Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightമുസ്‍ലിം സ്ത്രീകൾ;...

മുസ്‍ലിം സ്ത്രീകൾ; ചരിത്രവും വർത്തമാനവും

text_fields
bookmark_border
മുസ്‍ലിം സ്ത്രീകൾ; ചരിത്രവും വർത്തമാനവും
cancel

ഒരു ഇന്ത്യൻ മുസ്‍ലിം സ്ത്രീ രണ്ടുതരത്തിലുള്ള അടിമത്തം അനുഭവിക്കുന്നുണ്ട്. ഇന്ത്യൻ സ്ത്രീ എന്ന നിലയിലും മുസ്‍ലിം സ്ത്രീ എന്ന നിലയിലും. ഈ ഇരട്ട അടിമത്തം പല രൂപങ്ങളിൽ ഇപ്പോഴും തുടരുന്നു എന്നത് സങ്കടകരമായ ഒരു സാമൂഹിക യാഥാർഥ്യമാണ്. ഒന്നുകൂടി വിശദമാക്കിയാൽ, ഇന്ത്യൻ സമൂഹം പുരുഷാധിപത്യപരമാണ്. ലിംഗവിവേചനം, ഗാർഹിക പീഡനം, സുരക്ഷാ പ്രശ്നങ്ങൾ, തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ ഏതൊരു ഇന്ത്യൻ സ്ത്രീയും അനുഭവിക്കുന്നു. ഇന്ത്യൻ സ്ത്രീകൾ എന്ന നിലയിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് പുറമെ, മുസ്‍ലിം സ്ത്രീകൾക്ക് മാത്രം അനുഭവിക്കേണ്ടിവരുന്ന ചില പ്രത്യേക വെല്ലുവിളികൾ കൂടിയുണ്ട്.

സമുദായത്തിനകത്തെ പുരുഷാധിപത്യം, വ്യക്തിനിയമങ്ങളിലെ അസമത്വം, സാമൂഹിക-രാഷ്ട്രീയ അരികുവത്കരണം, ഇരട്ട പ്രതീകവത്കരണം തുടങ്ങിയവയാണത്. വിദ്യാഭ്യാസത്തിലൂടെയും സാമ്പത്തിക സ്വാതന്ത്ര്യത്തിലൂടെയും മുസ്‍ലിം സ്ത്രീകൾ ഈ സ്ഥിതിയെ മറികടക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, സമുദായത്തിനകത്തും പുറത്തുമുള്ള വെല്ലുവിളികൾ ശക്തമായി ഇന്നും നിലനിൽക്കുന്നുവെന്ന് കാണാം. എക്കാലവും മുസ്‍ലിം സ്ത്രീ ഇങ്ങനെ തന്നെയായിരുന്നോ? അവർക്കായി അവരുടെ ഇടയിൽനിന്ന് ശബ്ദമുയർന്നിരുന്നോ? അങ്ങനെയൊരു അന്വേഷണമാണ് ഫൗസിയ ഷംസ് ‘മുസ്‍ലിം സ്ത്രീ സർഗാത്മഗത കേരളചരിത്രത്തിൽ’ എന്ന പുസ്തകത്തിലൂടെ നടത്തുന്നത്.

കേരളീയ നവോത്ഥാനത്തിന്റെ ചരിത്രം വായിക്കുമ്പോൾ, നമ്മൾ കാണുന്നത് പുരുഷപ്രാധാന്യമുള്ള ചരിത്രനിർമിതികളാണ്. സാമൂഹിക പരിഷ്കാരങ്ങളും മത നവോത്ഥാനങ്ങളും മുന്നോട്ട് കൊണ്ടുപോയ അനേകം സ്ത്രീകളുടെ ശബ്ദങ്ങൾ എവിടെയൊക്കെയോ നിശബ്ദമായി. പലപ്പോഴും പരിമിതമായ പ്രതിനിധാനങ്ങളിലൂടെ മാത്രമേ ആ കാലം രേഖപ്പെടുത്തപ്പെട്ടിട്ടുള്ളൂ. എന്നാൽ, ചരിത്രം മറന്നുപോയ ആ സ്ത്രീമുഖങ്ങളെ വീണ്ടെടുക്കുന്ന പുനർവായനയുടെ ധീരമായ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നവരിലൊരാളാണ് ഫൗസിയ ഷംസ്. ഫൗസിയയുടെ ലേഖനങ്ങൾ കേരളത്തിലെ മുസ്‍ലിം നവോത്ഥാനത്തിന്റെ സ്ത്രീമുഖത്തെ വെളിച്ചത്തിലേക്ക് കൊണ്ടുവരുന്ന ഗൗരവമുള്ള സാഹിത്യ-ചരിത്രപ്രവർത്തനമാണ്. മറന്നുപോയ പത്രാധിപ, എഴുത്തുകാരികൾ, നവോത്ഥാന നായികമാർ, അവരുടെ ശബ്ദങ്ങൾ ഉൾക്കൊണ്ട പത്രങ്ങളും മാസികകളും പുരുഷനെഴുതിയതെങ്കിലും സ്ത്രീയുടെ ശബ്ദം കേൾപ്പിച്ച സാഹിത്യരചനകൾ ഇവയെല്ലാം ഫൗസിയ കണ്ടെടുക്കുന്നു.

