Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightഅനിവാര്യമായ...

അനിവാര്യമായ ലക്ഷ്യപ്രാപ്തിയിലേക്ക് ഒരു നിശബ്ദ സഞ്ചാരം

text_fields
bookmark_border
അനിവാര്യമായ ലക്ഷ്യപ്രാപ്തിയിലേക്ക് ഒരു നിശബ്ദ സഞ്ചാരം
cancel

ചില പുസ്തകങ്ങള്‍ വായിച്ചു കഴിഞ്ഞാലും ആ ലോകത്ത് നിന്നും നാം മടങ്ങിയെത്തുക അസാധ്യമാകുന്ന ചില നിമിഷങ്ങളുണ്ട്‌. അതിലെ വരികളില്‍ നിന്നും സ്വായത്തമാക്കുന്ന ആന്തരിക ഊര്‍ജ്ജം തരംഗങ്ങളായി നമുക്കുചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന ഒരവസ്ഥാവിശേഷം. അത് ചിലപ്പോള്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കാം. ബെന്യാമിന്‍റെ ഏതു കൃതിയും അത്തരമൊരു വായനാനുഭവം എപ്പോഴും എനിക്ക് സമ്മാനിക്കാറുണ്ട്. കുറച്ചു ദിവസത്തേക്ക് മറ്റൊന്നും വായിക്കാന്‍ തോന്നിപ്പിക്കാത്ത ഒരു മാനസികാവസ്ഥയിലേക്ക് അത് നമ്മെ നയിക്കുംവിധം അത്രമേല്‍ മനസ്സില്‍ സ്വാധീനം ചെലുത്തിയിരിക്കും എന്നതാണ് കാരണം.

ബെന്യാമിന്‍റെ "നിശബ്ദ സഞ്ചാരങ്ങള്‍"- നോവല്‍ എന്നാണോ യാത്രാനുഭവം എന്നാണോ പേരിട്ടു വിളിക്കേണ്ടത് എന്ന് നമുക്ക് തീരുമാനിക്കാന്‍ കഴിയാത്ത ഈ പുസ്തകം അങ്ങനെയൊന്നാണ്‌.

പൂര്‍വികരെയും പ്രപിതാമഹന്മാരെയും തേടി ലോകത്തിന്‍റെ ഏതറ്റം വരെ പോകാനും മടിയില്ലാത്ത ഒരു ജനതയാണ് യൂറോപ്യന്‍സ്. അവരുടെ പാത പിന്തുടര്‍ന്ന് രണ്ടു തലമുറയ്ക്ക് മുന്‍പ് ജീവിച്ചു മരിച്ച മറിയാമ്മ എന്ന ബന്ധുവിനെ തേടിയുള്ള നമ്മുടെ നായകന്‍റെ യാത്ര ഉദ്വേഗജനകവും അതിസങ്കീര്‍ണ്ണവുമാണ്. സൗത്ത് ആഫ്രിക്കയിലെ ഏതോ അജ്ഞാതമായ ഭൂപ്രദേശത്ത്‌ അന്ത്യവിശ്രമം കൊള്ളുന്ന, അവിടെയെങ്ങോ നേഴ്സ് ആയി സേവനമനുഷ്ഠിച്ചിരുന്ന ഒരു സ്ത്രീപ്രജയെ കണ്ടെത്താന്‍ രാജ്യത്തിന്‍റെ മുക്കും മൂലയും തിരയാനുള്ള അനിയന്ത്രിതമായ ആവേശത്താല്‍, കൊടുമ്പിരികൊണ്ട അന്വേഷണത്വരയോടെ ഒരിടത്തുനിന്നു മറ്റൊരിടത്തേയ്ക്കുള്ള പ്രയാണം. കഥയുടെ ആദ്യാവസാനം നമ്മളും അന്വേഷണകുതുകിയായ നായകന്‍റെ സഞ്ചാര വഴികളിലൂടെ അയാള്‍ക്കൊപ്പം അല്ലെങ്കില്‍ അയാള്‍ക്ക് മുന്നേ ഓടുകയാണ്, അതീവ ജാഗ്രതയോടെ.

ഒരുറച്ച ലക്ഷ്യമുണ്ടെങ്കില്‍ അവിടേയ്ക്ക് എത്താനുള്ള മാര്‍ഗ്ഗം നാം തിരഞ്ഞുകൊണ്ടേയിരിക്കും.

