുത്തുകാരും ഇന്ത്യയിൽനിന്നെത്തും. ഈ വർഷത്തെ ബുക്കർ പ്രൈസ് ജേതാവ് ഗീതാഞ്ജലി ശ്രീയാണ് (ഗീതാഞ്ജലി പാണ്ഡെ) ഇന്ത്യൻ എഴുത്തുകാരിൽ പ്രധാനി. യു.പി സ്വദേശിനിയായ ഗീതാഞ്ജലിയുടെ ചെറുകഥകളും നോവലുകളും ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 2018ൽ പ്രസിദ്ധീകരിച്ച രേത് സമാധി എന്ന നോവലിനാണ് ഈ വർഷം ബുക്കർ പ്രൈസ് ലഭിച്ചത്. ഇന്ത്യയിൽ ജനിച്ച അമേരിക്കൻ എഴുത്തുകാരൻ ദീപക് ചോപ്രയാണ് മറ്റൊരു ഇന്ത്യൻ സാന്നിധ്യം. പഞ്ചാബിൽ ജനിച്ച് കാനഡയിലേക്കു ചേക്കേറിയ രൂപി കൗറും പുസ്തകമേളയിൽ അതിഥിയായെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