ഈ സമാഹാരത്തിലുള്ള ഫൗസിയ ഷംസ് എഴുതിയ വിവിധ ലേഖനങ്ങൾ, കേരളീയ മുസ്‍ലിം നവോത്ഥാനത്തിന്റെ വനിതാമുഖം എത്രമാത്രം സമഗ്രമായതും ബൗദ്ധികമായതും ധീരമായതുമായിരുന്നുവെന്ന് തെളിയിക്കുന്നു. എം. ഹലീമാ ബീവിയുടെ ‘മുസ്‌ലിം വനിത’, തങ്കമ്മ മാലിക്ക് എന്ന കഥാകാരി, എം. അഹമ്മദ് കണ്ണിന്റെ ‘കുമാരി സഫിയ’ എന്ന രചന, അബൂ നജീബിന്റെ ‘സഹോദരി’ എന്ന രചന, കെ.ടി.സി. ബീരാൻ എഴുതിയ ‘അവളാണ് പെണ്ണ് എന്ന കഥ’, മുസ്‍ലിം മഹിളാ സമാജത്തിന്റെ പ്രസക്തി, ‘നിസാഉല്‍ ഇസ്‌ലാം എന്ന പത്രം’ തുടങ്ങിയ പ്രമേയങ്ങളിലൂടെ, ഫൗസിയ സ്ത്രീപങ്കാളിത്തത്തിന്റെ ചരിത്രത്തെ പുതിയ ദൃശ്യങ്ങളിൽ പുനർനിർമിക്കുന്നു. ഇവ വെറും സാഹിത്യ-ചരിത്രലേഖനങ്ങളല്ല; മറിച്ച്, മറവിയിൽപെട്ടുപോയ സ്ത്രീശക്തിയുടെ വിജ്ഞാനശാസ്ത്രപരമായ പുനരാഖ്യാനം കൂടിയാണ്.

ചരിത്രത്തിന്റെ താളുകളിൽ, ബോധപൂർവമോ അല്ലാതെയോ മായ്ച്ചുകളഞ്ഞ ഒട്ടേറെ അടയാളങ്ങളുണ്ടാവാറുണ്ട്. എന്നാൽ, കാലത്തെ അതിജീവിച്ച്, തങ്ങളുടെ പ്രസക്തി ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ചില രേഖകൾ വീണ്ടെടുക്കപ്പെടും. അത്തരത്തിൽ കേരളീയ നവോത്ഥാന ചരിത്രത്തിൽ ഇടംനേടേണ്ടിയിരുന്ന ഒരു മഹത്തായ പ്രസിദ്ധീകരണത്തെയും അതിന്റെ അമരക്കാരിയെയും ഓർത്തെടുക്കുന്ന പ്രസക്തമായ വായനയാണ് ഫൗസിയ ഷംസിന്റെ പുസ്തകം.

ഫൗസിയയുടെ ലേഖനങ്ങൾ വെറും ഒരു സാഹിത്യപരിചയം മാത്രമല്ല; മറിച്ച്, മറന്നുപോയൊരു സാംസ്‌കാരികവും ബൗദ്ധികവുമായ ചരിത്രത്തിന്റെ പുനര്‍വായനയാണ്. മുസ്‍ലിം സമൂഹത്തിന്റെ പാട്ടുകളിലും വാമൊഴികളിലുമെല്ലാം ഒളിഞ്ഞുകിടന്ന കഥാപാരമ്പര്യത്തെ അവര്‍ അന്വേഷിക്കുന്നു.