കാനഡയിലെ മഞ്ഞു പുതച്ച ആര്‍ട്ടിക് പ്രദേശങ്ങളിലും, അറേബ്യൻ മരുഭൂമിയിലും, ആഫ്രിക്കന്‍ ഉള്‍നാടുകളിലും, യൂറോപ്പില്‍ പരക്കെയും അവര്‍ എത്തിപ്പെട്ടു. ഏതാണ്ട് എട്ടു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തുടങ്ങിയ നേഴ്സുമാരുടെ ആ ധീര സാഹസിക സഞ്ചാരം ഇപ്പോഴും അനുസ്യൂതം തുടരുന്നു.

സിംഗപ്പൂരില്‍ തുടങ്ങി വയ്ക്കുന്ന മറിയാമ്മ അമ്മച്ചിയുടെ പൂര്‍വ്വചരിത്രം തിരഞ്ഞുള്ള അന്വേഷണം, അതീവ ശുഷ്കാന്തിയോടെയുള്ള തിരച്ചിലിന്‍റെയും, സ്ഥിരോല്‍സാഹത്തിന്‍റെയും കഠിന പ്രയത്നത്തിന്‍റെയും ഫലമായി, ടാന്‍സാനിയ എന്ന രാജ്യത്തേക്ക് വ്യാപിപ്പിക്കുകയും അവിടേയ്ക്ക് പുറപ്പെടാന്‍ കഥാനായകന്‍ നിര്‍ബന്ധിതനാകുകയും ചെയ്യുന്നു.

തടസ്സ വാദങ്ങള്‍ ഉന്നയിച്ചവരെ തെറ്റിദ്ധരിപ്പിക്കാന്‍ പാതി സത്യമായ പഠനത്തിന്‍റെ ഭാഗം എന്നൊരു ബാഹ്യപരിവേഷം കൊടുത്തുകൊണ്ടാണ് നായകന്‍ യാത്ര ആരംഭിക്കുന്നത്

കഥ, താമസ സ്ഥലമായ Dar Al salam നെ കുറിച്ചുള്ള ചെറു വിവരണത്തില്‍ കൂടി കടന്നു പോകുമ്പോള്‍ നമ്മുടെ ശരീരമില്ലാത്ത മനസ്സും അവിടെ കുറച്ചൊക്കെ ഉറച്ചു പോകുന്നുണ്ട്. അവിടെനിന്നുകൊണ്ടുള്ള അന്വേഷണത്തിന്‍റെ നീണ്ട പ്രയാണത്തിനൊടുവില്‍ മോറോഗോറോ എന്ന ചെറു പട്ടണത്തില്‍ ആ പലായനം ചെന്നെത്തി നിൽക്കുകയും അനുവാചകരില്‍ നൊമ്പരം ബാക്കിവച്ച് കഥ അവസാനിക്കുകയും ചെയ്യുന്നു.

മലയാളി നേഴ്സുമാരുടെ അതിജീവനത്തിനായുള്ള ആഗോളസഞ്ചാരം ആസ്പദമാക്കി എഴുതിയിട്ടുള്ള ഈ കൃതി നമുക്കു മുന്നില്‍ പലയിടത്തും അറിവിന്‍റെ വാതായനങ്ങള്‍ തുറന്നു വയ്ക്കുന്നുണ്ട്. നാം കേട്ടിട്ടില്ലാത്ത വിവിധ രാജ്യങ്ങളും അവിടെയുള്ള പരിചിതമല്ലാത്ത മറ്റു പ്രദേശങ്ങളും, ഭൂപ്രകൃതിയും പരിസരവും ആതുരാലയങ്ങളും, ദേവാലയങ്ങളും, മനുഷ്യരും അവരുടെ സംസ്കാരവും, വ്യത്യസ്തമായ ഭാഷയും, ഭക്ഷണ രീതിയും, പരിഷ്കാരം കടന്നു ചെന്നിട്ടില്ലാത്ത ആഫ്രിക്കന്‍ വനാന്തരങ്ങളിലെ ഗ്രാമീണ ഭംഗിയും നമ്മുടെ മസ്തിഷ്കത്തിലേക്ക്‌ അറിവിന്‍റെ വെളിച്ചം വീശുന്നു. അവയൊക്കെയാവട്ടെ ശ്രദ്ധേയമായ കൈയ്യടക്കത്തോടെ ഗ്രന്ഥകര്‍ത്താവ് നമുക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്നു.

