എൻ. സനിൽ കുമാർ രചിച്ച ‘ടൈം സോണുകളിലെ മൂന്നു കുട്ടികൾ’ എന്ന കൃതി ശ്രദ്ധേയമാകുന്നു
text_fieldsഎൻ. സനിൽ കുമാർ, ‘ടൈം സോണുകളിലെ മൂന്നു കുട്ടികൾ’
ദമ്മാം: വിദ്യാർഥികളുടെ സൂക്ഷ്മമായ വൈകാരിക ഭൂപടങ്ങളെയും അവരുടെ അന്തർലോകത്തിന്റെ സ്പന്ദനങ്ങളെയും അതീവ ആർദ്രതയോടെ രേഖപ്പെടുത്തുന്ന ജുബൈൽ ഇന്ത്യൻ സ്കൂൾ മലയാളം അധ്യാപകൻ എൻ. സനിൽ കുമാർ രചിച്ച ‘ടൈം സോണുകളിലെ മൂന്നു കുട്ടികൾ’ എന്ന കൃതി ശ്രദ്ധേയമായ വായനാനുഭവമായി മാറുന്നു.
മുതിർന്നവരുടെ വ്യാകരണങ്ങളും അറിവധികാരത്തിന്റെ അളവുകോലുകളും കൊണ്ട് കുട്ടികളുടെ ലോകത്തെ നിർവചിക്കാനും നിയന്ത്രിക്കാനും ശ്രമിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത് എന്ന് ഈ പുസ്തകം നമ്മെ ഓർമ്മപ്പെടുത്തുന്നു. മൂന്ന് വ്യത്യസ്ത സമയമണ്ഡലങ്ങളിൽ ജീവിക്കുന്ന മൂന്ന് ബാല്യങ്ങളെയാണ് ഈ പുസ്തകം വായനക്കാരന് മുന്നിൽ അവതരിപ്പിക്കുന്നത്. മനുഷ്യ മനസ്സിന്റെ മൂന്ന് അവസ്ഥാന്തരങ്ങളായി ഈ ബാല്യങ്ങൾ വായനക്കാരന്റെ ഹൃദയത്തിലേക്ക് പടരുന്നു. ഇതിനൊപ്പം നമ്മുടെ കാലത്തിന്റെ വേദനാജനകമായ മറ്റൊരു യാഥാർത്ഥ്യത്തെയും സനിൽ കുമാർ സ്പർശിക്കുന്നു.
സ്നേഹവും പരിഗണനയും നിറഞ്ഞ ഒരു സ്പർശം പലപ്പോഴും ഒരു ജീവിതത്തെ തന്നെ തിരികെ കൊണ്ടുവരാൻ കഴിയുമെന്ന് ഈ പുസ്തകം ഓർമ്മപ്പെടുത്തുന്നു. ജീവിതത്തിന്റെ നെട്ടോട്ടങ്ങൾക്കിടയിൽ ആ ആത്മബന്ധത്തിന്റെ ആഴം മങ്ങിപ്പോകുകയും പകരം യാന്ത്രികമായ പ്രതീക്ഷകളും നിയന്ത്രണങ്ങളും കടന്നുവരികയും ചെയ്തു. എന്നാൽ ഒരു കുഞ്ഞിന്റെ ഭാവി മാറ്റിയെഴുതാൻ കർശനമായ നിയമങ്ങളോ ശാസനകളോ മതിയാകില്ല.
അവരിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു ആർദ്ര തലോടൽ, “നീ ഒറ്റയ്ക്കല്ല” എന്ന ഉറപ്പുനൽകുന്ന ഒരു വാക്ക്, ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ഒരു ആലിംഗനം അത്രമാത്രം മതി. തലമുറകൾക്കിടയിൽ ഉയർന്നുവരുന്ന അപരിചിതത്വ ത്തിന്റെ മതിലുകൾ തകർത്തു സ്നേഹത്തിന്റെ പാലങ്ങൾ വീണ്ടും പണിയേണ്ടതിന്റെ അനിവാര്യതയാണ് ഈ പുസ്തകം ഏറ്റവും ശക്തമായി പറയുന്നത്.
ഒരു അധ്യാപക ന്റെയും പിതാവിന്റെയും ആത്മവീണ്ടെടുപ്പുകളുടെ രേഖപ്പെടുത്തലായി മാത്രം ഒതുങ്ങാതെ, ഓരോ വായനക്കാരനിലും ആത്മപരിശോധനയുടെ വെളിച്ചം തെളിയിക്കാൻ ‘ടൈം സോണുകളിലെ മൂന്നു കുട്ടികൾ’ക്ക് സാധിക്കുന്നു. നോറ പബ്ലിക്കേഷൻസ് പുറത്തിറക്കിയ ഈ കൃതി, ഉള്ളിൽ മാഞ്ഞുപോയ ആർദ്രതകളിലേക്കുള്ള ഒരു മടക്കയാത്രയാണ്.
ടി.എൻ നാരായണക്കുറുപ്പിന്റേയും ഓമനയമ്മയുടേയും മകനായി പത്തനംതിട്ട ജില്ലയിൽ പന്തളത്തിനടുത്തുള്ള തട്ട എന്ന ഗ്രാമത്തിൽ ജനിച്ച എൻ.സനിൽകുമാർ, ഒരിപ്പുറം ഗവണ്മെന്റ് എൽ. പി സ്‌കൂൾ, എൻ എസ് എസ് ഹൈസ്കൂൾ മങ്കുഴി, പന്തളം എൻ എസ് എസ് കോളജ്,പത്തനംതിട്ട കത്തോലിക്കേറ്റ് കോളജ്, ഇലന്തൂർ ബി. എഡ് സെന്റർ എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി.പാലക്കാട് പാല്ലാവൂർ ചിന്മയ വിദ്യാലയത്തിൽ അധ്യാപകനായി ഔദ്യോഗിക ജീവിതത്തിനു തുടക്കം. ഇപ്പോൾ സൗദി യിൽ ജുബൈൽ ഇന്റർനാഷനൽ ഇന്ത്യൻ വിദ്യാലയത്തിൽ അധ്യാപകൻ. ഭാര്യ : അനുജ. മക്കൾ : ദേവജിത്ത്, സത്യജിത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