കേരള നവോത്ഥാന ചരിത്രത്തിൽ, മുസ്‍ലിം സ്ത്രീകളുടെ സ്വത്വബോധത്തെയും സാമൂഹിക പങ്കാളിത്തത്തെയും അടയാളപ്പെടുത്തിയ സുപ്രധാനമായ ഒരു യോഗമായിരുന്നു 1936ൽ കൊടുങ്ങല്ലൂരിൽവെച്ച് നടന്ന മുസ്‍ലിം മഹിളാ സമാജം. പുരുഷകേന്ദ്രീകൃതവും പൗരോഹിത്യനിയന്ത്രിതവുമായ ആചാരങ്ങളുടെ ഇരുട്ടറകളിൽനിന്ന് പുറത്തുവരാൻ മുസ്‍ലിം സ്ത്രീകൾക്ക് വലിയ പ്രയാസമുണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ, അനീതികൾക്കെതിരെ അവർ മുഴക്കിയ ശബ്ദം ധീരവും ചരിത്രപരവുമായിരുന്നു. സാമൂഹിക ജീവിതത്തിന്റെ എല്ലാ മേഖലകളിൽനിന്നും സ്ത്രീകൾ അകറ്റിനിർത്തപ്പെട്ടിരുന്ന സാഹചര്യത്തിൽ, അവരുടെ യഥാർത്ഥ സ്ഥാനത്തെയും സ്വാതന്ത്ര്യത്തെയും അവർ വിളിച്ചുപറഞ്ഞു.

വിദ്യാഭ്യാസം, സാമൂഹിക പ്രതിബദ്ധത, സ്ത്രീ-പുരുഷ സമത്വം തുടങ്ങിയ വിഷയങ്ങളിൽ ഈ സമ്മേളനം ഉയർത്തിയ പ്രമേയങ്ങളും പ്രഖ്യാപനങ്ങളും വരും തലമുറക്ക് ദിശാബോധം നൽകുന്നതായിരുന്നു. കേരളത്തിലെ മുസ്‍ലിം സ്ത്രീ മുന്നേറ്റത്തിന്റെ നാഴികക്കല്ലായ ഈ സമ്മേളനത്തെയും അതിന്റെ അമരക്കാരെയും പ്രമേയങ്ങളെയും ചരിത്രത്തിന്റെ വെളിച്ചത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമവും പുസ്തകത്തിലൂടെ ഫൗസിയ ഷംസ് നടത്തുന്നുണ്ട്.

ഫൗസിയ ഷംസ് രചിച്ച ഈ ലേഖനങ്ങൾ കേരളീയ നവോത്ഥാനചരിത്രത്തിന്റെ മറവിയിലാണ്ടുപോയ സ്ത്രീവൈജ്ഞാനിക ചരിത്രരേഖകൾ ആണ്. ലേഖിക ചരിത്രകാരിയെന്ന നിലയിൽ മാത്രമല്ല, ചിന്തിക്കുന്ന സ്ത്രീയുടെ ആത്മസാക്ഷാത്കാര ശബ്ദമായി നിലകൊള്ളുന്നു. ഇ പുനർവായന സ്ത്രീ, സമൂഹം, വിദ്യാഭ്യാസം, ബൗദ്ധിക സ്വാതന്ത്ര്യം എന്നീ മൂല്യങ്ങൾ പരസ്പരം ചേർന്ന് ഒരു പുതിയ സാമൂഹ്യ ദർശനമായി പിറവിയെടുക്കുന്നു.

ലേഖിക പറഞ്ഞപോലെ, ‘കാലം ബാക്കിവെച്ച അടയാളങ്ങൾ’ ഇന്നും പ്രസക്തമാണ്, കാരണം അവ നമ്മുടെ സമൂഹബോധത്തിന്റെ താളം തിരിച്ചറിയാനുള്ള നൈതികവും മാനവികവുമായ കാതൽ തന്നെയാണ്. ഈ സമാഹാരം വായിക്കുന്നത്, കേരളത്തിലെ മുസ്‍ലിം സ്ത്രീകളുടെ ചരിത്രം അറിയാനുള്ള ഒരു ബൗദ്ധിക യാത്ര മാത്രമല്ല അത് നമ്മുടെ സമൂഹത്തിന്റെ ആത്മാവിനെയും നവോത്ഥാനത്തിന്റെ യഥാർത്ഥ അർഥത്തെയും തിരിച്ചറിയാനുള്ള ഒരു സാംസ്കാരിക അന്വേഷണയാത്ര കൂടിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:book reviewreadliterature book
News Summary - muslim womens past and present
Next Story