അനിവാര്യമായ ഒരു ലക്ഷ്യപ്രാപ്തിക്കായുള്ള ക്ലേശകരമായ അലച്ചിലില്‍ സഹിഷ്ണുത എന്തെന്നറിഞ്ഞ നായകന്‍റെ എണ്ണപ്പെട്ട ദിനങ്ങള്‍ നമ്മിലും സംഘര്‍ഷം സൃഷ്ടിക്കുന്നുണ്ട്.

അടിവരയിട്ടു സൂക്ഷിക്കേണ്ടുന്ന കഥാ സന്ദര്‍ഭങ്ങള്‍ ധാരാളമുണ്ടിതില്‍. നമ്മുടെ അഭിപ്രായങ്ങളോടും നിഗമനങ്ങളോടും തികച്ചും യുക്തിയുക്തമായി യോജിച്ചു നില്‍ക്കുന്ന പ്രസ്താവനകള്‍.

അതിലൊന്ന് ഇങ്ങനെയാണ്:-

"പുറം മലയാളികളും അകം മലയാളികളും തമ്മിലുള്ള വ്യത്യാസം പലപ്പോഴും ഞാന്‍ ആലോചിച്ചു നോക്കീട്ടുണ്ട്, രണ്ടിടത്തും ജീവിച്ചിട്ടുള്ള ഒരാളെന്ന നിലയില്‍. പുറത്തു ജീവിക്കുന്നവര്‍ കുറേക്കൂടി സത്യസന്ധരാണ്, ശുദ്ധരാണ്, സമയക്ലിപ്തത പാലിക്കുന്നവരാണ്, പറഞ്ഞാല്‍ അതുപോലെ ചെയ്യുന്നവരുമാണ്. കേരളത്തില്‍ അങ്ങനെയുള്ളവര്‍ ഇല്ലെന്നല്ല. ബഹുഭൂരിപക്ഷവും അതിലൊന്നും ഒരു ശ്രദ്ധയുമില്ലാത്തവര്‍. വിളിക്കാം എന്ന് പറഞ്ഞാല്‍ വിളിച്ചെന്നും വരാം വിളിച്ചില്ലെന്നും വരാം. ഒമ്പത് മണിക്ക് കാണാം എന്ന് പറഞ്ഞാല്‍ പത്ത് മണിക്കെങ്കിലും കണ്ടാല്‍ ഭാഗ്യം. കര്‍ക്കശക്കാരായ ഗള്‍ഫുകാര്‍ പോലും നാട്ടില്‍ വന്നാല്‍ അലസരും വാക്കുപാലിക്കാത്തവരുമായി മാറുന്ന കാഴ്ച അത്ഭുതാവഹമാണ്." (പേജ് നമ്പർ-163)

ഇങ്ങനെ ഉദ്ധരിക്കേണ്ട ഹൃദയത്തെ സ്പര്‍ശിക്കുന്ന വാചകങ്ങള്‍ പലതാണ്.

"ഭൂമിയെ തൊട്ടുവേണം യാത്ര ചെയ്യാന്‍. എങ്കിലേ മനുഷ്യനെ അറിയാന്‍ കഴിയൂ" എന്ന് പറയുന്നുണ്ട് നോവലില്‍ ഒരിടത്ത്.

"ആശുപത്രി ഒരു കാഴ്ചയാണ്. നിത്യജീവിതത്തിന്‍റെ, നിസ്സഹായതയുടെ നേര്‍ക്കാഴ്ച. മനസ്സില്‍ അഹങ്കാരത്തിന്‍റെ വിഷം മുറ്റുമ്പോള്‍ ചെന്ന് കാണേണ്ട കാഴ്ച."

ഒരിക്കല്‍ക്കൂടി വായിച്ച് ഹൃദിസ്ഥമാക്കാന്‍ തോന്നുന്ന അനിതര സാധാരണമായ രചനാ വൈഭവം ശ്രീ ബെന്യാമിന് സ്വന്തം. സ്ഥലനാമങ്ങള്‍ മനസ്സില്‍ തങ്ങി നില്‍ക്കില്ല എന്നതൊഴിച്ചാല്‍ ലളിതമായ ഭാഷയില്‍ രചിക്കപ്പെട്ടിട്ടുള്ള ഉദാത്തമായ ഒരു കൃതിയാണിതെന്ന് നിസ്സംശയം പറയാം.

പുസ്തകം: നിശബ്ദ സഞ്ചാരങ്ങള്‍ -ബെന്യാമിന്‍

വായന: ഉഷാചന്ദ്രന്‍

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:benyaminnishabda sancharangalusha chandran
News Summary - nisshabdasancharanagal book review by usha chandran
Next Story