വത്തിക്കാൻ അനുഭവങ്ങളുമായി ഫ്രാൻസിസ് മാർപാപ്പയുടെ ഡയറി അടുത്ത മാസം പ്രസിദ്ധീകരിക്കും
text_fieldsഫ്രാൻസിസ് മാർപാപ്പ
ന്യൂയോർക്ക്: കത്തോലിക്കാ സഭയെ ഒരു ദശാബ്ദത്തിലേറെ നയിച്ച ഫ്രാൻസിസ് മാർപാപ്പയുടെ സ്വകാര്യ ഡയറിക്കുറിപ്പുകൾ ആദ്യമായി പുസ്തകരൂപത്തിൽ പുറത്തിറങ്ങുന്നു. പ്രശസ്ത പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസിന്റെ ക്രിസ്ത്യൻ വിഭാഗമായ 'ഇമേജ്' ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
‘ദ പ്രൈവറ്റ് ഡയറി ഓഫ് പോപ്പ് ഫ്രാൻസിസ്’ എന്ന പേരിൽ പുറത്തിറങ്ങുന്ന പുസ്തകം നവംബർ 24ന് ഇംഗ്ലീഷ് ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ലോകമെമ്പാടും പ്രകാശനം ചെയ്യും. വത്തിക്കാന്റെ ഔദ്യോഗിക പ്രസാധകരായ ലിബ്രേറിയ എഡിറ്റ്‌റൈസ് വത്തിക്കാന (LEV) യുമായി സഹകരിച്ചാണ് പുസ്തകം പുറത്തിറക്കുന്നത്.
അർജന്റീനക്കാരനായ ജോർജ് മാരിയോ ബെർഗോളിയോ എന്ന ഫ്രാൻസിസ് മാർപാപ്പയുടെ 30 വർഷം നീണ്ട ജീവിതത്തിലെ ഏറ്റവും സ്വകാര്യമായ ചിന്തകളാണ് ഈ ഡയറിയിലുള്ളത്. 1992 ഡിസംബറിൽ, അദ്ദേഹം മാർപാപ്പയാകുന്നതിന് രണ്ട് പതിറ്റാണ്ട് മുമ്പ് തുടങ്ങി, 2024 ആഗസ്റ്റ് വരെ, മരണത്തിന് എട്ട് മാസം മുമ്പ് വരെയുള്ള കുറിപ്പുകളാണ് ഇതിൽ ഉൾപ്പെടുന്നത്.
സ്പാനിഷ് ഭാഷയിലാണ് മാർപാപ്പ ഡയറി എഴുതിയിരുന്നത്. സിസ്റ്റർ ബെർണാഡെറ്റ് റെയിസ് ആണ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. വത്തിക്കാന്റെ വിശ്വാസ തിരുസംഘത്തിന്റെ തലവനായ അർജന്റീനിയൻ കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് ആണ് പുസ്തകം എഡിറ്റ് ചെയ്ത് കുറിപ്പുകൾ തയാറാക്കിയിരിക്കുന്നത്.
ചരിത്രത്തിലെ ആദ്യത്തെ ലാറ്റിനമേരിക്കൻ മാർപാപ്പയായിരുന്നു ഫ്രാൻസിസ്. വളരെ ലളിതമായ ജീവിതശൈലിയും എളിമയും കൊണ്ട് ശ്രദ്ധേയനായിരുന്നു അദ്ദേഹം. കത്തോലിക്കാ വിശ്വാസം ശക്തമായ രാജ്യങ്ങളെക്കാൾ, ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുന്ന ദരിദ്ര രാജ്യങ്ങൾ സന്ദർശിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
‘ദ നെയിം ഓഫ് ഗോഡ് ഈസ് മേഴ്‌സി, ഹോപ്പ്’ എന്ന ആത്മകഥ ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ തന്നെ എഴുതിയിട്ടുണ്ട്. 2025 ഏപ്രിൽ 21ന് 88-ാം വയസ്സിലാണ് ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചത്.
അഭയാർഥികൾ, കുടിയേറ്റക്കാർ, കുടിയൊഴിപ്പിക്കപ്പെട്ടവർ എന്നിവർക്കായി ഫ്രാൻസിസ് മാർപാപ്പ ഹൃദയത്തിൽ ഇടം കരുതിവെച്ചു. ‘‘അഭയാർഥികൾ വെറും സംഖ്യകളല്ല, അവർ മുഖവും, പേരും,ജീവിതാനുഭവങ്ങളുമുള്ള ആളുകളാണ്, അവരെ അപ്രകാരം തന്നെ പരിഗണിക്കേണ്ടതുണ്ട്’’ എന്ന് അദ്ദേഹം പ്രസ്താവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

