തേര് അശുദ്ധമാക്കിയെന്ന് ആരോപിച്ച് പൊലീസുകാരെ മാറ്റിച്ചു; ചരിത്രം മൂടിവെച്ച ‘കൽപാത്തി ഈഴവ സമരത്തിന്‍റെ’ ഞെട്ടിക്കുന്ന ഏടുകൾ...
text_fieldsബോബൻ മാട്ടുമന്ത രചിച്ച ‘കൽപാത്തി ഈഴവ സമരം’ പുസ്തകത്തിന്‍റെ കവർ പേജ്
പാലക്കാട്: ദേവരഥമുരുളുന്ന അഗ്രഹാര തെരുവ്, ഓരോ വീഥിയിലും മന്ത്രധ്വനികൾ, രഥസംഗംമം കാണാൻ ഒഴുകിയെത്തുന്ന പതിനായിരങ്ങൾ... ഇവയെല്ലാമാണ് കഴിഞ്ഞ കുറേ വർഷങ്ങളായി കൽപാത്തിയിലെ പതിവ് കാഴ്ചകൾ. എന്നാൽ, ഒരു നൂറ്റാണ്ടിന് മുമ്പ് അഗ്രഹാരത്തിൽ കാൽ കുത്താൻ പോലും വിലക്ക് നേരിട്ടിരുന്ന ഒരു വിഭാഗമുണ്ടായിരുന്നു. അവരുടെ സമരത്തിന്‍റെയും പോരാട്ടത്തിന്‍റെയും കഥയാണ് സാമൂഹിക പ്രവർത്തകനായ ബോബൻ മാട്ടുമന്ത രചിച്ച ‘കൽപാത്തി ഈഴവ സമരം’ എന്ന പുസ്തകം വ്യക്തമാക്കുന്നത്.
ഒരു നാട് മറന്നുപോയ സമരത്തിന്‍റെ നാൾവഴികൾ തേടിയുള്ള യാത്രയാണ് ഈ പുസ്തകം. 1874ലെ രഥോത്സവക്കാലത്തുനിന്നാണ് പുസ്തകം അതിന്‍റെ ചരിത്രം പറഞ്ഞുതുടങ്ങുന്നത്. രഥോത്സവത്തിനെത്തിയ സുരക്ഷ ചുമതലയുള്ള പൊലീസുകാരിൽ ഈഴവ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നതാണ് ബ്രാഹ്മണരെ ചൊടിപ്പിച്ചത്. തേര് അശുദ്ധമാക്കിയ പൊലീസുകാരെ മാറ്റണമെന്ന ആവശ്യത്തിൽ ബ്രാഹ്മണർ ഉറച്ചുനിന്നു. ഇതോടെ കലക്ടറും ഇവരെ മാറ്റാൻ നിർബന്ധിതനായി.
തുടർന്ന് അശുദ്ധി മാറ്റാനുള്ള ശുദ്ധികർമങ്ങൾക്ക് ശേഷം നവംബർ 25നാണ് രഥപ്രയാണം വീണ്ടും തുടങ്ങിയത്. പത്ത് ദിവസത്തോളം ചടങ്ങുകൾ മുടങ്ങി. 1879ൽ ഈഴവനായിരുന്ന സബ് മജിസ്ട്രേറ്റിന്‍റെ പാലക്കാട് അഗ്രഹാരം വഴിയുള്ള യാത്ര ബ്രാഹ്മണർ തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. അന്നത്തെ ഈഴവ സമാജം സെക്രട്ടറി അഡ്വ. എം.പി. രാഘവൻ, ഇതിഹാസ എഴുത്തുകാരൻ ഒ.വി. വിജയന്‍റെ മുത്തച്ഛൻ ടി.കെ. ചാമി, ഇലമന്ദം ചാമി, പി.സി. ഗോപാലൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൽപാത്തിയിൽ സമരം തുടങ്ങിയത്. 1924 നവംബർ 13ന് എം.പി. രാഘവന്‍റെ നേതൃത്വത്തിൽ 80ലധികം ഈഴവർ കൽപാത്തിയിൽ പ്രവേശിച്ചു. ക്രൂരമായ മർദനമാണ് അവർക്ക് ഏൽക്കേണ്ടി വന്നത്.
വൈക്കം സത്യഗ്രഹത്തിന് ശേഷം കേരളത്തിൽ സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടി നടന്ന രണ്ടാമത്തെ സമരമാണ് കൽപാത്തി ഈഴവ സമരം. അയിത്തത്തിനെതിരെ മദ്രാസ് പ്രസിഡൻസിയിൽ നടന്ന ആദ്യത്തെ സമരം എന്ന പ്രത്യേകതയുമുണ്ട്. എന്നാൽ, മറ്റു സമരങ്ങളെ പോലെ ഈ സമരം ശ്രദ്ധിക്കപ്പെട്ടില്ല. ചരിത്രപുസ്തകങ്ങളിൽ പോലും ഇടം ലഭിക്കാതെ കൽപാത്തി സമരം പൂർണമായി അവഗണിക്കപ്പെട്ടു. ക്രിസ്ത്യാനികൾക്കും മുസ്‍ലിംകൾക്കും വിലക്കില്ലാത്തതിനാൽ അഗ്രഹാരത്തിനകത്തേക്ക് പ്രവേശിക്കാൻ മതം മാറാൻ പോലും സമരനേതാക്കൾ മടിച്ചിരുന്നില്ല. ഇതോടെ ആര്യസമാജം സമരത്തിൽ ഇടപെട്ടു.
1927ൽ മഹാത്മാ ഗാന്ധി പാലക്കാട് സന്ദർശിച്ചപ്പോൾ ഒ.വി. വിജയന്‍റെ മുത്തച്ഛൻ ടി.കെ. ചാമി സമരവുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി സംസാരിച്ചിരുന്നു. സമരപോരാളികളുടെ ഓർമക്കായി ശിലാഫലകമോ സ്മാരകങ്ങളോ പാലക്കാട്ടില്ല. മാറി മാറി വന്ന സർക്കാറുകൾക്കും കൽപാത്തി ഈഴവ സമരം ഒരു അടഞ്ഞ അധ്യായമായി. അഞ്ഞൂറിലധികം രേഖകൾ ആധാരമാക്കിയും സമരനേതാക്കളുടെ കുടുംബക്കാരുമായി ചർച്ച നടത്തിയുമാണ് ബോബൻ മാട്ടുമന്ത ഈ പുസ്തകം പൂർത്തിയാക്കിയത്. കറന്‍റ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഒക്ടോബർ രണ്ടിനാണ് പ്രകാശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

